# Danish Javed Fenomeno
ആമസോണും അത്ലാന്റികും ആൽപ്സും കോക്കസസും താണ്ടി ഫുട്‌ബോൾ രാജാക്കൻമാരായ കാനറികൾ വരുന്ന ജൂണിൽ സോവിയറ്റ് നാടിന്റെ ഹൃദയമായ മോസ്കോയിൽ വിമാനമിറങ്ങുമ്പോൾ ടിറ്റെയെന്ന മാന്ത്രിക പരിശീലകന്റെ ചാണക്യ തന്ത്രങ്ങൾ തന്നെയാണ് ലോകകപ്പ് ഹോട്ട് ഫേവറൈറ്റുകളിലെ ലിസ്റ്റിൽ ബ്രസീലിനെ മുൻപന്തിയിൽ നിർത്തുന്നത്.കഴിഞ്ഞ ലോകകപ്പ് പരാജയത്തോടെ തകർന്നടിഞ്ഞ ടീമിനെ മാന്ത്രികതയും അമാനുഷികതയും സൗന്ദര്യാത്മകയും കൂടിച്ചേർന്ന ജോഗാ ബോണിറ്റോയെന്ന സുന്ദരശൈലിയിലൂടെ ഭൂലോകം അഞ്ചുതവണ തങ്ങളുടെ കാൽചുവട്ടിലാക്കിയ ബ്രസീലിയൻ ഫുട്ബോളിന് മേൽ ദുംഗ ഡിഫൻസീവ് ഫുട്‌ബോൾ അടിച്ചേൽപ്പിച്ച് തളർത്തിയപ്പോൾ അവിടെ തകർന്നു പോയ ബ്രസീലിയൻ ഫുട്‌ബോൾ പാരമ്പര്യ പൈതൃകത്തെ രക്ഷിക്കാൻ ഒരു മാലാഖയായി അവതരിക്കുകയായിരുന്നു അദ്നോർ ലിയൊനാർഡോ ബക്കി എന്ന ടിറ്റെ. ലോകകപ്പ് യോഗ്യത പോലും അനിശ്ചതത്തിലായ ഘട്ടത്തിൽ ചുമതലയേറ്റെടുത്ത മുൻ കൊറിന്ത്യൻസ് പരിശീലികൻ വെറും ഒരു വർഷം കൊണ്ടാണ് മഞ്ഞപ്പടയെ റഷ്യയിലേക്ക് യോഗ്യത നേടുന്ന ആദ്യ സംഘമാക്കി മാറ്റിയതും ആറ് വർഷങ്ങൾക്ക് ശേഷം ഫിഫാ ഒന്നാം റാങ്കിലേക്ക് ടീമിനെ തിരികെയെത്തിച്ചതും.
സൗത്ത് അമേരിക്കൻ യോഗ്യതാ ടേബിളിൽ ആറാം സ്ഥാനത്തായിരുന്ന കാനറി കിളികൾ ടിറ്റെയുടെ വരവോടെ ഫീനിക്സ് പക്ഷിയെപോലെ ചാരത്തിൽ നിന്നും കുതിച്ചുയരുകയായിരുന്നു.തോൽവിയെന്തന്നറിയാതെ ശേഷിക്കുന്ന പന്ത്രണ്ട് യോഗ്യത മൽസരങ്ങളിൽ പത്ത് വിജയവും രണ്ട് സമനിലയുമായി മുപ്പത്തിമൂന്ന് ഗോളുകൾ അടിച്ചു കൂട്ടിയപ്പോൾ വഴങ്ങിയത് വെറും മൂന്ന് ഗോളുകൾ മാത്രം.!! പക്ഷേ ലാറ്റിനമേരിക്കൻ എതിരാളികൾക്കെതിരെയെല്ലാം പരിപൂർണ്ണ മേധാവിത്വം നേടിയെങ്കിലും യോഗ്യതാ റൗണ്ട് പോലെ എളുപ്പമാവില്ല യൂറോപ്യൻ വമ്പൻമാർ അടങ്ങിയ ലോകകപ്പ് എന്ന ബോധ്യവും ടിറ്റെക്കുണ്ട്.
