Tuesday, February 27, 2018

കേരളപോലീസിന്റെ വന്മതിൽ : കുരികേശ് മാത്യു




കേരള ഫുട്ബോളിന്‍റെ സുവര്‍ണ്ണ കാലഘട്ടം എന്ന് പറയുന്നത് തൊണ്ണൂറുകള്‍ തന്നെയാണെന്ന് നിസംശയം പറയാം.അന്ന് പന്ത് കളിയില്‍ കഴിവ് തെളിയിച്ചവര്‍ തന്നെയാണ് ഇന്നും നമ്മുടെ മനസുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ആ പഴയ താരങ്ങളുടെ സ്ഥാനത്തേക്ക് ഒരു പുതിയ താരവും ഇത് വരെ മനസ്സില്‍ ഇടം പിടിചിട്ടുമില്ല. കാരണം അവരുടെ കളിയോടുള്ള അര്‍പ്പണബോധം തന്നെയായിരുന്നു  മികച്ചു നിന്നിരുന്നത്.അത് കൊണ്ട് തന്നെ ജീവനുള്ള കാലത്തോളം ആ പേരുകള്‍ ഒന്നും മനസ്സില്‍ നിന്ന് പോകുകയുമില്ല.അത്രമേല്‍ ഉറച്ചു പോയി ആ പേരുകള്‍...

കേരള ഫുട്ബോള്‍ എന്ന് പറയുമ്പോള്‍ തന്നെ ആദ്യം മനസ്സില്‍ വരുന്നത് കേരള പോലീസും അത് പോലെ അതിലെ കളിക്കാരുടെ പേരുകളുമാണ് .  പാപ്പച്ചന്‍,ചാക്കോ, കുരികേഷ് മാത്യൂ ,തോബിയാസ് , വിജയന്‍,ലിസ്ട്ടന്‍, രാജേന്ദ്രന്‍, കലാധരന്‍,സത്യന്‍,ഫ്രാന്‍സിസ് ഇഗ്നേഷ്യസ്, ഷറഫലി, അല്ക്ക്സ് എബ്രഹാം,രവീന്ദ്രന്‍, രമേശ്‌,തോമസ്‌ സേവിയര്‍ എന്നിവരൊകേരള പോലീസ് താരങ്ങളും, തോമസ്‌ സെബാസ്സ്റ്റിന്‍ ടൈറ്റാനിയം, ചെറിയാന്‍ പെരുമാലി KSRTC എന്നുമൊക്കെയായിരുന്നു. അതില്‍ ഒരു കൂട്ടം മികച്ച കളിക്കാര്‍ എന്നാ നിലയില്‍ പോലീസ് തന്നെയായിരുന്നു മുന്നില്‍.പക്ഷെ ഇവരുടെ കൂട്ടത്തില്‍ പാപ്പാച്ചന്‍ എന്ന താരത്തെ തന്നെയാണ് കൂടുതല്‍ ഇഷ്ട്ടം. ഇന്ത്യയില്‍ ഇന്ന് വരെ കണ്ടതില്‍ വെച്ച് അന്താരാഷ്‌ട്ര നിലവാരമുള്ള ഒരേയൊരു താരം.അത് നമ്മുടെ പാപച്ചനു മാത്രം സ്വന്തം. ദൈവം കനിഞ്ഞു കൊടുത്ത അനുഗ്രഹം പോലെ തന്നെയായിരുന്നു അദേഹത്തിന്റെ കളിക്കളത്തിലെ ചുവടുകള്‍. നൃത്ത ചുവടുകള്‍ എന്ന് തന്നെ പറയാം.

ഞാന്‍ ഇന്ന് നിങ്ങള്‍ പരിചയപെടുത്താന്‍ പോകുന്നത് നമ്മുടെ മനസ്സില്‍ എല്ലാം ഇടം നേടിയ ഒരു മികച്ച താരത്തെയാണ്.കേരളത്തിന്‍റെ, കേരള പോലീസിന്‍റെ പ്രതിരോധം ഒരു പാട് വര്ഷം കാത്തു സൂക്ഷിച്ച കുരികേഷ് മാത്യൂ എന്ന താരത്തെയാണ് ഇന്ന് നിങ്ങളുടെ മുന്നിലേക്ക്‌ കൊണ്ട് വരുന്നത്.കേരള ഫുട്ബോളിനെ പ്രണയിക്കുന്ന ആര്‍ക്കും ഈ പേരുക്കാരനെ പെട്ടന്ന് മറക്കാന്‍ സാധിക്കില്ല. അത്രയേറെ നമ്മുടെ മനസ്സില്‍ പതിഞ്ഞു പോയ ഒരു പേരും കൂടിയാണ് കുരികേഷ് മാത്യൂ എന്നുള്ളത്.

