ഇന്ത്യൻ കായിക ലോകത്തെ ഏറ്റവും മികച്ച ഫാൻസ് ക്ലബ്ബിന് നൽകുന്ന ബഹുമതി സ്വീകരിക്കാനായി അവസാന നാലിലേക്ക് ശുപാർശ ചെയ്യപ്പെട്ട കേരളാ ബ്ളാസ്റ്റേഴ്സിന്റെ സ്വന്തം മഞ്ഞപ്പടക്കും ബംഗളുരു എഫ്.സിയുടെ വെസ്റ്ബ്ലോക്ക് ബ്ലൂസിനും സൗത്ത് സോക്കേഴ്‌സ് കുടുംബത്തിന്റെ അഭിനന്ദനങ്ങൾ.
ഫാൻസ് ക്ലബ്ബ്കൾക്ക് ആയി ഇത്തരമൊരു അവാർഡ് ഇന്ത്യയിൽ പുതുമ നിറഞ്ഞത് ആണ്. സ്റ്റാർ സ്പോർട്സ് ഏർപ്പെടുത്തിയ ഇത്തരമൊരു ബഹുമതി സ്വന്തമാക്കാനുള്ള മത്സരത്തിൽ അവസാന നാലിൽ രണ്ടു ഫുട്‌ബോൾ ക്ലബ്ബ്കൾ എത്തി എന്നുള്ളത് ഏതൊരു ഫുട്‌ബോൾ പ്രേമിയെയും സന്തോഷിപ്പിക്കുന്ന കാര്യം ആണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫാൻസ് ക്ലബ്ബ് ആയ ഭാരത് ആർമിയും ഐ.പി.എൽ ക്ലബ്ബായ ബംഗളുരു റോയൽ ചലഞ്ചേഴ്സിന്റെ നമ്മ ടീമും ആണ് ശുപാർശ ചെയ്യപ്പെട്ട മറ്റു ഫാൻസ് ക്ലബ്ബ്കൾ.
ക്രിക്കറ്റ് മതമായ ഒരു രാജ്യത്ത് ക്രിക്കറ്റ് ഫാൻസ് ക്ലബ്ബ്കൾക്ക് കനത്ത വെല്ലു വിളി തന്നെ സൃഷ്ടിച്ചുകൊണ്ട് കാല്പന്തു കളിയുടെ ആരാധകകൂട്ടങ്ങൾ വള്ളപാടുകൾക്ക് മുന്നിൽ എത്തിയത് ഇന്ത്യയിൽ പടരുന്ന ഫുട്‌ബോൾ വിപ്ലവത്തിന്റെ തെളിവാണ്. ഇന്ത്യൻ മണ്ണിൽ നവയുഗ ഫുട്‌ബോൾ വിപ്ലവത്തിന് തുടക്കം കുറിക്കുന്നതിൽ പ്രാധാന പങ്കു വഹിച്ച രണ്ടു ക്ലബ്ബ്കളുടെ ആരാധന വൃന്ദങ്ങൾ തന്നെ മികച്ച ഫാൻസ് ക്ലബ്ബിനായുള്ള ബഹുമതിക്കായി തമ്മിൽ മത്സരിക്കുന്നത് കാവ്യനീതിയായി. ഫുട്‌ബോൾ എന്ന ആരോഗ്യകരമായ ലഹരി സിരകളിൽ ആവാഹിച്ചു സ്വന്തം ടീമിനായി ആർത്തു വിളിക്കുന്ന ആരാധക കൂട്ടങ്ങൾ ഇന്ത്യൻ ഫുട്‌ബോളിന് പ്രതീക്ഷ നൽകുന്നു.
