കൊച്ചി ∙ മീശ പിരിക്കുന്ന പൊലീസിനെ ഫിഫ അണ്ടർ 17 ലോകകപ്പ് നാളുകളിൽ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ കാണില്ല. കാക്കിക്കുപ്പായവും ഉണ്ടാവില്ല. പകരം ‘സ്റ്റ്യുവഡ്’ എന്നെഴുതിയ ജാക്കറ്റ് ധരിച്ചു വൊളന്റിയർമാർക്ക് ഒപ്പമാകും പൊലീസിന്റെ പ്രവർത്തനം.
സ്റ്റേഡിയത്തിൽ സുരക്ഷയ്ക്കു പൊലീസ് വേണ്ടെന്ന നിർദേശമാണു ഫിഫ പ്രതിനിധികൾ ഉൾപ്പെടെയുള്ള സംഘാടകർ മുന്നോട്ടുവച്ചത്. എന്നാൽ പൊലീസ് ഇല്ലാതെ കാര്യങ്ങൾ ഭംഗിയായി നടക്കില്ലെന്ന അഭിപ്രായത്തിൽ വകുപ്പുമേധാവികൾ ഉറച്ചുനിന്നു. പിന്നെയാണു ചില ഭേദഗതികളോടെ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശനം അനുവദിച്ചത്.
സ്റ്റേഡിയത്തിനകത്തു കാണികൾക്കിടയിൽ അൻപതിൽ താഴെ മാത്രം പൊലീസുകാരേ ഉണ്ടാവൂ. നഗരത്തിലെ ജനമൈത്രി പൊലീസിനെയാണു സ്റ്റേഡിയത്തിനുള്ളിൽ നിയോഗിക്കുക. ഇവർക്ക് ഫിഫയുടെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ പരിശീലനവും നൽകി. കളി കാണാൻ എത്തുന്നവരെ ചിരിയോടെ സ്വീകരിക്കണം, ആവശ്യങ്ങൾ ശ്രദ്ധാപൂർവം കേൾക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങളും നൽകി.
ആവശ്യം വന്നാൽ ഇടപെടാൻ സുസജ്ജമായി പൊലീസ് സേന പരിസരത്ത് ഉണ്ടാകുമെങ്കിലും കാണികളുടെയും കളിക്കാരുടെയും ക്യാമറയുടെയും മുന്നിൽപ്പെടാത്ത വിധത്തിലായിരിക്കും സ്റ്റേഡിയത്തിനകത്ത് ഇവരുടെ സ്ഥാനം. എൻസിസി, എസ്പിസി വൊളന്റിയർമാരും കൂടെയുണ്ടാകും.
ഫിഫ ലോകകപ്പുകളിൽ സുരക്ഷാഭടൻമാർ കളി കണ്ടുനിൽക്കുന്നത് വിലക്കിയിട്ടുണ്ട്. കളിക്കളത്തിനു പുറത്തുനിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ നോട്ടം ഗാലറിയിലേക്ക് ആയിരിക്കും. കളിക്കളത്തിലേക്കു നോക്കാൻ പാടില്ലെന്നതാണു ചട്ടം.
കടപ്പാട് :മനോരമ
0 comments:
Post a Comment