ഇത് നമ്മുടെ സുജിത്ത്, ഒപ്പമുള്ളവര്‍ ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീം അംഗങ്ങളും. കണ്ണില്‍ ഇരുട്ടുമായി പന്തുതട്ടുന്ന ആ കൂട്ടുകാര്‍ക്ക് സുജിത്ത് വെറുമൊരു ഗോളിയല്ല, മറിച്ച്, രാജ്യത്തിന്‍റെ മെഡല്‍ പ്രതീക്ഷയുടെ കാവലാള്‍ കൂടിയാണ്.
ഗോള്‍ വലയിലേക്ക് ഏതു നിമിഷവും കടന്നുവന്നേക്കാവുന്ന ഒരു പന്തുപോലെയായിരുന്നു സുജിത്തിന് ജീവിതം. അവസാനം വരെ ജാഗ്രതയോടെ എതിര്‍ടീമിനെ പ്രതിരോധിച്ച് പന്തിനെ കൈപ്പിടിയിലാക്കി സ്വന്തം ടീമിന് കാവലാളാകണം. കൂടെ കളിക്കുന്നത് ഇരുട്ടുമാത്രം ശീലിച്ച കൂട്ടുകാരാണ്.
അവര്‍ക്കുമുന്നിലെ ഏക പ്രതീക്ഷയും പ്രകാശവും സുജിത്തിന്‍റെ ജാഗ്രത തന്നെ. എതിരാളി അടിച്ചുവിടുന്ന ഓരോ പന്തും അതീവ ശ്രദ്ധയോടെ ഗോള്‍വലയം കടക്കാതെ ആ പ്രതീക്ഷ ഊതിപ്പെരുപ്പിച്ച് സുജിത്ത് കൂട്ടുകാരുടെ അകക്കണ്ണിന് പ്രകാശപൂരമാവുകയാണ്.
മാര്‍ച്ച് 21 മുതല്‍ 26 വരെ ജപ്പാനില്‍ നടക്കുന്ന ലോക ബ്ലൈന്‍ഡ് ഫുട്‌ബോള്‍ മാച്ചില്‍ ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീമിന്‍റെ ഗോള്‍വല കാത്തുരക്ഷിക്കാന്‍ പോകുന്ന സുജിത്തിന് ഫുട്‌ബോളും ജീവിതവും ഒരുപോലെ പ്രതിസന്ധികളോടുള്ള ഉത്തരവാദിത്ത പൂര്‍ണമായ പോരാട്ടവുമാണ്. അരൂര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ കാട്ടാമ്പള്ളി കളത്തില്‍ ശശിയുടെയും ചിന്നയുടെയും മൂന്നു മക്കളില്‍ ഇളയവനാണ് എറണാകുളം മഹാരാജാസില്‍ ഡിഗ്രി വിദ്യാര്‍ഥി കൂടിയായ സുജിത്ത്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഫുട്‌ബോളിനു പിന്നാലെ ഓടിത്തുടങ്ങിയതാണ്. ജീവിത പ്രാരാബ്ധങ്ങള്‍ മൂലം മൂത്ത രണ്ട് പേര്‍ക്കും പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നെങ്കിലും കൂലിപ്പണിക്കാരനായ ശശി ഇളയ മകനെ അവന്‍റെ ഇഷ്ടത്തിനനുസരിച്ച് പഠിക്കാന്‍ വിട്ടു. പന്തിനു പിന്നാലെ ഓടുന്ന സുജിത്തിനെ ശശി തിരുവനന്തപുരത്ത് അയ്യങ്കാളി സ്മാരക സ്‌പോര്‍ട്‌സ് സ്‌കൂളില്‍ വിട്ടുപഠിപ്പിച്ചു. കാല്‍പ്പന്തുകളിയെ പ്രണയിച്ച സുജിത്ത് കായിക വിനോദം പോലെ കലാരംഗത്തും മിടുക്കുകാട്ടി. നൃത്തവേദികളിലെ തിളങ്ങും താരവുമാണവന്‍. പഴയ നൃത്ത- നാടക കലാകാരികൂടിയായ അമ്മയാണ് നൃത്തകലയില്‍ സുജിത്തിന് മാതൃക. അമ്മാവനൊപ്പം ബാലെ ട്രൂപ്പുകളില്‍ നൃത്ത നാടകങ്ങളില്‍ അഭിനയിച്ച അമ്മയുടെ കലാസൗരഭ്യം സുജിത്തിനും പകര്‍ന്നുകിട്ടിയെന്നാണ് മകനെക്കുറിച്ചുള്ള ശശിയുടെ വിലയിരുത്തല്‍. പക്ഷെ കാലാനുസൃതമായ റോക്കിലും ബ്രേക്ക് ഡാന്‍സിലുമാണ് സുജിത്തിന് ഏറെ കമ്പമെന്നു മാത്രം.
ഒന്നാം നിരയില്‍ ബ്രസീലും അര്‍ജന്റീനയുമൊക്കെയുള്ള ലോക ബ്ലൈന്‍ഡ് ഫുട്‌ബോളില്‍ 23 ാം റാങ്കിലുള്ള ഇന്ത്യ പങ്കെടുത്തിട്ട് എന്തുകാര്യമെന്നു ചോദിച്ചാല്‍, കാര്യമുണ്ട് എന്നു തന്നെയാണ് സുജിത്തിന്‍റെ നിലപാട്. ജപ്പാനില്‍ കഴിഞ്ഞ 2015-ല്‍ നടന്ന മത്സരത്തിലാണ് ഇന്ത്യ 23-ാം റാങ്കിലെത്തിയത്. അതിന് മുമ്പ് 29 ആയിരുന്നു നമ്മുടെ റാങ്കുനില. ഇത്തവണ കൂടുതല്‍ മുന്നോട്ടു പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തോല്‍ക്കാനാണെങ്കില്‍ പോലും പൊരുതാതിരിക്കാന്‍ ആവില്ലല്ലോ.. പൊരുതിപ്പൊരുതി ഒരിക്കല്‍ നമ്മള്‍ ഒന്നാം സ്ഥാനത്തുവരും- സുജിത്തിന്‍റെ വാക്കുകളില്‍ നിറഞ്ഞത് തളരാത്ത പോരാട്ടവീര്യവും നിറഞ്ഞ ആത്മവിശ്വാസവും.
എറണാകുളത്ത് ചിലവന്നൂര്‍ ബണ്ട് റോഡിലെ ജോഗോ അരീന ഗ്രൗണ്ടിലാണ് മാസങ്ങളായി ലോക ഫുട്‌ബോളിനുവേണ്ടിയുള്ള പരിശീലനം. ഒത്തിരി പ്രതിബന്ധങ്ങളും പരിമിതികളും നിറഞ്ഞതാണ് ബ്ലൈന്‍ഡ് ഫുട്‌ബോള്‍. 'വോയ് വോയ്' എന്ന വാക്കുമാത്രമാണ് അന്ധരായ കളിക്കാര്‍ക്കുവേണ്ടി കളിക്കിടയില്‍ ഗോളി ഉപയോഗിക്കാന്‍ പാടുള്ളു. ഞാന്‍ ഇവിടെയുണ്ട് എന്നാണ് ആ സ്പാനിഷ് വാക്കിന്‍റെ അര്‍ഥമെന്ന് സുജിത് പറയുന്നു. ഒരുപാടു തവണ ഈ വാക്ക് ഉച്ചരിക്കാനും പാടില്ല. ചുവപ്പുകാര്‍ഡ് കിട്ടും. കളിക്കാര്‍ ഗോളടിക്കുന്ന സമയത്തല്ലാതെ കാണികള്‍ പോലും ശബ്ദമുണ്ടാക്കരുതെന്നാണ് കളിയിലെ അലിഖിത നിയമം. കാഴ്ചയില്ലാത്തവരുടെ കണ്ണും ഹൃദയവും കളിമിടുക്കുമെല്ലാം കാതിലെത്തുന്ന പന്തിനുള്ളിലെ മണിക്കിലുക്കത്തിലാണ്. അത് പാളിയാല്‍ കളിയില്‍ പരാജയം ഉറപ്പാണ്. ഉള്ളില്‍ മണി ഘടിപ്പിച്ച ഭാരമുള്ള ബോളാണ് ബ്ലൈന്‍ഡ് ഫുട്‌ബോളിന് ഉപയോഗിക്കുന്നത്. 4500- 5000 രൂപ വിലവരുന്ന ഈ ബോളുകള്‍ ഇന്ത്യയില്‍ ലഭ്യമല്ല. യൂറോപ്പില്‍നിന്നാണ് പരിശീലനത്തിനായി ആദ്യം 30 ബോളുകള്‍ കൊണ്ടുവന്നത്. പിന്നീട് പാക്കിസ്ഥാനില്‍ നിന്നും ബോളുകള്‍ എത്തിച്ചു. പരിശീലനത്തിനും മത്സരത്തിനും ഇടയില്‍ ഏതുനിമിഷവും പരിക്കുപറ്റാനും പുറത്താക്കപ്പെടാനും സാധ്യതയുള്ള കളിയാണ് ഈ ബ്ലൈന്‍ഡ് ഫുട്‌ബോള്‍. കളിക്കാര്‍ അന്ധരായതിനാല്‍ അടിച്ചുവിടുന്ന ബോള്‍ എങ്ങോട്ടുവേണമെങ്കിലും വരാം. ശ്രദ്ധിച്ചുനിന്നില്ലെങ്കില്‍ കളിക്കാര്‍ക്ക് മാത്രമല്ല, കാണികള്‍ക്കും പരിക്കുപറ്റാം.
