പ്ലസ് വണ്ണിൽ പഠിക്കുന്ന കാലത്താണ്, ഒരു വികാരമെന്ന പോലെ വിവ കേരള വരുന്നത്. വിവ കേരളയുടെ ആദ്യ കാലം തൊട്ടേ എന്റെ സ്കൂൾ സീനിയർ ആയിരുന്ന ചിലരുടെ സാന്നിധ്യം കൊണ്ട് ഈ ടീമിനെക്കുറിച്ച് ഒരുപാട് കേട്ടിരുന്നു. പിന്നീട് വിവ കേരള വളർന്ന് വലുതായി. എത്രത്തോളം വളർന്നൂന്ന് ചോദിച്ചാ , കോഴിക്കോട് സ്റ്റേഡിയത്തിൽ കളിക്കാൻ മാത്രം വളർന്നു!
ഇതിന് മുൻപ് എസ് ബി ടി കളിക്കുന്ന കാലത്താണ് ഇവിടെ സ്റ്റേഡിയം തുറന്ന് കണ്ടത്, അന്നൊക്കെ തൃശൂർ, പെരുമ്പിലാവില് ഹോസ്റ്റലിൽ പഠിക്കായതോണ്ട് ഒരൊറ്റ കളിയും കാണാൻ കഴിഞ്ഞിട്ടില്ല. കാക്കമാര് വന്ന് ഓരോ കളീനെ പറ്റിയൊക്കെ പറയുന്നത് കേട്ടിരിക്കും.
ചെറുപ്പം തൊട്ടേ വളാഞ്ചേരിലുള്ള ഉമ്മാന്റെ വീട്ടീന്ന്, കുറ്റിയാടി ഉള്ള വീട്ടിലേക്ക് പോവുമ്പോ, ബസിൽ നിന്ന് തലയിട്ട് നോക്കും, എന്നിട്ട് ഇങ്ങനെ കാണും, കോഴിക്കോട് കോര്പറേഷൻ സ്റ്റേഡിയം.
നാലാം ക്ലാസിൽ പഠിക്കുന്ന കാലത്ത്, (ക്ലാസ് കണക്കാണ് ഓർമ, എന്തെന്നാൽ, ഹോസ്റ്റലിൽ പോണതിന്റെ മുൻപത്തെ കൊല്ലം ഇത്, ഹോസ്റ്റലിൽ നിന്ന് വന്ന ആദ്യത്തെ കൊല്ലം വിവ കേരള) ഒരു ദിവസം മഗ്‌രിബ് നിസ്കാരം കഴിഞ്ഞ നേരത്ത്, ഇക്കാക്ക , കയ്യിൽ ഒരു സാധനം മുറുക്കി അടച്ച് പിടിച്ച് ഓടി വീട്ടിലേക്ക് കേറി വന്നു. "ആർക്കെങ്കിലും വേണോ വേണോ " എന്നിങ്ങനെ ഉറക്കെ ചോദിച്ചു. എല്ലാരും എന്താണ് എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നെങ്കിൽ ഞാനൊന്നും നോക്കാണ്ട് കയ്യിൽ കേറി പിടിച്ചു.
അന്നേരം കാക്ക പറഞ്ഞു, "ആസിഫ് സഹീറിനെ തൊട്ട കയ്യാണ് , അത് ഇനിക്ക് കിട്ടീ" ന്ന്. ഇങ്ങനെയാണ് നമ്മിൽ ഇതൊരു വികാരമായി കടന്നുകൂടുന്നത് എന്നോർത്തതാണ്.
അങ്ങനെ വിവ കേരളന്റെ കളി തുടങ്ങിയപ്പോൾ എല്ലാ ദിവസവും കളി കാണാൻ പോവും, ഇടക്ക് ആരൊക്കെയോ തരുന്ന ഫ്രീ ടിക്കറ്റുകളും, പിന്നെ ഉമ്മ തരുന്ന പൈസോണ്ടും.
ഫ്ലഡ് ലൈറ്റ് കേടായി നിർത്തി വെക്കുന്ന കളികളും മാറ്റിക്കളിക്കുന്ന കളികളുമൊക്കെയായി എല്ലാ കളികളും കണ്ടു. കൂട്ടത്തിലൊരിക്കൽ ഗോളടിച്ച ആഹ്ലാദത്തിൽ വേലിക്കപ്പുറം ചാടി കടന്ന് ബാബാ തുണ്ട എന്ന സ്വപ്ന താരത്തെ കെട്ടിപ്പിടിച്ചു. അങ്ങനെ വിവ കേരള അസ്തമിച്ചതോടെ അങ്ങോട്ട് കയറിയിട്ടില്ല. ഇന്ത്യൻ ഫുട്ബോൾ ലീഗിൽ മലബാറിൽ നിന്നൊരു ടീമില്ലല്ലോ എന്നത് എന്നും സങ്കടായി നിന്നു. ഓരോ തവണ സ്റ്റേഡിയത്തിന്റടുത്തു എത്തുമ്പോഴും, ബാബാ തുണ്ടയും ബെല്ലോ റസാക്കും ഒക്കെ ഓർമയിൽ വന്നു. നാഗ്ജി ട്രോഫിയുട സമയത്തും കേരളത്തിൽ ഇല്ലാത്തതിനാൽ പോവാൻ കഴിഞ്ഞില്ല.
