Wednesday, November 1, 2017

U19 ഇന്ത്യൻ ടീമിന്റെ അറേബ്യൻ പടയോട്ടത്തിനു സാക്ഷിയാകാൻ പ്രവാസി ആരാധക കൂട്ടായ്മയുമായി സൗത്ത് സോക്കേഴ്സ്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
മൂവർണ്ണ കൊടിയും കൈയിലേന്തി നീല ജേഴ്സിയും അണിഞ്ഞു നീലകടുവകളെ സപ്പോർട്ട് ചെയ്യാൻ ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചക്കായി അദ്ധ്വാനിക്കുന്ന ഇന്ത്യൻ ഫുട്‌ബോളിന്റെ ആരാധക കൂട്ടായ്‌മ സൗത്ത് സോക്കേഴ്‌സ് ഒരുങ്ങി കഴിഞ്ഞു. ക്ളബ്ബ്ൾക്ക്  അതീതമായി മാതൃ രാജ്യത്തിനായി നമുക്ക് സൗത്ത് സോക്കേഴ്സിൽ ഒരു കുടുംബത്തെ പോലെ ഒന്നിക്കാം. നമ്മുടെ കുട്ടികൾക്കായി നമ്മെ ഒന്നിപ്പിച്ച ഇന്ത്യ എന്ന വികാരത്താൽ ആർത്തു വിളിക്കാം.  അതേ പ്രിയ കാല്പന്തു സ്നേഹികളെ, അറേബ്യൻ മണ്ണിലെ പോരാട്ടങ്ങൾക്ക് ഇനി വെറും ദിവസങ്ങൾ മാത്രം.
👕👕👕👕👕👕👕👕

_ഇന്ത്യക്കാർക്ക് കാൽ പന്തുകളിയോടുള്ള പ്രണയത്തിന്റ നേർസാക്ഷ്യം ആയിരുന്നു ഫിഫ അണ്ടർ 17 ലോകകപ്പിൽ ഉണ്ടായ റെക്കോർഡ് ജനപങ്കാളിത്തം. ഇന്ത്യയിലെ ലക്ഷക്കണക്കിനു വരുന്ന കളിപ്രേമികളെ ലോകം അംഗീകരിച്ചു. ഫിഫ അതിൽ ഒപ്പുവെച്ചു. അതേ ഇന്ത്യയും ഒരു ഫുട്‌ബോൾ നേഷൻ ആണ്. ഇന്ത്യയുടെ അണ്ടർ 17 ടീമിലെ കുട്ടികൾ കാല്പന്തു കളിയെ സ്നേഹിക്കുന്ന ഓരോ ഭാരതീയന്റെയും മനസ്സ് നിറച്ചു._

👕👕👕👕👕👕👕👕

സ്വല്പമൊന്നു വിശ്രമിക്കാൻ പോലും സാധിക്കാതെ അതിർത്തി കാക്കുന്ന ധീര ജവാന്മാരെ പോലെ സ്വന്തം മാതൃരാജ്യത്തിനായി സർവ്വവും മറന്നു പൊരുതാൻ അവർ ഇതാ വീണ്ടും പോരാട്ട ഭൂമിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. ഇന്ത്യയിൽ അല്ല അറേബ്യൻ മണ്ണിലാണ് അവർ നമ്മുടെ രാജ്യത്തിനായി യുദ്ധം ചെയ്യാൻ ഇറങ്ങുന്നത്. ഗൾഫിൽ ഉള്ള ഓരോ ഇന്ത്യക്കാരനും നമ്മുടെ കുട്ടികൾക്കായി അലറി വിളിക്കാൻ ഗാലറിയിൽ ഉണ്ടാവണം. ലോകത്ത് എവിടെ ആണെങ്കിലും ഇന്ത്യൻ ഫുട്‌ബോൾ ടീമിന് ആരാധകർ ഉണ്ടന്ന് ലോകം അറിയണം. ത്രിവർണ്ണ പതാകയേന്തിയ  നമ്മുടെ സാമിപ്യം കുട്ടികൾക്ക് തളരാതെ പൊരുതാൻ ഉള്ള വലിയ ഊർജ്ജമായി മാറണം. സ്വന്തം ടീമിനായി സർവ്വവും മറന്നു ആർത്തു വിളിക്കുന്ന കാല്പന്തു കളിയുടെ ആരാധകർ തീർക്കുന്ന ആവേശ തിരമാലകൾ ഗാലറിയിൽ നിന്നു ഗ്രൗണ്ടിലേക്കിറങ്ങി എതിർ ടീമിനെ സംഹരിച്ചു തള്ളാൻ മാരകമായ ഊർജ്ജമായി മാറിയത് ലോകം പലവട്ടം കണ്ടിട്ടുള്ളതും അംഗീകരിച്ചിട്ടുള്ളതും ആണ്. അതിനാൽ തന്നെ മിക്ക ടീമുകളും 12 നമ്പർ ജേഴ്‌സി തങ്ങളുടെ ഒരു കളിക്കാർക്കും കൊടുക്കാറില്ല. അത് ആ ടീമിന്റെ ഫാന്സിന് ഉള്ളതാണ്. ഒരു പക്ഷെ ഏറ്റവും നിർണായകമായ സ്വാധീനം ആണ് കാണികൾ എന്ന ആ 12 നമ്പർ കളിക്കാരന് ടീമിന്റെ പ്രകടനത്തിൽ ചെലുത്താൻ സാധിക്കുന്നത്.
⚽⚽⚽⚽⚽⚽⚽⚽⚽⚽

👕👕👕👕👕👕👕👕👕

നമ്മുടെ ടീമിനും ദമാമിലെ ഫുട്‌ബോൾ സ്റ്റേഡിയത്തിൽ ആ 12മന്റെ സപ്പോർട്ട് വേണം. നവംബർ 4, 6, 8 ദിവസങ്ങളിൽ 7 മണിക്ക് തുടങ്ങുന്ന ഓരോ മത്സരത്തിനും നീല ജേഴ്സിയിൽ തന്നെ എത്തി ഇന്ത്യൻ ടീമിന്റെ ഈ 12മന്റെ ശക്തി എന്താണെന്ന് നാം തെളിയിക്കണം. ലോകത്തു ഏതു ടീമും പേടിക്കുന്ന ആരാധക കൂട്ടമായി നാം മാറണം. നാമും അവരോടൊപ്പം മനസുകൊണ്ട് കളിക്കണം. തളരുമ്പോൾ ഊർജ്ജം പകർന്നു കൊടുത്തു അവസാനം നിമിഷം വരെ പൊരുതാൻ ഉള്ള പ്രചോദനം ആയി മാറണം. തൊണ്ട പൊട്ടി വിളിക്കണം ഇന്ത്യ എന്ന പേര്. ഇന്ത്യൻ ടീമിന്റെ നീല ജേഴ്സിയിൽ തന്നെ നാം എല്ലാവരും സ്റ്റെഡിയത്തിൽ എത്തണം. നമ്മുടെ ഭാരതവും വലിയ സ്വപ്നങ്ങൾക്കായി പന്തു തട്ടുമ്പോൾ ക്ലബ്ബ്കൾക്ക് അതീതമായി ഒന്നിക്കാൻ നമുക്ക് സാധിക്കട്ടെ. സൗത്ത് സോക്കേഴ്‌സ് ഒരു നിമിത്തം മാത്രം. ഒരു തുടക്കം മാത്രം. അണിചേരൂ ഈ ഫുട്‌ബോൾ വിപ്ലവത്തിൽ. ഈ വിപ്ലവത്തിൽ നമുക്ക് മഞ്ഞയോ ചുവപ്പോ പച്ചയോ ഇല്ല. മറിച്ചു ഒരു നിറം മാത്രം. അത് നീല നിറമാണ്. ആവേശത്തോടെ ത്രിവർണ്ണ പതാകയും കൈകളിലേന്തി ഇന്ത്യയെന്ന് ഉച്ചസ്വരത്തിൽ ഒന്നായി ആർത്തു വിളിച്ചു നീല ജേഴ്സിയും അണിഞ്ഞു സുനാമി കണക്കെ നീല തിരമാലകൾ തീർത്തു നീലകടുവകളുടെ കൂടെ നമുക്കും വേട്ടക്കിറങ്ങാം. 
👕⚽👕⚽👕⚽👕⚽

*Yes.. Back The  Blue...*

0 comments:

Post a Comment

Blog Archive

Labels

Followers