Tuesday, February 27, 2018

ഫുട്ബോളിലെ ചൈനീസ് വിപ്ലവം




ലോകം ഇന്നുവരെ കാണാത്തൊരു വിപ്ലത്തിന് ഒരുങ്ങുകയാണ് ചൈന, ആരെയും മോഹിപ്പിക്കുന്ന ഫുട്ബോൾ വിപ്ലവത്തിന്. ലോകജനസംഖ്യയിൽ ഒന്നാം സ്ഥാനക്കാരായ ജനത ലോക ഫുട്ബോളിന്‍റെ അമരത്ത് എത്താനുള്ള വിപ്ലവം. ഇതിന് നേതൃത്വം നൽകുന്നതാവട്ടെ സാക്ഷാൽ ചൈനീസ് പ്രസിഡന്‍റ് ഷിൻ ജിൻ പിംഗും.


മിഷൻ 2050


കളിത്തട്ടിലെ ഉന്നംപിഴയ്ക്കാത്ത ഷോട്ടുകൾ പോലെയുള്ള പദ്ധതികളുമായാണ്  ചൈന ഫുട്ബോൾ ലോകം കീഴടക്കാനൊരുങ്ങുന്നത്-. ഇതിനായി വേൾഡ് ഫുട്ബോൾ സൂപ്പർ പവർ -2050 എന്ന പ്രത്യേക മാർഗരേഖയും പുറത്തിറക്കി-. . 50 നിർദേശങ്ങൾ അടങ്ങിയ മൂന്ന് ഘട്ടങ്ങളാണ് മാർഗരേഖയിലുള്ളത്. ഒന്നാം ഘട്ടത്തിൽ ഫുട്ബോളിന്‍റെ പ്രചാരവും അടിസ്ഥാന സൗകര്യ വികസനവും. ഏഷ്യയിലെ ഒന്നാം നന്പർ ടീമാവുക എന്നതാണ് 2030 പൂർത്തിയാവുന്ന രണ്ടാം ഘട്ടത്തിന്‍റെ ലക്ഷ്യം. 2050 പദ്ധതി മൂന്നാം ഘട്ടം പൂർത്തിയാവുന്പോൾ  ലോക ഫുട്ബോളിലെ സൂപ്പർ ശക്തിയാവുമെന്നാണ് ചൈനയുടെ പ്രതീക്ഷ. കടലാസിൽ ഒതുങ്ങുന്നതല്ല, മാർഗരേഖ. നിർദേശങ്ങൾ കർശനമായി നടപ്പാക്കാനുള്ള കാര്യങ്ങളും ഇതിൽ വ്യക്തമാക്കുന്നു.


കളിയും കളിത്തട്ടും കളിക്കാരും


ചൈനയുടെ ഏറ്റവും വലിയസന്പത്താണ് ജനസംഖ്യ. കരുത്ത് ഫുട്ബോളിലേക്ക് സന്നിവേശിപ്പിക്കുക എന്നതാണ് ആദ്യകടന്പ. തുടക്കം സ്കൂൾ കുട്ടികളിൽ നിന്ന്സ്കൂളുകളിലെ പ്രധാനകായിക വിനോദം ഫുട്ബോളായിരിക്കും. 2020 ആകുന്പോഴേക്കും മൂന്ന് കോടി സ്കൂൾ കുട്ടികളും രണ്ട് കോടി യുവാക്കളും പദ്ധതിയുടെ ഭാഗമായി പരിശീലനത്തിന്‍റെ ഭാഗമാവും. ഇവർക്കായി നാലു വർഷത്തിനിടെ നിർമിക്കുക ഇരുപതിനായിരം ഫുട്ബോൾ അക്കാഡമികളും ഏഴുപതിനായിരും സ്റ്റേഡിയങ്ങളും. പതിനായിരം പരിശീലകരെയും വാർത്തെടുക്കും. 2020  ഡിസംബർ 31നകം ആദ്യഘട്ടം പൂർത്തീകരിക്കണമെന്നാണ് മാർഗരേഖ നിർദേശം.


