പ്രിയപ്പെട്ട സത്യേട്ടന്,
താങ്കളുടെ ജീവിതം ആസ്പദമാക്കി ഒരു സിനിമ ഇവിടെ ഇറങ്ങിയിട്ടുണ്ട്.. 'ക്യാപ്റ്റൻ' എന്നാണ് പേര്.അങ്ങയുടെ ചെറുപ്പകാലം മുതലുള്ള വളർച്ച, കളിക്കളങ്ങളിലെ പ്രകടനങ്ങൾ, ട്രോഫികൾ ഇതൊക്കെ പ്രതീക്ഷിച്ചു എത്തിയ ഞങ്ങളെ ഞെട്ടിക്കുന്ന ഒരു സിനിമയായിരുന്നു.. ജീവിതത്തിൽ ഇന്നേവരെ ഒരു സ്കൂൾ ടീമിനോ ലോക്കൽ സെവൻസ് ടീമിനോ പോലും കളിക്കാത്ത എന്നാൽ കടുത്ത ഫുട്ബോൾ പ്രാന്തനായ എന്നെ ആദ്യം വിസ്മയിപ്പിച്ചത് സിദ്ധിക്ക് എന്ന നടൻ അവതരിപ്പിച്ച മലപ്പുറത്തെ കാക്കയായിരുന്നു. അയാളിൽ ഞാൻ എന്നെത്തന്നെ കണ്ടു.. ഞങ്ങളിൽ പലരെയും കണ്ടു.. താങ്കളുടെ ഫുട്ബോൾ പ്രണയം, ടീമിനോടുള്ള ആത്മാർത്ഥത, പരിക്ക് പോലും അവഗണിച്ചു കളിക്കാൻ ഇറങ്ങുന്ന ആത്മവിശ്വാസം.. എല്ലാം ജയസൂര്യ എന്ന നടൻ സ്‌ക്രീനിൽ ജീവിച്ചു കാണിച്ചു. പക്ഷെ ഞങ്ങൾ കണ്ടത് ജയസൂര്യയെ ആയിരുന്നില്ല. ഞങ്ങളുടെ ക്യാപ്റ്റനെ ആയിരുന്നു.. കളിക്കളത്തിന് പുറത്തെ കളികൾ, അങ്ങനുഭവിച്ച,അനിതേച്ചിഅനുഭവിച്ച ശാരീരിക മാനസിക വേദനകൾ മനസ്സിനെ ഇപ്പോഴും കൊത്തിവലിക്കുന്നു..ദൃശ്യങ്ങൾക്കൊപ്പം ഗോപി സുന്ദർ എന്ന മാന്ത്രികന്റെ ബിജിഎം എടുത്തു പറയേണ്ട ഒന്നായിരുന്നു.ഈ ചിത്രത്തിനായി വളരെയേറെ അധ്വാനിച്ച തിരക്കഥാകൃത്തിനും സംവിധായകനും നിർമ്മാതാവിനും എല്ലാ അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി പറയണം..അങ്ങും അനിതേച്ചിയും അനുഭവിച്ച മാനസിക പിരിമുറുക്കങ്ങൾ,ശരീരത്തിനേറ്റ പരിക്ക് അങ്ങയുടെ മനസ്സിനെ തളർത്തുന്നത് എല്ലാം ഒരു ഫുട്ബോൾ പ്രേമിയെ വികാരാധീനനാക്കുന്നതാണ്..അഭിനയിച്ച ഒരാൾ പോലും മോശമാക്കിയിട്ടില്ല.. മലയാളത്തിലെ ആദ്യത്തെ സ്പോർട്സ് ബയോപിക് മൂവിയിൽ അങ്ങയുടെ ജീവിതം തന്നെ അവിസ്മരണീയമാക്കിയതിന് എല്ലാവരോടും നന്ദി പറയുന്നു..
ഒരു കാര്യം കൂടി ചോദിച്ചോട്ടെ സത്യേട്ടാ.. നിങ്ങളുടെ മാനസികാവസ്ഥ ഉൾകൊണ്ടുതന്നെ.. ആ തീരുമാനം ഒഴിവാക്കാമായിരുന്നില്ലേ..നിങ്ങളെ കണ്ടിട്ടില്ലെങ്കിൽ പോലും കേട്ടറിഞ്ഞു മനസ്സിൽ പ്രതിഷ്ഠിച്ച എന്നെപ്പോലെ ഒരുപാട് പേർ ഇവിടെ ഉണ്ടായിരുന്നു..താങ്കളുടെ വിയോഗം കേരളത്തിലെ ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്കും യുവതാരങ്ങൾക്കും തീരാനഷ്ടം തന്നെ..
അനശ്വരതയിൽ ഒരിക്കലും അവസാനിക്കാത്ത കളിക്കായ് ബൂട്ടുകെട്ടിയിറങ്ങിയ ഞങ്ങളുടെ ക്യാപ്റ്റനെ ഞങ്ങൾ സല്യൂട്ട് ചെയ്യുന്നു..
ഒത്തിരി ആവേശത്തോടെ ഇത്തിരി നൊമ്പരത്തോടെ..
ഒരു ഫുട്ബോൾ ആരാധകൻ ..
Wowww👏🏽👏🏽
ReplyDelete