അണ്ടർ 16 ഏഷ്യാകപ്പ് ആദ്യയോഗ്യത മത്സരത്തിൽ ഇന്ത്യ ഉജ്ജ്വല വിജയം. നേപ്പാളിൽ നടന്ന മത്സരത്തിൽ പാലസ്തീനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തകർത്തു വിട്ടത്.
കളിയുടെ ആദ്യ പകുതിയിൽ ഇരു ടീമുകളും നന്നായി കളിച്ചെങ്കിലും ഗോളുകൾ നേടാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച ഇന്ത്യക്ക് 51ാം മിനുട്ടിൽ തന്നെ അതിനുള്ള ഫലം ലഭിച്ചു. ഗിവസൺ എടുത്ത ഫ്രീ കിക്ക് ഗോളിയെ നിഷ്പ്രഭമാക്കി വലയെ ചുംബിച്ചു. ലീഡ് നേടിയതോടെ ഇന്ത്യ കൂടുതൽ ആക്രമിച്ച് കളിച്ചു. 71ാം മിനുട്ടിൽ കിട്ടിയ അവസരം ബെക്കി മനോഹരമായി ഫിനിഷ് ചെയ്ത് ലീഡ് രണ്ടാക്കി ഉയർത്തി. കളിയുടെ അവസാന മിനുട്ടിൽ വിക്രത്തിന്റെ ഗോളോടെ ഇന്ത്യ ഗോൾ പട്ടിക തികച്ചു.
മലയാളി താരം ഷഹബാസ് അഹമ്മദ് ഉൾപ്പെട്ട പ്രതിരോധ നിരയുടെ മികച്ച പ്രകടനമാണ് പാലസ്തീനെ ഗോളുകളിൽ നിന്നും അകറ്റി നിർത്തിയത്.
ഡി ഗ്രൂപ്പിൽ ഇപ്പോൾ ഇന്ത്യ ഒന്നാമതാണ്.
സെപ്റ്റംബർ 22 ന് ആതിഥേയരായ നേപ്പാളുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment