ഐ ലീഗ് രണ്ടാം ഡിവിഷൻ പ്രാഥമിക ഗ്രൂപ്പ് തലമത്സരങ്ങളിൽ എല്ലാ മലയാളികളും ഉറ്റു നോക്കുന്ന ടീമാണ് എഫ് സി കേരള. ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ഐ എസ് എൽ റിസർവ് ടീമുകൾ ഉൾപ്പടെ കരുത്തരായ നിരവധി പ്രമുഖർ കളത്തിലിറങ്ങുമ്പോൾ ഒട്ടും ഭയാശങ്കകളില്ലാതെയാണ് കേരളത്തിന്റെ സ്വന്തം ജനകീയ പ്രൊഫെഷണൽ ഫുട്ബോൾ ടീമായ എഫ് സി കേരള ബൂട്ടണിയുന്നത്..ഓപ്പൺ ട്രയൽസിലൂടെ കണ്ടെത്തിയതടക്കമുള്ള ഒരുപിടി യുവതാരങ്ങളാണ് എഫ് സി കേരളയുടെ കരുത്ത്.. ടീമിന്റെ ടെക്‌നിക്കൽ ഡയറക്ടർ മുൻ ഇന്ത്യൻ പരിശീലകൻ നാരായണ മേനോൻ സാറും പ്രധാന പരിശീലകനും മുൻ സന്തോഷ് ട്രോഫി ജേതാവുമായ ടി ജി പുരുഷോത്തമനും ടീം മാനേജറായ നവാസുമാണ് ചെമ്പടയുടെ തന്ത്രങ്ങൾ മെനയുന്നത്..പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം കൊട്ടിക്കയറുന്ന വടക്കുംനാഥന്റെ തിരുമുറ്റത്ത് തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിലാണ് കാൽപ്പന്തിന്റെ ഈ പൂരത്തിന് ചെമ്പട തട്ടകമൊരുക്കുന്നത്..
മധ്യ ഭാരത്, ഓസോൺ, ഫത്തേഹ് ഹൈദരാബാദ് എന്നീ ടീമുകളും ബ്ലാസ്റ്റേഴ്‌സ്, എഫ് സി ഗോവ ടീമുകളുടെ റിസർവ് ടീമുകളുമാണ് എഫ് സി കേരളയോടൊപ്പം പ്രാഥമിക റൗണ്ടിൽ മാറ്റുരക്കുന്നത്. ഫത്തേഹ് ഹൈദരാബാദുമായി മാർച്ച് 17ന് ആദ്യ ഹോം മത്സരത്തിനിറങ്ങുന്ന എഫ് സി കേരള തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഏപ്രിൽ 12ന് തൃശ്ശൂരും 26ന് കൊച്ചിയിലും വെച്ചാണ് കേരള ഡെർബി എന്ന് വിളിക്കാവുന്ന എഫ്‌സി കേരളയും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം..
0 comments:
Post a Comment