കൊട്ടാരക്കരയിലെ കിഴക്കേ തെരുവ് എന്ന സ്ഥലത്ത് നിന്നുമാണ് കുരികേഷ് മാത്യൂ എന്ന കളിക്കാരന്‍ കേരള ഫുട്ബോള്‍ ഭൂപടത്തിലേക്ക് എത്തുന്നത്‌. അവിടെയുള്ള സെയിന്‍റ് മേരീസ് ഹൈസ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വൈകുന്നേരങ്ങളില്‍ സ്ക്കൂളില്‍ നിന്നുള്ള തിരിച്ചു വരവില്‍ കല്‍പ്പൊടി പാതകളില്‍ പന്ത് കളിച്ചായിരുന്നു ഫുട്ബോളിലെ ആദ്യ പാഠങ്ങള്‍ ആരംഭിച്ചത്.അവിടെ നിന്നും ഫുട്ബോളാണ് തന്‍റെ എല്ലാം എന്ന തിരിച്ചറിവിലൂടെയയിരുന്നു പിന്നീട് മുന്നോട്ടുള്ള ഓരോ പടികളും ഇദേഹം ചവിട്ടി കയറിയത്. ആദ്യ പടി എന്നുള്ളത് ഒരു സ്പോര്‍ട്സ് ഹോസ്റ്റല്‍  സംവിധാനത്തിലേക്ക് മാറുക എന്നുള്ളതായിരുന്നു. അങ്ങിനെയെങ്കില്‍ കുറെ കൂടി ഫുട്ബോളിനെ ഗൌരവമായി എടുക്കാന്‍ സാധിക്കും എന്നുള്ളത് കൊണ്ടായിരുന്നു സ്പോര്‍ട്സ് കൌണ്‍സിലിന്റെ സ്പോര്‍ട്സ് ഹോസ്റ്റല്‍ ഓപണ്‍ തിരഞ്ഞെടുപ്പിന് കുരികേഷ് മാത്യൂ ഏഴാം ക്ലാസിനു ശേഷം ഇറങ്ങുന്നത്. ആ തിരഞ്ഞെടുപ്പില്‍  വിജയിക്കുകയും, തിരുവനതപുരത്ത് നടന്ന ഫൈനല്‍ തിരഞ്ഞെടുപ്പിലൂടെ ഒരു സീറ്റ് ഉറപ്പികുകയായിരുന്നു. അങ്ങിനെയാണ് ചങ്ങനാശ്ശേരി NSS ബോയ്സ് ഹൈസ്ക്കൂളില്‍ എത്തുന്നത്‌. അവിടെ നിന്നും ഫുട്ബോളിനെ ഗൌരവമായി കണ്ടു തുടങ്ങുകയായിരുന്നു.മികച്ച പരിശീലനം കിട്ടിയതിലൂടെ കളിക്കാരനിലെ മികവു കൂടുകയായിരുന്നു. അങ്ങിനെ സംസ്ഥാന സ്ക്കൂള്‍ ടീമിലേക്ക് സ്ഥാനം കിട്ടുന്നു. അവിടെ വെച്ച് തന്നെ രണ്ടു വര്ഷം സംസ്ഥാന സബ് ജൂനിയര്‍ ടീമിലും സ്ഥാനം ഉറപ്പിക്കുന്നു. ആ സ്ക്കൂളിലേക്ക് ഒരു താരം കൂടി വരികയായിരുന്നു. നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനായ KT ചാക്കോ. പക്ഷെ ഒരു വെത്യാസമുണ്ട് അവിടെ ചാക്കോ വരുന്നത് ഒരു വോളിബോള്‍ കളിക്കാരനായിട്ടായിരുന്നു. അങ്ങിനെ അവിടെ കുരികേഷ് ഫുട്ബോളും ,ചാക്കോ വോളിബോളും കളിച്ചു മുന്നോട്ടു പോകുന്നു. കുരികേഷ് മാത്യൂ പത്താം ക്ലാസ് കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ആ സ്ക്കൂളിലൂടെ ഒരു ഗോള്‍ കീപ്പറിന്റെ ഉദയം തുടങ്ങുകയായിരുന്നു.ചാക്കോയുടെ പൊക്കം തന്നെയായിരുന്നു സ്പോര്‍ട്സ് ഹോസ്റ്റല്‍  ഫുട്ബോള്‍ കോച്ചിനെ ആകര്‍ഷിച്ചതും.അങ്ങിനെ വോളിബോളില്‍ നിന്നും കേരളം കണ്ടതില്‍ വെച്ച് ഏറ്റവും മിടുക്കനായ ഒരു ഗോള്‍ കീപ്പര്‍ പിറവിയെടുക്കുകയായിരുന്നു.



  വീണ്ടും ഞാന്‍ കാര്യത്തിലേക്ക് എത്തുന്നു. അങ്ങിനെ തുടര്‍ച്ചയായ രണ്ടു വര്‍ഷം സംസ്ഥാന സബ് ജൂനിയര്‍  ടീമില്‍ കളിച്ച കുരികേഷ് മാത്യൂ രണ്ടാം വര്‍ഷം ക്യാപ്റ്റനുമാകുന്നു. മദ്രാസില്‍ നടന്ന സബ് ജൂനിയര്‍ ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിച്ചത് തമിഴ് നാട് സ്വദേശിയായ ജാനകി റാം ആയിരുന്നു. ചരിത്രത്തില്‍ ആദ്യമായി കേരളം ദേശീയ സബ്  ജൂനിയര്‍ കിരീടവും സ്വന്തമാകുന്നു. അതും നമ്മുടെ കുരികേഷ് മാത്യുവിന്‍റെ ക്യാപ്പ്ട്ടന്‍സിയില്‍. പത്താം ക്ലാസ് വിദ്യഭ്യാസം കഴിഞ്ഞതിനു ശേഷം നേരെ പോയത് MES മമ്പാട് കോളേജിലെക്കായിരുന്നു. മലപുറം പോലുള്ള മണ്ണിലെ ഫുട്ബോളിന്‍റെ സാധ്യതകള്‍ പരമാവധി പ്രയോജനപെടുതാന്‍ തന്നെയായിരുന്നു ആ നീക്കവും. അങ്ങിനെ പ്രീ ഡിഗ്രി വിദ്യാഭ്യസം അവിടെ ആരംഭിക്കുന്നു.അതും ഒരു സ്പോര്‍ട്സ്അ ഹോസ്റ്റല്‍ തിരഞ്ഞെടുപ്പിലൂടെയയിരുന്നു. അവിടെ കോഴിക്കോട് സര്‍വകലാശാല കളിക്കുക എന്നുള്ളത്  വിദൂര സ്വപ്നം മാത്രമായിരുന്നു. അന്ന് കോഴിക്കോട് സര്‍വകലാശാല മികച്ച താരങ്ങളെ കൊണ്ട് സമ്പന്നമായിരുന്നു,അത് കൊണ്ട് തന്നെ ആ ടീമിലേക്ക് എത്തിപെടുക എന്നുള്ളത് ബാലികേറാ മാലയുമായിരുന്നു.ഗോപി,പോള്‍സണ്‍,അഷ്‌റഫ്‌ K,സലാം,പ്രദീപ്‌ പൈ പോലുള്ള ഇനിയും എഴുതാന്‍ പേര് വിട്ടുപോയ ഒരു പാടി താരങ്ങള്‍ കൊണ്ട് അന്ന് ആ ടീമിലേക്ക് അടുക്കുക എനുള്ളത്‌ കടുത്ത വെല്ലുവിളി തന്നെയായിരുന്നു. ശ്രമിച്ചു നോക്കിയെങ്കിലും കോഴിക്കോട് സര്‍വകലാശാല കുപ്പായം ഒരു പ്രാവശ്യം പോലും അണിയാന്‍ കുരികേഷ് മാത്യൂവിനു സാധിച്ചില്ല.

പ്രീ ഡിഗ്രി വിദ്യാഭ്യാസത്തിനു ശേഷവും മലപുറം വിട്ടു പോകാന്‍ കൂട്ടാക്കിയില്ല. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളെ ഫുട്ബോള്‍ സാധ്യതകള്‍ വീണ്ടും പ്രതീക്ഷ കൂട്ടി.അങ്ങിനെ മലപുറം  സോക്കറില്‍  ഒരു കളിക്കാരനായി മാറുന്നു. അവിടെ ലീഗ് മത്സരങ്ങളും കളിച്ചു മുന്നോട്ടു. അതിനിടയില്‍ ജൂനിയര്‍ സംസ്ഥാന താരവുമാകുന്നു.അതില്‍ പ്രോമിസിംഗ് പ്ലെയര്‍ അവാര്‍ഡും സ്വന്തമാക്കുന്നു. അങ്ങിനെയിരിക്കെയാണ്‌ ലക്കി സ്റ്റാര്‍ കണ്ണൂരില്‍ നിന്നും ഒരു വിളി വരുന്നത്.അങ്ങിനെ മലപുറത്ത് നിന്നും കണ്ണൂരിലേക്ക്. വി പി സത്യന്‍, മോഹന്‍,ഗിരീഷന്‍,അബ്ദുള്ള എന്നീ താരങ്ങളുടെ കൂടെ കുരികേഷ് മാത്യൂവും ആ ടീമിന്‍റെ ഭാഗമായി മാറുന്നു. ആ വര്‍ഷം കേരള സംസ്ഥാന കിരീടമായ കൌമുദി ട്രോഫി എടുത്തു കൊണ്ടാണ് ലക്കിസ്റ്റാര്‍ അവരുടെ മികവ തെളിയിച്ചത്. എം എം ജേക്കബ് നയിച്ച സെന്‍ട്രല്‍ എക്ക്സൈസ് ടീമിനെ കീഴടക്കിയാണ് കിരീടം സ്വന്തമാക്കുന്നത്. പ്രതിരോധത്തില്‍ സത്യന്‍ ,കുരികേഷ് മാത്യൂ എന്നിവര്‍ കരുത്തു കാണിച്ച ഒരു ഫൈനല്‍ കൂടിയായിരുന്നു അത്. 

കണ്ണൂര്‍ കുരികേഷ് എന്ന താരത്തെ കൈവിട്ടില്ല. അവിടെ കെല്‍ട്രോണില്‍ സ്ഥിരം ജോലി കിട്ടുന്നു. ട്രിച്ചിയില്‍ നടന്ന ഒരു ഫൈനലില്‍ കേരള പൊലീസിനെതിരെ നടത്തിയ പ്രകടനമാണ് പിന്നീട് ഇദേഹത്തെ പോലീസില്‍ എത്തിക്കുന്നത്.അന്ന് DGPയായിരുന്നു ജോസഫ്‌ സാര്‍ തന്നെയായിരുന്നു ഇതിനു പിന്നിലും. സാത്യന്‍ ആ സമയത്ത് കേരള പോലീസില്‍ ആയിരുന്നു. സത്യനെ വിട്ടാണ് ജോസഫ്‌ സാര്‍ കുരികേഷിനെ പോലീസിലേക്ക് വിളിപ്പിക്കുന്നത്. 

രണ്ടു വാക്ക് ജോസഫ്‌ സാറിനെ കുറിച്ച്....

