കഴിഞ്ഞ നാല് സീസണുകളിലായി ബ്ലാസ്റ്റേഴ്സിനെതിരെ ഉയർന്ന് വന്ന പ്രധാന വിമർശനങ്ങളിൽ ഒന്നായിരുന്നു മലയാളി താരങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല എന്നത്. എന്നാൽ പുതിയ സീസണിൽ ആ വിമർശനത്തിന് ശക്തമായ മറുപടിയുമായാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് ടീമിനെ ഒരുക്കുന്നത്. ഐ.എസ്.എല്ലിൽ നിന്ന് പുറത്തായി ദവസങ്ങൾക്കകം തന്നെ ബ്ലാസ്റ്റേഴ്‌സ് ചെയ്ത സൈനിങ്ങുകൾ അതിനെ സാധൂകരിക്കുന്നതാണ്.
യുവ ഡിഫൻഡർ അബ്ദുൽ ഹാക്കുവുവിനേയും, ഇന്ത്യൻ ഫുടബോളിൽ അനുഭവസമ്പത്ത് വേണ്ടുവോളമുള്ള മാനുപ്പ എന്ന സക്കീർ എം.പിയെയുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം സ്വന്തം കൂടാരത്തിലെത്തിച്ചത്.
സംസ്ഥാനത്തെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായ അബ്ദുൽ ഹക്കു ടാലന്റ് വേണ്ടുവോളമുള്ള താരമാണ്. ഈ സീസണിൽ നോർത്തീസ്റ്റിന് വേണ്ടി ഐ.എസ്.എല്ലിൽ അരങ്ങേറ്റം കുറിച്ച 23-കാരന് പരിക്ക് മൂലം സീസണിന്റെ മുക്കാൽ ഭാഗവും നഷ്ടമായെങ്കിലും പ്രതിഭയെ തിരിച്ചറിഞ്ഞ് ബ്ലാസ്റ്റേഴ്‌സ് അടക്കം മൂന്ന് ക്ലബുകളാണ് പതിയ സീസണിലേക്ക് താരത്തിന് വേണ്ടി രംഗത്ത് വന്നത്.
കഴിഞ്ഞ അഞ്ച് വർഷമായി കേരളത്തിന് പുറത്ത് കളിക്കുന്ന തിരൂരുകാരൻ സ്വന്തം മണ്ണിൽ കളിക്കുവാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ക്ഷണത്തിന് മുന്നിൽ മറ്റുള്ള ഓഫറുകളെല്ലാം വേണ്ടെന്ന് വെക്കുകയായിരുന്നു. ഭാവിയുടെ വാഗ്ദാനമെന്ന് കരുതപ്പെടുന്ന ഈ ഉയരക്കാരൻ ബ്ലാസ്റ്റേഴ്സിനും ഒരു മുതൽകൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്.
വിവ കേരളയുടെ കാലം മുതൽക്കേ കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് പരിചിതനായ സക്കീർ എം.പിയെ ടീമിൽ എത്തിക്കണമെന്നത് കഴിഞ്ഞ നാല് സീസണുകളായി ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ നിന്ന് ഉയർന്ന് വരുന്ന ഒരു ആവശ്യമാണ്.
അല്പം വൈകിയെങ്കിലും ഈ സീസണിലും മുംബൈ സിറ്റി എഫ്.സിക്ക് വേണ്ടി മിന്നുന്ന ഫോമിൽ കളിച്ച മധ്യനിരക്കാരനെ കേരളത്തിലേക്കെത്തിച്ചതിൽ ആരാധകർ സന്തുഷ്ടരാണ്. മലപ്പുറം അരീക്കോട്ടുകാരനായ സക്കീറിന് ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചേക്കും.
ഇവർ രണ്ട് പേർക്ക് പുറമെ പ്രമുഖരും അല്ലാത്തവരുമായ മലയാളി താരങ്ങളെ കൂടാരത്തിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായാണ് വിവരം, ഇതിന്റെ ഭാഗമായി അനസ് എടത്തൊടികയുമായി ടീം പ്രാരംഭ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. താരത്തിന് ബ്ലാസ്റ്റേഴ്സിൽ കളിക്കാൻ ആഗ്രഹമുള്ളതിനാൽ ചർച്ച വിജയകരമാകാനുള്ള സാധ്യത ഏറെയാണ്.. ഐ.എസ്.എൽ താരങ്ങൾക്ക് പുറമെ ഐ-ലീഗിൽ കരുത്ത് തെളിയിച്ച ചില മലയാളി താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിട്ടുണ്ട്.
സീസണിൽ നോർത്തീസ്റ്റ് താരങ്ങളെ അമിതമായി അശ്രയിച്ച തന്ത്രം പരാജയപ്പെട്ടതാണ് കേരളത്തിലെ താരങ്ങളെ തന്നെ പരമാവധി ഉപയോഗപ്പെടുത്തുക എന്ന തീരുമാനത്തിലെത്താൻ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
എന്തായാലും കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ആവശ്യത്തിനുള്ള വിഭവങ്ങൾ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുക്കുമെന്നുള്ളത് ഉറപ്പായിക്കഴിഞ്ഞു.
#KBFC #ISL #KFL #KeralaBlasters
Credits : KeralaFootballLive
0 comments:
Post a Comment