സെലസാവോയെ അജയ്യ സംഘമാക്കി രൂപീകരിച്ചു എടുക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം ടിറ്റെയുടെ "ടാക്റ്റിക്കൽ ബ്രില്ല്യൻസ് " തന്നെയാണ്.കൊറിന്ത്യൻസിന് ബ്രസീലിയൻ ലീഗ് മുതൽ ക്ലബ് ലോകകപ്പ് വരെ നേടികൊടുത്ത ശേഷം തന്റെ ടാക്റ്റിക്കൽ എബിലിറ്റി അപ്ഡേറ്റ് ചെയ്യാനായിരിക്കാം ഒരു പക്ഷേ രണ്ട് വർഷത്തോളം യൂറോപ്യൻ ക്ലബ് ലീഗുകളിലൂടെ അദ്ദേഹം സഞ്ചരിച്ചത്.കാർലോ ആൻചലോട്ടിയെ പോലെ യൂറോപ്യൻ ഫുട്‌ബോളിൽ വമ്പൻ നേട്ടങ്ങൾ കൊയ്ത പരിശീലകരുമായി സംവാദത്തിൽ ഏർപ്പെട്ടതും , ഇതിന് ശേഷമായിരുന്നു കൊറിന്ത്യൻസിനോടൊപ്പം വീണ്ടും പരിശീലകനായി ചാർജ്ജെടുത്ത് ബ്രസീലിയൻ ലീഗിൽ കൊറിന്ത്യൻസിനെ വീണ്ടും ലീഗ് കിരീട നേട്ടത്തോടെ വിജയവഴികളിലേക്ക് നയിക്കാൻ സാധിച്ചത്.
അദ്ദേഹം യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ പഠനങ്ങൾക്ക് വിധേയമാകാൻ മറ്റൊരു മറുവശവുമുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് ലോകകപ്പുകളും ജയിച്ചത് യൂറോപ്യൻ ടീമുകളായിരുന്നു.യഥാക്രമം ഇറ്റലി സ്പെയിൻ ജർമനി എന്നിവർ ചാമ്പ്യൻമാരായപ്പോൾ ഈ മൂന്ന് ടീമുകളുടെയും നേട്ടങ്ങളിൽ എടുത്തു കാണിക്കേണ്ട പൊതുവായൊരു വിജയ ഘടകമുണ്ടായിരുന്നു.ഓരോ ടീമിന്റെയും കോർ മെംബെഴ്സ് അതാത് ലീഗുകളിൽ ഒരേ ക്ലബിൽ കാലങ്ങളായി ഒരുമിച്ച് കളിക്കുന്നവരായിരുന്നു.ഇറ്റലിയുടെ 2006 ലെ വിജയത്തെ സ്വാധീനിച്ചത് യുവൻറസ്-മിലാൻ ക്ലബുകളായിരുന്നുവെങ്കിൽ ആഫ്രിക്കൻ ലോകകപ്പിലെ സ്പെയിനിന്റെ വിജയ ശൈലിയായാ ടികി-ടാക ക്ക് അടിത്തറയേകിയത് ബാഴ്സലോണയുടെ ആദ്യ ഇലവനിലെ ഏഴ് താരങ്ങളായിരുന്നു.
ജർമനിയുടെ വിജയത്തിലും ബയേൺ മ്യൂണിക്കിന്റെ ആറോളം താരങ്ങളുടെ നിർണായക സാന്നിദ്ധ്യമുണ്ടായിരുന്നു.മാത്രമല്ല സമീപകാല ലോകകപ്പിലെല്ലാം വിജയിച്ച ടീമുകളിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു അഭിവാജ്യ ഘടകമാണ് ഒരുപാട് കാലമായി ഒരുമിച്ച് കളിച്ച് അനുഭവസമ്പത്തുള്ള മധ്യനിരയിലെ കരുത്തുറ്റ കൂട്ടുകെട്ടുകൾ. ഇറ്റലിയോടൊപ്പം മിലാന്റെ ഗട്ടൂസോ-പിർലോ സ്പെയിനൊപ്പം ബാഴ്സയുടെ സാവി-ഇനിയെസ്റ്റ ജർമനിയിൽ ബയേണിന്റെ ക്രൂസ്-ഷ്വൈൻസ്റ്റിഗർ തുടങ്ങിയ ജോഡികളുടെ ഒത്തിണക്കവും നങ്കൂരമിട്ടുള പൊസഷൻ ഗെയിമുമായിരുന്നു അവരുടെയെല്ലാം ലോകകപ്പ് വിജയങ്ങൾക്ക് അടിസ്ഥാനമായത്.മധ്യനിരയാണ് ഒരു ടീമിന്റെ നട്ടെല്ലെന്ന ചിന്താഗതിയുള്ള കോച്ചായിരുന്നു ടിറ്റെ.
