ഒല്ലൂർകാരുടെ ചെറുത്.. മലയാളികളുടെ വലുതും : ജിതിൻ എം എസ്
ഒല്ലൂരിൽ ഉള്ള മൂന്നു ജേഷ്ഠാനുജൻമാർ തൃശ്ശൂരിൽ ഉള്ള ഫൈവ്‌സ് ഫുട്ബോൾ ആരാധകർക്ക് ഒരു ഹരമാണ്. ഇവർ തമ്മിലുള്ള കെമിസ്ട്രി അത്രക്കും മനോഹരമായിരുന്നു.. അതിലൊരാൾ,ഒല്ലൂർക്കാരുടെ സ്വന്തം 'ചെറുത്' ഇന്ന് സന്തോഷ് ട്രോഫി ടീമിന്റെ കുന്തമുനയാണ്.. ജിതിൻ എം എസ്.. ഗോളടിച്ചും അടിപ്പിച്ചും സന്തോഷ് ട്രോഫി സെമിവരെ കേരളം എത്തുന്നതിൽ പ്രധാന പങ്കു വഹിച്ച താരം.
തൃശ്ശൂർ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ എല്ലാ ഏജ് ഗ്രൂപ്പ് ടീമുകളിലും സ്ഥിര സാന്നിധ്യമാണ് ജിതിൻ. U13 ഇന്ത്യൻ ക്യാമ്പിലും എത്തിയിരുന്നു. വേഗത, പാസ്സുകളിലും ക്രോസ്സുകളിലും ഉള്ള കൃത്യത, ഡ്രിബിളിംഗ് മികവ് എന്നിവയാണ് ജിതിനേ വത്യസ്തനാക്കുന്നത്.ജിതിന്റെ കളി മികവ് കണ്ടറിഞ്ഞ എഫ് സി കേരള മുഖ്യ പരിശീലകൻ പുരുഷോത്തമനാണ് ജിതിനെ സെവെൻസിൽ നിന്നും ഫൈവ്‌സിൽ നിന്നും വിലക്കി ലെവൻസിന്റെ ലോകത്ത് സ്ഥിരപ്പെടുത്തിയത്.ഏത് പ്രതിരോധകോട്ടയും പിളർത്താനുള്ള സാങ്കേതിക മികവ് എഫ് സി കേരളയിൽ ജിതിന് സ്ഥിരം സ്ഥാനമുറപ്പിച്ചു.ജിതിനും ശ്രെയസ്സും ഹരികൃഷ്‌ണനും ജോനസുമടങ്ങുന്ന എഫ് സി കേരളയുടെ മുന്നേറ്റ നിര ഏത് പ്രതിരോധ നിരക്കും വൻ ഭീഷണിയാണെന്ന് എഫ് സി കേരള ടെക്നിക്കൽ ഡയറക്ടറും മുൻ ഇന്ത്യൻ പരിശീലകനുമായ നാരായണമേനോൻ പറയുന്നു.
തൃശ്ശൂർ ശ്രീ കേരളവർമ്മ കോളജിനുവേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെച്ച ജിതിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിൽ സ്ഥാനം ലഭിച്ചില്ലെങ്കിലും ഈ വർഷത്തെ സന്തോഷ് ട്രോഫിയിലെ സംസ്ഥാന ടീമിന്റെ ഭാഗമാക്കി.
എഫ് സി കേരള ക്യാമ്പിൽ പരിശീലത്തിനെത്തുന്ന ഇന്ത്യൻ ഇതിഹാസം ഐ എം വിജയന്റെ കൂടെയുള്ള ജിതിന്റെ കോമ്പിനേഷൻ വളരെ ആവേശമുണ്ടാക്കുന്ന കാഴ്ചയാണെന്ന് എഫ് സി കേരള കോച്ച് പുരുഷോത്തമൻ പറയുന്നു.ഒറിജിനൽ വിജയന്റെ കൂടെ ഒരു കുട്ടി വിജയനെ അന്നേരം ഗ്രൗണ്ടിൽ കാണാം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഈ 'ചെറുതിൽ' നിന്നും ഇനിയും വലിയ നേട്ടങ്ങൾ ഇന്ത്യൻ ഫുട്ബോൾ ലോകത്തിനു ലഭിക്കാനുണ്ടെന്നാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികളും പ്രതീക്ഷിക്കുന്നത്.
അബ്ദുൾ റസാക്ക് സൗത്ത് സോക്കേഴ്സ്
0 comments:
Post a Comment