Saturday, November 18, 2017

പുതിയ പ്രതീക്ഷകളുമായി ഐ-ലീഗ്




പുതിയ മാറ്റങ്ങളും പ്രതീക്ഷകളുമായി ഇന്ത്യൻ ദേശീയ ലീഗിന് (ഐ-ലീഗ്) നവംബർ 25 ന് തുടക്കം കുറിക്കുകയാണ്. ഐ എസ് എല്ലിന്റെ വരവോടെ പ്രമുഖ താരങ്ങളെല്ലാം ഐ ലീഗിനെ കൈയ്യൊഴിഞ്ഞ് ഐ എസ് എല്ലിലേക്ക് ചേക്കേറി. എന്നാൽ പോലും ഇന്ത്യൻ ഫുട്ബോളിന്റെ മെക്കയായ കൊൽക്കത്തയിലും നോർത്ത് ഈസ്റ്റിലും ഐ ലീഗിന്റെ പ്രൗഡിക്ക് ഒട്ടും കുറവ് വന്നിട്ടില്ല. പുതിയ പ്രതീക്ഷകളുമായി എത്തുന്ന ഐ ലീഗ് ഇന്ത്യൻ ഫുട്ബോളിന് നൽകുന്ന പ്രതീക്ഷകളെ നമുക്ക് ഒന്നു വിശകലനം ചെയ്യാം


വളർന്നു വരുന്ന യുവതാരങ്ങൾക്ക് കൂടൂതൽ അവസരം


ഐ എസ് എല്ലിന്റെ കടന്ന് വരവോടെ കൂടൂതൽ ക്ഷീണം സംഭവിച്ചത് കൊൽക്കത്തൻ ക്ലബ്ബുകൾക്കാണ്. ടീമുകളിൽ കളിച്ചിരുന്ന പലരും ഉയർന്ന പ്രതിഫലത്തിനായി ഐ എസ് എല്ലിലേക്ക് ചേക്കേറി. ഐ എസ് എൽ ടീമുകളുമായി കിടപ്പിടിക്കാൻ പോന്ന സാമ്പത്തികശേഷിയില്ലാത്ത ഐ ലീഗ് ക്ലബ്ബുകൾ പല അക്കാദമികളിൽ നിന്നും യുവതാരങ്ങളെ സ്വന്തമാക്കി. കൊൽക്കത്തൻ ക്ലബ്ബുകൾ ഐ ലീഗ് ജേതാക്കളായ ഐസ്വാൾ എഫ് സിയിൽ നിന്നും മറ്റും താരങ്ങളെ സ്വന്തം കൂടാരത്തിൽ എത്തിച്ചു. കൂടാതെ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നിന്നും മികച്ച താരങ്ങളെ സ്വന്തമാക്കി. കേരളത്തിൽ നിന്നും മിർഷാദ്, ജോബി ജസ്റ്റിൻ പോലുള്ള യുവതാരങ്ങൾക്ക് ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിയാൻ അവസരം ലഭിച്ചു.

ഐ എസ് എല്ലും ഐ ലീഗിലെ വമ്പൻമാരുടെയും മുന്നിൽ തകർന്ന് പോയത് നിലവിലെ ജേതാക്കളായ ഐസ്വ എഫ് സിയാണ്. ചില പ്രമുഖതാരങ്ങൾ ഐ എസ് എല്ലിലേക്ക് ചേക്കേറിയപ്പോൾ മറ്റുചിലർ ഈസ്റ്റ് ബംഗാളിലേക്കും മോഹൻ ബഗാനിലേക്കും മാറി. അതുകൊണ്ട് തന്നെ മിസോറാം പ്രീമിയർ ലീഗിലും നോർത്ത് ഈസ്റ്റിലെ പ്രാദേശീക ലീഗിലെയും മികച്ച താരങ്ങളെ അണിനിരത്തിയാണ് ഐസ്വാൾ ഇത്തവണ എത്തുന്നത്.  അതുവഴി ഒരുപിടി യുവതാരങ്ങൾക്കാണ് ഇന്ത്യൻ ഫുട്ബോളിന്റെ മുഖ്യധാരയിലേക്ക് എത്താൻ സാഹചര്യം ഒരുങ്ങുന്നത്. 

പുതിയ ടീമുകളായ കേരളത്തിന്റെ സ്വന്തം ഗോകുലവും മണിപ്പുരിന്റെ നെരോക്ക എഫ് സിയും പിന്നെ അണ്ടർ 17 ലോകക്കപ്പിലെ യുവ നിര അണിനിരക്കുന്ന പൈലൻ ആരോസും ചേരുന്നതോടെ വലിയ വിഭാഗം യുവാക്കൾക്കാണ് ഇന്ത്യൻ ഫുട്ബോൾ ഭൂപടത്തിലേക്കുള്ള അവസരം ലഭ്യമാകുന്നത്. 

പുതിയ ടീമുകൾ 



ഐ ലീഗിൽ കേരളത്തിന്റെ സാന്നിധ്യമായി ഗോകുലം കേരള എഫ് സിയും  ഐ ലീഗ് രണ്ടാം ഡിവിഷൻ ജേതക്കളായ മണിപ്പൂരിൽ നിന്നുള്ള നെരോക്ക എഫ് സി യും കൂടാതെ ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി താരങ്ങൾ അണിനിരക്കുന്ന പൈലൻ ആരോസുമാണ് പുതുമുഖങ്ങൾ

ഇന്ത്യൻ ദേശീയ ലീഗിൽ കേരളത്തിന്റെ കരുത്ത് കാട്ടാനാണ് ഗോകുലം എഫ് സി ഇറങ്ങുന്നത്. ഏറെ കാലങ്ങൾക്ക് ശേഷമാണ് കേരളത്തിൽ നിന്നും ഒരു ടീം ഐ ലീഗിൽ ഇടം പിടിക്കുന്നത്. കോർപറേറ്റ് എൻട്രി വഴിയാണ് മലബാർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗോകുലം ഐ ലീഗ് യോഗ്യത കരസ്ഥമാക്കിയത്. കേരളത്തിലെ വളർന്നു വരുന്ന യുവനിരയും പരിചയസമ്പന്നരായ സുശാന്ത് മാത്യു പോലെയുള്ള ഉൾപ്പെടുന്ന ടീമാണ് ഗോകുലം. മലബാരിന്റെ ഫുട്ബോൾ വളർച്ച് ഊന്നൽ നൽകുന്ന ടീമിൽ ഏറെ പ്രതീക്ഷയാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ഉള്ളത്.

രണ്ടാം ഡിവിഷൻ ജേതാക്കൾ എന്ന പ്രൗഡിയോടെയാണ് നെരോക്ക (നോർത്ത് ഈസ്റ്റേൺ റീഗനൈസിംഗ് കൾച്ചറൽ അസോസിയേഷൻ ഫുട്ബോൾ ക്ലബ്ബ്) എത്തുന്നത്. നോർത്ത് ഈസ്റ്റിലെ ഒരു പിടി താരങ്ങൾക്കൊപ്പം വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള താരങ്ങളെ ഉൾപ്പെടുത്തിയാണ് നെരോക്ക ഐ ലീഗിൽ മേൽവിലാസം അറിയിക്കാൻ എത്തുന്നത്.

ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി താരങ്ങളെ വളർത്തിയെടുക്കാനാണ് ഒരു ഇടവേളയിൽ മങ്ങി പോയ പൈലൻ ആരോസ് വീണ്ടുമെത്തുന്നത്. അണ്ടർ 17 ലോകകപ്പിലെ താരങ്ങളെയും അണ്ടർ 19 ടീമിലെ താരങ്ങളെയും അണിനിരത്തിയാണ് പൈലൻ ആരോസ് ഐ ലീഗിന് തയ്യാറെടുക്കുന്നത്. അതുവഴി യുവതാരങ്ങൾക്ക് മികച്ച വിദേശ - സ്വദേശ ക്ലബ്ബുകളിലേക്കുമുള്ള അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പൈലൻ ആരോസിനെ ഇറക്കുന്നത്.


പുതിയ സ്റ്റേഡിയങ്ങൾ 


അണ്ടർ 17 ലോകകപ്പിന്റെ ഭാഗമായി പുതുക്കി പണിഞ്ഞ സാൾട്ട് ലേക്ക് സ്റ്റേഡിയം നിരവധി ഐ ലീഗ് മത്സരങ്ങൾക്കാണ് സാക്ഷിയാകുന്നത്. ഇന്ത്യൻ താരങ്ങൾക്ക് ലോകോത്തര സ്റ്റേഡിയത്തിൽ കളിക്കാനുള്ള അവസരമാണ് ഇതുവഴി കൈ വരുന്നത്. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ ടീമുകളുടെ ഹോം ഗ്രൗണ്ടാണ് സാൾട്ട് ലേക്ക് സ്റ്റേഡിയം. 


കേരളത്തിന്റെ സ്വന്തം ഗോകുലം എഫ് സി കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിലാകും പോരാട്ടങ്ങൾക്ക് കച്ച മുറുക്കുന്നത്. പ്രശ്സതമായ  സയിറ്റ് നാഗ്ജി ടൂർണ്ണമെന്റിനായി നവീകരിച്ച സ്റ്റേഡിയത്തിലേക്ക് മലബാറിലെ ഫുട്ബോൾ പ്രേമികൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 40000 മാണ് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി.

