Saturday, October 28, 2017

അവിസ്മരണീയം അവർണ്ണനീയം ഇന്ത്യൻ മണ്ണിലെ ഈ ലോകകപ്പ് ഫൈനൽ



ഫുട്‌ബോൾ ലോകം കണ്ട ഏറ്റവും വലിയ തിരിച്ചു  വരവുകളുടെ ചരിത്രത്തിൽ ഇനി ഇന്ത്യൻ  മണ്ണിൽ നടന്ന അണ്ടർ 17 ലോക കപ്പ് ഫൈനലും. സ്പാനിഷ് പടയെ  തകർത്തെറിഞ്ഞു ചാംപ്യൻ  പട്ടം പ്രീമിയർ ലീഗിന്റെ നാട്ടുകാർ നേടി. രണ്ടടിക്ക് തിരിച്ചു നാലല്ല മറിച്ചു അഞ്ചടി കൊടുത്തു സ്പാനിഷ് പടയെ അടിമുടി നിഷ്പ്രഭരാക്കി ഗോളുകൾ കൊണ്ടൊരു മഹാ പൂരം തീർത്തു ഇംഗ്ലീഷ് പട വിജയ തീരമണിഞ്ഞു. 

പ്രവചനങ്ങൾ കാറ്റിൽ പറത്തുന്ന ലോകത്തിലെ ഏറ്റവും മനോഹരമായ കളിയെന്നു ഓരോ കളി പ്രേമിയും മനസ്സിൽ  പറഞ്ഞ ഫൈനൽ ആയിരുന്നു കൊൽക്കത്തയിൽ നടന്നത്. ജയിക്കേണ്ട കളി കളഞ്ഞു കുളിച്ചു സ്‌പെയിൻ  ഇനി പരാജയത്തിന്റെ കാരണങ്ങൾ നേടാം. ഫുട്‌ബോളിൽ പ്രവചനങ്ങൾ സാധ്യമല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചുകൊണ്ടു ഇന്ത്യൻ മണ്ണിലെ ലോകകപ്പിന് അങ്ങനെ ആവേശോജ്വലമായ പരിസമാപ്തി.



ആദ്യ പകുതിയിലെ മനോഹരമായ നീക്കങ്ങൾക്കൊടുവിൽ സ്‌പെയിൻ ആണ് ആദ്യം മുന്നിലെത്തിയത്. അവസരങ്ങൾ രണ്ടും ടീമിനും ഒരുപോലെ ലഭിച്ചു. എങ്കിലും കൗണ്ടർ അറ്റാക്കിൽ കൂടി സ്പെയിനിന് ലഭിച്ച അതി മനോഹരമായ ഒരു സുവർണ അവസരം കളിയിൽ അതി നിർണായക വഴിത്തിരിവ് ആയി മാറി. ഇംഗ്ലീഷ് ഗോളി മാത്രം മുന്നിൽ നിൽക്കെ രണ്ടു സ്‌പെയിൻ കളിക്കാർ ഒരുമിച്ചു ഓടിയിട്ടും പോലും ഗോളെന്നുറച്ച സുവർണ അവസരം സ്‌പെയിൻ നഷ്ട്ടപ്പെടുത്തി. ആദ്യ പകുതിയിൽ തന്നെ മൂന്ന്  ഗോൾ ലീഡിലേക്കു ഒരു പക്ഷെ സ്‌പെയിൻ വന്നിരുന്നു  എങ്കിൽ ചരിത്രം മറ്റൊന്നാകുമായിരുന്നു. കോച്ചിന്റെ രണ്ടാം പകുതിയിലെ തന്ത്രങ്ങളും അതനുസരിച്ചു മാറിയേനെ. എന്നാൽ ആദ്യ പകുതി അവസാനിക്കും മുൻപ് രണ്ടു ഗോളുകൾ പിന്നിൽ ആയിട്ടു പോലും തളരാത്ത പോരാട്ട വീര്യവുമായി പൊരുതി നിന്ന ഇംഗ്ലണ്ട് തിരിച്ചു വരിക ആയിരുന്നു. 44 മിനിറ്റിൽ ലോകകപ്പ് ഹീറോ ബ്രുസ്റ്ററിന്റെ ഗോളിൽ തന്നെ. രണ്ടാം പകുതിയിൽ സ്പാനിഷ് തന്ത്രങ്ങൾ പാടെ പരാജയപ്പെട്ടു. അങ്ങനെ അണ്ടർ 17 ലോകകപ്പ് സ്‌പെയിനിന്റെ കയ്യിൽ നിന്നും പിന്നിട്ടു നിന്ന അവസരത്തിൽ പോലും പതറാത്ത മനസുമായി ചങ്കൂറ്റത്തോടെ കളിച്ച ഇംഗ്ലണ്ടിന്റെ കുട്ടികൾ അവസാനം  തട്ടിയെടുത്തു.    ഒരുപക്ഷേ ആരും കരുതാത്ത ഒരു അവിസ്മരണീയ തിരിച്ചു വരവ്. അവസാന ലാപ്പിൽ പിന്നിൽ നിന്നും അവിശ്യസനീയമായി ഓടിക്കയറി സ്പെയിനിനെ തകർത്ത് ഇംഗ്ലണ്ട്     അണ്ടര്‍ 17 ലോക ചാമ്പ്യന്മാര്‍. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ നേടിയാണ്   ഇംഗ്ലണ്ട് യുവ രാജാക്കന്മാരായി അവരോധിക്കപ്പെട്ടത്  ഇംഗ്ലണ്ടിനായി റിയാന്‍ ബ്രൂസ്റ്റര്‍, ഗിബ്സ് വൈറ്റ്, ഫോഡന്‍ (2) മാര്‍ക് ഗ്യൂഹി എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോളുകള്‍ നേടിയത്. സ്പെയിനിനായി സെര്‍ജിയോ ഗോമസ് ഇരട്ട ഗോളുകള്‍ നേടി.