അങ്ങനെയാണ് ഒരു പാട് കൊല്ലം കഴിഞ്ഞു, ഗോകുലം കേരള വരുന്നത്. കോഴിക്കോട് വീണ്ടും ഫുട്ബോൾ വരുന്നത്, ഐ എസ് എല്ലും ബ്ലാസ്റ്റേഴ്സും വന്നപ്പോളും, മലബാറുകാരന് സ്വന്തമെന്ന് പറയാൻ, അവർ കണ്ടു പരിചയിച്ച താരങ്ങളെ കാണാൻ, അവര് പരിചയിച്ച കാൽപ്പന്ത് കളി കാണാൻ, അവര് പരിചയിച്ച രീതിയിൽ കളികൾ കാണുന്ന കാണികളെ കാണാൻ , അവരുടെ റഹ്‌മാനിക്കയും, അവരുടെ ആസിഫ് സഹീറും , അവരുടെ വിജയേട്ടന്റേയുമൊക്കെ പദ ചലനങ്ങൾ പതിഞ്ഞ, അവരെ സ്നേഹിച്ച , അവര് സ്നേഹിച്ച പുല്തകിടികൾ , മലബാരികൾക്കു അന്യം നിന്നു. അത് കൊണ്ടാണ് ആദ്യ മത്സരത്തിന്റെ അന്ന് തന്നെ കോഴിക്കോട് സ്റ്റേഡിയത്തിൽ പാഞ്ഞെത്തിയത്, ഞാനൊറ്റക്കല്ല, ഇരുപത്തയ്യായിരത്തിൽ അധികം ആളുകൾ അവിടെയെത്തിയത്. പിന്നീട് ടീമിനേറ്റ പരാജയങ്ങളും നട്ടുച്ച നേരത്തെ കളിയുമൊക്കെ ആളെണ്ണം കുറച്ചിരിക്കാം.
എന്നാൽ പ്രിയ കോഴിക്കോട്ടുകാരേ, ഫുട്ബോൾ ആരാധകരെ, നമ്മുടെ ടീം വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകകളായാണ്. നമ്മൾ വരവേൽക്കാൻ ചെന്നേ മതിയാവൂ, നമ്മുടെയൊക്കെ ഉപ്പാപ്പാമാര് മുതൽ നെഞ്ചോടു ചേർത്ത, ഇന്ത്യൻ ഫുട്ബാളിന്റെ മഹാ ചരിതങ്ങളുറങ്ങുന്ന, ഈ കോഴിക്കോട്ടെ സ്റ്റേഡിയം ഇനിയും അടഞ്ഞു കിടക്കാൻ പാടില്ല, അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ, നാം തന്നെ തീരുമാനിക്കണം. ഒന്ന് മാത്രമോർത്തു നോക്കൂ, ഐ ലീഗിന്റെ ഭാവി പോലും നിശ്ചയമില്ലാത്ത സാഹചര്യത്തിൽ, ഒരു പക്ഷെ ഇത് നമ്മുടെ സ്റ്റേഡിയത്തിലെ അവസാന മത്സരമായാൽ? സെവൻസ് മേളകൾ കയ്യാങ്കളികളാകുന്ന സമയത്ത്, ജനങ്ങളുടെ ഐ ലീഗിൽ നിന്നും മുതലാളിമാരുടെ സൂപ്പർ ലീഗുകളിലേക്ക് നമ്മുടെ ഫുട്ബോൾ സ്വപ്‌നങ്ങൾ മാറിക്കൊണ്ടിരിക്കുന്ന
സമയത്ത്, കോഴിക്കോട് ഒരു ടീമുണ്ടായിരിക്കെ അതിന് അർഹിക്കുന്ന പിന്തുണ നൽകാതിരിക്കുക എന്നത് ഒരു ഫുട്ബോൾ ആരാധകൻ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്.
സത്യേട്ടന്റെ ജീവിത ചിത്രത്തിൽ നായകൻ പറയുന്നുണ്ടല്ലോ, മാറി നിൽക്കുന്നവരെ മറന്നു കളയുന്ന അവസ്ഥയെക്കുറിച്ച്. ഈ ഒരു ഗോകുലം എഫ് സി നമ്മിൽ നിന്ന് മാറി നിൽക്കാൻ നാം അനുവദിക്കരുത്, നാം വിജയം ചോദിച്ചപ്പോൾ ഈ സംഘം നമുക്ക് വിജയം തന്നു, ഇനി നമുക്ക് പിന്തുണ തിരിച്ചു നൽകാം, ഈ അവസാന മത്സരത്തിലെങ്കിലും.
വീണ്ടും വരിക, മാർച് ആറിന്, എട്ടു മണിക്ക്, മോഹൻ ബഗാനെ നേരിടുമ്പോൾ, ഗോകുലം കേരളക്ക്, മലബാരിയന്സിന്, പിന്തുണയുമായി, നമുക്ക് നമ്മുടെ ഫുട്ബോൾ ഓർമകളിൽ, ആവേശങ്ങളിൽ, അലിഞ്ഞു ചേരാം.
- Faseeh Ahmad EK
0 comments:
Post a Comment