ഡൽഹി അംബേദ്കർ സ്റ്റേഡിയത്തിലാകും പൈലൻ ആരോസ് ഹോം മത്സരങ്ങൾക്ക് ഇറങ്ങുക. സുബ്രതോ കപ്പ്, ഡുറാന്റ് കപ്പ് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയത്തിലേക്ക് ഐ ലീഗ് കൂടെ വിരുന്നെത്തുകയാണ്.


ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം കോയമ്പത്തൂരിലെ ജവഹർലാൽ  നെഹ്റു സ്റ്റേഡിയമാണ് ചെന്നൈ സിറ്റി എഫ് സി യുടെ ഹോം ഗ്രൗണ്ട് . 30000 കാണികളെ ഉൾകൊള്ളാവുന്ന സ്റ്റേഡിയം ടീം നവീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ വിവിധ മേഘലകളിലേക്ക് ഫുട്ബോൾ വളരുന്നതിന് ഈ തീരുമാനം ഗുണകരമാകും.


സ്വന്തമായി സ്റ്റേഡിയവുമായിട്ടാണ് നെരോക്ക എഫ് സി ഐ ലീഗിലേക്ക് എത്തുന്നത്. ഇംഫാലിലെ ഖുമാൻ ലാംപക് മെയിൻ സ്റ്റേഡിയം ആരാധകരെ ആകർഷിക്കാൻ ടീം ജേഴ്സിയുടെ നിറമായ ഓറഞ്ചിലും പച്ചയിലുമാണ് പെയിന്റ് ചെയ്തിരിക്കുന്നത്. 30000 കാണികളെ സ്റ്റേഡിയത്തിന് ഉൾകൊള്ളാൻ സാധിക്കും.

മോഹൻ ബഗാനും ഈസ്റ്റ് ബംഗാളോ ഏത് സ്റ്റേഡിയത്തിൽ കളിക്കുമെന്ന് തീരുമാനം  ആയിട്ടില്ല.


മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ടെലികാസ്റ്റ് ചെയ്യും



എഫ് എസ് ഡി എൽ, ഓൾ ഇന്ത്യ ഫുട്ബോൾ, ഐ എം ജി റിലയൻസ് എന്നിവർ തമ്മിലുള്ള ധാരണ പ്രകാരം ഐ ലീഗ് മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മികച്ച രീതിയിൽ ടെലികാസ്റ്റ് ചെയ്യും. സ്റ്റാർ സ്പോർട്സ് ഐ ലീഗ് മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്യുന്നതോടെ പരസ്യ വരുമാനത്തിൽ വർദ്ധവ് ഉണ്ടാകുമെന്നാണ് കരുത്തുന്നത്. ഐ ലീഗ് മത്സരങ്ങൾ എല്ലാം ഹോട്സ്റ്റാറിലും ലഭ്യമാകും.

കഴിഞ്ഞ വർഷങ്ങളിൽ ടെൻസ്പോർടായിരുന്നു ഐ ലീഗ് ടെലികാസ്റ്റ് ചെയ്തിരുന്നത്. ഇന്ത്യയിലെ നമ്പർ വൺ നെറ്റ് വർക്കായ സ്റ്റാർസ്പോർട്സ് ഏറ്റെടുത്തതോടെ പ്രേക്ഷകരുടെ എണ്ണം വർദ്ധികുമെന്നാണ് കരുത്തപ്പെടുന്നത്.


ഡെർബികൾ 


നിരവധി ഡെർബികൾക്കാണ് ഐ ലീഗ് ഇത്തവണ സാക്ഷിയാവുക. നൂറ്റാണ്ടിന്റെ കഥ പറയാനുള്ള കൊൽക്കത്തൻ ഡെർബിക്ക് പുറമേ 6 നോർത്ത് ഈസ്റ്റ് ഡെർബികളാണ് ഐ ലീഗിൽ നടക്കാൻ പോവുന്നത്. 500 കിലോ മീറ്ററിനുള്ളിൾ 3 ടീമുകളാണ് ഇത്തവണ നോർത്ത് ഈസ്റ്റിൽ നിന്നും ഉള്ളത്. ഓരോ ഡർബികളും കാണികൾക്ക് ആവേശകരമാകും. ഒപ്പം സൗത്ത് ഇന്ത്യൻ ഡെർബിക്ക് കൂടെ  ഐ ലീഗിൽ അരങ്ങേരും കേരളത്തിന്റെ ഗോകുലവും അയൽവാസികളായ ചെന്നൈയും തമ്മിലുളള മത്സരവും ആവേശകരമാകു തീർച്ച.

0 comments:

Post a Comment

Blog Archive

Labels

Followers