ഏഷ്യ പിടിക്കാൻ


ഒളിംപിക്സിൽ കൈവരിച്ച അസൂയാവഹമായ നേട്ടം ഫുട്ബോളിലും ആവർത്തിക്കാമെന്നാണ് ചൈനയുടെ പ്രതീക്ഷ. ഇത് മുന്നിൽ കണ്ടാണ് ഒരുക്കങ്ങളെല്ലാം. അയൽക്കാരായ ജപ്പാന്‍റെയും ദക്ഷിണ കൊറിയയുടെയും മുന്നേറ്റവും  ചൈനയ്ക്ക് ആവേശം പകരുന്നു. ഫിഫ റാങ്കിംഗിൽ എൺപത്തിയൊന്നാം സ്ഥാനത്താണ് ചൈന. ഏഷ്യൻ റാങ്കിംഗിൽ ഏഴാം സ്ഥാനത്തും. ലോകകപ്പിൽ കളിച്ചത് ഒറ്റത്തവണ, 2002. ഒറ്റഗോൾ പോലും നേടാനാവാതെ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് മടങ്ങി. 2004 ഏഷ്യൻ കപ്പിലെ ഫൈനൽ കളിച്ചതിൽ ഒതുങ്ങുന്നു വൻകരയിലെ നേട്ടം. ഇത്തവണത്തെ ലോകകപ്പ് യോഗ്യതാ റൗണ്ടിലും തിരിച്ചടി നേരിട്ടു. പശ്ചാത്തലത്തിലാണ് പുതിയ ചുവടുവയ്പ്.  2030ലാണ് പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാവുക. ഇതിന് മുൻപ് ഏഷ്യയിലെ ഒന്നാം നന്പർ ടീമാവുക എന്നതാണ് ലക്ഷ്യം.


പദ്ധതിയിൽ പ്രാദേശിക ഭരണകൂടത്തിന് നിർണായക പങ്കാണുള്ളത്. ഓരോ പ്രദേശിക ഭരണകൂടവും അധികാര പരിധിയിൽ ചുരുങ്ങിയത് രണ്ട് സന്പൂർണ സ്റ്റേഡിയം നിർമിച്ചിരിക്കണം. നഗരങ്ങളിലെ പുതിയ ഫ്ലാറ്റ് സമുച്ചയങ്ങളിൽ അഞ്ച് പേരടങ്ങിയ ടീമുകൾക്ക് കളിക്കാവുന്ന കളിത്തട്ടുകൾ നിർമിക്കണമെന്നും നിർബന്ധം. സ്കൂളുകളിലും അക്കാഡമികളിലും ശാസ്ത്രീയ പരിശീലനം ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.


ഫുട്ബോൾ വിപണി


കളിത്തട്ടിൽ മാത്രമല്ല, ഇക്കാലയളവിൽ തന്നെ സ്പോർട്സ് ഉൽപന്ന നിർമാണ വിപണിയിലും ചൈന മുന്നേറ്റം പ്രതീക്ഷിക്കുന്നു. നൈക്കിക്കും അഡിഡാസിനും ഒപ്പം നിൽക്കുന്ന ലോകോത്തര ബ്രാൻഡ് വികസിപ്പിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. നിലവിൽ ചൈനയിലുള്ള ലി നിംഗ് പോലുള്ള കന്പനികൾക്ക് ഇത് അസാധ്യമല്ലെന്നാണ് വിലയിരുത്തൽ. പതിനഞ്ച് വർഷത്തിനകം ലി നിംഗ് നൈക്കിക്കൊപ്പം എത്തുമെന്ന് പ്രവചിക്കുന്നവർ കുറവല്ല. ഇതോടൊപ്പം രാജ്യാന്തര സ്പോർട്സ് കാംപസുകളുടെ വികസനവും ഉന്നംവയ്ക്കുന്നു.


ഫുട്ബോൾ നയതന്ത്രം


ഫുട്ബോളിലൂടെ വിവിധ രാജ്യങ്ങളുമായി നയതന്ത്ര^വാണിജ്യ ബന്ധങ്ങളും പദ്ധതിയുടെ ഭാഗമാണ്. 2007 കോസ്റ്റാറിക്കയിൽ ചൈന നിർമിച്ച സ്റ്റേഡിയം ഇതിന് ഉദാഹരണംചൈനയുടെ പ്രതിയോഗിയായ തായ്‍വാനായിരുന്നു കോസ്റ്റാറിക്കയിലെ നിർമാണ പ്രവർത്തനങ്ങളിൽ പ്രധാനമായും സഹകരിച്ചിരുന്നത്. തായ്‍വാനെ ഒഴിവാക്കി ചൈന കരാറുകൾ സ്വന്തമാക്കി. കോസ്റ്റാറിക്കൻ തലസ്ഥാന നഗരിയായ സാൻ ജോസിൽ 35,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിന്‍റെ നിർമാണം പൂർത്തിയായപ്പോൾ ചൈനയുടെ ഖജനാവിലേക്ക് എത്തിയത് 100 ദശലക്ഷം ഡോളർ. ഇതിലൂടെയുള്ള തൊഴിലവസരങ്ങൾ വേറെ. 2010 ആഫ്രിക്കൻ നേഷൻസ് കപ്പിന് ആതിഥേയരാവാൻ അംഗോളയെ സഹായിച്ചത് ചൈന. ഇപ്പോൾ ചൈനയ്ക്ക് എണ്ണനൽകുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്രോതസ്സുമായി അംഗോള. മറ്റ് രാജ്യങ്ങളുമായും ഇതേരീതിയിലുള്ള ബന്ധം ചൈന കണ്ണുവയ്ക്കുന്നു.


