Tuesday, December 5, 2017

ഐ ലീഗ് : ഇന്ത്യൻ ആരോസിന് ഇന്ന് രണ്ടാമങ്കം



തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടു ഇന്ത്യൻ യുവ നിര ഇന്ന് ഐ ലീഗിലെ രണ്ടാം മത്സരത്തിന് ഇറങ്ങും. കരുത്തരായ മിനർവ്വ പഞ്ചാബാണ് ഇന്ത്യൻ ആരോസിന്റെ എതിരാളികൾ. രാത്രി എട്ടിന് ഗോവയിലെ ജി.എം.സി അത്ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം.


അണ്ടർ 17 ടീമിലെ താരങ്ങൾ അണിനിരക്കുന്ന ഇന്ത്യൻ ആരോസ് ആദ്യ മത്സരത്തിൽ ആദ്യ മത്സരത്തിൽ തന്നെ മിന്നുന്ന വിജയമാണ് സ്വന്തമാക്കിയത്. ചെന്നൈ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യൻ യുവ നിര കെട്ടുകെട്ടിച്ചത്. മികച്ച വേഗവും താരങ്ങൾ തമ്മിലുള്ള ഒത്തിണക്കവുമാണ് ആരോസിന്റെ ശക്തി. കഴിഞ്ഞ കളിയിലെ താരം അനികേത് ജാദവും അണ്ടർ 19 താരം എഡ്മുണ്ടുമാകും ആരോസിന്റെ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുക. മധ്യനിരയിൽ മലയാളി താരം രാഹുലും ലോകകപ്പിൽ ഗോൾ നേടിയ ജെക്സണും സുരേഷ് സിങ്ങുമാകും കളിമെനയുക. പ്രതിരോധത്തിൽ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത സ്റ്റാലിൻ-ജിതേന്ദ്ര-അൻവർ - ബോറിസ് സഖ്യം തുടരും.



ടൂർണ്ണമെന്റിൽ മികച്ച ഫോമിലാണ് മിനർവ്വ പഞ്ചാബ്. രണ്ടു കളികളിൽ നിന്നും  നാലു പോയിന്റുമായി രണ്ടാമതാണ് അവർ. ഭൂട്ടാനീസ് റൊണോൾഡോ എന്നിറയപ്പെടുന്ന ചെഞ്ചോയുടെ മികച്ച ഫോമാണ് മിനർവ്വയുടെ കരുത്ത്. കഴിഞ്ഞ മത്സരത്തിൽ നെരോക്ക എഫ് സിയോട് ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് മിനർവ്വ പഞ്ചാബ് ശക്തമായ തിരിച്ചു വരവീലൂടെ വിജയം കൈപിടിയിലാക്കിയത്. ഐവറി കോസ്റ്റ് താരം ലെഗോ ബൈ, അഭിഷേക്,വില്ല്യം,മഹേഷ് കോസല എന്നിവരും മികച്ച പ്രകടനം പുറത്തെടുക്കുന്നത് മിനർവ്വയുടെ ആത്മവിശ്വാസം കൂട്ടുന്നു.

മത്സരം രാത്രി എട്ടു മണിമുതൽ സ്റ്റാർ സ്പോർട്സ് 2ലും സ്റ്റാർ സ്പോർട്സ് എച്ച്.ഡി 2വിലും ഹോട്ട് സ്റ്റാറിലും തത്സമയം സംപ്രേക്ഷണം ചെയ്യും.

0 comments:

Post a Comment

Blog Archive

Labels

Followers