മാര്‍ച്ച് 21 മുതല്‍ 26 വരെയാണ് ജപ്പാനിലെ കളി. ബെല്‍ജിയവും ജപ്പാന്‍ ബി ടീമുമാണ് ഇന്ത്യയെ നേരിടുന്നത്. അന്ധരായ ഏഴുപേരും കാഴ്ച ശക്തിയുള്ള രണ്ട് ഗോളികളുമാണ് കളിക്കാനായി ജപ്പാനിലേക്കു പോകുന്നത്. എറണാകുളം മരട് നേരേവീട്ടില്‍ ജേക്കബിന്‍റെയും ആലീസിന്‍റെയും മകന്‍ മെല്‍സണ്‍, മട്ടാഞ്ചേരി പനയപ്പിള്ളി ചെട്ടിയാട്ടുപറമ്പില്‍ സുബൈറിന്‍റെയും നാസിലയുടെയും മകൻ ഫർഹാൻ, ഇരിങ്ങാലക്കുട സ്വദേശി അനീഷ് എംഎസ് എന്നിവരാണ് സുജിത്തിനെ കൂടാതെ കളിക്കളത്തിലിറങ്ങുന്ന മറ്റു മലയാളികള്‍. ഇതില്‍ മെല്‍സണും ഗോള്‍കീപ്പറാണ്. സുനില്‍ ജേക്കബ് മാത്യു (ടീം ലീഡര്‍) നരേഷി സിംഗ് നായല്‍, അശ്വനികുമാര്‍, ക്ലിംഗ്സണ്‍ മറാക്ക്, ഗബ്രിയേല്‍ നോണ്‍ഗ്രൂം, പങ്കജ് റാണ, ധര്‍മറാം ദേവസി തുടങ്ങിയരാണ് 11 അംഗ ഇന്ത്യന്‍ ടീം. ഇന്ന് മാര്‍ച്ച് 19 ന് 11 മണിക്ക് സംഘം നെടുമ്പാശേരിയില്‍നിന്ന് പറന്നുയര്‍ന്നു.
2016- ല്‍ കൊച്ചിയില്‍ നടന്ന ത്രിരാഷ്ട്രക്കപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ച സുജിത്ത് ഫെബുവരിയില്‍ നോര്‍ത്ത് ഈസ്റ്റില്‍ നടന്ന മത്സരത്തില്‍ ബെസ്റ്റ് ഗോള്‍ കീപ്പറായിരുന്നു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ വിവിധ ക്ലബ്ബുകള്‍ക്കുവേണ്ടിയും ഗോള്‍വല കാത്തു.
സ്‌കൂള്‍ പഠനകാലത്ത് കായികാദ്ധ്യാപകനായ ബെന്നിസാര്‍ ആയിരുന്നു സുജിത്തിന് കാല്‍പ്പന്തുകളിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. പിന്നീടാണ് തിരുവനന്തപുരത്ത് സ്‌പോര്‍ട്‌സ് സ്‌കൂളില്‍ സെലക്ഷന്‍ കിട്ടിയത്. അവിടെ ഫുട്‌ബോളിനു പുറമെ അത്‌ലറ്റിക്‌സിലും ജൂഡോയിലും റസ്‌ലിങ്ങിലും മികവു കാട്ടി. ഫുട്‌ബോളറായതിനുശേഷം പൂര്‍വവിദ്യാലയമായ അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ കുട്ടികളുടെ പരിശീലകനാകാനും സുജിത്തിന് ഭാഗ്യം ലഭിച്ചു.