അതേ ഇത് പ്രവചനങ്ങളെ നോക്കി കളിയാക്കി ചിരിക്കുന്ന  കാൽ പന്തു കളിയിലെ യുദ്ധം ആണ്. അവിടെ ഗണിത ശാത്രത്തിന്റെ ഉറപ്പുകൾ പോരാ. ഭാഗ്യ നിര്ഭാഗ്യങ്ങൾ മാറി മറിയുന്ന പോരാട്ട ഭൂമിയിൽ അവസാന വിജയം ആരെന്നു പ്രവചിക്കുക അതീവ ദുഷ്‌ക്കരം. അതു തെളിയിച്ചു ഇന്ത്യൻ മണ്ണിൽ വിരുന്നെത്തിയ ആദ്യ ഫിഫ ലോകകപ്പ്. ഓരോ ഇന്ത്യൻ ഫുട്‌ബോൾ ഫാൻസിനെയും അടിമുടി ത്രസിപ്പിച്ച കൊട്ടി കലാശം ആയിരുന്നു കൊൽക്കത്തിയിലെ ഫൈനൽ. 

ടൂർണമെന്റിൽ ഗോൾഡൻ ബോൾ പുരസ്കാരം ഇംഗ്ലണ്ടിന്റെ ഫിലിപ് ഫോടൻ സ്വന്തമാക്കിയപ്പോൾ ഗോൾഡൻ ഗ്ലോവ് ബ്രസീലിന്റെ ഗബ്രിയേൽ ബ്രസാർഡ് നേടി. ഫെയർ പ്ലെ അവാർഡ് ടൂർണമെന്റിൽ ഉടനീളം മനോഹര കളി കാഴ്ച വെച്ച ബ്രസീൽ നേടി.



ഇതാണ് ഫുട്‌ബോൾ. ഒരവസരം നഷ്ടപ്പെടുത്തിയാൽ ഒരിക്കലും തിരിച്ചു വരാൻ സാധിക്കാത്ത രീതിയിൽ ആഴങ്ങളിലേക്ക് പതിച്ചേക്കാം. അതു ഉയരങ്ങളിൽ നിൽക്കുമ്പോൾ ആണെങ്കിൽ പോലും. അതേ അണ്ടർ 17 ആണെങ്കിലും സീനിയർ ലോകകപ്പിനൊപ്പം ഒരുപക്ഷേ അതിനേക്കാൾ ഏറെ  വാശിയും വീറും കളി മികവും ഒത്തിണങ്ങിയ ഒരു ടൂര്ണമെന്റായിരുന്നു ഇതെന്ന് നിസംശയം പറയാം. ലോകകപ്പ് ഫൈനലിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്നത് ഈ ഫൈനലിൽ ആയിരുന്നു കൊൽക്കത്ത അങ്ങനെ ചരിത്ര താളുകളിൽ ഇടം നേടി  അണ്ടർ 17 ലോകകപ്പിന്റെ ചരിത്രത്തിൽ കളി കാണാൻ എത്തിയ കാണികളുടെ റിക്കോർഡ് ഇനി ഇന്ത്യക്ക് സ്വന്തം. ഈ ലോകകപ്പ് കണ്ട നാം ഓരോരുത്തരുടെയും വിജയം ആണിത്. ഇന്ത്യ ഒരു ഫുട്‌ബോളിംഗ് നേഷൻ ആയി മാറിയ രാത്രി കൂടി ആയിരുന്നു ഈ ഫൈനൽ രാവ്. ഇനി  വരാനിരിക്കുന്ന ഐ.എസ്.എൽ ഫുട്‌ബോൾ രാവുകൾ ഇന്ത്യയിലെ ഫുട്‌ബോളിനെ ഇനിയും ഉയർത്തും. അണ്ടർ 17 ലോകകപ്പിന്റെ മഹാ വിജയം അണ്ടർ 19 ലോകകപ്പും ഇന്ത്യക്ക് ലഭിക്കാൻ ഉള്ള സാധ്യത ഇരട്ടി ആക്കിയിട്ടുണ്ട്. ശേഷം ഒരുപക്ഷേ ലോക ക്ലബ്ബ് ലോകകപ്പിനും സാധ്യത ഉണ്ട്. 



അതേ ഉറങ്ങി കിടന്ന ഇന്ത്യ എന്ന ഫുട്‌ബോൾ ഭീമൻ ഉണർന്നിരിക്കുന്നു. വരാനിരിക്കുന്ന ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ആയി നമുക്ക് കാത്തിരിക്കാം. മെക്സിക്കൻ തിരമാലകൾ അല്ല മറിച്ചു കൊച്ചിയിലെയും കൊൽക്കത്തയിലെയും ഗോവയിലെയും ഫുട്‌ബോൾ ഫാൻസ് ഇന്ത്യക്കായി ഒരുമിച്ചു  ആർത്തു വിളിക്കുമ്പോൾ ആഞ്ഞടിക്കുന്ന ഇന്ത്യൻ സുനാമി പ്രകമ്പനം കൊള്ളിക്കുന്ന ഫുട്‌ബോൾ സ്റ്റേഡിയത്തിൽ  വെച്ചു  ഒരിക്കൽ നമ്മുടെ ടീം ഇന്ത്യയും  ലോകകപ്പ് നേടുന്ന വലിയ സുദിനം സ്വപ്നം കണ്ടുകൊണ്ടു.

-ആൽവി മണിയങ്ങാട്ട് , സൗത്ത് സോക്കേഴ്‌സ്

1 comment:

Blog Archive

Labels

Followers