കൊറിന്ത്യൻസിൽ സ്ട്രൈക്കർമാരെ ഉപയോഗിക്കാതെ ആറ് മധ്യനിരക്കാരെ ഉപയോഗിച്ച് വിജയകരമായി കളത്തിൽ തന്റെ മിഡ്ഫീൽഡ് ഫോർമേഷൻ ടാക്റ്റീസ് നടപ്പിലാക്കിയ ചരിത്രമുണ്ട് ടിറ്റക്ക്.അതുകൊണ്ട് തന്നെ ടിറ്റെ തന്റെ തന്ത്രങ്ങളെ കൂടുതൽ എളുപ്പമാക്കാൻ സാധ്യമായേക്കാവുന്ന പോസിറ്റീവായ ചരിത്രപരമായ വസ്തുതയായിട്ടായിരുന്നു കഴിഞ്ഞ ലോകകപ്പുകളിലെ മധ്യനിരയിലെ കൂട്ടുകെട്ടുകൾ കണ്ടത്. മുൻകാല ലോകകപ്പ് ചരിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലെ തന്ത്രങ്ങളും വിജയ സമവാക്യങ്ങളും ഒത്തിണക്കത്തോടെ ഒരുമിച്ച് കളിക്കുന്ന പ്ലെയേഴ്സ് ഗ്രൂപ്പുകളും ലോകകപ്പിനെ കാര്യമായിട്ട് തന്നെ സ്വാധീനിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ടിറ്റെയുടെ യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ താരതമ്യ പഠനം അക്ഷരാർത്ഥത്തിൽ കൊറിന്ത്യൻസിനേക്കാളും ഉപകാരപ്പെട്ടത് ബ്രസീലിയൻ ഫുട്‌ബോളിനായിരുന്നു.
പരിശീലകനായി ടീമിന്റെ ചുമതല ഏറ്റെടുത്ത ഉടനെ പെട്ടെന്നൊരു സുപ്രഭാതത്തിൽ കോച്ച്- കളിക്കാരും തമ്മിലുള്ള സുഗമമായ ബന്ധവും ഒത്തിണക്കവും ഉടലെടുക്കില്ല.അത് വർഷങ്ങളായി പരിശീലകനു കീഴീൽ ഒരുമിച്ച് കളിച്ചു ഉണ്ടാക്കിയെടുക്കുന്നതാണ്.ബ്രസീൽ ടീമിന്റെ പരിശീലകരെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായിരുന്നത്.കാരണം വളരെ കുറച്ച് സമയമായിരിക്കും ടീമംഗങ്ങളോടൊപ്പം ചെലവഴിക്കാൻ പരിശീലകർക്ക് ലഭിക്കുക.പക്ഷെ ടിറ്റക്കത് എളുപ്പമായിരുന്നു. ഇവിടെയാണ് ടിറ്റെയുടെ " പ്ലേയേഴ്സ് മാനേജ്മെന്റ് " ക്വാളിറ്റി എടുത്തു പറയേണ്ടത്.തന്റെ മുൻകാല ശിഷ്യരെ തന്നെയാണ് ടിറ്റെ ഇതിനായി തെരഞ്ഞെടുത്തതും.ഒരു കാലത്ത് ബ്രസീലിയൻ ഫുട്‌ബോളിലെ ലാംപാർഡ് എന്ന് പോർച്ചുഗീസ് പരീശീലകൻ ആന്ദ്രെ വിയ്യാ ബോസ് വിശേഷിപ്പിച്ച പൗളീന്യോയെ ചൈനീസ് ലീഗിൽ നിന്നും തിരികെ കൊണ്ടുവരിയായിരുന്നു ടിറ്റെ ആദ്യം ചെയ്തത്.