ഗോളടി മികവിനെക്കാൾ കളി മികവിലെ വശ്യ ചാരുതകൊണ്ട് ലോക ഫുട്ബോളിൽ ആരാധകരെ സൃഷ്ടിച്ച മധ്യനിരയിലെ കലാകാരൻ.
യുവാൻ റോമൻ റിക്വൽമി
തന്റെ തലമുറയിലെ ഏറ്റവും പ്രതിഭയുളള കളിക്കാരനായി പരിഗണിക്കപ്പെടുന്നു. മധ്യനിരയിലെ കലാകാരൻ. കളിമെനഞ്ഞെടുക്കുന്നതിനെ അസാമാന്യ പ്ലേമേക്കർ. 2006 ലോകകപ്പിൽ സെർബിയക്കെതിരെ അർജന്റീന അടിച്ചു കൂട്ടിയ ആറ് ഗോളുകളിൽ നിന്നറിയാം റിക്വൽമിയുടെ മഹത്വം. 24 പാസ്സുകൾ കൊണ്ടു കാമ്പിയാസ്സോയുടെ അവസാന ടച്ചോടു കൂടിയ ക്ലാസിക്കൽ ഗോളിന്റെ മാസ്റ്റർ കീ ഈ മധ്യനിരയുടെ രാജാവായിരുന്നു. കളിയിൽ അർജന്റീനയുടെ രണ്ടാം ഗോൾ. ക്രെസ്പോ പിന്നീട് "ദ മോസ്റ്റ് ബ്യൂട്ടിഫുൾ ഗോൾ" എന്ന് ആ നീക്കത്തെ വിശേഷിപ്പിച്ചു. ആ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും റിക്വൽമിക്കായിരുന്നു.
അർജന്റീന 1978 ലോകക്കപ്പ് നേടുന്നതിന്റെ ഒരു ദിവസം മുൻപാണ് റിക്വൽമി ജനിക്കുന്നത്. സാൻ ഫെർണാണ്ടോയിലെ പ്രാദേശിക ക്ലബ്ബുകളിൽ പന്ത് തട്ടി നടന്ന ബാല്യകാലം. പിന്നീട് അർജന്റീനോസ് ജൂനിയേഴ്സിന്റെ ജൂനിയർ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1995ൽ അർജന്റീനോസ് ജൂനിയേഴ്സിന്റെ അണ്ടർ 20 ടീമിലേക്ക് സ്ഥാനക്കയറ്റം. വമ്പൻ ക്ലബ്ബുകൾ നോട്ടമിട്ടു തുടങ്ങുന്നു. പിന്നീട് ബൊക്കാ ജൂനിയേഴ്സിന്റെ അണ്ടർ 20 ടീമിലേക്ക് കൂടുമാറ്റം. 1996ൽ ബൊക്കാ ജൂനിയേഴ്സിന്റെ സീനിയര് ടീമിലൂടെ പ്രിമേറാ ഡിവിഷനിൽ അരങ്ങേറ്റം. വിജയകരമായ 7 സീസണ് ശേഷം സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ 2002ൽ റിക്വൽമിയെ വാങ്ങി. തന്റെ സഹോദരൻ ക്രിസ്റ്റ്യന്റെ തട്ടിക്കൊണ്ടുപോകലാണു ബൊക്ക വിടാൻ ഒരു കാരണം. ബാഴ്സയുടെ അന്നത്തെ കോച്ച് ലൂയിസ് വാൻഗാൾ റിക്വൽമിക്ക് അവസരങ്ങൾ കുറച്ചേ നൽകിയുളളൂ. ലോൺ അടിസ്ഥാനത്തിൽ വില്ലാ റയലിനു വേണ്ടി 2004-2005 സീസണിൽ കളിച്ചത് വഴിത്തിരിവാകുന്നു. മോസ്റ്റ് ആർട്ടിസ്റ്റിക് പ്ലയർ എന്ന ബഹുമതി കരസ്ഥമാക്കുന്നു. 2005ലെ ഫിഫയുടെ ലോക പ്ലയർ നോമിനേഷൻ ലഭിക്കുന്നു. കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളായിരുന്നു പിന്നീട്. സ്പാനിഷ് ലീഗിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത വില്ലാ റയൽ റിക്വൽമിയുടെ 75% റൈറ്റും വാങ്ങുന്നു. 2007ൽ ലോൺ അടിസ്ഥാനത്തിൽ റിക്വൽമി ബൊക്കാ ജൂനിയേഴ്സിലേക്ക് തന്നെ മടങ്ങി.
2015 ജനുവരി 25ന് റിക്വൽമി പ്രൊഫഷനൽ ഫുട്ബോളിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു.
തന്റെ കരിയറിൽ ഭൂരിഭാഗവും ചെലവിട്ടത് ബൊക്കാ ജൂനിയേഴ്സ് ക്ലബ്ബിൽ. പിന്നീട് സ്പെയിനിലെ വില്ലാ റയലിലും. മറഡോണയുടെ പത്താം നമ്പറിന് എന്തുകൊണ്ടും യോഗ്യനായിരുന്നു എന്ന് അദ്ധേഹത്തിന്റെ കളിയുടെ വശ്യ ചാരുത തെളിയിച്ചു. പക്ഷേ അദ്ധേഹത്തിന്റെ പ്രതിഭയെ അർജന്റീന ശരിക്കും ഉപയോഗിച്ചില്ല എന്നതിന് കാലം സാക്ഷി. കുടുംബ പരമായ കാരണങ്ങളാലും ടീമിലെ രാഷ്ട്രീയ കളികളാലും അകാലത്തിൽ കളി നിർത്തി.
