ഐ ലീഗിലെ ബോക്സിങ് ഡേ മത്സരത്തിൽ ഷില്ലോങ് ലജോങ്ങിനെ കീഴടക്കി ഇന്ത്യ ആരോസ് ലീഗിലെ രണ്ടാം വിജയം സ്വന്തമാക്കി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇന്ത്യൻ യുവ നിര ഷില്ലോങ് ലജോങ്ങിനെ കീഴടക്കിയത്. ജിതേന്ദ്ര സിംഗ്, നോങ്ഡംബ നൈറോമം, മലയാളി താരം കെ പി രാഹുൽ എന്നിവർ ഇന്ത്യൻ ആരോസിനായി ഗോളുകൾ നേടി.
മലയാളി താരം രാഹുലിനെ ആദ്യ ഇലവനിൽ ഉൾപെടുത്താതെയാണ് ആരോസ് സ്വന്തം തട്ടകത്തിൽ ഷില്ലോങ് ലജോങ്ങിനെ നേരിടാൻ ഇറങ്ങിയത്. തുടക്കത്തിൽ തന്നെ ആരോസ് കളിയുടെ നിയന്ത്രണം കൈയ്യിലെടുത്തു. 18ആം മിനുട്ടിൽ ജിതേന്ദ്രയിലൂടെ ആരോസ് ലീഡ് എടുത്തു.പിന്നീട് ആദ്യ പകുതിയിൽ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാൻ ആയില്ല. രണ്ടാം പകുതിയിൽ ഷില്ലോങ് താരം ലാൽറോഹുലക്ക് ചുവപ്പ് കാർഡ് കിട്ടിയതോടെ കളിയുടെ നിയന്ത്രണം പൂർണമായും ആരോസിന്റെ കൈകളിലായി. 86ആം മിനുട്ടിൽ ഐ ലീഗിലെ ഏറ്റവും മികച്ച ഗോൾ എന്ന വിശേഷിപ്പിക്കാവുന്ന ഗോളിലൂടെ നോങ്ഡംബ നൈറോമം ആരോസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ഷില്ലോങ് ലജോങ്ങ് പ്രതിരോധത്തെ മുഴുവൻ കബളിപ്പിച്ചാണ് നൈറോമം ഗോൾ നേടിയത്. പകരക്കാരനായി ഇറങ്ങിയ രാഹുൽ കളിയുടെ ഇഞ്ചുറി ടൈമിൽ ആരോസിന്റെ മൂന്നാം ഗോൾ നേടി വിജയം ഉറപ്പിച്ചു.
ജയത്തോടെ അഞ്ചു കളികളിൽ നിന്നും ആറ് പോയിന്റുമായി ആറാമതാണ് ഇന്ത്യൻ ആരോസ്
0 comments:
Post a Comment