Friday, October 13, 2017

അണ്ടർ 17 ഫുട്ബാൾ ലോകകപ്പ് ,ഇന്ത്യ എന്ത് നേടി?




ഫുട്ബാളിനെ നല്ലപോലെ സ്നേഹിക്കുന്ന ഒരുപാട് ജനങ്ങൾ ഇന്ത്യ എന്ന മഹാരാജ്യത്ത് ഉണ്ട് .എന്നാൽ ഫുട്ബാളിൽ നമുക്ക് അവകാശപ്പെടാൻ വലിയ നേട്ടങ്ങൾ ഒന്നും ഇല്ല താനും .ഫുട്ബാളിൽ ഉറങ്ങി കിടക്കുന്ന ഒരു സിംഹമാണ് ഇന്ത്യ എന്ന മുൻ ഫിഫ പ്രസിഡന്റ് ബ്ലാറ്ററുടെ വാക്കുകളിൽ ഊർജം ആവാഹിച്ചു ഇപ്പോൾ നടക്കുന്ന അണ്ടർ 17 ലോകകപ്പിന് ഇന്ത്യക്കു ആതിഥ്യം വഹിക്കാനുള്ള സുവർണ അവസരവും ലഭിച്ചു.

വേദി നിശ്ചയിച്ചു അന്ന് മുതൽ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള മികച്ച കളിക്കാരെ കണ്ടെത്തി അവർക്കു നൽകാൻ കഴിയുന്ന സൗകര്യങ്ങൾ എല്ലാം നൽകി.

അവരിൽ ഏറ്റവും മികച്ചവരാണ് കഴിഞ്ഞു പോയ ദിവസങ്ങളിൽ ഇന്ത്യൻ ടീമിന് വേണ്ടി അരങ്ങേറിയത്.

ലോകകപ്പ് കളിക്കാനുള്ള അവസാന ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഞാൻ ഏറെ പ്രയാസത്തോടെ നോക്കി കണ്ട ഒരു സംഭവം ഉണ്ട് ,ഒരു മലപ്പുറംകാരൻ ഇല്ലാത്ത ഇന്ത്യൻ ടീമോ ?? പന്തുകളിയെ ഇത്ര സ്നേഹിക്കുന്ന ഒരു നാട്ടിൽ നിന്നും ദേശീയ ടീമിലേക്കു ഒരാൾ പോലും ഇല്ലാത്ത കാര്യം ഞാൻ തിരക്കിയിറങ്ങി .

അപ്പോഴാണ് അറിയാൻ കഴിഞ്ഞത് മലപ്പുറത്തിന്റെ ഒരു മുത്ത് അവസാനം.പരിക്ക് പറ്റി പിന്മാറുക ആയിരുന്നു എന്ന്.



ലോകകപ്പിലേക്കു തയ്യാറെടുക്കും മുമ്പ് സൗഹൃദ മത്സരങ്ങളിൽ ഇന്ത്യൻ കൗമാരങ്ങൾ പുറത്തെടുത്ത മികവാണ് എല്ലാവരെയും വാനോളം പ്രതീക്ഷകളിലേക്കു നയിച്ചത് .

ഇറ്റാലിയൻ ക്ലബ്ബിനോട് 2-0 വിജയവും ,ചിലിയോട് സമനിലയും ഒക്കെ പിടിച്ചെടുത്തപ്പോൾ നമ്മുടെ പ്രതീക്ഷകൾ വാനോളം ഉയർന്നു .

തങ്ങൾ എന്തിനു വേണ്ടിയാണോ സൃഷ്ടിക്കപ്പെട്ടത് അതിനു വേണ്ടിയുള്ള സമയം അടുത്തിരിക്കുന്നു എന്ന് മനസ്സിൽ ഉറപ്പിച്ചു ഓരോ ഇന്ത്യൻ കളിക്കാരും ലോകകപ്പിനായി എല്ലാ വിധത്തിലും തയ്യാറെടുത്തു .

സാധാരണ നോക്കുമ്പോൾ ഇന്ത്യ അകപ്പെട്ടത് ഒരു വലിയ ഗ്രൂപ്പിൽ തന്നെ .

അമേരിക്ക, ഘാന, കൊളംബിയ .

ടീമുകൾക്കെതിരെ നമുക്ക് എത്രത്തോളം മുന്നേറാൻ കഴിയുമോ എന്നതായിരുന്നു എല്ലാവരുടെയും ചിന്ത.