കേരള പോലീസിനു നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം ഈ DGPക്ക് അവകാശപെട്ടതാണ്. അദേഹത്തിന്റെ ഫുട്ബോള്‍ ഭ്രാന്ത് തന്നെയായിരുന്നു അതിനു കാരണം. കേരളത്തില്‍ എവിടെയെങ്കിലും ആരെങ്കിലും നന്നായി കളിക്കുന്നു എന്നറിഞ്ഞാല്‍ ഉടനെ അടുത്ത സ്റ്റേഷനില്‍ നിന്നും ആള്‍ ആ കളിക്കാരനെ തപ്പി ഇറങ്ങുകയായി. ആ കളിക്കാരനെ പിന്നെ ടീമിന്‍റെ കൂടെ നിര്‍ത്തുക എന്നുള്ളതും ജോസഫ്‌ സാര്‍ ചെയ്യുമായിരുന്നു. ഇന്ത്യ കണ്ട മികച്ച താരമായ വിജയനെ ചെറിയ പ്രായത്തിലെ കണ്ടെത്തിയതും ഇദേഹമായിരുന്നു. ജോലി കൊടുക്കുന്നതിനു മുന്നേ തന്നെ രണ്ടു വര്‍ഷത്തോളം പോലീസ് ടീമിന്‍റെ ഒപ്പം വിജയനെ നിര്‍ത്തിയിട്ടുമുണ്ട് ജോസഫ്‌ സാര്‍. DGP ആയിരുന്നെങ്കില്‍ പോലും എല്ലാ ദിവസം കൃത്യമായി കളിക്കാരുടെ കാര്യങ്ങള്‍ നേരിട്ട് അന്വേഷിക്കുമായിരുന്നു. ഒരു കുറവും വരുത്താതെ തന്നെയാണ് ആ ടീമിനെ അദേഹം വളത്തി എടുത്തു മലയാളികളുടെ അഭിമാനമാക്കി മാറ്റിയതും.

ASI ആയിട്ടായിരുന്നു പോലീസിലേക്ക് എത്തുന്നത്‌. സത്യന്‍,രാജേന്ദ്രന്‍, കലാധരന്‍,ഷറഫലി, ലിസ്ട്ടന്‍, തോബിയാസ്  തുടങ്ങിയ താരങ്ങളായിരുന്നു അന്ന് ടീമില്‍ ഉണ്ടായിരുന്നത്. കുരികേഷ് മാത്യൂ ആ ടീമിലെത്തുന്ന കാലത്ത് ടീം മോശം അവസ്ഥയിലായിരുന്നു. തുടര്‍ച്ചയായ തോല്‍വി ടീമിന്‍റെ ആത്മവിശ്വാസം കെടുത്തിയിരുന്നു.അവസാന പോലീസ് ടീമിന്‍റെ മത്സരം എന്ന നിലയ്ക്കാണ് കോട്ടയത്ത്‌ മാമന്‍ മാപ്പിള കളിക്കാന്‍ പോകുന്നത്.കരുത്തരായ JCTയെ കീഴടക്കിയാണ് കേരള പോലീസ് കിരീടം നേടിയത്. അതൊരു ശക്തമായ തിരിച്ചു വരവായിരുന്നു പോലീസ് ടീമിന്റെത്. ജോസഫ്‌ സാറിന്‍റെ വലിയ ഒരു ആഗ്രഹമായിരുന്നു ദേശീയ പോലീസ് ഫുട്ബോള്‍ ഗെയിംസ് കിരീടം. പല പ്രാവശ്യം കൈവിട്ടു പോയ ഒന്നുമായിരുന്നു ആ കിരീടം. അങ്ങിനെ ആ കിരീടം നേടാനായി ഒരിക്കല്‍ കൂടി കേരള പോലീസ് കുരികേഷ് മാത്യൂ എന്ന ക്യാപ്പ്റ്റന്‍റെ നേത്രത്വത്തില്‍ ഡല്‍ഹിയിലേക്കു വണ്ടി കയറുന്നു. BSFനെ തകര്‍ത്ത് ചരിത്രത്തില്‍ ആദ്യമായി കിരീടവും നേടുന്നു.ജോസഫ്‌ സാറിനു കൊടുക്കാന്‍ കളിക്കാര്‍ ഒരുക്കിയ ഒരു സമ്മാനം എന്ന് പറയുന്നതാവും ശരി. 

തുടര്‍ച്ചയായ പത്തു വര്‍ഷം സന്തോഷ്‌ ട്രോഫി കളിച്ചിട്ടുണ്ട് കുരികേഷ് മാത്യൂ.85 മുതല്‍ 98വരെ പോലീസ് ടീമിന്‍റെ ആദ്യ പതിനൊന്നില്‍ സ്ഥാനവും നേടിയിട്ടുണ്ട്. പുതു തലമുറ കളിക്കാര്‍ക്ക്‌ കണ്ടു പഠിക്കാവുന്നതാണ് ഈ അര്‍പ്പണ ബോധം. ജോലി കിട്ടി കഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ കളി നിര്‍ത്തുന്ന ഒരു പാട് താരങ്ങളുള്ള നമ്മുടെ മണ്ണിലാണ് ഒരാള്‍ തുടര്‍ച്ചയായി പതിമൂന്നു വര്ഷം ആദ്യ പതിനൊന്നില്‍ സ്ഥാനം പിടിക്കുന്നത്‌.കുരികേഷ് മാത്യൂ ക്യാപ്റ്റനായ 1993ലായിരുന്നു കേരളം വീണ്ടും കൊച്ചിയില്‍ സന്തോഷ്‌ ട്രോഫി ഉയര്‍ത്തിയത്‌. അത് പോലെ 1990ലെ ഫെഡറേഷന്‍ കപ്പു കിരീടവും. ആദ്യമായിട്ടായിരുന്നു ഒരു കേരള ടീം   ഫെഡറേഷന്‍ കപ്പു ഉയര്‍ത്തുന്നത് തന്നെ.

ശരീരം തന്നെയായിരുന്നു ഇദേഹത്തിന്റെ കളത്തിലെ ശക്തി. സ്ലൈഡിംഗ് ടാക്ക്ലിംഗ്ന്‍റെ ആശാന്‍.ശരീരം ഉപയോഗിച്ച് ചാര്‍ജു ചെയ്യുന്നതില്‍ മിടുക്കന്‍. ടാക്ക്ലിംഗ് സമയത്തെ ടൈമിംഗ്, പവര്‍ഫുള്‍ ഹെഡിംഗ്  ഇതൊക്കെ തന്നെയായിരുന്നു  കുരികേഷ് മാത്യൂവിനെ മറ്റു കളിക്കാരില്‍ നിന്നും വെത്യസ്തനാക്കുന്നത്.

കുരികേഷ് മാത്യൂ കാല്‍പന്തു കളിയിലൂടെ നേടിയ എല്ലാ നേട്ടങ്ങള്‍ക്കും നന്ദി പറയുന്നത് പരിശീലകരോടാണ്. ജോസഫ്‌, രഞ്ജി കെ ജേക്കബ്, ഭരതന്‍, ശ്രീധരന്‍, ചാത്തുണ്ണി, ജാഫര്‍ എന്നിവരയോക്കെ തന്നെയാണ് അദേഹം ഇന്നും നെഞ്ചില്‍ കൊണ്ട് നടക്കുന്നതും.

ഇന്ത്യ കളിക്കാന്‍ സാധിച്ചില്ല എന്നുള്ളതൊഴിച്ചാല്‍ കേരളം കണ്ടതില്‍ മിടുക്കരായ കളിക്കാരില്‍ ഒരാള്‍. ഇന്ത്യന്‍ പോലീസ് ടീമില്‍ അംഗമായിരുന്നു ഒരു വര്ഷം. പക്ഷെ ഈ ചെറിയ  നഷ്ട്ടതിനിടയിലും സന്തോഷിക്കാന്‍ ഒരു പാടുണ്ട്. ആദ്യ സബ് ജൂനിയര്‍ കിരീടം, ആദ്യ ദേശീയ പോലീസ് കിരീടം, കേരള ക്ലബ്ബിന്‍റെ ആദ്യ  ഫെഡറേഷന്‍ കപ്പു കിരീടം ഇതെല്ലാം സ്വന്തം ക്യാപ്റ്റന്‍സിയിലായിരുന്നു എന്നുള്ളത് തന്നെയാണ് ഇദേഹത്തിന്റെ സന്തോഷത്തിനു മധുരം കൂട്ടുന്നത്‌.

ഇപ്പോള്‍ മലപുറം MSPയില്‍ ഡപ്യൂട്ടി
കമാണ്ടന്‍റ്.ഭാര്യ രണ്ടു കുട്ടികള്‍ അടങ്ങുന്ന കുടുബവുമായി സുഖമായി കഴിയുന്നു.മകള്‍ ഇപ്പോള്‍ ബാന്ഗ്ലൂരില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നു.മകന്‍ അണ്ടര്‍ 19 കേരള ക്രിക്കറ്റ് താരമായിരുന്നു. Btec  കമ്പ്യൂട്ടര്‍ സയന്‍സ്   വിദ്യാര്‍ഥി കൂടിയാണ്.

ആശംസകള്‍ സാര്‍.....
@Credits- Nirmal Khan (Just Football FB Group)

0 comments:

Post a Comment

Blog Archive

Labels

Followers