Sunday, December 3, 2017

കാത്തിരുന്ന ഗോൾ നേടിയിട്ടും ദൗർഭാഗ്യത്തിന്റെ സമനില കുരുക്ക് തകർക്കാൻ സാധിക്കാതെ കേരളാ ബ്ലാസ്റ്റേഴ്‌സ്
സീസണിലെ നേടിയ ആദ്യ ഗോളും വഴങ്ങിയ ആദ്യ ഗോളും. മികച്ച ഫോമിലേക്ക് ബ്ലാസ്റ്റേഴ്‌സ്. ബർബാ മാജിക്ക് കൊച്ചിയിലും. മൂന്നാം മാച്ച് സംഭവ ബഹുലം.
കാത്തിരുന്ന ഗോൾ നേടിയിട്ടും ദൗർഭാഗ്യത്തിന്റെ സമനില കുരുക്ക് തകർക്കാൻ സാധിക്കാതെ കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരം സമനിലയിൽ . 

മാർക്ക് സ്റ്റിഫിനൊസ് എന്ന 20 വയസുകാരന്റെ ബൂട്ടിൽ നിന്നു സീസണിലെ കേരളത്തിന്റെ ആദ്യ ഗോൾ പിറന്ന ഉജ്വലമായ ഒന്നാം പകുതി.   ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ  തളർന്നു കളിച്ച രണ്ടാം പകുതിയിൽ ബൽവന്ത്  സിങ്ങിന്റെ ബൂട്ടിൽ നിന്നു പിറന്ന ഷോട്ടിൽ ആദ്യമായി ബ്ലാസ്റ്റേഴ്‌സ് സീസണിൽ ഒരു ഗോൾ വഴങ്ങുന്നു. ആവേശത്തിന്റെ ആദ്യ പകുതിയും വിനീതിനു റെഡ് കാർഡ് കിട്ടിയ നിരാശയുടെ രണ്ടാം പകുതിയും കഴിഞ്ഞപ്പോൾ കളി വീണ്ടും സമനില. ഇതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ മൂന്നാമത്തെ കളിയുടെ ഏകദേശ ചിത്രം.  ആദ്യ നിമിഷം മുതൽ സുനാമി പോലെ ആഞ്ഞടിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്.സിയെ തികച്ചും നിഷ്പ്രഭരാക്കി കളയുന്ന കാഴ്ച്ച ആയിരുന്നു ആദ്യ പകുതിയിൽ കണ്ടത്. മികച്ച സ്‌പിളിറ്റിംഗ് പാസുകളും നല്ല പ്രസിങ്ങുമായി  കേരളാ താരങ്ങൾ ഹൈ വോൾട്ടെജിൽ ആണ് ആദ്യ പകുതി കളിച്ചത്. ആദ്യ പകുതിയിൽ രണ്ടോ മൂന്നോ ഗോളുകൾ നേടി രണ്ടാം പകുതി കളി മന്തഗതിയിൽ ആക്കി ജയിച്ചു കേറി മൂന്നു പോയിന്റ് സ്വന്തം ആക്കുക എന്നായിരുന്നു കോച്ചിന്റെ തന്ത്രം എന്നു ന്യായമായും അനുമാനിക്കാം. ഏതു ലോകോത്തര ടീം ആണെങ്കിലും 90 മിനിറ്റും അതേ സ്റ്റാമിനയിൽ കളിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യം ആണ്. ഹൈ വോൾട്ടെജിൽ കളക്കുന്ന സമയത്തു ഗോൾ നേടാനായില്ലങ്കിൽ തളർന്നു കഴിഞ്ഞു പിന്നീട് ഗോൾ നേടുക അതീവ ദുഷ്‌ക്കരം ആണ്. അത് തെളിയിച്ച മത്സരമായി ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ ഐ.എസ്.എൽ മത്സരം. ബെർബത്തോവെന്ന  ഇതിഹാസത്തിന്റെ ക്ലാസ് അറിയിച്ച മൽസരം ആയിരുന്നു ഇന്നത്തേത്. തളികയിൽ വെച്ചു കൊടുക്കുന്ന മികച്ച പാസുകളും ആയി ബർബാ എന്നാ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം തന്നിൽ മലയാളികൾ അർപ്പിച്ച പ്രതീക്ഷ കാത്തെങ്കിലും ക്ലിനിക്കൽ ഫിനിഷിങിന്റെ അഭാവം കേരളത്തെ വലച്ചു. സി.കെ വിനീത് കഴിഞ്ഞ രണ്ടു കളികളെ അപേക്ഷിച്ചു തന്റെ സ്വത സിദ്ധമായ ഫോമിലേക്ക് ഉയർന്നെങ്കിലും ഗോളെന്നുറച്ച സുവർണ അവസരങ്ങൾ  നഷ്ട്ടപ്പെടുത്തിയത് ടീമിന് ലഭിക്കേണ്ടിയിരുന്ന വിലപ്പെട്ട മൂന്നു പോയിന്റ്
ആയിരുന്നു . അവസാന നിമിഷം റഫറിയെ ബോക്‌സിൽ വീണു റഫറിയെ കബളിപ്പിക്കാൻ ശ്രമിച്ചു രണ്ടാം മഞ്ഞക്കാർഡോടെ ചുവപ്പ് കണ്ടു പുറത്തു പോകേണ്ടി വന്ന വിനീതിനു അടുത്ത കളിയും കളിക്കാൻ സാധിക്കില്ല എന്നത് ബ്ലാസ്റ്റേഴ്സിനെ കൂടുതൽ സമ്മർദ്ദങ്ങളിലേക്ക്  തള്ളി വിടുന്നു. ഇന്നത്തെ കളിയിൽ മികച്ച ഫിറ്റസ്റ്റ് പ്ലെയർ ആയി തിരഞ്ഞെടുക്കപ്പെട്ട വിനീത് ആയിരുന്നു ബെർബക്കൊപ്പം പലപ്പോഴും ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത്.അസാമാന്യ സേവുകളും ആയി മലയാളികളുടെ പ്രയങ്കരൻ ആയി മാറിയ പോൾ റച്ചുബ്കാ ആണ്  മോമെന്റ്റ് ഓഫ് ദി മാച്ച് അവാർഡ് നേടിയത്. 
മുംബൈ  താരം എവർട്ടന്റെ  മികച്ച ഒരു പ്ലെയിസിങ് തന്റെ കാലു  കൊണ്ട് തടുത്തിട്ടു കേരളത്തെ രക്ഷിച്ചത് തോൽവിയിൽ നിന്നായിരുന്നു.  കഴിഞ്ഞ കളികളിൽ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച 
റിനോ ആന്റോ ഇന്ന് വളരെ മികച്ച രീതിയിൽ ആണ് കളിച്ചത്.  ബ്ളാസ്റ്റേഴ്സിന്റെ ആദ്യ ഗോളിന് പിന്നിലെ പാസ്  റിനോ നടത്തിയ മുന്നേറ്റത്തിന്റെ  ഫലം ആയിരുന്നു. 