ലോകകപ്പിന്റെ ഉത്‌ഘാടന ദിവസം തന്നെ ഇന്ത്യക്കു അമേരിക്കയായിരുന്നു എതിരാളികൾ .

അണ്ടർ 17 തലത്തിൽ വൻ വിജയങ്ങൾ എതിരാളികൾക്ക് മേൽ നേടിയിരുന്ന ഒരു ടീമായിയുന്നു അമേരിക്ക .

ഡൽഹിയിലെ മത്സരത്തിൽ ഇന്ത്യൻ യുവത്വം 3-0 ത്തിന്റെ തോൽവി ഏറ്റുവാങ്ങി .

ഒരു തുടക്കക്കാരന്റെ എല്ലാ പോരായ്മകളും ഇന്ത്യൻ ടീമിൽ അന്ന് കണ്ടു .ഒന്ന് കൂടെ നന്നായി ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരം സമനില ആകാമായിരുന്നു .

അനാവശ്യ ഘട്ടത്തിൽ അമേരിക്കൻ കളിക്കാരനെ ബോക്സിൽ ഫൗൾ ചെയ്ത ഇന്ത്യ പെനാൽറ്റിയും ഗോളും വഴങ്ങി .

ഇതിനിടയിൽ ഇന്ത്യക്കും കിട്ടിയിരുന്നു ഗോൾ നേടാനുള്ള സുവർണ അവസരങ്ങൾ .

ഒന്ന് ശ്രദ്ധിച്ചാൽ ഇന്ത്യൻ ഡിഫൻസിനു ഒഴിവാക്കാനായിരുന്ന രണ്ടാം ഗോൾ ഇന്ത്യൻ താരത്തിന്റെ കാലിൽ കൊണ്ടാണ് വലയിൽ കേറിയത് .



അമേരിക്കക്കെതിരെ ഒരു ഗോൾ നേടാനുള്ള തത്രപ്പാടിൽ ഇന്ത്യൻ താരത്തിന്റെ മികച്ചൊരു ഷോട്ട് ബാറിൽ തട്ടി മടങ്ങുമ്പോൾ പിടിച്ചെടുത്ത അമേരിക്കൻ താരങ്ങൾ ഓടി പാഞ്ഞു അത് ഇന്ത്യൻ ഗോൾ പോസ്റ്റിൽ നിറച്ചു .

മത്സരത്തിൽ ധീരജ് എന്ന ഗോളിയും രാഹുൽ എന്ന മലയാളിയും മികച്ചു തന്നെ നിന്നു.

ടൂർണമെന്റിൽ പിടിച്ചു നിൽക്കാൻ ഒരു വിജയം അത് തേടിയാണ് ഇന്ത്യ കൊളംബിയക്കെതിരെ ഇറങ്ങിയത് .മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ ഇരു ടീമും ഒപ്പത്തിനൊപ്പം ആയിരുന്നു .

ഒരു മാർക്കിങ് പിഴവിൽ നിന്നും കൊളംബിയ ആദ്യ ഗോൾ നേടി .

തുടർന്നു ഇന്ത്യക്ക് കിട്ടിയ കോർണർ കിക്കിൽ നിന്നും ജെക്സൺ ഇന്ത്യയുടെ ആദ്യ ലോകകപ്പ് ഗോൾ നേടി ഇന്ത്യക്കു സമനില സമ്മാനിച്ചു .അതിന്റെ ആഘോഷങ്ങൾ അവസാനിക്കും മുമ്പേ കൊളംബിയ വീണ്ടും ഗോൾ നേടി .

പരിചയ സമ്പത്തിന്റെ ഒരു വലിയ പോരായ്മ തുറന്നു കാട്ടുന്നതായിരുന്നു ഇന്ത്യ വഴങ്ങിയ ഗോൾ .

പതിവ് പോലെ ഇന്ത്യയ്ക്കും ഇതിനിടയിൽ തുറന്ന അവസരങ്ങൾ കിട്ടി .അതെല്ലാം മുതലാക്കാനായിരുന്നേൽ കൊളംബിയക്ക് മേൽ ഇന്ത്യക്കു അനായാസം ജയിച്ചു കയറാമായിരുന്നു .

