Sunday, July 23, 2017

ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ മനസ്സറിഞ്ഞു മാനേജ്‌മെന്റ്



മികച്ച ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം പതിപ്പിന് സജ്ജരായി. സി കെ വിനീതിനെയും സന്ദേശ് ജിങ്കനെയും പ്രശാന്തിനെയും നിലനിർത്തി പ്രതീക്ഷയേകിയ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സന്തുലിതമായ ടീമിനെയാണ് ഡ്രാഫ്റ്റിലൂടെ തിരഞ്ഞെടുത്തത്.

മുംബൈയിലെ സെന്റ് റെഗിസ് ഹോട്ടലിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം പതിപ്പിന്റെ ഡ്രാഫ്റ്റിൽ നിന്നും ഒരു പിടി മികച്ച താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. മലയാളി താരം റിനോ ആന്റോ, ഇന്ത്യൻ ദേശീയ താരം ജാക്കിചന്ദ് സിംഗ്, മധ്യനിര താരം മിലാൻ സിംഗ്, ജപ്പാനീസ് വംശജനായ അരാട്ട ഇസുമി എന്നിവയാണ് യെല്ലോ ആർമി സ്വന്തമാക്കിയ പ്രമുഖർ.

മൂന്നാം റൗണ്ട് മുതൽ ഡ്രാഫ്റ്റിൽ പങ്കെടുത്ത ബ്ലാസ്റ്റേഴ്സിന് അവസാന അവസരമാണ് ലഭിച്ചത്. മൂന്നാം റൗണ്ടിൽ മലയാളിയായ റിനോ ആന്റോയെ(63 ലക്ഷം) ജിങ്കനു കൂട്ടായി ടീമിലെത്തിച്ചും. കഴിഞ്ഞ വർഷവും റിനോ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായത്തിൽ കളിച്ചിരുന്നു. ഡ്രാഫ്റ്റിലൂടെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ വിലയേറിയ താരവും റിനോ തന്നെയാണ്.

നാലാം റൗണ്ടിൽ ബ്ലാസ്റ്റേഴ്സ്  ഇന്ത്യയുടെ അണ്ടർ 23 ടീം ക്യാപ്റ്റൻ ലാൽറുതാരയെ സ്വന്തമാക്കി. അഞ്ച്, ആറ് റൗണ്ടുകളിൽ യഥാക്രമം യുവ താരം മിലാൻ സിംഗ്, ജപ്പാനീസ് വംശജനായ വെറ്ററൻ താരം അരാട്ട ഇസുമി എന്നിവരെ ബ്ലാസ്റ്റേഴ്സ് സ്വന്തം പാളയത്തിലെത്തിച്ചു. ഏഴാം റൗണ്ടിൽ മുൻ എഫ് സി ഗോവ ഗോൾ കീപ്പറും ആദ്യ സീസണിൽ വിജയികളായ എ ടി കെ യുടെ വല കാത്ത സുഭാഷിഷ് റോയ് ചൗധരിയെ സ്വന്തമാക്കി. വരും സീസണികളിൽ സുഭാഷിഷ് റോയ് ചൗധരി ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പോസ്റ്റിന് മുന്നിലുണ്ടാകും

എട്ടാം റൗണ്ടിൽ ബ്ലാസ്റ്റേഴ്സ് ഇന്ത്യയിലെ മികച്ച മധ്യനിര താരമായ ജാക്കിചന്ദ് സിംഗിനെ 55 ലക്ഷം രൂപക്ക്  കുടെകൂട്ടി. പിന്നീടുള്ള റൗണ്ടുകളിൽ സിയാം ഹംഗൽ, പ്രീതം കുമാർ സിംഗ് , ലാൽതാകിമ,സാമുവൽ ഷദപ് എന്നിവരെയാണ് സ്വന്തമാക്കിയത്. അവസാന റൗണ്ടുകളിൽ ലോകെൻ മെയ്റ്റയ്, കരൺ സാഹ്നി, കൊച്ചി നിർമല കോളേജ് വിദ്യാർത്ഥിയായ അജിത് ശിവൻ എന്നിവരെ കൂടെ ടീമിലെത്തിച്ചു.

ഇന്ത്യയിലെ മികച്ച മധ്യനിര താരങ്ങളെയും പ്രതിരോധ താരങ്ങളെയും സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സിന് മുൻ നിരയിൽ മികച്ച താരങ്ങളെ സ്വന്തമാക്കാനായില്ല. അതുകൊണ്ട് വിദേശ താരങ്ങളെ മുന്നേറ്റ നിരയിൽ ഉൾപ്പെടുത്തേണ്ടി വരും.


സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്

0 comments:

Post a Comment

Blog Archive

Labels

Followers