സൂപ്പറാവുന്ന സൂപ്പർ ലീഗ്


2004 തുടക്കമില്ല ചൈനീസ് സൂപ്പർ ലീഗിന്‍റെ വളർച്ചയും പ്രചാരവുമാണ് പുതിയ പദ്ധതികളുടെ ആധാരം. 12 ടീമുകളുമായി തുടങ്ങിയ ലീഗ് വൻ വിജയമാണ്. ആരാധകർ ആർത്തിരന്പിയപ്പോൾ ടീമുകളുടെ എണ്ണം പതിനാറാക്കി ഉയർത്തി. സീസണിൽ ക്ലബുകൾ താരങ്ങളെ സ്വന്തമാക്കാനായി മുടക്കിയ തുക ആരെയും ഞെട്ടിക്കുന്നതാണ്;  300 ദശലക്ഷം ഡോളർ. ലോകത്തിലെ ഏറ്റവും ജനപ്രിയ പോരാട്ട വേദിയായ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുടക്കിയതിനേക്കാളും വലിയ തുക. റോബീഞ്ഞോ, പൗളീഞ്ഞോ, റെനാറ്റോ അഗസ്റ്റോ, എസേക്വിൽ ലാവേസി, അലക്സ്ടെയ്ക്സേരിയ, ജാക്സിൻ മാർട്ടിനസ് തുടങ്ങിയ ലാറ്റിനമേരിക്കൻ താരങ്ങൾ ചൈനീസ് സൂപ്പർ ലീഗിന്‍റെ ഭാഗമായിക്കഴിഞ്ഞു. ലൂയി ഫിലിപ് സ്കൊളാരി, സ്വൻ ഗോരാൻ എറിക്സൻ തുടങ്ങിയ ലോകോത്തര പരിശീലകരും ലീഗിന് സ്വന്തം. രാജ്യത്തെ കോടീശ്വരൻമാരെ ആകർഷിച്ചാണ് ചൈന സൂപ്പർ ലീഗ് സൂപ്പറാക്കുന്നത്. മാത്രമല്ല, ചൈനീസ് കോടീശ്വരൻമാർ യൂറോപ്യൻ ക്ലബുകളിലും മുതൽ മുടക്കാൻ തുടങ്ങിയിരിക്കുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ 13 ശതമാനം ഓഹരി ചൈനീസ് മുതലാളിമാരുടെ കൈകളിലാണ്. അത്‍ലറ്റിക്കോ മാഡ്രിഡും എസ്പാനിയോളും ഫ്രാൻസിലെ ക്ലബുകളിലും ഓഹരി സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണിപ്പോൾ ചൈനീസ് കോടീശ്വരൻമാർ.


ലോക കിരീടത്തിനായി


പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടം വിജയകരമായി പൂർത്തിയാവുന്പോഴേക്കും ലോകകപ്പ് എന്ന സ്വപ്നത്തിലേക്കാണ് ചൈന പന്ത് നീട്ടിയടിക്കുന്നത്. 2050 അവസാന ഘട്ടം പൂർത്തിയാവും മുൻപ് ലോകകപ്പിന്  വേദിയാവാൻ ചൈന സജ്ജമാവും. മാത്രമല്ല, കിരീടവും  സ്വപ്നം കാണുന്നു. ഇതിനുള്ള ചവിട്ടുപടികളാണ് ചൈനീസ് പ്രസിഡന്‍റ് നേരിട്ട് മേൽനോട്ടം വഹിക്കുന്ന  വേൾഡ് ഫുട്ബോൾ സൂപ്പർ പവർ -2050 ഉള്ളത്


@Credits -Sanil Sha (Just Football Fb Group) 

0 comments:

Post a Comment

Blog Archive

Labels

Followers