കൊറിന്ത്യൻസിൽ പൗളീന്യോയെ ബേസ് ചെയ്തു കുറ്റമറ്റതും ശക്തവുമായ മധ്യനിര കെട്ടിപ്പടുത്ത് തന്ത്രങ്ങൾ മെനഞ്ഞ് കോപ്പാ ലിബർട്ടഡോറസും ക്ലബ് ലോകകപ്പും സ്വന്തമാക്കിയ കോച്ചായ ടിറ്റെ സെലസാവോ ചാർജ്ജേറ്റെടുത്തതോടെ ആദ്യം വാർത്തുടച്ച് പണിയാൻ തുടങ്ങിയ മേഖലയും ബ്രസീലിയൻ മധ്യനിര ആയിരുന്നു.ടിറ്റെയുടെ മറ്റൊരു കൊറിന്ത്യൻസ് ശിഷ്യനായ റെനാറ്റോ അഗുസ്റ്റോയെന്ന പാസ്സിംഗ് മധ്യനിരക്കാരനെയും റിയൽ മാഡ്രിഡിന്റെ നങ്കൂരമായ കാസെമീറോയെയും ഫലപ്രദമായി എങ്ങനെ മിഡ്ഫീൽഡിൽ ഉപയോഗിക്കണമെന്ന് കാണിച്ചു തരുകയായിരുന്നു യോഗ്യതാ റൗണ്ടുകളിൽ. മധ്യനിരയിലെ Rhythm maker ആയി അഗുസ്റ്റോയെയും സ്വന്തം ബോക്സ് മുതൽ എതിർ ബോക്‌സ് വരെ നിറഞ്ഞ സാന്നിദ്ധ്യമായി വർത്തിക്കുന്ന ബോക്‌സ് ടു ബോക് മധ്യനിരക്കാരനായി പൗളീന്യോയെയും ഡിസ്ട്രോയർ റോളിൽ ഡിഫൻസീവ് മിഡ്ഫീൽഡിൽ കാസെമീറോയെയും അണിനിരത്തിയപ്പോൾ, ഒത്തിണക്കം, കണ്ടക്റ്റിവിറ്റി ,ഡിസിഷൻ മേക്കിംഗ് എന്നീ് ക്വാളിറ്റികളും വേണ്ടുവോളമുള്ള മേഖലയായി ബ്രസീലിയൻ മിഡ്ഫീൽഡ് മാറ്റിയെടുത്തപ്പോൾ കാനറികൾ ചിറകടിച്ചു പറന്നുയർന്നു ലോക ഒന്നാം നമ്പർ പദവിയിലേക്ക്.അതിന് അടിത്തറയേകിയത് മധ്യനിരയിൽ ടിറ്റെ നടത്തിയ വിപ്ലവകരമായ മാറ്റങ്ങൾ തന്നെയായിരുന്നു.
ഡിഫൻസിൽ മിറാണ്ട - മാർക്വിനോസ് സഖ്യത്തെ സ്ഥിരമായി ഉപയോഗിച്ചത് നോക്കുക.മാൻ മാർക്കിംഗിൽ മികച്ചു നിൽക്കുന്ന മാർക്വിനോസും ഏരിയൽ എബിലിറ്റിയിൽ പഴയ മികവില്ലേലും ലഭിക്കാവുന്ന വിഭവങ്ങളിൽ പരിചയസമ്പന്നനായ മിറാണ്ടയും ഒരുമിച്ചു ഇറക്കി പ്രതിരോധത്തിന് വെർസറ്റൈലാറ്റി കൊണ്ടുവരാനും ടിറ്റെ ശ്രമിച്ചു.പക്ഷേ യൂറോപ്യൻമാർക്കെതിരെ ഡിഫൻസീവ് യൂണിറ്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വൈവിധ്യമാർന്ന ഡിഫൻസീവ് ജോഡികളെ ഉപയോഗിച്ചാലേ ഭാവിയിൽ ടിമിന് ഗുണം ചെയ്യുമെന്നത് തീർച്ച.അറ്റാക്കിംഗിൽ പതിനഞ്ച് ഗോളുകളടിച്ചു കൂട്ടിയ നെയ്മർ ജീസസ് കൗട്ടീന്യോ ത്രയത്തെ ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിരയാക്കി മാറ്റിയതും ടിറ്റെയുടെ മധ്യനിരയിൽ നിന്നും മുന്നേറ്റനിരയിലേക്കുള്ള Rhythmic ടാക്റ്റിക്കൽ അറ്റാക്കിംഗ് ഫുട്‌ബോൾ ബ്രില്ല്യൻസ് തന്നെ.