ആദ്യ മിനിറ്റ് മുതൽ മുംബൈയെ നിലയുറപ്പിക്കാൻ പോലും അനുവദിക്കാതെ  ആക്രമിച്ച കേരളത്തിനു ഗോൾ സമ്മാനിച്ച ബ്ലാസ്റ്റേഴ്‌സ് മാർക്ക് സിഫ്‌നോസ് ഗോൾ നേടി ഫോം കണ്ടെത്താതെ ഉഴലുന്ന ഇയാൻ ഹ്യൂമിനു പകരം തന്നെ ഇറക്കിയ കോച്ചിന്റെ തീരുമാനം ശരിയെന്നു തെളിയിച്ചു. മികച്ച  പ്രകടനമായിരുന്നു മാർക്ക് സിഫ്‌നോസിന്റേത്. ബെർബെറ്റോവിന്റെ മികച്ചൊരു ത്രൂ പാസിൽ നിന്ന് മലയാളി താരം റിനോ ആന്റോ നൽകിയ മനോഹരമായ പാസ് സിഫ്‌നോസ്  ഗോളിക്ക് യാതൊരു അവസരവും നൽകാതെ ഗോളാക്കിയ രീതി ലോകോത്തരം ആയിരുന്നു.. നിരവധി അനവധി അവസരങ്ങൾ കളഞ്ഞു കുളിച്ച കരേജ് പെക്കുസനെ പോലെയും ഫോം ഔട്ട് ആയ ഹ്യൂമേട്ടനും ഒക്കെ ചുരുക്കം ചിലർ നിരാശപ്പെടുത്തി എങ്കിലും ഇന്നത്തെ കളി ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരുപാട് പ്രതീക്ഷ നൽകുന്നു. മുംബൈയുടെ ഏക ഗോൾ നേടി മൽസരം സമനിലയിൽ ആക്കിയ ബെൽവന്ത് സിങ് ആണ് കളിയിലെ ഹീറോ  ആയി തിരഞ്ഞെടുക്കപ്പെട്ടത്.

ഓരോ കളിയും കഴിയുന്തോറും മെച്ചപ്പെട്ട കളി കാഴ്ചവെക്കുന്ന ബ്ലാസ്റ്റേഴ്‌സ് ഇന്നത്തെ കളിയിലും സമനില കൊണ്ടു തൃപ്തിപെട്ടെങ്കിലും മികച്ച രീതിയിൽ കളിക്കാൻ സാധിക്കുമെന്ന് ഫാൻസിനെ ബോധ്യപ്പെടുത്തിയ  മത്സരം കൂടിയായിരുന്നു ഇത്. 

അടുത്ത കളി ഗോവയുമായി എവേ മാച്ചാണ്. എന്ത് വില കൊടുത്തും ജയിക്കുക എന്നത് തന്നെയാകും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമാക്കുക. മൂന്നു കളിയിൽ നിന്നും വെറും മൂന്നു പോയിന്റ് മാത്രം ഉള്ള ബ്ലാസ്റ്റേഴ്സിന് ലീഗ് കിരീടം എന്ന സ്വപ്നം നിലനിർത്താൻ വിജയം അനിവാര്യമാണ്.

0 comments:

Post a Comment

Blog Archive

Labels

Followers