Wednesday, March 21, 2018

ഫുട്ബോളിനു പ്രശ്നമില്ലെങ്കിൽ കലൂരിൽ തന്നെ ക്രിക്കറ്റ്; വിദഗ്ധാഭിപ്രായം തേടും



നവംബര്‍ ഒന്നിനു നടക്കേണ്ട ഏകദിനക്രിക്കറ്റ് കൊച്ചിയില്‍ തന്നെ നടത്താന്‍ നീക്കം ശക്തം. കേരള ക്രിക്കറ്റ് അസോസിയേഷനും ഫുട്ബോള്‍ അസോസിയേഷനും സ്റ്റേഡിയം ഉടമകളായ ജിസിഡിഎയുമായി നടത്തിയ ചര്‍ച്ചയില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റും ഫുട്ബോളും നടത്താനുളള സാധ്യത പരിശോധിക്കാന്‍ തീരുമാനമായി. ഇതിനായി ഉടന്‍ വിദഗ്ധരുടെ അഭിപ്രായം തേടും. സര്‍ക്കാരിന്റെ കൂടി അഭിപ്രായം പരിഗണിച്ച് അന്തിമ തീരുമാനമെടുക്കും. കൊച്ചിയില്‍ ഫുട്ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും നടത്തണമെന്നു പറയാനാകില്ലെന്നും ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ പറഞ്ഞു. ഇവ രണ്ടും കൊച്ചിയിൽ നടത്താമെങ്കിൽ നടത്തണമെന്നാണു നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടർഫിനു പ്രശ്നമുണ്ടാകില്ലെന്നു ചർച്ചയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) വ്യക്തമാക്കി. ഫുട്ബോളിനു തടസ്സമില്ലെങ്കിൽ കലൂർ സ്റ്റേഡിയത്തിൽ തന്നെയാകും ഏകദിനം നടക്കുകയെന്ന് കെസിഎയും കേരള ഫുട്ബോൾ അസോസിയേഷ(കെഎഫ്എ)നും അറിയിച്ചു.
കേരള ബ്ലാസ്റ്റേഴ്സ്, കെസിഎ, ജിസി‍ഡിഎ പ്രതിനിധികൾ ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഐഎസ്എല്ലിനു തടസ്സമില്ലാതെ ഏകദിന മൽസരവും സംഘടിപ്പിക്കണമെന്ന നിലപാടിലാണു തുടക്കം മുതൽതന്നെ ജിസിഡിഎ. എന്നാൽ പുതിയ ക്രിക്കറ്റ് പിച്ച് നിർമിക്കുന്നതിനായി ഫുട്ബോൾ മൈതാനം കുത്തിക്കുഴിക്കുന്നതിനെതിരെ ഫുട്ബോൾ പ്രേമികളുടെ പ്രതിഷേധം വ്യാപകമായിരുന്നു.
@manorama

0 comments:

Post a Comment

Blog Archive

Labels

Followers