Monday, March 26, 2018

ഗോകുലത്തിന്റെ പാലക്കാടൻ കൊടുങ്കാറ്റ്..




ഈസ്റ്റ്‌ ബംഗാളിൽ നിന്നും ഗോകുലം കേരള എഫ് സി തിരിച്ചു കൊണ്ടുവരുന്ന  മലയാളി മുന്നേറ്റ താരമാണ് വി പി സുഹൈർ. 
പാലക്കാട്‌ എടത്തനാട്ടുകര സ്വദേശിയാണ്. ഒരു സമ്പൂർണ ഫുട്ബോൾ കുടുംബത്തിൽ നിന്നാണ് സുഹൈറിന്റെ ജനനം. മൂത്ത ജ്യേഷ്ഠൻ സുധീർ കേരള ഗോൾകീപ്പർ ആയിരുന്നു. മറ്റൊരു ജ്യേഷ്ഠൻ സുനീർ അഖിലേന്ത്യാ സെവെൻസിൽ കറുത്തറിയിച്ച താരമായിരുന്നു.. ഇപ്പോൾ ഗോകുലത്തിന്റെ തന്നെ ജൂനിയർ ടീമുകളുടെ പരിശീലകനാണ്. അനിയനായ സഹീർ പ്രാദേശിക ടീമുകൾക്ക് ബൂട്ടണിയുന്നു. 




സുഹൈർ എടത്തനാട്ടുകര ഓറിയന്റൽ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ചലഞ്ചേഴ്‌സ് എടത്തനാട്ടുകര ക്ലബ്ബിൽ കളിച്ചു കൊണ്ട് തന്നിലെ  പ്രതിഭയെ ജനങ്ങൾക്ക്‌ മുന്നിൽ അവതരിപ്പിച്ചു തുടങ്ങി. നിരവധി അഖിലേന്ത്യാ സെവൻസ് ടീമുകൾക്ക് വേണ്ടി ബൂട്ടണിയുമ്പോളാണ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്നും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടീമിലെത്തുന്നത്. അതു സുഹൈറിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ് നേടിയപ്പോൾ തന്നെ സന്തോഷ് ട്രോഫി ടീമിലും ഇടം നേടി.  രണ്ടു തവണ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. എസ്ബിടി, യുണൈറ്റഡ് എഫ് സി കൊൽക്കത്ത ടീമുകളുടെ ജേഴ്സിയണിഞ്ഞ സുഹൈർ ഗോകുലം എഫ് സി താരമായി. അവിടെ നിന്നും ഈസ്റ്റ്‌ ബംഗാൾ സുഹൈറിനെ റാഞ്ചി. രണ്ടു വർഷത്തിന് ശേഷം വീണ്ടും 'ജയന്റ്  കില്ലേഴ്സിന്റെ'  മുന്നണി പോരാളിയാകുവാൻ സുഹൈർ കേരളത്തിലേക്ക് തിരിച്ചു വരികയാണ്.ഇതോടെ ഗോകുലത്തിന്റെ ആക്രമണനിര കൂടുതൽ കരുത്തുറ്റതാക്കുകയാണ് പരിശീലകൻ ബിനോ ജോർജ്.ആരാധകരായ ബറ്റാലിയയും വൻ ആവേശത്തോടെയാണ് സുഹൈറിന്റെ തിരിച്ചു വരവിനെ സമീപിക്കുന്നത്. 
കടപ്പാട്  : അരവിന്ദ് സൗത്ത് സോക്കേഴ്സ്

0 comments:

Post a Comment

Blog Archive

Labels

Followers