നെയ്മർ ഡിപ്പന്റൻസിയിൽ നിന്നും സമ്പൂർണമായി ടീമിനെ കരകയറ്റാൻ കഴിഞ്ഞില്ലെങ്കിലും അലിസൺ മുതൽ ടിറ്റെ അവതരിപ്പിച്ച പുത്തൻ താരവിസ്മയം ജീസസ് വരെയുള്ള ഓരോ കളിക്കാരെയും തന്റെ സിസ്റ്റത്തിൽ നിർണായക ഘടകങ്ങളാക്കി മാറ്റിയെടുക്കാൻ കഴിഞ്ഞു.കളിക്കാർക്കിടയിൽ അദ്ദേഹം ദുംഗയെ പോലെ കർക്കശക്കാരനായിരുന്നില്ല സ്കോളരിയെ പോലെ എടുത്തുച്ചാട്ടക്കാരനുമായിരുന്നില്ല താരങ്ങളുമായി മൃദുവായി സമീപനത്തോടെ തന്റെ പോസിറ്റീവ് എനർജി ഒരു പുരോഹിതനെ പോലെ താരങ്ങൾക്ക് പകർന്ന് നൽകിയപ്പോൾ ടിറ്റെയുടെ വ്യക്തിഗതപ്രഭാവം കളിക്കാർക്കിടയിലും ആരാധകർക്കിടയിലും സൂര്യ തേജസ്സോടെ യുഗപുരുഷനായി ഉദിച്ചുയരുന്നതാണ് കണ്ടത്.അതിന്റെ പ്രതിഫലനമായിട്ടാകാം സിബിഎഫ് 2022 വരെ നാഷണൽ ടീമിന്റെ കോച്ച് സ്ഥാനം ഏറ്റെടുക്കണമെന്ന നിർദ്ദേശം ടിറ്റെക്ക് മുന്നിൽ വെച്ചത്.അതുകൊണ്ട് തന്നെ ലോകകപ്പ് പദ്ധതിയിൽ ആരാധകർക്ക് ടിറ്റെ വിപുലീകരിച്ചെടുത്ത ഈയൊരു ഗ്രൂപ്പ് ഓഫ് പ്ലെയേഴ്സിനെ വിശ്വസിച്ചേ മതിയാകൂ.
ടിറ്റയുടെ ക്വാളിറ്റികളിൽ അദ്ദേഹത്തിന്റെ ടാക്റ്റിക്കൽ ബ്രില്ല്യൻസും പ്ലെയേഴ്സ് മാനേജ്മെന്റും ബ്രസീലിയൻ ഫുട്‌ബോളിനെ ലോക ഫുട്‌ബോളിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ക്വാളിറ്റിയായിരുന്നു "ലോയൽറ്റി".
അമിതമായ ലോയൽറ്റി അപകടം ചെയ്യുമെന്ന ധാരണയും കൊറിന്ത്യൻസിലെ അനുഭവത്തിന്റെ വെളിച്ചത്തിൽ ടിറ്റക്കറിയാമായിരുന്നു.
ഏതൊരു ബ്രസീലിയൻ പരിശീലകരെ പോലെ തന്നെ ടിറ്റയും രാജ്യത്തെ ഫുട്‌ബോൾ പാരമ്പര്യത്തോടും ആഭ്യന്തര ലീഗിലെ താരങ്ങളോടും കൂറ് പുലർത്തുന്ന കോച്ചാണ്.2010 ൽ കൊറിന്ത്യൻസ് പരിശീലകനായ ശേഷം 2012 ൽ സൗത്ത് അമേരിക്കയുടെ ചാമ്പ്യൻസ് ലീഗായ കോപ്പ ലിബർട്ടഡർറസും ക്ലബ് ലോകകപ്പടക്കം ഒരു ഫുട്‌ബോൾ ക്ലബിന് നേടാനാവുന്നതെല്ലാം നേടി വിജയതൃഷ്ണതയുള്ള സംഘമാക്കി കൊറിന്ത്യൻസിനെ മാറ്റിയടുത്തെങ്കിലും 2012 ന് ശേഷം ടീമിന്റെ പെർഫോമൻസ് ഗ്രാഫിൽ കാര്യമായ ഇടിവ് വന്നതോടെ ഫോം തുടരാൻ ടീമിന് കഴിയാതെയായപ്പോൾ തന്റെ തന്ത്രങ്ങൾ ഔട്ട്ഡേറ്റഡായി തുടങ്ങിയെന്ന് മനസ്സിലാക്കിയ ടിറ്റെ പരിശീലക സ്ഥാനം രാജിവെച്ച് യൂറോപ്യൻ ക്ലബ് ഫുട്‌ബോളിനെ കുറിച്ച് വിശദമായൊരു പഠനം നടത്താൻ നീക്കിവെക്കുകയായിരുന്നു തുടർന്നുള്ള രണ്ട് വർഷങ്ങൾ.ഇക്കാലയളവിൽ ബ്രസീലിലെ ഫുട്‌ബോൾ പണ്ഡിറ്റുകൾ ടിറ്റയുടെ പരാജയ കാരണമായി ചൂണ്ടിക്കാട്ടിയത് അദ്ദേഹം വികസിപ്പെച്ചെടുത്ത ഗ്രൂപ്പ് ഓഫ് പ്ലെയേഴ്സിൽ ലോകക്ലബ് ചാമ്പ്യൻസായ ശേഷം കാര്യമായ മാറ്റങ്ങൾ വരുത്തിയിരൂന്നില്ലെന്നതാണ്. പിന്നെ തന്ത്രങൾ അപ്ഡേറ്റ് ചെയ്യാൻ അദ്ദേഹം മുതിർന്നില്ല എന്നതും ഒരു കാരണമായി.
