Monday, August 21, 2017

ഡബിൾ സെഞ്ച്വറി തികയ്ക്കാൻ റൂണി




വെയ്ൻ മാർക്ക്  റൂണി എന്ന ആരാധകരുടെ പ്രിയപ്പെട്ട വാസ്സ. 2002 ൽ തന്റെ 16ാം വയസ്സിലാണ് വാസ്സ ആദ്യമായി എവർട്ടണിന്റെ 18ആം നമ്പർ ജേഴ്സിയിൽ പ്രെഫഷണൽ ഫുട്ബോൾ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്. എവർട്ടണിന് വേണ്ടി കളിക്കാൻ ഇറങ്ങുന്ന എക്കാലത്തെയും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായിരുന്നു അന്ന് വാസ്സ. അന്ന് പലരും അദ്ദേഹത്തെ പരിഹസിച്ചു, പലരും നെറ്റി ചുളിച്ചു. അതിന് ചുട്ട മറുപടി  വാസ്സ നൽകിയത് അതുവരെ 30 കളികളിൽ അപരാജിത കുതിപ്പ് തുടരുന്ന ഗണ്ണേഴ്സിനെതിരെ അവസാന മിനുട്ടിലെ വിനിങ്ങ് ഗോളിലൂടെ യായിരുന്നു. പെനാൽറ്റി ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ആ ഷോട്ട് ഗോളി സീമാനെ മറികടന്ന് പോസ്റ്റിൽ വിശ്രമിക്കുമ്പോൾ അന്ന് വരെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വാസ്സ മാറി. പിന്നീട് ലോകത്തിന്റെ കണ്ണ് തന്നെ ഈ 17 കാരനിൽ ആയിരുന്നു. 2 വർഷം എവർട്ടണിന്റെ നീലം അണിഞ്ഞ റൂണി എവർട്ടണിന്റെ ആരാധകർക്ക് നിരാശ നൽകി വിശ്വവിഖ്യാതമായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചെങ്കുപ്പായത്തിലേക്ക് കൂടുമാറി. അന്ന് ഒരു കൗമാരതാരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലമാണ് ചുവന്ന ചെകുത്താന്മാർ അവനായി മാറ്റിവെച്ചത്. 



ഓൾഡ് ട്രാഫോർഡിൽ റൂണി 8ാം നമ്പർ ചെങ്കുപ്പായത്തിൽ ഇറങ്ങിയത് മുതൽ ബാക്കിയെല്ലാം ചരിത്രമാണ്. നീണ്ട 13 വർഷങ്ങളാണ് റൂണി തിയേറ്റർ ഓഫ് ഡ്രീംസിൽ ചിലവഴിച്ചത്. ചുവന്ന ചെകുത്താന്മാരുടെ കൂടെ നിരവധി നേട്ടങ്ങളും വാസ്സ സ്വന്തമാക്കി. പ്രീമിയർ ലീഗ് കിരീടം, എഫ് എ കപ്പ് , ലീഗ് കപ്പ്, കമ്മ്യൂണിറ്റി ഷീൽഡ്, ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് അങ്ങനെ ഒരു ക്ലബ്ബ് കരിയറിൽ നേടാവുന്ന എല്ലാ കിരീടങ്ങളും വാസ്സ സ്വന്തമാക്കി. 2014 ൽ അവർ റൂണിയെ നായകന്റെ സ്ഥാനം നൽകി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന ബഹുമതിയും വാസ്സക്കാണ്. പ്രീമിയർ ലീഗിലെ ഗോൾ വേട്ടയിൽ രണ്ടാമതും. പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ റൂണി  നേടിയ ആ ഗോൾ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ എന്നും മായാതെ കിടക്കുന്ന ഒന്നാണ്. ഇന്ന് അദ്ദേഹം 13 വർഷത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയർ അവസാനിപ്പിച്ച് വീണ്ടും എവർട്ടണിന്റെ നീല ജേഴ്സിയിൽ തിരിച്ചെത്തിയിരിക്കുന്നു. ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുമായി എവർട്ടൺ ഏറ്റുമുട്ടുമ്പോൾ എല്ലാവരും കാത്തിരിക്കുന്നത് വാസ്സ തന്റെ പ്രീമിയർ ലീഗിലെ  200ാം ഗോൾ നേടുന്നതിനാണ്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ എന്നും മികച്ച പ്രകടനം കാഴ്ചവച്ച വാസ്സയ്ക്ക് അതു സാധിക്കട്ടെയെന്ന് പ്രത്യാശിക്കാം.

0 comments:

Post a Comment

Blog Archive

Labels

Followers