ഇന്ത്യ :
ഇന്ത്യ കാത്തിരിക്കുകയാണ്, ഫിഫ സംഘടിപ്പിക്കുന്ന ഒരു ടൂർണമെന്റിൽ ആദ്യമായി ഇന്ത്യൻ ദേശീയഗാനം മുഴങ്ങുന്നത് കേൾക്കാൻ. ഇനി ഇന്ത്യൻ കായിക ലോകം നീലിമയാർന്ന കുപ്പായത്തിൽ കളിക്കുന്ന ആ കുട്ടികളിലേക്ക് ചുരുങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി. ആദ്യമായി ലോകകപ്പിന് ഇറങ്ങുന്ന ഇന്ത്യക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. നേടാനുള്ളത് പുതുചരിത്രം മാത്രം. 15 ലോകകപ്പിന്റെ പരിചയം സമ്പത്തുള്ള അമേരിക്കയുമായി ഇന്ത്യൻ യങ്ങ് ടൈഗേഴ്സ് പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പോരാട്ടം തീ പാറും.
ഫിഫ സംഘടിപ്പിക്കുന്ന ഒരു ലോകകപ്പിൽ ഇന്ത്യ ആദ്യമായിട്ടാണ് മത്സരിക്കാൻ ഇറങ്ങുന്നത്. ആതിഥേയർ എന്ന ആനുകൂല്യത്തിലാണ് ഇന്ത്യ ടൂർണമെന്റ് യോഗ്യത നേടിയത്. വർഷങ്ങളായി ലോകകപ്പിനായി തയാറെടുപ്പിലാണ് ടീം ഇന്ത്യ.
ഏഷ്യാകപ്പിൽ 2002 ൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചതാണ് ഇന്ത്യൻ ടീമിന് എടുത്തു പറയാവുന്ന നേട്ടം. അമേരിക്കയുമായി ആദ്യ മത്സരത്തിന് ഇറങ്ങുന്ന ടീമിന്റെ ഏറ്റവും വലിയ ശക്തി എന്നത് വിദേശ രാജ്യങ്ങളിൽ നടത്തിയ പര്യടനവും ടൂർണമെന്റുകളിൽ കാഴ്ച വെച്ച പ്രകടനങ്ങളുമാണ്. കൂടാതെ ഒന്ന് രണ്ട് വർഷങ്ങളായി ഒരുമിച്ച് കളിക്കുന്നു എന്നതും ടീമിന് ടൂർണമെന്റുകളിൽ ഉടനീളം ഗുണം ചെയ്യും. പോർച്ചുഗീസുകാരൻ ലൂയിസ് ഡി മറ്റോസാണ് ഇന്ത്യയുടെ തന്ത്രങ്ങൾക്ക് പിന്നിൽ. പോർച്ചുഗലിനെ ദേശീയതലത്തിൽ പ്രതിനിധികരിച്ചിട്ടുള്ള മറ്റോസ് പ്രമുഖ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്ക ബി യെ പരിശീലിപ്പിച്ച അനുഭവ സമ്പത്തുണ്ട്. കളിയെ വളരെ പോസിറ്റീവായി സമീപിക്കുന്ന മറ്റോസ് പരമ്പരാഗത പോർച്ചുഗീസ് ശൈലിയിലാക്കും ടീമിനെ അമേരിക്കക്ക് എതിരെ അണി നിരത്തുക. 4-2-3-1 എന്ന ഫോർമേഷനിൽ പ്രതിരോധത്തിൽ ഊന്നി വിങ്ങുകളിലുടെ മുന്നേറുക എന്ന തന്ത്രമാകും ടീം ഉപയോഗപ്പെടുത്തുക. അഞ്ച് മിഡ്ഫീൽഡേഴ്സിനെ അണി നിരത്തുക വഴി മധ്യനിരയിൽ മേധാവിത്വം ഉറപ്പിക്കാനാകും മറ്റോസ് കണക്ക് കൂട്ടുക. ഇന്ത്യൻ ടീമിൽ ആർക്കും പരിക്കുകൾ ഇല്ല എന്നത് ആശ്വാസകരമാണ്. ഇന്ത്യയുടെ ഭാവി താരങ്ങളായ അഭിജിത് സർക്കാർ, അമർജിത് സിംഗ്, അങ്കിത് ജാവേദ്, റഹീം അലി, കോമൾ തട്ടാൽ എന്നിവരുടെ പ്രകടനമാകും അമേരിക്കക്ക് എതിരായ മത്സരത്തിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് നിറം പകരുക
യൂ എസ് എ :
ഇത് പതിനാറാം തവണയാണ് അമേരിക്ക കൗമാരതാരങ്ങളുടെ ലോകകപ്പിന് ഇറങ്ങുന്നത്. 2013 ൽ മാത്രമാണ് അമേരിക്ക ലോകകപ്പിന് യോഗ്യത നേടാതെ പോയത്. പതിനഞ്ച് ലോകകപ്പിൽ പങ്കെടുത്തെങ്കിലും 1999 ലെ നാലാം സ്ഥാനമാണ് പറയത്തക്ക നേട്ടം. കോൺകകാഫ് അണ്ടർ 17 ടൂർണമെന്റിലെ രണ്ടാം സ്ഥാനക്കാരായാണ് അമേരിക്ക ലോകകപ്പിന് യോഗ്യത നേടിയത്. ഫൈനലിൽ മെക്സിക്കോയോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് അവർ അടിയറവ് പറഞ്ഞത്. അവസാനം ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ഇന്റർനാഷണൽ യൂത്ത് ടൂർണമെന്റിൽ ഐസ് ലാന്റ്, റഷ്യ, ഹംഗറി എന്നിവരെ തകർത്താണ് അമേരിക്ക വരുന്നത്. ജോൺ ഹാക്ക് വെർത്താണ് അമേരിക്കയുടെ തന്ത്രങ്ങൾക്ക് പിന്നിൽ . 2015 മുതൽ അമേരിക്ക അണ്ടർ 17 ടീമിന്റെ കോച്ചാണ് ജോൺ. 4-4-2 ശൈലിലാകും ജോൺ ഇന്ത്യക്ക് എതിരെ ടീമിനെ അണി നിരത്തുക. മധ്യനിരയിലൂടെ കളി മെനഞ്ഞു കളി നിറയുകയും. ശക്തമായ കൗണ്ടർ അറ്റാക്കിലൂടെ ഗോൾ സ്കോറർ ചെയ്യുക എന്ന രീതിയാണ് പൊതുവെ ജോൺ അവലംബിക്കാറുള്ളത്. ടീം വീഗ്, അകിനോള കാർലെട്ടൺ എന്നിവർ ഈ ശൈലിയിൽ കളിക്കാൻ മിടുക്കരാണ്. ജോഷ് സർജൻറ് എന്ന പതിനേഴുകാരനാണ് അമേരിക്കയുടെ തുറപ്പുചീട്ട് . കഴിഞ്ഞ അണ്ടർ 20 ലോകകപ്പിൽ 4 ഗോളുകൾ നേടി ഗോൾ വേട്ടയിൽ രണ്ടാമതായിരുന്നു ജോഷ് സർജന്റ്.
കണക്കുകളിലും പ്രതാപത്തിലും അമേരിക്കക്ക് മുൻതുക്കമുണ്ടെങ്കിലും ഇന്ത്യൻ ടീം അവർക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കാം.
ഒക്ടോബർ ആറിനാണ് രാത്രി ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി ഇന്ത്യൻ യുവ ആദ്യമായി ഫിഫ ടൂർണമെന്റിൽ പന്ത് തട്ടും.മത്സരം വൈകിട്ട് എട്ട് മണിക്ക് സോണി ടെൻ 2 വിൽ തത്സമയം കാണാം.
0 comments:
Post a Comment