അണ്ടർ 17 ലോകകപ്പിലെ കൊച്ചിയിലെ തീപാറും മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. ലാറ്റിൻ അമേരിക്കൻ ചാമ്പ്യന്മാരായ ബ്രസീലും യൂറോപ്പിന്റെ രാജാക്കന്മാരായ സ്പെയിനും തമ്മിൽ കൊമ്പുകോർക്കുന്നതോടെയാണ് കൊച്ചിയിലെ ലോകകപ്പ് ആവേശത്തിന് കൊടിയേറുന്നത്. വൈകിട്ട് അഞ്ചിനാണ് ടൂർണമെന്റിലെ ഗ്ലാമർ പോരാട്ടം. രണ്ടാം മത്സരത്തിൽ നിലവിലെ ലോകകപ്പ് ജേതാക്കളായ നൈജീരിയയെ പുറത്താക്കി ടൂർണമെന്റിനെത്തുന്ന നൈജരും ഏഷ്യൻ ശക്തികളായ വടക്കൻ കൊറിയയും തമ്മിലാണ്. രാത്രി എട്ടിനാണ് മത്സരം.
ലോകകപ്പ് കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന ബ്രസീലും സ്പെയിനും നേർക്കുനേർ വരുമ്പോൾ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പുൽമൈതാനത്തിന് തീ പിടിക്കും എന്ന് ഉറപ്പ്.
സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ഇല്ലാതെയാണ് മുന്ന് തവണ ജേതാക്കളായ ബ്രസീൽ ഇറങ്ങുന്നത്. വിനീഷ്യസിന്റെ അഭാവത്തിൽ അലൻ സൗസയും ലിങ്കൺ കൊറിയയുമാകും ബ്രസീൽ മുന്നേറ്റങ്ങൾ നേതൃത്വം നൽകും. 4-3-3 ശൈലിയിലാകും കാർലോസ് അമാദോ ടീമിനെ അണിനിരത്തുക. മുന്നേറ്റ നിരയും മധ്യനിരയും ശക്തമാണ് എന്നാൽ പ്രതിരോധ നിരയിലെ പാളിച്ചകൾ ബ്രസീലിനെ വല്ലാതെ അലട്ടുന്നുണ്ട്. ക്യാപ്റ്റൻ വിറ്റോവോ ഡാസിൽവയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ബ്രസീലിന് സ്പെയിനെ മറികടക്കാൻ കഴിയുമെന്ന് കോച്ച് കാർലോസ് അമദോ പറഞ്ഞു.
സൂപ്പർ താരം ആബേൽ റസിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന സ്പെയിൻ തികഞ്ഞ ആത്മവിശ്വാസത്തോടെണ് ബ്രസീലിനെ നേരിടാൻ ഇറങ്ങുന്നത്. ബാഴ്സലോണ, റയൽ മാഡ്രിഡ് യൂത്ത് അക്കാദമി താരങ്ങളുമായിട്ടാണ് സ്പെയിൻ ഇന്ത്യയിലെത്തിയിരുന്നത്. കുറിയ പാസുകളിലൂടെ അതിവേഗ ആക്രമണം ഫുട്ബോളാണ് നിറവിൽ സ്പാനിഷ് ടീം പയറ്റുന്നത്. ബാഴ്സലോണ താരങ്ങളിയ ആബേൽ റൂസും സെർജിയോ ഗോമസും എന്നിവരാകും മുന്നേറ്റ നിരയിൽ അണിനിരക്കുക. 4-4-2 ശൈലിയിലാകും സ്പെയിൻ ടീം ഇന്ന് ഇറങ്ങാൻ സാധ്യത. മധ്യനിരയിൽ കളി മെനയാൻ മിടുക്കരായ സ്പെയിന്റെ പ്രധാന ഊർജം റയൽ മാഡ്രിഡ് താരം ബാങ്കോ ആണ്. ആദ്യ മത്സരത്തിൽ ബ്രസീലിനെ തകർത്തു മികച്ച തുടക്കമാണ് സ്പെയിൻ ലക്ഷ്യമിടുന്നത്.
രാത്രി എട്ടിന് തുടങ്ങുന്ന രണ്ടാം മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ നൈജരും വടക്കൻ കൊറിയയും ഏറ്റുമുട്ടും. ആദ്യമായിട്ടാണ് നൈജർ ടൂർണമെന്റിന് യോഗ്യത നേടുന്നത്. ആഫ്രിക്കൻ അണ്ടർ 17 ടൂർണമെന്റിൽ സെമിയിലെത്തിയ പ്രകടനമാണ് നൈജറിനെ ലോകകപ്പിന് യോഗ്യരാക്കിയത്. പ്രതിരോധം തന്നെയാണ് നൈജറിന്റെ കരുത്ത്. വടക്കൻ കൊറിയയും പ്രതിരോധത്തിൽ ഊന്നി കളിക്കുന്ന ടീമാണ്. ഇരുവരും ഏറ്റുമുട്ടുമ്പോൾ കൊച്ചിയിൽ തീ പാറും.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment