ഇന്ത്യൻ സൂപ്പർ ലീഗ് അതിന്റെ നാലാം പതിപ്പിന് തുടക്കം കുറിക്കുമ്പോൾ കൂടൂതൽ നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ കഴിയാത്ത ടീമുകളിൽ ഒന്നാണ് എഫ് സി പൂനെ സിറ്റി. ഇതുവരെ ടൂർണ്ണമെന്റിന്റെ സെമി ഫൈനലിലേക്ക് മുന്നേറാൻ സാധിക്കാത്ത രണ്ടു ടീമുകളിൽ ഒന്ന് പൂനെ സിറ്റി എഫ് സിയാണ്. കഴിഞ്ഞ വർഷം ലീഗിൽ ആറാമതായാണ് ടീം ഫിനിഷ് ചെയ്തത്
ഇത്തവണ മികച്ച മുന്നൊരുക്കങ്ങൾ നടത്തിയാണ് പൂനെ സിറ്റി ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം പതിപ്പിന് കച്ച മുറുക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് പ്ലെയർ ഡ്രാഫ്റ്റിലൂടെ മികച്ച ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കിയ ടീമുകളിൽ ഒന്ന് പൂനെയാണെന്ന് നിസംശയം പറയാം. ഇന്ത്യയിലെ തന്നെ വിംഗർമാരിൽ ഒരാളായ കീൻ ലൂയിസ്, ഐസക് വാൻമൽസ്വാമ, നിം ഡോർജി തമങ്ങ്, വെയ്ൻ വാസ് , യുവ ഗോൾ കീപ്പർ വിശാൽ കെയ്ത് എന്നിവരെയെല്ലാം ടീമിലെത്തിച്ച് ഓറഞ്ച്പ്പട ഇന്ത്യൻ നിരയെ ശക്തമാക്കി കഴിഞ്ഞു.
ആദ്യ സീസൺ മുതൽ പ്രമുഖകാരായ മാർക്വീ താരങ്ങളെ ടീമിലെത്തിക്കാറുള്ള പൂനെ ഇത്തവണ അതിന് മാറ്റം വരുത്തി. കഴിഞ്ഞ വർഷം ഐ എസ് എല്ലിൽ ഗോൾ മഴ തിർത്ത മാർസലീഞ്ഞോയെയാണ് ടീമിലെത്തിച്ചത്. മാർസലീഞ്ഞോക്ക് കൂട്ടായി മറ്റൊരു ഗോളടി വീരൻ എമലിയാനോ അൽഫാരൊയെയും പൂനെ സ്വന്തമാക്കിയിട്ടുണ്ട്
ശക്തി : ടീമിന്റെ പ്രധാന ശക്തി സ്പെയിനിൽ നിന്നുള്ള ഡിഫെൻഡർ റാഫ ലോപ്പസാണ്. ഗെറ്റാഫെ, വാലാഡോലെഡ് തുടങ്ങിയ സ്പാനീഷ് ക്ലബ്ബുകളിൽ 200 ലേറെ മത്സരങ്ങളിൽ കളിച്ച അനുഭവസമ്പത്ത് എഫ് സി പൂനെ സിറ്റിയുടെ ആദ്യ സെമി ഫൈനൽ സ്വപ്നങ്ങൾക്ക് ഊർജ്ജമാകും.
