Thursday, September 27, 2018

ഇന്തോനേഷ്യൻ സുനാമിയും അതിജീവിച്ച് ഇന്ത്യൻ കൗമാരനിര..



ളരെ നിർണായക മത്സരം. എതിരാളികൾ ശക്തരായ ഇന്തോനേഷ്യയും കൂടെ ആയിരക്കണക്കിന് ആരാധകരും. ജയമോ സമനിലയോ വേണം നമുക്ക് ക്വർട്ടറിൽ എത്താൻ. ഇല്ലെങ്കിൽ അപ്പുറത്ത് നടക്കുന്ന വിയറ്റ്നാം ഇറാൻ മത്സരത്തെ ആശ്രയിക്കേണ്ടി വരും. കളി തുടങ്ങുന്നതിനു മുൻപ് ഇതായിരുന്നു അവസ്ഥ. വിചാരിച്ച പോലെ തന്നെ ആക്രമിച്ചു കളിച്ച ഇന്തോനേഷ്യൻ പട നമ്മുടെ പ്രതിരോധത്തിന് നിരന്തരം തലവേദനയുണ്ടാക്കി. മികച്ച സ്പീഡും പാസിംഗ് ഗെയിമും കളിച്ച ഇന്തോനേഷ്യൻ കുട്ടികളെ തളക്കാൻ നമ്മുടെ നീലക്കടുവകൾ ഏറെ പണിപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഏറെ അപകടകാരികളായ സുപ്രിയാദി, സുൽത്താൻ എന്നിവർ. അവസരോചിതമായുള്ള ഇടപെടലുകളിലൂടെ നമ്മുടെ നീലക്കടുവകൾ പ്രതിരോധിച്ചു വന്നു. ബോക്സിനുള്ളിൽ അപകടം വിതക്കുന്ന ക്രോസ്സുകളും പാസ്സുകളും നൽകുന്ന സുപ്രിയാദിയെ ശബാസ് ഇടം വലം തിരിയാൻ വിടാതെ പൂട്ടി. പലപ്പോഴും നമ്മുടെ പ്രതിരോധങ്ങൾ പരുക്കനുമായി.ആദ്യ പകുതി ഇന്തോനേഷ്യൻ അക്രമണളെ വിജയകരമായി പ്രതിരോധിച്ച ഇന്ത്യൻ ടീം രണ്ടാം പകുതിയിൽ കൂടുതൽ ഊർജ്ജത്തോടെ പ്രത്യാക്രമണം തുടങ്ങി.മധ്യനിരയും മുന്നേറ്റനിരയും കൂടുതൽ ഉണർവ് കാണിച്ചു. വിക്രം, ബികെ ഓറം, രവി,ഗിവ്‌സൺ, മെൽവിൻ എന്നിവരൊക്കെ ആക്രമണത്തിന് മൂർച്ച കൂട്ടി  പലപ്പോഴും ഇന്തോനേഷ്യൻ പ്രതിരോധം ആടിയുലഞ്ഞു. പക്ഷെ ഫിനിഷിങ്ങിലെ ഭൂതം വീണ്ടും നമുക്ക് വില്ലനായി.ചില സമയങ്ങളിൽ നിർഭാഗ്യവും. പക്ഷെ വേഗതഏറിയ അവരുടെ കൗണ്ടറുകൾ നമ്മുടെ പ്രതിരോധനിര മികച്ച രീതിയിൽ തന്നെ തടുത്തിട്ടു. അതിനിടയിൽ പരുക്കൻ അടവുകൾ പുറത്തെടുത്തതിന് ഷബാസും സൈലോയും മഞ്ഞക്കാർഡും വാങ്ങിച്ചു. അപ്പുറത്ത് വിയറ്റ്നാമിനെതിരെ അഞ്ചു ഗോളുകൾ അടിച്ചു കൂട്ടിയ ഇറാനു മുൻപിൽ നമുക്ക്  കയറണമെങ്കിൽ സമനിലയിൽ കുറഞ്ഞൊന്ന് ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല.അവസാന പത്തു മിനിറ്റുകളിൽ സുനാമി കണക്കെ ഇന്തോനേഷ്യൻടീം നമ്മുടെ  പോസ്റ്റിനു മുന്നിൽ ആക്രമണങ്ങളുടെ  തിരമാലകൾ തീർത്തു. കൂട്ടപൊരിച്ചലുകൾക്കിടയിൽ നമ്മുടെ പ്രതിരോധ താരങ്ങളുടെ മികവിൽ അതെല്ലാം ഭേദിച്ചു കൊണ്ട് നമ്മൾ ക്വർട്ടറിലേക്ക് ചുവടു വെച്ചു.അറുപത്തിനാല് ശതമാനം ബോൾ പൊസിഷനും ആയിരക്കണക്കിന് ആരാധകരുടെ മികച്ച പിന്തുണയും ഉണ്ടായിട്ടുപോലും നമ്മുടെ കുട്ടികളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ഇൻഡോനേഷ്യൻ കൗമാരനിര തളർന്നു പോയി.സമനിലയിൽ കുരുങ്ങിയെങ്കിലും മനോഹരമായ ഗെയിം പുറത്തെടുത്ത ഇന്തോനേഷ്യൻ കുട്ടികൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
 ഇനി നേരിടാനുള്ളത് കരുത്തരായ ദക്ഷിണ കൊറിയൻ പടയെയാണ്.അവരെ കൂടി കീഴടക്കാനായാൽ ചരിത്രപരമായ സെമി പ്രവേശനവും അടുത്ത ഒക്ടോബറിൽ പെറുവിൽ വെച്ചു നടക്കുന്ന U17 ലോകകപ്പിന് യോഗ്യതയും.
കാത്തിരിക്കാം.. നീലക്കടുവകളുടെ വിജയഭേരിക്കായി..

ലേഖകൻ: റസാഖ് സൗത്ത് സോക്കേഴ്സ് 

0 comments:

Post a Comment

Blog Archive

Labels

Followers