പ്ലസ് ടു കഴിഞ്ഞ് ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സ് പൂര്‍ത്തിയാക്കി കാക്കനാട്ട് ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കു കയറിയതാണ്. പക്ഷെ പന്തിനു പിന്നാലെ പാഞ്ഞുനടന്ന സുജിത്തിന് തുച്ഛമായ ശമ്പളം മാത്രമുള്ള അവിടെ ഒതുങ്ങികൂടാന്‍ മനസുവന്നില്ല. അങ്ങിനെയാണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ബിഎയ്ക്ക് മഹാരാജാസില്‍ ചേര്‍ന്നത്. കളിയും പഠനവും ഒരുമിച്ചു നടത്താം എന്ന മോഹവുമായിരുന്നു മനസില്‍. മൂത്ത സഹോദരന്‍ സുധീഷ്‌കുമാര്‍ ബ്യൂട്ടീഷനാണ്. രണ്ടാമത്തെ ചേട്ടന്‍ സുദേവ് പോളിഷ് പണിക്കുപോകുന്നു. അച്ഛന്‍ ശശി ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലാണ്. കൊച്ചി സര്‍വകലാശാലയിലെ ക്ലാസ് ഫോര്‍ ജീവനക്കാരിയായിരുന്ന അമ്മയുടെ പെന്‍ഷനും ചേട്ടന്മാരുടെ അദ്ധ്വാനഫലവും കൊണ്ടാണ് കുടുംബം മുന്നോട്ടുനീങ്ങുന്നത്.
ഫുട്‌ബോളിനോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും കായികലോകത്തിനും അവഗണനാപരമായ നിലപാടാണെന്ന് സുജിത് പരാതിപ്പെടുന്നു. കാലങ്ങളായി പലരും പറയുന്ന പരാതിക്ക് ഒരു പരിഹാരവുമില്ല. കളി ആത്മാവില്‍ കൊണ്ടു നടക്കുന്നവര്‍ മാത്രമാണ് പ്രതിസന്ധികളുണ്ടായിട്ടും പന്തിനുപിന്നാലെ പായുന്നത്. കാഴ്ചയില്ലാത്തവരുടെ ഉള്ളിലും ഫുട്‌ബോള്‍ ആരവം നിലയ്ക്കാത്തതിന്‍റെ കാരണവും ഈ പ്രതിപത്തി തന്നെ. പക്ഷെ അധികൃതര്‍ മാത്രം അന്ധത നടിക്കുകയാണ്. നല്ല വിദ്യാഭ്യാസമുള്ളവരാണ് കായിക രംഗത്തും ശോഭിക്കുന്നത്. ഒരു ജോലിയോ, സാമ്പത്തിക സഹായമോ കിട്ടിയാല്‍ ഈ മേഖലയിലും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവര്‍. പക്ഷെ നിരാശയിലും പന്തിനെ പിന്തുടരുന്നത് കളിയോടുള്ള ആവേശം നിലനില്‍ക്കുന്നതുകൊണ്ടു മാത്രമാണ്. ചാവറ കള്‍ച്ചറല്‍ എന്‍ജിനിയറിംഗ് കോളേജ് ആണ് സുജിത്തിനും സംഘത്തിനും ജപ്പാനിലേക്ക് പോകുന്നതിന് എല്ലാ സഹായവും ചെയ്യുന്നത്. ടീമിന്‍റെ കോച്ചും സന്തതസഹചാരിയുമായ സുനില്‍ ജേക്കബ് മാത്യുവിന്‍റെയും മറ്റു കായികപ്രേമികളുടെയും നിരന്തര പരിശ്രമങ്ങളും അദ്ധ്വാനവും തുണയാകുന്നു.
ഫുട്‌ബോളിനെയും കളിക്കാരെയും രാജ്യം അംഗീകരിക്കുന്ന നല്ലകാലം വരുമെന്ന പ്രതീക്ഷ കൈവിടാതെ ജപ്പാനില്‍ ഇന്ത്യയുടെ അഭിമാനം കാത്തുസൂക്ഷിക്കാനൊരുങ്ങുകയാണ് നമ്മുടെ പ്രിയ സുജിത്. അഭിവാദ്യങ്ങള്‍ ബ്രോ,
ഒപ്പം എല്ലാ പോരാളികള്‍ക്കും..
കടപ്പാട്: സന്തോഷ് പെരുവ
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് സൗത്ത് സോക്കേഴ്സ് ഫേസ്ബുക് പേജ് സന്ദർഷിക്കൂ.
0 comments:
Post a Comment