Monday, September 24, 2018

ഏഷ്യൻ വമ്പന്മാരായ ഇറാനെ വിറപ്പിച്ചു ഇന്ത്യൻ ചുണക്കുട്ടികൾ. അവിശ്വസനീയ പ്രകടനവുമായി ഇന്ത്യൻ ഗോൾ കീപ്പർ നീരജ് കുമാർഎ. എഫ്.സി അണ്ടർ 16 ചാമ്പ്യൻഷിപ്പിൽ ഏഷ്യയിലെ ഫുട്‌ബോൾ പവർ ഹൗസ് ആയ ഇറാനെ ഗോൾ രഹിത സമനിലയിൽ പിടിച്ചു ഇന്ത്യൻ അണ്ടർ 16 ഫുട്‌ബോൾ ടീം.

ആദ്യ മത്സരത്തിൽ ഇന്തോനേഷ്യയിൽനിന്നും രണ്ടു ഗോളിന് തോൽവിയേറ്റ ഇറാന് ഏറെ നിർണായകമായ മത്സരം ആയിരുന്നു ഇന്ത്യയും ആയുള്ളത്. അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ ഒരു ജയം അവർക്ക് ആവിശ്യവുമായതിനാൽ ആദ്യം മുതൽക്കേ തന്നെ ആക്രമണ ഫുട്‌ബോൾ ആണ് ഇറാൻ കളിച്ചത്.  പൊരുതി കളിച്ച അവരുടെ എല്ലാ ആക്രമണവും ഇന്ത്യൻ പ്രതിരോധത്തിൽ തട്ടി തകരുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ കണ്ടത്. രണ്ടാം പകുതിയിൽ വർദ്ധിച്ച പോരാട്ട വീര്യവുമായി വന്ന ഇറാൻ കളി അവസാനിക്കാൻ 15 മിനിറ്റ് ശേഷിക്കെ പെനാൽറ്റിയും നേടി.
എന്നാൽ കളിയിലുടനീളം അവിശ്വസനീയ രക്ഷപ്പെടുത്തലുകളും ആയി താരമായ ഇന്ത്യൻ ഗോൾ കീപ്പർ നീരജ് കുമാർ  ഇറാനിയൻ ക്യാപ്റ്റന്റെ പെനാൽറ്റി കിക്ക് അനായാസം തടുത്തു. ഇതോടെ ആവേശത്തിൽ ആയ ഇന്ത്യൻ കുട്ടികൾ ഇറാനിയൻ ബോക്‌സിൽ പലപ്പോഴും കയറിയിറങ്ങി ഏതു നിമിഷവും ഗോൾ നേടുമെന്നു തോന്നിപ്പിച്ചു. എന്നാൽ ഫിനിഷിങിലെ മികവില്ലായ്മ ഇന്നും ഇന്ത്യയെ വലച്ചു. മൂന്നു തുറന്ന അവസരങ്ങൾ ഇന്ത്യ നഷ്ടപ്പെടുത്തിയത് നിരാശയായി. ടൂർണമെന്റിലെ ആദ്യ മത്സരം ആയിരുന്ന വിയറ്റ്‌നാമിനു എതിരെ ഗോൾ നേടി ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിക്രം പ്രതാപ് സിങ് അനാവശ്യ ട്രിബ്ലിങ്ങിന് ശ്രമിച്ചു പലപ്പോഴും ബോളുകൾ നഷ്ടപ്പെടുത്തിയത് മുന്നേറ്റ നിരയെ ഒന്നാകെ തളർത്തി. പ്രായം കവിഞ്ഞത് മൂലം അണ്ടർ16 ടീമിൽ നിന്നും ഔട്ടായ രോഹിത് ധനുവിനെ പോലുള്ള ഒരു മികച്ച ഫിനിഷർറുടെ അഭാവമാണ് ഇന്ത്യൻ നിരയിലെ ആശങ്ക. വിക്രം പ്രതാപ് സിങ് ഫോമിലേക്ക് ഉയർന്നില്ലങ്കിൽ ടൂർണമെന്റിലെ ഇന്ത്യൻ മുന്നേറ്റം ത്രിശങ്കുവിൽ ആകുമെന്ന് പറയാതെ വയ്യ.

വിയറ്റ്‌നാമിനെതിരെ മികച്ച പ്രകടനം നടത്തിയ മലയാളി താരം ശബാസിനു ഇന്നത്തെ കളിയിൽ പതിവ് പോലെ ഫോമിലേക്ക് ഉയരാൻ സാധിച്ചില്ല എന്നത് മലയാളി ഫുട്‌ബോൾ ആരാധകർക്കും ചെറിയ നിരാശ നൽകി.

എന്നാൽ ആശങ്കകൾ ഏറെയുണ്ടങ്കിലും ഇറാൻ പോലെയുള്ള ടീമിനെതിരെ സമനില നേടിയത് നിസാര കാര്യമല്ല. ഇറാനേക്കാൾ തുറന്ന അവസരങ്ങൾ ലഭിച്ചതും ഇന്ത്യക്കാണ്. മികച്ച ബോളടക്കവും സാങ്കേതികമായ കളി മികവും  പ്രകടിപ്പിക്കുന്ന ഈ കുട്ടികൾ ഭാവിയുടെ താരങ്ങളാണ് എന്നതിൽ സംശയം വേണ്ട. മനോഹരമായ പാസിംഗ് ഫുട്‌ബോൾ കളിക്കുന്ന ഇന്ത്യയുടെ പരിശീലകൻ ബിബിയാണോ ഫെർണാണ്ടസ് എന്ന ചെറുപ്പക്കാരനും അഭിനന്ദനമർഹിക്കുന്നു.  ഇന്ത്യയുടെ അടുത്ത മത്സരം ഗ്രൂപ്പിലെ ശക്തരായ ഇൻഡോനേഷ്യയുമായാണ്. ഒരു സമനില എങ്കിലും നേടാൻ ആയെങ്കിൽ അടുത്ത റൗണ്ടിലേക്ക് രണ്ടാം സ്ഥാനക്കാർ ആയി കടക്കാൻ ഇന്ത്യക്ക് സാധിക്കും. ഇൻഡോനേഷ്യയെ തോൽപ്പിച്ചാൽ ഗ്രൂപ്പ് ചാപ്യന്മാരും ആകാം.  അടുത്ത റൗണ്ടിലേക്ക് ഇന്ത്യ കടന്നാൽ അതൊരു ചരിത്ര സംഭവം ആകുമെന്നുറപ്പ്. വളരുന്ന ഇന്ത്യൻ ഫുട്‌ബോളിന് ഊർജ്ജം നൽകാൻ ഇത്തരം വിജയങ്ങൾ മതിയാകും.

southsoccers media wing (alvi)

1 comment:

  1. Super south soccers.. Daily indian football updates.. great

    ReplyDelete

Blog Archive

Labels

Followers