വെറും രണ്ട് സീസണുകൾ കൊണ്ട് ടിറ്റ വളർത്തിയെടുത്ത കൊറിന്ത്യൻസ് യൂറോപ്യൻ വമ്പൻമാരെ വരെ വിറപ്പിച്ച് ലോക ഫുട്‌ബോൾ കീഴടക്കിയെങ്കിലും ബ്രസീൽ ലീഗിലെ മറ്റു ടീമുകൾക്ക് ടിറ്റയുടെ ടീമിനെ പഠിച്ചെടുത്ത് മറുതന്ത്രം മെനയാൻ ഈ രണ്ട് വർഷങ്ങൾ തന്നെ ധാരാളമായിരുന്നു.
ലോക ചാമ്പ്യൻമാരായ സ്പെയിനിന്റ ടികി ടാകയെ ആദ്യമായി തകർത്ത് തരിപ്പണമാക്കിയത് സ്കോളരിയുടെ തന്ത്രങ്ങളായിരുന്നു.എതിരാളികളെ പൊസഷൻ ഗെയിമിന് അനുവദിക്കാതെ അവരുടെ ഹാഫിൽ വെച്ച് തന്നെ ഏതു വിധേയനെയും നീക്കങ്ങൾ മുളയിലെ നുള്ളി കളയുക എന്ന ടാക്റ്റീസ് ആയിരുന്നു സ്കോളരി പ്രാവർത്തികമാക്കിയത്.2013 കോൺഫെഡറേഷൻ കപ്പിലെ ഈ തന്ത്രം വിജയം കണ്ടപ്പോൾ തന്റെ ടാക്റ്റിസ് അപ്ഡേറ്റ് ചെയ്യാനാകാതെ ഒരു വർഷം കഴിഞ്ഞുള്ള ലോകകപ്പിലും ഇതെ തന്ത്രം പയറ്റിയപ്പോഴായിരുന്നു ബ്രസീൽ പരാജയം നുണഞ്ഞത്. ഈ ഒരു വർഷം തന്നെ എതിരാളികൾക്ക് കാനറികളുടെ തന്ത്രങ്ങൾ പഠിച്ചെടുത്ത് മറുതന്ത്രം ആവിഷ്കരിക്കാനുള്ള സമയം ധാരാളമായിരുന്നു.മാത്രമല്ല ലൂയിസ് ഫിലിപ്പെ സ്കോളാരി വികസിപ്പിച്ചെടുത്ത കോർ ഗ്രൂപ്പ് ഓഫ് പ്ലെയേഴ്സിൽ കാര്യമായ യാതൊരു വിധ മാറ്റങളോ റൊട്ടേഷനുകളോ നടപ്പിലാക്കാൻ സ്കോളരി ശ്രമിച്ചതുമില്ല.ആദ്യ ഇലവനിൽ ഫ്രഡ് ജോ തുടങ്ങി കളിക്കാരെ വച്ച് ലോയൽറ്റി ബേസ് ചെയ്തായിരുന്നു ഫിലിപ്പാവോയുടെ ടീം സെലക്ഷനും.
