അണ്ടർ 15 ഐ ലീഗിൽ ശക്തരായ ബെംഗളൂരു എഫ് സിയെ എം എസ് പി ഫുട്ബോൾ അക്കാദമി സമനിലയിൽ തളച്ചു. അണ്ടർ 15 ഐ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബെംഗളൂരു എഫ് സിയെ 1-1 എന്ന സ്കോറിനാണ് എം എസ് പിയിലെ ചുണക്കുട്ടികൾ സമനിലയിൽ തളച്ചത്. 9ആം മിനുട്ടിൽ തന്നെ എം എസ് പി ലീഡ് നേടി. ക്യാപ്റ്റൻ അജയ് കൃഷ്ണനാണ് എം എസ് പിക്കായി ഗോൾ നേടിയത്. ആദ്യ പകുതി ഗോൾ വഴങ്ങാതെ പിടിച്ചു നിൽക്കാൻ എം എസ് പിക്കായി. എന്നാൽ 68ആം മിനുട്ടിൽ ലിങ്തോയിലൂടെ ബെംഗളൂരു എഫ് സി സമനില പിടിച്ചു. ശക്തരായ ബെംഗളൂരു എഫ് സിയെ സമനിലയിൽ തളയ്ക്കാൻ സാധിച്ചത് എം എസ് പിക്ക് വരും മത്സരങ്ങളിൽ ഊർജ്ജമാകും. കേരളത്തിൽ എം എസ് പി ഫുട്ബോൾ അക്കാദമി മാത്രമാണ് ഫൈനൽ റൗണ്ടിന് യോഗ്യത നേടിയത്. 16 ടീമുകൾ പങ്കെടുക്കുന്ന ഫൈനൽ റൗണ്ട് 4 ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരങ്ങൾ. ഗ്രൂപ്പ് എയിൽ എം എസ് പി, ബെംഗളൂരു എഫ് സി എന്നിവരെ കൂടാതെ സായ് ഗുവാഹത്തി, എഫ് സി ഗോവ എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർക്ക് സെമി ഫൈനലിലേക്ക് മുന്നേറാം.
ബുധനാഴ്ച വൈകിട്ട് 3.45 ന് എഫ് സി ഗോവക്ക് എതിരെയാണ് എം എസ് പിയുടെ അടുത്ത മത്സരം.
0 comments:
Post a Comment