കഴിഞ്ഞ സീസണിൽ ഡൽഹി ഡയനാമോസിന്റെ മിഡ്ഫീൽഡിലെ പ്രധാനിയായിരുന്ന 6 അടി 1 ഇഞ്ചുകാരൻ മാർക്കോസ് ടെബാർ പൂനെ മധ്യനിരയിലൂണ്ട്. മികച്ച ആക്രമണ ഫുട്ബോളിനൊപ്പം പ്രതിരോധനിരയെ സഹായിക്കുകയും ചെയ്യുന്ന മാർക്കോസ് ടെബാരിന്റെ സാന്നിധ്യം ടീമിന് ഗുണകരമാകും. എഫ് സി പൂനെ സിറ്റിയുടെ ഈ സീസണിലെ മുഴുവൻ പ്രതീക്ഷയും ബ്രസീലുകാരനായ മാർസലീഞ്ഞോയിലാണ് .15 ഗോളുകളിൽ പങ്കാളിയായ മാർസലീഞ്ഞോ ഇത്തവണയും ഗോൾമഴ തീർക്കും എന്ന വിശ്വാസത്തിലാണ് ടീം. ചെറിയ അവസരങ്ങൾ പോലും ഗോളാക്കി മാറ്റാൻ കഴിയുന്നഎമലിയാനോ അൽഫാരോയുടെ സാന്നിധ്യവും ടീമിന് കരുത്താകും
ദൗർബല്യം : വിശാൽ കെയ്ത് ഉൾപ്പെടെയുള്ള ഗോളി കീപ്പർമാർക്ക് അനുഭവസമ്പത്ത് ഇല്ലാത്തതാണ് ടീമിന്റെ പ്രധാന തലവേദനകളിൽ ഒന്ന്. കഴിഞ്ഞ വർഷം എഡലിന് പിന്നിൽ രണ്ടാമതായി പോയ വിശാലിന് വേണ്ടത്ര അവസരങ്ങളും ലഭിച്ചില്ല.ഐ ലീഗിൽ ഈസ്റ്റ് ബംഗാൾ, ഷില്ലോങ്ങ് ലജോങ്ങ് എന്നീ ടീമുകളുടെ വലകാത്ത പരിചയം വിശാൽ കെയ്തിനുണ്ട്. കമൽജിത്, അനൂജ് കുമാർ എന്നിവരാണ് ടീമിലെ മറ്റ് ഗോൾകീപ്പർമാർ.
ടീമിനെ മൊത്തതിൽ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് പരിചയസമ്പത്തിന്റെ കുറവ്. ചില എടുത്തു പറയാവുന്ന താരങ്ങൾ ഒഴിക്കെ മറ്റുള്ള ഇന്ത്യൻ താരങ്ങൾക്ക് മികച്ച മത്സരങ്ങളിൽ പങ്കെടുത്തുള്ള അനുഭവ സമ്പത്ത് ഇല്ല. ഇത് ടീമിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ട് അറിയണം. എമലിയാനോ അൽഫാരൊ പോലുള്ള താരങ്ങൾക്ക് പരിക്കേറ്റാൽ ആ വിടവ് നികത്താൻ പോന്ന താരങ്ങൾ പൂനെ നിരയിൽ ഇല്ല എന്നതും വർഷങ്ങളായി പരിക്കിന്റെ പിടിയിൽ കഴിയുന്ന ബ്രസീലിയൻ താരം ഡിയാഗോ കാർലോസിന് എങ്ങനെ കളിക്കാൻ കഴിയുമെന്നതും ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ്
പ്രതീഷകൾ : ഐസക് വാൻമൽസ്വാമ, നീം ദോർജി തമങ്ങ്, ആഷിക് കുരുണിയൻ എന്നീ താരങ്ങളിൽ പൂനെ വളരെയധികം പ്രതീക്ഷ അമർപ്പിക്കുന്നു. ഐ ലീഗിൽ ഷിലോങ്ങിനായി തിളങ്ങിയ ഐസകും നീം ദോർജിയും പൂനെക്കായും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് കരുതാം. വില്ലാറയലിൽ കാഴ്ച വെച്ച പ്രകടനം പൂനെയില്ലും ആവർത്തിക്കും എന്ന വിശ്വാസത്തിലാണ് ടീം.
ഐ എസ് എലിനുള്ള പൂനെ ടീം:
ഗോൾകീപ്പർമാർ: വിശാൽ കൈത്, കമൽജിത് സിംഗ്, അനുജ് കുമാർ.
ഡിഫെൻഡേഴ്സ് : റാഫ ലോപ്പസ്, ദമീർ ഗ്രിഗിക്ക്, നിം ദോർജി താമാംഗ്, ആദിൽ ഖാൻ, പവൻകുമാർ, ലാൽചുവാൻ മൗയ്യ, വെയ്ൻ വാസ്, ഗുർജെജ് സിംഗ്.
മിഡ്ഫീൽഡർമാർ: ജുവൽ രാജ, മാർക്കോസ് ടെബാർ, റോബർട്ടോനോ പഗ്ലിയാര, ജോനാറ്റൻ ലക്ക, ബൽജിത് സാഹ്നി, ഐസക് വാൻമാൽസ്വാമ, ആഷിക് കുരുണിയൻ, രോഹിത് കുമാർ, ഹർപ്രീത് സിംഗ്, കീൻ ലൂയിസ്.
ഫോർവേർഡ്സ്: ഡീഗോ കാർലോസ്, എമിലിയാനോ അൽഫാരോ, മാർസെലിഞ്ഞോ, അജയ് സിംഗ്.
0 comments:
Post a Comment