കേരളാ ബ്ളാസ്റ്റേഴ്‌സ് എന്ന ഫുട്ബോൾ ക്ലബ്ബ് ജനഹൃദയങ്ങളിലേക്ക് ആവേശമായി പടർന്നു കയറിയപ്പോൾ പ്രായഭേദമന്യേ കേരളാ ബ്ളാസ്റ്റേഴ്സിനെ സപ്പോർട്ട് ചെയ്യാൻ ആയിരങ്ങൾ മഞ്ഞ ജേഴ്സിയിൽ വൻ പടയായി തന്നെ ഓരോ മത്സരത്തിനും എത്തി. അതേ അവിടെയാണ് മഞ്ഞപ്പട എന്ന വലിയ ആരാധകവൃന്ദം രൂപം കൊണ്ടത്. അനേകായിരങ്ങൾ നെഞ്ചിലേറ്റിയ കേരളാ ബ്ളാസ്റ്റേഴ്സിന്റെ സ്വന്തം ആരാധക കൂട്ടമായി അവർ അവിടെ മാറുക ആയിരുന്നു. പിന്നീട് അങ്ങോട്ടുള്ളതെല്ലാം ചരിത്രത്തിന്റെ ഭാഗമായി മാറിയപ്പോൾ ഇന്ത്യ ഇതു വരെ കണ്ടില്ലാത്ത കളിയാവേശം ബ്ളാസ്റ്റേഴ്സിന്റെ ഓരോ മത്സരത്തിനും പ്രകടമായി. റിക്കോർഡ് ജന പങ്കാളിത്തം കൊണ്ട് ലോക ഫുട്‌ബോൾ ഭൂപടങ്ങളിൽ പോലും കേരളവും അവരുടെ പ്രിയപ്പെട്ട ക്ലബ്ബ് ബ്ളാസ്റ്റേഴ്സും സ്ഥാനം പിടിച്ചു. പരമ്പരാഗതമായി ഫുട്‌ബോളിനെ സ്നേഹിക്കുന്ന മലയാളികൾ കേരളാ ബ്ളാസ്റ്റേഴ്‌സിനെ സ്വന്തം ക്ലബ്ബ് ആയി തന്നെ സ്വീകരിച്ചപ്പോൾ ഫുട്‌ബോളിനോട് ഉള്ള തീവ്ര പ്രണയത്തിന്റെ നേര്സാക്ഷ്യമായി അവരുടെ ആരാധകവൃന്ദമായ മഞ്ഞപ്പട മാറി. ബ്ളാസ്റ്റേഴ്സിന്റെ മാച്ചുകൾ എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ അവർ എങ്ങനെയൊക്കെയോ ബ്ളാസ്റ്റേഴ്‌സ് ഫാൻസും എത്തി. ട്രാവലിംഗ് ഫാൻസ് എന്ന പുതിയ സംഘത്തെ ഇന്ത്യൻ കായിക ലോകം ബഹുമാനത്തോടെ നോക്കി നിന്നു. അതൊരു തുടക്കം ആയിരുന്നു. ഇന്ന് ക്രിക്കറ്റിനെ വെല്ലുന്ന രീതിയിൽ ഫുട്‌ബോൾ വളർന്നെങ്കിൽ അതിനു പിന്നികെ ചാലക ശക്തി ഫുട്‌ബോൾ ജീവശ്വാസം ആക്കിയ ഈ ആരാധക കൂട്ടങ്ങൾ തന്നെയെന്ന് അതേ ഇതൊക്കെയാണ് മഞ്ഞപ്പട. മഞ്ഞപ്പടക്ക് ഒരിക്കൽ കൂടി സൗത്ത് സോക്കേഴ്‌സ് ഫാൻസിന്റെ എല്ലാ വിധ അഭിനന്ദങ്ങളും വിജയാശംസകളും..
ഫുട്‌ബോളിന് അധികം വളക്കൂറുള്ള ഒരു സ്ഥലമായി ബംഗളുരുവിനെ ആരും കുറച്ചു നാൾ മുൻപ് വരെ പരിഗണിച്ചിരുന്നില്ല. എന്നാൽ ഒരു പ്രഫഷണൽ ക്ലബ്ബ് എങ്ങനെയായിരിക്കണം എന്നു ഇന്ത്യക്ക് ബോധ്യപ്പെടുത്തി കൊടുത്ത ഒരു ക്ലബ്ബ് അവിടെ രൂപം കൊണ്ടു. അതായിരുന്നു ബംഗളുരു എഫ്.സി. അതോടെ ഫുട്‌ബോൾ ആവേശം ബംഗളുരുവിലെ തെരുവിലും വീശുവാൻ തുടങ്ങി. ക്ലബ്ബിന്റെ പ്രഫഷണലിസം അവരുടെ ഫാൻസ് ക്ലബ്ബിലും പ്രകടമായിരുന്നു. സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കാൻ നീല ജേഴ്സിയും ബാനറുകളും ചാന്റുകളും ആയി എത്തിയ അവർ യൂറോപ്യൻ ഫുട്‌ബോൾ ഫാൻസിനെ അനുസ്മരിപ്പിക്കുന്ന ആരാധകകൂട്ടമായി മാറി. ഇന്ന് ബംഗളൂരുവും അനേകം ഫുട്‌ബോൾ ആരാധകർ ഉള്ള ഒരു ഫുട്‌ബോൾ ഹബ്ബായി രൂപാന്തരപ്പെട്ടതിനു പിന്നിൽ വെസ്റ്ബ്ലോക്ക് ബ്ലൂസിന്റെ കഠിന പ്രയത്നങ്ങൾ എടുത്തു പറയേണ്ടതാണ്. മലയാളികൾ അടക്കം ഇന്ന് വെസ്റ്റ് ബ്ലോക്ക് ബ്ലൂസിൽ അംഗം ആണ്. ഇന്ത്യയുടെ മനോഹരമായ ഉദ്യാന നഗരത്തിനു ലോകത്തിലെ ഏറ്റവും മനോഹരമായ കായിക വിനോദം ഇന്ന് ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു. എല്ലാത്തിനും ചുക്കാൻ പിടിച്ച വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനും സൗത്ത് സോക്കേഴ്‌സ് കുടുംബത്തിന്റെ അഭിനന്ദങ്ങളും വിജയാശംസകളും നേരുന്നു.
ക്രിക്കറ്റ് ഫാൻസ് ക്ലബ്ബ്കൾ ആയ ഭാരത് ആർമിയും നമ്മ ടീമും അവസാന നാലിൽ ഉണ്ടങ്കിലും ഫുട്‌ബോൾ ഫാൻസ് ക്ലബ്ബ്കൾക്ക് തന്നെ ആണ് വ്യക്തമായ മുൻതൂക്കം. കാരണം വസ്തുതകൾ പരിശോധിച്ചാൽ ഒന്നുമില്ലായ്മയിൽ നിന്നാണ് ഇന്നത്തെ പ്രതാപമുള്ള അവസ്ഥയിലേക്ക് മഞ്ഞപ്പടയും വെസ്റ്റബ്ലോക്ക് ബ്ലൂസും മാറിയത് എന്നു മനസിലാക്കാൻ സാധിക്കും. തങ്ങൾ സപ്പോർട്ട് ചെയ്യുന്ന ക്ലബ്ബ്കളെ ഉയരങ്ങളിലേക്ക് എത്തിച്ചതിൽ വളരെ നിർണായക സ്ഥാനം വഹിക്കുന്നത് തങ്ങളുടെ ക്ലബ്ബിനെ ഭ്രാന്തമായി സ്നേഹിക്കുന്ന ബ്ളാസ്റ്റേഴ്സിന്റെയും ബാംഗളൂരുവിന്റെയും ഈ ആരാധക കൂട്ടങ്ങൾ തന്നെയാണ്. കോർപ്പറേറ്റുകളുടെ സഹായത്തോടെ ക്രിക്കറ്റിന് വളരെയധികം ജനപ്രീതി ഇന്ത്യയിൽ ലഭിച്ചതിനു കാലങ്ങൾക്ക് ശേഷം മാത്രമാണ് ക്രിക്കറ്റ് ഫാൻസ് ക്ലബ്ബ്കൾ ഉദയം ചെയ്തത് തന്നെ. കളി നടക്കുന്ന സ്റ്റേഡിയത്തിനു അപ്പുറമുള്ള ഇവരുടെ പ്രവർത്തനങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. എന്നാൽ കാൽപന്തു കളിയുടെ ചൂടും ചൂരും സിരകളിൽ ആവാഹിച്ചു ജാതിമത ഭേദമന്യേ മനുഷ്യരെ ഒന്നിപ്പിച്ച മഞ്ഞപ്പടയും വെസ്റ്റബ്ലോക്ക് ബ്ലൂസും മറ്റു സാമൂഹ്യ സന്നദ്ധ പ്രവർത്തനങ്ങളിലും ഇന്ന് സജീവ സാന്നിധ്യം ആണ്. സ്റ്റേഡിയത്തിനു വെളിയിലും പലവിധമായ പ്രവർത്തനങ്ങളിലൂടെ തങ്ങളുടെ ശക്തമായ സാന്നിധ്യം ആയി അറിയിക്കാൻ മഞ്ഞപ്പടക്കും വെസ്റ്റബ്ലോക്ക് ബ്ലൂസിനും സാധിച്ചു.
സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞാലും പലപ്പോഴും കളിയാരാധകരുടെ ആവേശം കളിക്കാരിലേക്ക് പകർന്നു കൊടുക്കാൻ ക്രിക്കറ്റിൽ സാധിക്കണം എന്നില്ല. അതാ കളിയുടെ പ്രത്യേകത ആണ്. ഇവിടെയാണ് ഫുട്‌ബോൾ ഫാന്സിന് വ്യക്തമായ മുൻതൂക്കം ലഭിക്കുന്നത്. സ്വന്തം ടീമിനായി സർവ്വവും മറന്നു ആർത്തു വിളിക്കുന്ന കാല്പന്തു കളിയുടെ ആരാധകർ തീർക്കുന്ന ആവേശ തിരമാലകൾ ഗാലറിയിൽ നിന്നു ഗ്രൗണ്ടിലേക്കിറങ്ങി എതിർ ടീമിനെ സംഹരിച്ചു തള്ളാൻ മാരകമായ സുനാമിയായി മാറിയത് ലോകം പലവട്ടം കണ്ടിട്ടുള്ളതും അംഗീകരിച്ചിട്ടുള്ളതും ആണ്. അതിനാൽ തന്നെ മിക്ക ടീമുകളും തങ്ങളുടെ 12 നമ്പർ ജേഴ്‌സി തങ്ങളുടെ ഒരു കളിക്കാർക്കും കൊടുക്കാറില്ല. അത് ആ ടീമിന്റെ ചങ്ക് ഫാന്സിന് ഉള്ളതാണ്. ഒരു ടീമിന്റെ പ്രകടനത്തിൽ ഏറ്റവും നിർണായകമായ സ്വാധീനം ആയി മാറിയേക്കാവുന്ന കാണികൾ എന്ന ആ 12 നമ്പർ കളിക്കാരൻ ഇല്ലങ്കിൽ ആളൊഴിഞ്ഞ പൂര പറമ്പു പോലെയാകും ഫുട്‌ബോൾ കളി. മഞ്ഞപ്പടയും വെസ്റ്റ് ബ്ലോക്ക് ബ്ലൂസും ആദ്യമായി നേരിട്ടു ഏറ്റു മുട്ടാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ആണ് ഇനി വരാൻ പോകുന്നത് എന്നത് ഫുട്‌ബോൾ പ്രേമികളെ കോരിതരിപ്പിക്കുന്നു. ക്രിക്കറ്റിൽ സച്ചിനെ പോലെയുള്ള ഇതിഹാസങ്ങൾ ആണ് ആ കളിയെ വളർത്തിയത് എങ്കിൽ ഫുട്‌ബോളിൽ മഞ്ഞപ്പടയും വെസ്റ്റ്ബ്ലോക്ക് ബ്ലൂസും പോലെയുള്ള ടീമിനായി ചങ്ക് പറിച്ചും കൊടുക്കുന്ന ആരാധക കൂട്ടങ്ങൾ ആണ് അവരുടെ ടീമുകളുടെ വളർത്തിയത്. ബ്ളാസ്റ്റേഴ്സിനേയും ബംഗളുരു എഫ്.സിയേയും നട്ടത് പലരും ആകാം. എന്നാൽ വളവും വെള്ളവും കൊടുത്തു ഇന്ന് കാണുന്ന വലിയ ക്ലബ്ബ്കൾ ആയി ബ്ളാസ്റ്റേഴ്സിനേയും ബംഗളുരു എഫ്.സിയേയും മാറ്റിയത് അവർക്ക് വേണ്ടി തൊണ്ട പൊട്ടി അലറി വിളിച്ചു ചങ്ക് പിടച്ചു പ്രാർത്ഥിച്ചു ശ്വാസമടക്കി കളി കാണുന്ന ഓരോ കളി പ്രേമിയും ആണ്. അതാണ് ഫുട്‌ബോളിന്റെ അഴക്. അതാണ് ഫുട്‌ബോളിന്റെ ശക്തി. കളിക്കാരും കളി പ്രേമികളും ഒന്നിച്ചു കളിക്കുന്ന ലോകത്തിലെ ഏറ്റവും മനോഹരമായ കളിയുടെ ആരാധകർക്ക് തന്നെ ഈ അവാർഡ് കിട്ടട്ടെ എന്നു സൗത്ത് സോക്കേഴ്‌സ് ഫാമിലി പ്രത്യാശിക്കുന്നു. പ്രാർത്ഥിക്കുന്നു.
സൗത്ത് സോക്കേഴ്‌സ് ഫുട്‌ബോൾ ശ്വസിക്കുന്ന ഫുട്‌ബോൾ ഭക്ഷിക്കുന്ന ഫുട്‌ബോളിനായി ജീവിക്കുന്ന ഫുട്ബോൾ രക്തത്തിൽ ഓടുന്ന ഫുട്‌ബോൾ ഭ്രാന്തന്മാരായ ഒരു ഫുട്‌ബോൾ കുടുംബം ആണ്. ബാഴ്‌സാ ഫാൻസും റയൽ ഫാൻസും ചെൽസി ഫാൻസും യുണൈറ്റഡ് ഫാൻസും മഞ്ഞപ്പടയും വെസ്റ്ബ്ലോക്ക് ബ്ലൂസുമെല്ലാം ഇവിടെ സ്നേഹം നിറഞ്ഞ ഒരു കുടുംബം കണക്കെ ഒന്നിക്കുന്നു. എല്ലാ ഫുട്‌ബോൾ ക്ലബ്ബ് ഫാന്സിനെയും സൗത്ത് സോക്കേഴ്‌സ് കുടുംബം ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നു. ഉറങ്ങി കിടക്കുന്ന ഇന്ത്യയെന്ന ഫുട്‌ബോൾ ഭീമനെ ഉണർത്തി ലോക ഫുട്‌ബോളിൽ ഇന്ത്യയും നിർണായക ശക്തിയാകുന്ന വലിയ ലക്ഷ്യം നെഞ്ചിലേറ്റി രാപ്പകൽ അതിനായി തങ്ങളാലാവും വിധം ഫുട്‌ബോളിനായി പടപൊരുതുന്ന ഫുട്‌ബോൾ വിപ്ലവകാരികൾ ആണ് സൗത്ത് സോക്കേഴ്‌സ്. കാലചക്രം ഇനിയും മുന്നോട്ടു കറങ്ങും. അന്നീ ഗോളത്തിൽ എവിടെ വെച്ചെങ്കിലും നമ്മുടെ ഭാരതവും പന്തു തട്ടും. അവസാനം ലോകത്തെ ജയിക്കുന്നവർക്കുള്ള ലോകകപ്പ് നമ്മുടെ കുട്ടികളും ഉയർത്തും. ആകാശത്തോളം. അതാണ് ഞങ്ങളുടെ സ്വപ്നം. അതാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്ന ലക്ഷ്യം. കാല്പന്തു കളി ഒന്നിപ്പിച്ച ഞങ്ങൾ മഞ്ഞപ്പടക്കും വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനും സൗത്ത് സോക്കേഴ്‌സ് ഫുട്‌ബോൾ ഫാമിലിയുടെ എല്ലാ വിധ പിന്തുണയും ഒരിക്കൽ കൂടി ആശംസിക്കുന്നു..
റിപ്പോർട്ടർ - ആൽവി മണിയങ്ങാട്ട് ( സൗത്ത് സോക്കേഴ്‌സ് )
0 comments:
Post a Comment