ഈ രണ്ട് സംഭവങ്ങളും ടിറ്റയുടെ മുന്നിൽ ഉദാഹരണങ്ങൾ ഉള്ളത് കൊണ്ട് തന്നെ യൂറോപ്യൻ ടോപ് ലെവൽ ക്ലബ് ഫുട്‌ബോൾ താരങ്ങളെയാണ് ആദ്യ ഇലവനിൽ മുഴുവനായും ടിറ്റെ ഉൾപ്പെടുത്തിയിട്ടുള്ളത്.ബ്രസീലിയൻ ലീഗിൽ നിന്നും ആദ്യ ഇലവനിൽ താരങ്ങൾ ഇല്ലെയെന്നത് ടിറ്റെ തന്റെ സമീപനങ്ങൾ മാറ്റി എന്നതിന്റെ തെളിവാണ്.
മുപ്പതോളം താരങ്ങളാണ് ലോകകപ്പ് പദ്ധതികളിലേക്ക് ടിറ്റയുടെ റഡാറിൽ ഉൾക്കൊള്ളുന്നത്.അതിൽ 23 അംഗ ലോകകപ്പ് സ്ക്വാഡിൽ ഉറപ്പിച്ച പതിനഞ്ച് പേരടങ്ങുന്ന ലിസ്റ്റ് ലോകകപ്പ് തുടങ്ങാൻ നാല് മാസം മുന്നേ തന്നെ ടിറ്റേ പുറത്ത് വിട്ടിരുന്നു.ഈ പതിനഞ്ച് പേരിൽ അഗുസ്റ്റോ ഒഴികെയുള്ളവരെല്ലാം ലോകോത്തര യൂറോപ്യൻ ക്ലബുകളിൽ കളിക്കുന്നവരാണ്.ബാക്കി വരുന്ന എട്ട് പൊസിഷനുകളിൽ കളിക്കാരെ റൊട്ടേഷൻ സിസ്റ്റത്തൽ ഉപയോഗിക്കുകയാണ് കോച്ച്.അതിനുത്തമ ഉദാഹരണങ്ങളാണ് റഷ്യക്കെതിരെയും ജർമനിക്കെതിരെയുമുള്ള സ്ക്വാഡിൽ ഉൾപ്പെട്ട ഷക്തർ മിഡ്ഫീൽഡർ ഫ്രെഡും സൊസീഡാഡിന്റെ സ്ട്രൈകർ വില്ല്യൻ ജോസും ബെസിറ്റ്കാസ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ടാളിസ്കായും.
മൂന്നു പേരുടെയും inclusion സുസ്വാഗതാർഹമാണ്.ഫ്രെഡ് മധ്യനിരയിൽ അഗുസ്റ്റോ ചെയ്ത റോൾ ചെയ്യാൻ പ്രാപ്തനായ മധ്യനിരക്കാരനാണ്.മികച്ച പാസ്സിംഗ് റേഞ്ചും ലോംഗ് റേഞ്ച് സ്കില്ലും ഡ്രിബ്ലിംഗ് ടെക്നിക്സും ബോൾ കൺട്രോളും സ്വായത്തമാക്കിയ ഒരു ഫ്ലക്സബിലിറ്റി മിഡ്ഫീൽഡർ.തീർച്ചയായും ബ്രസീൽ മധ്യനിരക്ക് താളാത്മകത പകർന്നു നൽകാൻ സാധിച്ചേക്കുമെന്ന് കരുതുന്നു.വില്ല്യം ജോസ് ജീസസിൽ നിന്നും ഫിർമീന്യോയിൽ നിന്നും വ്യത്യസ്തമായ ഒരു ഓപ്ഷനായിരിക്കും ഫോർവേഡ് പൊസിഷനിൽ.ഏരിയൽ എബിലറ്റിയിൽ മികവ് കാണിക്കുന്ന സോസിഡാഡ് താരം ബ്രസീലിയൻ ഫുട്‌ബോൾ സമീപകാലത്തായി lack ചെയ്യുന്ന മേഖലയായ ഹെഡ്ഡിംഗ് ഗോളുകൾ സ്കോർ ചെയ്യുന്നതിൽ ഒരു മുതൽ കൂട്ടാണ്.കരുത്തും വേഗവും സമന്വയിപ്പിച്ച ഉയരക്കാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡറാണ് ടാളിസ്കാ. മാത്രമല്ല തീപാറും ഷോട്ടുകൾ പായിക്കുന്ന ഒരു ലോംഗ് റേഞ്ച് സ്പെഷ്യലിസ്റ്റ് കൂടിയാണ്.തീർച്ചയായും ഈ രണ്ട് പേരും യൂറോപ്യൻ വമ്പൻമാർക്കെതിരെ ഉപയോഗിക്കാൻ പറ്റിയ വ്യത്യസ്തമായ രണ്ട് ഒളിയമ്പുകളായിരിക്കുമെന്നത് തീർച്ച.
