സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത റൗണ്ട് മത്സരത്തിൽ കേരളത്തിന് വൻജയത്തോടെ തുടക്കം. ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് കേരളത്തിന്റെ ചുണക്കുട്ടികൾ കീഴടക്കിയത്. കളിയുടെ തുടക്കം മുതൽ തന്നെ കേരളം കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. അതിന്റെ ഫലമായി നാലാം മിനുട്ടിൽ തന്നെ കേരളം ആദ്യ ഗോൾ കുറിച്ചു. ജിതിൻ തോമസ് നൽകി ക്രോസ് ഗോളിയെ നിഷ്പ്രഭമാക്കി സജിത്ത് പൗലോസ് കേരളത്തിന്റെ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചു. തുടർന്നും ആന്ധ്ര ഗോൾ മുഖം ലക്ഷ്യമാക്കി കേരളം ആക്രമണങ്ങൾ നടത്തി. അതിന് ഫലവും കണ്ടും വലതുവിങ്ങിൽ നിന്നും അഫ്ദൽ നൽകിയ ക്രോസ് വലയിലെത്തിച്ചു കെ പി രാഹുൽ കേരളത്തിന്റെ ഗോൾ നേട്ടം രണ്ടാക്കി ഉയർത്തി. ഇടവേളയ്ക്കു പിരിയും മുമ്പ് ആന്ധ്ര താരം സിങ്കംപള്ളി വിനോദിന്റെ ദാനഗോളിൽ കേരളം ലീഡ് മൂന്നാക്കി ഉയർത്തി.
രണ്ടാം പകുതിയിലും കേരളം ഗോൾ വേട്ട തുടർന്നു. അണ്ടർ 21 താരങ്ങളുടെ നീക്കത്തിൽ നിന്നുമായിരുന്നു കേരളത്തിന്റെ നാലാം ഗോൾ. ബോക്സിന് അടുത്തു നിന്ന് രാഹുൽ കെ പി നൽകിയ പാസ് വലയിലെത്തിച്ച് ജിതിൻ എം എസ് കേരളത്തിന്റെ നാലാം ഗോൾ സ്വന്തം പേരിൽ കുറിച്ചു. വിപിൻ തോമസ് ഫ്രീ കിക്ക് വലയിലാക്കി കേരളത്തിന്റെ ഗോൾ നേട്ടം അഞ്ചാക്കി ഉയർത്തി. പിന്നീട് രണ്ടു തവണ അഫ്ദൽ ആന്ധ്ര ഗോൾ വല കുലുക്കി. രണ്ടു ഗോളിനും മുഹമ്മദ് ഷരീഫാണ് വഴിയൊരുക്കിയത്. ജയത്തോടെ കേരളം ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ്. 22 ന് നടക്കുന്ന മത്സരത്തിൽ തമിഴ്നാടിനെ കീഴടക്കിയാൽ കേരളത്തിന് ഫൈനൽ റൗണ്ടിലേക്ക് മുന്നേറാം.
0 comments:
Post a Comment