Thursday, September 14, 2017

'ആദ്യ റൗണ്ട് കടക്കാനുള്ള മരുന്നൊക്കെ ഇന്ത്യയുടെ പിള്ളേരുടെ കൈയിലുണ്ട്': ഐ എം വിജയൻ




നാല് ലോകകപ്പുകൾ നേരിട്ടു കാണാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഓരോ തവണ ലോകകപ്പിന്റെ ഗാലറിയിലിരിക്കുമ്പോഴും സ്വന്തം രാജ്യത്തിനല്ലാതെ മറ്റൊരു ടീമിനായി ആവേശത്തോടെ അലറുകയും പതാക പാറിക്കുകയും ചെയ്യേണ്ടി വന്നപ്പോൾ മനസ്സിൽ എവിടെയോ തോന്നിയ ഒരു സങ്കടമുണ്ടായിരുന്നു. ആ സങ്കടം മായ്ച്ചുകളയാൻ എന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് കിട്ടുന്ന അവസരമാണ് ഫിഫ അണ്ടർ-17 ലോകകപ്പ്. ഇന്ത്യ ചരിത്രത്തിലാദ്യമായി കളിക്കുന്ന ലോകകപ്പ്... കുട്ടികളുടെ ടീമാണിതെന്ന് ചിലർ നിസ്സാരവത്കരിക്കുന്നുണ്ടെങ്കിലും ചരിത്രം തിരുത്തുന്ന ഈ ജൂനിയർ ടീം നമ്മുടെ അഭിമാനമാണ്. ഇവർ നാളെയുടെ ടീം ഇന്ത്യയാണ്.

ഫിഫ ലോകകപ്പിൽ ആദ്യമായി പന്തു തട്ടുന്ന ഇന്ത്യൻ ടീം. ഈ മേൽവിലാസം തന്നെയാണ് ഇന്ത്യൻ ടീമിന്റെ കരുത്തും ദൗർബല്യവും. ലോക ഫുട്ബോളിലെ രാജകീയ വേദിയിൽ കളിക്കാനാകുന്നതിന്റെ ആവേശം നമ്മുടെ കുട്ടികളിൽ പ്രകടമാണ്. പക്ഷേ അതുപോലെ തന്നെയാണ് വലിയ മത്സരങ്ങളിലെ സമ്മർദവും. അമേരിക്കയും ഘാനയും കൊളംബിയയും ഉൾപ്പെട്ട ഗ്രൂപ്പിൽ കളിക്കുമ്പോൾ വലിയ ടീമുകളോട് എതിരിടുന്നതിന്റെ ഭയവും ആശങ്കയും നമ്മുടെ കുട്ടികളെ എങ്ങനെ ബാധിക്കുമെന്നാണ് കണ്ടറിയേണ്ടത്.

ആദ്യം നിക്കോളായ് ആദമും ഇപ്പോൾ ലൂയി നോർട്ടൺ മാത്തോസും പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീം അഞ്ചു രാജ്യങ്ങളിലെ പര്യടനത്തിനു ശേഷമാണ് ലോകകപ്പിനായി സ്വന്തം മണ്ണിലിറങ്ങുന്നത്. വിദേശ പര്യടനത്തിൽ മികച്ച എതിരാളികൾക്കെതിരെ 14 മത്സരങ്ങളിൽ നാലു ജയം, ആറു സമനില, നാലു തോൽവി എന്നിങ്ങനെയാണ് ഇന്ത്യയുടെ പ്രകടനം.

14 കളികളിൽ പത്തിലും തോറ്റില്ല എന്ന കണക്ക് നോക്കുമ്പോൾ നമുക്ക് ആത്മവിശ്വാസം കൂടേണ്ടതാണ്. എന്നാൽ പതിനാലിൽ പത്തിലും ജയിക്കാനായില്ല എന്ന മറ്റൊരു കണക്ക് നോക്കിയാൽ പ്രശ്നമാണ്. ഇതു തന്നെയാകും ഇന്ത്യൻ ടീമിന്റെ പ്രകടനത്തിൽ നിർണായകമാകുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ആറു സമനിലകളിൽ പകുതിയെങ്കിലും ജയിക്കാനായിരുന്നെങ്കിൽ ചിത്രം മാറിയേനേ. സമനിലയ്ക്കും വിജയത്തിനും ഇടയിലുള്ള ഈ പാലമാണ് ഇന്ത്യ ലോകകപ്പിൽ വിജയകരമായി താണ്ടേണ്ടതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഇറ്റലിയെ പോലുള്ള ലോകത്തെ മികച്ച ടീമുകളെ പരാജയപ്പെടുത്തി ലോകകപ്പിനിറങ്ങുന്ന ഇന്ത്യൻ ടീമിൽ പ്രതിഭകളായ ഒരുപിടി താരങ്ങളുണ്ടെന്നതിൽ സംശയമില്ല. അവരെ ഒരു ടീമായി കോർത്തിണക്കി കളത്തിലിറക്കുന്നതാണ് പ്രധാനം. ഈ ടീം ലോകകപ്പ് നേടുമെന്നൊന്നും ആരും കരുതുന്നില്ല. പക്ഷേ കഴിവിന്റെ പരമാവധി പുറത്തെടുത്താൽ ആദ്യ റൗണ്ട് കടക്കാനുള്ള മരുന്നൊക്കെ ഈ പിള്ളേരുടെ കൈയിലുണ്ട്. അതുകൊണ്ടുതന്നെ ആവേശത്തോടെയാണ് ഇന്ത്യയുടെ ആദ്യ റൗണ്ട് മത്സരങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നത്.

കടപ്പാട് :മാതൃഭൂമി

0 comments:

Post a Comment

Blog Archive

Labels

Followers