ഐ ലീഗിൽ വിജയത്തോടെ തുടക്കം കുറിച്ച് ഇന്ത്യൻ യുവ നിര. ചെന്നൈ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യൻ ആരോസിന് മുന്നിൽ അടിയറവ് പറഞ്ഞത്. ആദ്യ ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ മാറ്റോസിനും കുട്ടികൾക്കും കഴിഞ്ഞു. ആരോസിനായി അങ്കിത് ജാദവ് രണ്ടും ബോറീസ് സിംഗ് ഒരു ഗോളും നേടി.
മലയാളി താരം രാഹുൽ ഉൾപ്പടെ അണ്ടർ 17 ലോകകപ്പിൽ അണിനിരന്ന ടീമിനെ തന്നെയാണ് നോർട്ടൻ ഡി മറ്റോസ് ചെന്നൈ സിറ്റിക്കെതിരെ അണിനിരത്തിയത്. തുടക്കത്തിൽ തന്നെ മികച്ച രീതിയിൽ കളി തുടങ്ങിയ ആരോസ് നിരവധി തവണ ചെന്നൈ പ്രതിരോധത്തെ പരീക്ഷിച്ചു. 20ആം മിനുട്ടിൽ അങ്കിത് ജാവേദിലൂടെ ആരോസ് ആദ്യ ഗോൾ നേടി. പെനാൾട്ടി ബോക്സിന് പുറത്ത് നിന്നും തൊടുത്ത ഷോട്ട് ചെന്നൈ ഗോൾകീപ്പർ മറികടന്ന് വലകുലുക്കി. ചെന്നൈ ഗോൾ വീണതോടെ തിരിച്ചടിക്കാൻ ശ്രമിച്ചു. പല ശ്രമങ്ങളും ഗോൾകീപ്പർ ധീരജ് സിംഗ് നിഷ്ഫലമാക്കി.
രണ്ടാം പകുതിയിലും ആരോസ് ആക്രമണം തുടർന്നു. 58ആം മിനുട്ടിൽ എഡ്മുണ്ട് തൊടുത്ത ഷോട്ട് ചെന്നൈ ഗോൾകീപ്പർ തടഞ്ഞെങ്കിലും അങ്കിത് പന്ത് വലയിലാക്കി ലീഡും ഗോൾനേട്ടവും രണ്ടാക്കി ഉയർത്തി . 66ആം മിനുട്ടിൽ ചെന്നൈക്ക് ലഭിച്ച ഫ്രീ കിക്ക് ഷോട്ട് പോസ്റ്റിൽ ഇടിച്ചത് തിരിച്ചടിയായി.ഇഞ്ചുറി ടൈമിൽ ആരോസ് മൂന്നാം ഗോളും നേടി ചെന്നൈ സിറ്റിയുടെ പതനം പൂർത്തിയാക്കി ബോറിസ് സിംഗാണ് ആരോസിനായി ഗോൾ നേടിയത്.
0 comments:
Post a Comment