കൊളംബിയക്കെതിരെ ഗോൾ നേടിയ നിമിഷം.ഇന്ത്യൻ കോച്ചിന്റെ മുഖത്തു കണ്ട സന്തോഷം, ഒരു ഗോളിന് വേണ്ടി അയാൾ എത്ര ആഗ്രഹിക്കുന്നു എന്ന് നമുക്ക് വായിച്ചെടുക്കാമായിരുന്നു . പ്രതീക്ഷകളുടെ അവസാന കണക്കു കൂട്ടലിൽ ഇന്ത്യ ഘാനയെ 4-0 നു തോൽപ്പിക്കുകയും കൊളംബിയയെ അമേരിക്ക തോൽപ്പിക്കുകയും ചെയ്‌താൽ ഇന്ത്യക്കു രണ്ടാം റൗണ്ടിൽ കടക്കാം എന്നതായിരുന്നു കണക്ക് .പക്ഷെ സംഭവിച്ചത് നേരെ വിപരീതവും .കളിയിലും ആരോഗ്യത്തിലും ഇന്ത്യൻ കളിക്കാരേക്കാളും ഒരുപാട് മുന്നിൽ ആയിരുന്നു ഘാനക്കാർ .

ഘാനയുടെ ഒന്ന് രണ്ടു ബുള്ളറ്റ് ഷോട്ടുകൾ ഇന്ത്യൻ പോസ്റ്റിനെ തൊട്ടുരുമ്മിയാണ് പോയത് .

കുറച്ചു ധീരജിൻെറ ധീരമായ സേവിലും .



ഘാനൻ വേഗതക്കു മുന്നിൽ ഓടിയെത്താൻ കഴിയാതെ ഇന്ത്യൻ കളിക്കാർ 4-0 തോൽവി ഏറ്റുവാങ്ങി

കളിച്ച മുഴുവൻ കളികൾക്ക്  ശേഷം ബാക്കിയാവുന്നത് ഇന്ത്യൻ ഗോൾകീപ്പർ ധീരജിന്റെ പ്രകടനവും , ഡിഫൻസിൽ അൻവർ അലി എന്ന ഫുൾ ബാക്കിന്റെ ധീരമായ ചെറുത്തു നിൽപ്പും ,കേരള താരമായ രാഹുലിന്റെ പ്രകടങ്ങളുമാണ് .

കളിയുടെ ആദ്യ മുപ്പതു മിനിറ്റുകളിൽ നന്നായി കളിക്കുന്ന , നിമിഷങ്ങളിൽ വിജയം പോലും നേടും എന്ന് തോന്നിപ്പിക്കുന്ന അവസരങ്ങളിൽ ആണ് ഇന്ത്യ ഗോൾ വഴങ്ങുന്നത് .

അവസാന നിമിഷങ്ങളിൽ സ്റ്റാമിന കുറവും ചില സമയങ്ങളിലെ വിപ്രാന്തിയും .ഒരാളെ കബിളിപ്പിച്ച്   മുന്നോട്ടു പോകാൻ കഴിയില്ല എന്ന് ഉറപ്പായിട്ടും സഹ കളിക്കാർക്ക് പാസ് ചെയ്യാതെ പന്ത് കളഞ്ഞു കുളിക്കുന്ന ഇത്തരം പോരായ്മകൾ ഇന്ത്യൻ ടീമിന് പരിഹരിച്ചേ പറ്റൂ .

എന്നാലേ ടീമിന്  ഇനി മുന്നോട്ട് പോകാൻ കഴിയൂ.

ഏഷ്യൻ ലെവലിൽ നമുക്ക് ഇതൊരു മികച്ച ടീം ആയിരിക്കാം ,എന്നാൽ ലോകകപ്പ് പോലുള്ള വേദികളിൽ നാം പിറകിൽ ആണെന്നതിനു ഉദാഹരണമാണ് അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾ .

എല്ലാം നൽകി ഇത്രയും വരെ ടീമിനെ എത്തിച്ച ഇന്ത്യൻ ഫുട്ബാൾ അധികാരികളോട് ഒരു വാക്ക് "ഇനി ഇവരെ കൈ വിടരുത് " .

മുഴച്ചു നിൽക്കുന്ന ചെറിയ പോരായ്മകൾ പരിഹരിച്ചാൽ ഇവർക്ക് ഒരുപാട് മുന്നേറാൻ കഴിയും ഉറപ്പാണ് .

ഇവരെ വെറും അണ്ടർ 17 ലോകകപ്പ് താരങ്ങൾ മാത്രം ആയി കാണാൻ ഉള്ള ഒരു ദുരവസ്ഥ ഉണ്ടാക്കരുതേ വേണ്ടതെല്ലാം ഇനിയും ചെയ്യണം എന്ന അപേക്ഷയോടെ..... 


യാസീൻ പാങ്

0 comments:

Post a Comment

Blog Archive

Labels

Followers