ഇരുവരും മികവുറ്റ പ്രകടനം കാഴ്ച്ചവെച്ചാൽ 23 അംഗ ലോകകപ്പ് സ്ക്വാഡിൽ ഇടം കാണുമെന്നുറപ്പിക്കാം.
വരുന്ന സൗഹൃദ മൽസരങ്ങളിൽ ഫോമിലില്ലാത്ത അഗുസ്റ്റോയെ മാറ്റി ഫെർണാണ്ടീന്യോയെ ഇറക്കാനുള്ള തീരുമാനവും Rhythm Maker ആയി കൗട്ടീന്യോയെ ഇറക്കാനുള്ള തീരുമാനവും നമ്മൾ ആരാധകർ ഏറെക്കാലമായി ടിറ്റെയിൽ നിന്നും പ്രതീക്ഷിക്കുന്ന തീരുമാനങ്ങളായിരുന്നു.നവംബഴിൽ നടന്ന സൗഹൃദ മൽസരത്തിൽ ഇംഗ്ലണ്ട് ടീമിനെതിരെ ബ്രസീൽ അറ്റാക്ക് struggle ചെയ്യുന്നത് നമ്മൾ കണ്ടതാണ്.5 മാൻ ഡിഫൻസീവ് സിസ്റ്റമായ കറ്റനാസിയോ കളത്തിൽ നടപ്പിലാക്കുന്ന ടീമുകൾക്കെതിരെ കൗട്ടീ അടക്കമുള്ള നാല് അറ്റാക്കർമാരെ ആദ്യ ഇലവനിൽ ഇറക്കുന്നത് ഗുണം ചെയ്യുമെന്നുറപ്പ്.മാത്രമല്ല സബ്സ്റ്റിറ്റ്യൂട്ടായി വില്ല്യൻ ജോസും ടാളിസ്കായെയും ഉപയോഗികുമ്പോൾ കടുത്ത ഡിഫൻസീവ് സിസ്റ്റത്തിനെ മറികടക്കാൻ ഇപ്പോൾ ബ്രസീലിൽ കിട്ടാവുന്നതിൽ ലഭിച്ച് ഇരുവരും തന്നെയാണ് മികച്ചത്.
മറിച്ച് ജർമനി ഫ്രഞ്ച് പോലുള്ള കൗണ്ടർ അറ്റാക്കിംഗ് ടീമുകൾക്കെതിരെ പൗളീ-കാസെമീറോ-ഫെർണാണ്ടീന്യോ ത്രയത്തെ മധ്യനിരയിൽ വിന്യസിക്കുന്നതാകും ഡിഫൻസിന് സുരക്ഷാകവചമാവുക.
ജർമനിക്കെതിരെ ഈയൊരു ത്രയത്തെ തന്നെയാണ് ടിറ്റെ ഉപയോഗിക്കാൻ പോകുന്നതുമെന്ന് പ്രതീക്ഷിക്കുന്നു.ആക്രമണ വിംഗ് ബാക്കുകളുടെ ഡിഫൻസീവ് മണ്ടത്തരങ്ങളാണ് ആരാധകരും ടിറ്റെയും ഏറ്റവുമധികം ഭയക്കുന്നത്.
ജർമനിക്കെതിരെയുള്ള മൽസരത്തെ തന്നെയാണ് ഞാൻ ലാഘവത്തോടെ കാണുന്നത്.നെയ്മറുടെ അഭാവത്തിൽ ടിറ്റെയുടെ ടാക്റ്റിക്കൽ എബിലിറ്റി യൂറോപ്യൻ വമ്പൻമാർക്കെതിരെ എത്രത്തോളം ഫലപ്രദമായിരിക്കുമെന്നത് ഈ മൽസരഫലത്തെ അടിസ്ഥാനമാക്കി അളക്കാനായേക്കുമെന്ന് കരുതുന്നു.
#Danish_Javed_Fenomeno
Olé olé olé TITE...
Viva Selecaobrasileira
കടപ്പാട് :ജസ്റ്റ് ഫുട്ബോൾ എഫ് ബി ഗ്രൂപ്പ്
0 comments:
Post a Comment