നാല് തവണ അർജന്റീനയുടെ മികച്ച ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ടു. 2006ലെ വേൾഡ്കപ്പിലും രണ്ട് കോപ്പ അമേരിക്കയിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2007ലെ കോപ്പയിൽ ടീമിനെ ഫൈനൽ വരെയെത്തിച്ചു. 2005ലെ കോൺഫെഡറേഷൻസ് കപ്പിലും അർജന്റീനയെ ഫൈനലിൽ എത്തിച്ചു. 2008ലെ ഒളിമ്പിക്സിൽ അർജന്റീന സ്വർണമെഡൽ നേടുന്നതിന് നായകത്വം വഹിച്ചു.
അണ്ടർ 20 അർജന്റീനിയൻ ടീമിലെ വിജയകരമായ കളിയിൽ ആകൃഷ്ടനായി അന്നത്തെ കോച്ച് ഡാനിയൽ പാസറല്ലയാണു 1998ലെ വേൾഡ്കപ്പ് യോഗ്യതക്ക് വേണ്ടിയുളള അവസാന മത്സരത്തിന് 1997ൽ റിക്വൽമിയെ ടീമിലേക്ക് വിളിക്കുന്നത്. ബൊക്കാ ജൂനിയേഴ്സിന്റെ ലാ ബോംബാനേറ സ്റ്റേഡിയത്തിൽ കൊളംബിയക്കെതിരെയുളള മത്സരത്തിന്റെ അവസാന മിനിറ്റുകളിലാണു 19 വയസ്സുകാരനായ റിക്വൽമി രാജ്യത്തിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. ആ മത്സരം 1-1 സമനിലയിൽ പിരിഞ്ഞു. 1999ലെ കോപ്പ അമേരിക്കയാണ് അദ്ധേഹത്തിന്റെ ആദ്യ മേജർ ടൂർണമെന്റ്. 2003ൽ ലിബിയക്കെതിരെയുളള സൗഹൃദ മത്സരത്തിലാണ് റിക്വൽമിയുടെ കന്നി രാജ്യാന്തര ഗോൾ. ആ മത്സരത്തിൽ 3-1ന് അർജന്റീന ജയിച്ചു. പക്ഷേ 2006 വേൾഡ്കപ്പ് യോഗ്യതക്ക് വേണ്ടിയുളള വെനെസ്വേലക്കെതിരെ നടന്ന മത്സരത്തിലാണ് റിക്വൽമിയുടെ രണ്ടാമത്തെ അന്താരാഷ്ട്ര ഗോൾ പിറക്കുന്നത്. മത്സരം 3-2ന് അർജന്റീന ജയിച്ചു. ബ്രസീലെതിരെ 3-1ന് ജയിച്ച അടുത്ത കളിയിലും റിക്വൽമി ഗോൾ നേടി.
2006ൽ ആൽഫിയോ ബേസിൽ കോച്ചായിരുന്നപ്പോൾ റിക്വൽമിയെ തേടി ആദ്യമായി ദേശീയ ടീം നായകസ്ഥാനം എത്തി. ബ്രസീലിനെതിരെ 3-0ന് തോറ്റതിന്റെയും 2006ലെ വേൾഡ്കപ്പിലെ പരാജയത്തിന്റെയും പേരിൽ ഒരുപാട് വിമർശനങ്ങളേറ്റു വാങ്ങേണ്ടി വന്നു റിക്വൽമിക്ക്. ഇത് റിക്വൽമിയുടെ അമ്മയുടെ ആരോഗ്യത്തെയും ബാധിച്ചു. ഇത് കാരണം 2006 സെപ്റ്റമ്പർ 13ന് അപ്രതീക്ഷിതമായി റിക്വൽമി രാജ്യാന്തര കരിയറിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. 2007 ഒക്ടോബർ 13ന് റിക്വൽമി തിരിച്ചു വന്നു. 2010ലെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ 2-0ന് ജയിച്ച മത്സരത്തിൽ രണ്ട് ഫ്രീകിക്ക് ഗോളുകൾ നേടി റിക്വൽമി ഫോം തെളിയിച്ചു. ബൊളീവിയക്കെതിരെ 3-0ന് ജയിച്ച അടുത്ത മത്സരത്തിലും റിക്വൽമി രണ്ട് ഗോളുകൾ നേടി. 2009 മാർച്ചിൽ കോച്ച് മരഡോണയുമായുളള അഭിപ്രായ വ്യത്യാസങ്ങൾ കാരണം റിക്വൽമി വീണ്ടും രാജ്യാന്തര കരിയറിൽ നിന്നും വിരമിച്ചു. രാജ്യത്തിന് വേണ്ടി 17 ഗോളുകൾ നേടിയിരുന്നു.
കടപ്പാട് :റിയാസ് പുലിക്കൽ , ജസ്റ്റ് ഫുട്ബോൾ എഫ് ബി ഗ്രൂപ്പ്
0 comments:
Post a Comment