അർജന്റീന എന്ന വെളളയും നീലയും വരകളുള്ള ജേഴ്സികളിട്ട ഫുട്ബോൾ കലാകാരന്മാരെ ഇഷ്ടപ്പെട്ടു തുടങ്ങിയത് സത്യത്തിൽ മറഡോണ എന്ന ഫുട്ബോൾ മാന്ത്രികന്റെ ഇന്ദ്രജാലം കണ്ടല്ല (വ്യക്തിഗതം). ഫ്രഞ്ച് ബുൾഗാൻ താടിയും നീട്ടി വളർത്തിയ മുടിയുമായി എതിർ ഗോൾ മുഖം വിറപ്പിച്ചിരുന്നൊരു അതികായനുണ്ടായിരുന്നു അർജന്റീനക്ക്. ഫുട്ബോളിന്റെ ചിത്രത്തിൽ ഇന്നെവിടെയുമില്ലാത്ത "ബാറ്റി ഗോൾ" എന്നോമനപ്പേരിട്ട് വിളിച്ചിരുന്ന ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെന്ന ഇതിഹാസ താരത്തെ; ഒമ്പതാം നമ്പറിൽ ഏതൊരു ഇതിഹാസം കളിച്ചിരുന്നോ അദ്ദേഹത്തെ; ഇന്ന് ഫുട്‍ബോൾ ലോകം മറന്നോ. അതോ അദ്ദേഹം ഫുട്‍ബോളിനെയാണോ മറന്നത്..
ഗബ്രിയേൽ ഒമർ ബാറ്റിസ്റ്റ്യൂട്ട (ബാറ്റി ഗോള്‍)
കുട്ടിക്കാലത്ത് വേറെ ഏതൊരു സ്പോർട്സിനും കൊടുത്തിരുന്ന പരിഗണനയേ ബാറ്റി ഫുട്ബോളിന് കൊടുത്തിരുന്നുളളൂ. തന്റെ ഉയരക്കൂടുതൽ കാരണം ആദ്യം ബാസ്ക്കറ്റ്ബോൾ കളിച്ചു. പക്ഷേ 1978ലെ അർജന്റീനയുടെ ആദ്യ ലോകകപ്പ് വിജയത്തിന് ശേഷം മരിയോ കെമ്പസിന്റെ കളി മികവിൽ ആകൃഷ്ടനായ അദ്ധേഹം ഫുട്ബോൾ തെരഞ്ഞെടുത്തു.
1991ൽ ചിലിയിൽ നടത്തപ്പെട്ട കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിനുളള അർജന്റീന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചാമ്പ്യൻഷിപ്പിൽ 6 ഗോളടിച്ചു കൊണ്ട് അർജന്റീനക്ക് കോപ്പ അമേരിക്ക കിരീടം സമ്മാനിച്ചു. ഒപ്പം മികച്ച ഗോൾവേട്ടക്കാരനുളള ട്രോഫിയും. 2002ൽ കൊറിയ-ജപ്പാൻ ലോകകപ്പിനു ശേഷം രാജ്യാന്തര കരിയർ അവസാനിപ്പിച്ചു.
ലയണൽ മെസ്സി തന്റെ റെക്കോർഡ് തകർക്കുന്നതുവരെ അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ. 78 രാജ്യാന്തര കളികളിൽ നിന്നും 56 ഗോളുകൾ നേടി. 3 ലോകകപ്പുകളിൽ രാജ്യത്തിനായി കളിച്ചു. രണ്ട് ലോകകപ്പുകളിൽ ഹാട്രിക് അടിച്ച ഏക താരമാണ് ബാറ്റി (1994ലെ യു.എസ്.എ വേൾഡ്കപ്പിൽ ഗ്രീസിനെതിരെയും 1998ലെ ഫ്രാൻസ് വേൾഡ്കപ്പിൽ ജമൈക്കക്കെതിരെയും). അർജന്റീനയ്ക്ക് വേണ്ടി രണ്ട് കോപ്പ അമേരിക്ക കിരീടവും ഒരു കോൺഫെഡറേഷൻസ് കപ്പും നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. തന്റെ തലമുറയിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളെന്ന പ്രശസ്തി നേടി. 2004ൽ പെലെയുടെ ജീവിച്ചിരിക്കുന്ന ലോകത്തിലെ മികച്ച 100 കളിക്കാരിൽ ഒരാളെന്ന ബഹുമതിയും ബാറ്റി കരസ്ഥമാക്കി.
1988ൽ പ്രൊഫഷനൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച ബാറ്റിയുടെ ആദ്യ ക്ലബ് അർജന്റീനയിലെ തന്നെ ന്യൂവെൽസ് ഓൾഡ് ബോയ്സ് ക്ലബ് ആയിരുന്നു. പിന്നീട് റിവർ പ്ലേറ്റിനു വേണ്ടിയും ബൊക്ക ജൂനിയേഴ്സിന് വേണ്ടിയും ബൂട്ടണിഞ്ഞു. അദ്ധേഹത്തിന്റെ ആദ്യത്തെ വിദേശ ക്ലബ് ഇറ്റലിയിലെ ഫിയോറന്റീനയായിരുന്നു. കുർട് ഹംറിൻ കഴിഞ്ഞാൽ ഫിയോറന്റീന ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോൾസ്കോറർ ഇപ്പോഴും ബാറ്റിയാണ്. സീരി എയിൽ 318 കളികളിൽ നിന്നും 184 ഗോളുകൾ ബാറ്റി അടിച്ചു കൂട്ടി. ക്ലബ്ബ് 1993ൽ സീരി എയിൽ നിന്നും സീരി ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടപ്പോഴും ബാറ്റി ക്ലബ്ബിന്റെ കൂടെ നിന്നു. ഒരു വർഷത്തിനു ശേഷം ക്ലബ്ബിനെ സീരി എയിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിൽ നിർണായക പങ്കു വഹിച്ചു. അതുകൊണ്ടു തന്നെ ക്ലബ്ബ് ആരാധകർ അദ്ദേഹത്തിനു ആദരമായി 1996ൽ അദ്ധേഹത്തിന്റെ ഒരു വെങ്കല പ്രതിമ ഫ്ലോറൻസിൽ ഉയർത്തി. ക്ലബ്ബിനു വേണ്ടി കോപ്പ ഇറ്റാലിയയും സൂപ്പർ കോപ്പ ഇറ്റാലിയാനയും നേടാൻ കഴിഞ്ഞെങ്കിലും സീരി എ കിരീടം ഉയർത്താൻ ബാറ്റിക്ക് കഴിഞ്ഞില്ല. 2000ൽ എ.എസ്.റോമയിലേക്ക് കൂട് മാറിയതിന് ശേഷമാണ് സീരി എ കിരീടമുയർത്താൻ ബാറ്റിക്ക് കഴിഞ്ഞത്. 2003ലെ വിജയകരമല്ലാത്ത ഇന്റർമിലാനിലെ ലോൺ അടിസ്ഥാനത്തിലെ കളിക്ക് ശേഷം അദ്ധേഹം കരിയറിലെ അവസാന രണ്ട് വർഷങ്ങൾ ചിലവിട്ടത് ഖത്തറിലെ അൽ അറബി ക്ലബ്ബിലായിരുന്നു. 2005ൽ പ്രഫഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ചു.
കടപ്പാട് : റിയാസ് പുളിക്കൽ
0 comments:
Post a Comment