ലോകകപ്പിലെ നിർണായക മത്സരത്തിനാണ് ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നാളെ ഇന്ത്യയും കൊളംബിയയും ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്ന ഇരു ടീമുകളുടെയും ടൂർണമെന്റിലെ മുന്നോട്ടുള്ള പോക്കിന് വിജയം അനിവാര്യമാണ്.
ലോകകപ്പ് ചരിത്രത്തിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഇന്ത്യൻ ടീമിന് ശക്തരായ അമേരിക്കയോട് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കളിയിൽ ഉടനീളം നിറഞ്ഞു കളിച്ച അമേരിക്കയോട് മികച്ച പ്രകടനമായിരുന്നു ഇന്ത്യൻ യുവ നിര കാഴ്ച വെച്ചത്. ആദ്യമായി ഒരു വലിയ ടൂർണമെന്റിൽ പന്ത് തട്ടുന്ന പരിഭ്രമം ആയിരുന്നു ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തിരിച്ചടിയായത്.
കൊളംബിയ ആകട്ടെ ആദ്യ മത്സരത്തിൽ ഘാനയോട് തോറ്റാണ് ഇന്ത്യയെ നേരിടാൻ ഇറങ്ങുന്നത്. ഘാനക്കെതിരെ കളിയിൽ ഉടനീളം പന്ത് കൈവശം വെച്ചു കളിച്ചെങ്കിലും ഗോൾ നേടാൻ കൊളംബിയക്ക് ആയില്ല. ഇടതു വിങ്ങിൽ കാമ്പസിന്റെ ഒറ്റപ്പെട്ട പ്രകടനം ഒഴിച്ചു നിർത്തിയാൽ കൊളംബിയൻ മുന്നേറ്റം മോശം പ്രകടനമാണ് കാഴ്ചവെച്ചത്.
ഇന്ത്യക്ക് എതിരെ മികച്ച പ്രകടനം കാഴ്ച വെക്കാനാക്കും എന്നാണ് കൊളംബിയയുടെ പ്രതീക്ഷ.
കൊളംബിയക്ക് എതിരെ ഇറങ്ങുന്ന ടീമിൽ വലിയ മാറ്റങ്ങൾക്ക് കോച്ച് നോർട്ടൺ ഡി മറ്റോസ് മുതിരാൻ സാധ്യതയില്ല. ടീമിന്റെ ഫോർമേഷിൽ മാറ്റങ്ങൾക്ക് വരുത്താൻ കോച്ച് തയാറായേക്കും. കഴിഞ്ഞ കളിയിൽ നിന്നും വ്യത്യസ്തമായി കെ. പി രാഹുലിന് പകരം വലതു വിങ് ബാക്കായി ബോറിസ് സിംഗ് ടീമിലെത്തും. ആദ്യ മത്സരത്തിൽ സസ്പെൻഷനിലായിരുന്ന ബോറിസ് സിംഗിന് പകരക്കാരനായിട്ടായിരുന്നു രാഹുൽ ടീമിൽ ഇടം നേടിയത്. കഴിഞ്ഞ മത്സരത്തിൽ രാഹുലിന് കണങ്കാലിനേറ്റ പരിക്കും തിരിച്ചടിയായി. പരിക്കില്ലെങ്കിൽ വലതു വിങായ രാഹുൽ കളിക്കാൻ സാധ്യത ഉണ്ട് . മധ്യനിരയിൽ അഭിജിത്ത് സർക്കാരിന് പകരം അമേരിക്കക്ക് എതിരെ പകരക്കാരനായി ഇറങ്ങിയ നൈരേം ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കും. കഴിഞ്ഞ മത്സരത്തിൽ ക്യാപ്റ്റൻ അമർജിത് കൂടുതൽ പ്രതിരോധമായി കളിച്ചത് ഇന്ത്യയുടെ മുന്നേറ്റങ്ങളെ നന്നായി ബാധിച്ചിരുന്നു. കൊളംബിയക്ക് കൂടുതൽ ആക്രമിച്ചു കളിക്കാനാകും ടീം ശ്രമിക്കുക. പ്രതിരോധ നിരയിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യത ഇല്ല. ബോറിസ് സിംഗ് തിരിച്ചെത്തുന്നത് പ്രതിരോധത്തിന്റെ കരുത്ത് കൂട്ടും. കോമളും മിറ്റിയും ഇരു വിങ്ങുകളിലും അണിനിരക്കുമ്പോൾ നിരോമം മധ്യനിരയിൽ കളി മെനയും. അനികേത് ജാദവായിരിക്കും ഏക സ്ട്രൈക്കർ.
കഴിഞ്ഞ മത്സരത്തിൽ തീർത്തും നിറം മങ്ങിയ കൊളംബിയ ഇന്ത്യക്ക് എതിരെ മികച്ച പ്രകടനം അനിവാര്യമാണ്. കൂടുതൽ സമയം ബോൾ കയ്യിൽ വെച്ച് കളിച്ചിട്ടും ഗോളുകൾ നേടാൻ കഴിയാത്തതാണ് കൊളംബിയയെ അലട്ടുന്ന പ്രധാന പ്രശ്നം. കൂടാതെ വലതു വിങിൽ നിന്നും മികച്ച മുന്നേറ്റം കാഴ്ച വെക്കാത്തതും കൊളംബിയക്ക് തിരിച്ചടിയാണ്. യുവാൻ പെനലോസ, ജമിൻടൻ കാമ്പസ് എന്നിവരില്ലാണ് കൊളംബിയയുടെ മുഴുവൻ പ്രതീക്ഷകളും.
അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ കൊളംബിയ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഇന്ത്യയെ തോൽപ്പിച്ചിരുന്നു.
സാധ്യത ഇലവൻ:
ഇന്ത്യ : ധീരജ് (ഗോൾകീപ്പർ),ബോറിസ്, ജിതേന്ദ്ര, അൻവർ, സ്റ്റാലിൻ, അമർജിത്, സുരേഷ്, കോമൾ, നിരോമം, മീറ്റി, അനികേത്
കൊളംബിയ : മിയർ (ഗോൾ കീപ്പർ), ബലന്റ, ഗുടിയിരീസ്, പെരീയ, ബെന്റൻകർ,ഗോമസ്, പെൻസോല,മെജിയ, കാമ്പസ്, പലാസിയോ,കോർട്ടസ്
മത്സരം രാത്രി എട്ടിന് സോണി ടെൻ 2 , സോണി ടെൻ 3 എന്നീ ചാനലുകളിൽ തത്സമയം സംപ്രേഷണം ചെയ്യും. സോണി ലിവിൽ സ്ട്രീമിംഗ് ചെയ്തും മത്സരം കാണാം
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment