Sunday, July 8, 2018

ഇന്ത്യ വേൾഡ് കപ്പ് കളിക്കുമോ?




 ഓരോ നാല് കൊല്ലവും ഫിഫ വേൾഡ് കപ്പ് എത്തുമ്പോൾ മാത്രം ചോദിക്കപ്പെടുന്ന ഒരു ചോദ്യം, വേൾഡ് കപ്പ് കഴിയുന്നതോട് കൂടി എല്ലാവരും സൗകര്യാർത്ഥം മറക്കുകയും ചെയ്യുന്ന ഒരു ചോദ്യം. എന്നാൽ സമീപ കാലത്തായി ചിലരെങ്കിലും ഈ ചോദ്യത്തെ കാര്യമായി എടുത്തു തുടങ്ങിയിരിക്കുന്നു. പക്ഷെ എല്ലാവർക്കും കണ്ണടച്ച് തുറക്കുമ്പോഴേക്കും ഇന്ത്യയെ വേൾഡ് കപ്പിൽ കാണണം, പൂപറിക്കുന്ന ലാഘവത്തോടെയാണ് പലരും വേൾഡ് കപ്പ് യോഗ്യതയെ കാണുന്നത്. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഒരു കായിക വിനോദമാണ് ഫുട്ബോൾ, ലോകകപ്പിനായി ഫിഫയിൽ മെമ്പർമാരായ 211  രാജ്യങ്ങൾ നേരിട്ട് യോഗ്യത മത്സരങ്ങൾ കളിച്ചാണ് എത്തുന്നത്. ഇതിൽ നമ്മുടെ ഏഷ്യയിൽ നിന്ന് മാത്രം 47 ടീമുകൾ നേരിട്ട് വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങൾ കളിക്കുന്നു.

ഇനി ഏഷ്യൻ  ടീമുകൾക്ക് എങ്ങനെ വേൾഡ് കപ്പിലേക്ക് യോഗ്യത നേടാമെന്ന് നോക്കാം, ഏഷ്യയിൽ നിന്നും യോഗ്യതാ മത്സരങ്ങൾ കളിക്കുന്ന മൊത്തം നാൽപത്തിയേഴ് ടീമുകളിൽ നിന്നും നാല് ടീമുകൾക്ക് നേരിട്ടും ഒരു ടീമിന് പ്ലേ - ഓഫ് കളിച്ചും വേൾഡ് കപ്പിന് യോഗ്യത നേടാം. ആദ്യ റൗണ്ടിൽ റേങ്കിംഗിൽ ഏറ്റവും പുറകിലുള്ള 12 ടീമുകളാണ് ഏറ്റുമുട്ടുക, ഇതിൽ നിന്നും 6 ടീമുകൾ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും, ഈ ടീമുകളും ബാക്കിയുള്ള 34 ടീമുകളും കൂടെ മൊത്തം 40 ടീമുകൾ സെക്കന്റ് റൗണ്ട് ക്വോളിഫയർ കളിക്കും. 5 ടീമുകൾ വീതമുള്ള 8 ഗ്രൂപ്പുകൾ ആയി തിരിഞ്ഞ് ഈ റൗണ്ടിലെ മത്സരങ്ങൾ നടക്കും, ഗ്രൂപ്പ് പൊസിഷൻ അനുസരിച്ച് മൊത്തം 12 ടീമുകൾ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. അവസാന റൗണ്ടിൽ ഈ 12 ടീമുകൾ 6 ടീമുകൾ ഉള്ള 2 ഗ്രൂപ്പുകൾ ആയി തരിഞ്ഞ് പരസ്പരം മത്സരിക്കും ഇതിൽ ഇരു ഗ്രൂപ്പുകളിലെയും ആദ്യ 2 സ്ഥാനക്കാർ നേരിട്ട് വേൾഡ് കപ്പിന് ടിക്കറ്റ് നേടും, ഇരു ഗ്രൂപ്പിലേയും മൂന്നാം സ്ഥാനക്കാർ തമ്മിൽ പ്ലേ ഓഫ് യോഗ്യതക്കായി മത്സരിക്കും, വിജയിക്ക് പ്ലേ ഓഫ് കളിച്ച് വേൾഡ് കപ്പിന് യോഗ്യത നേടാം.  അങ്ങിനെ ആകെ മൊത്തം നാൽപത്തിയേഴിൽ നിന്നും ആകെ അഞ്ച് ടീമുകൾക്ക് വേൾഡ് കപ്പിന് യോഗ്യത നേടാം. ഈ ആദ്യ അഞ്ചിൽ കയറിയാൽ ഇന്ത്യക്കും വേൾഡ് കപ്പ് കളിക്കാം.




ഇത് 2022 വേൾഡ് കപ്പ് വരെയുള്ള കാര്യം മാത്രമാണ്. എന്നാൽ 2026 വേൾഡ് കപ്പ് മുതൽ ഫിഫ 48 ടീമുകളെ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു, അങ്ങനെയെങ്കിൽ സ്വാഭാവികമായും ഏഷ്യയിൽ നിന്നും യോഗ്യത നേടുന്ന ടീമുകുടെ എണ്ണവും കൂടും. അതായത് 8 ടീമുകൾക്ക് നേരിട്ടും ഒരു ടീമിന് പ്ലേ - ഓഫ് കളിച്ചും വേൾഡ് കപ്പിന് യോഗ്യത നേടാം. ഇപ്പോഴത്തെ പ്രകടനം വച്ച് ഏഷ്യയിൽ ആദ്യ പത്തിൽ എത്താനുള്ള കരുത്തൊക്കെ ഇന്ത്യൻ ടീമിനുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ സ്വപ്നങ്ങളൊന്നും വളരെ അകലെയല്ല. 
പക്ഷെ ടീം ഇന്ത്യക്ക് മറ്റ് ടീമുകളേക്കാൾ വെല്ലുവിളിയായി മുന്നിലുള്ളത് ഇവിടുള്ള അധികാരികൾ തന്നെയാണ്. ഏഷ്യൻ ഗെയിംസിന് മെഡൽ കിട്ടാൻ സാധ്യതയില്ല എന്നും പറഞ്ഞ്  ഇന്ത്യൻ ഫുട്ബോൾ ടീമിനെ ആ ടൂർണ്ണമെന്റിന് പങ്കെടുക്കുന്നതിൽ നിന്നും തഴഞ്ഞ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ ധിക്കാരപരമായ നിലപാട്നമ്മൾ കണ്ടതാണ്.
ഐസ്ലാന്റിനെ പോലുള്ള കുഞ്ഞൻ ടീമുകൾ വേൾഡ് കപ്പിന് യോഗ്യത നേടിയിട്ടും നൂറ് കോടിയിലതികം ജനസംഖ്യയുള്ള ഇന്ത്യക്ക് എന്തുകൊണ്ട് യോഗ്യത നേടാൻ ആവുന്നില്ല എന്ന് ചോദിച്ചവരാരും IOA യുടെ നിലപാടിനെതിരെ പ്രതികരിച്ചതായി കണ്ടില്ല. മാത്രവുമല്ല ഇത്രയതികം ജനസംഖ്യയുള്ള ഇന്ത്യയിൽ ഫിഫ അംഗീകാരമുള്ള സ്റ്റേഡിയങ്ങളും പ്രേക്ടീസ് ഗ്രൗണ്ടുകളും വിരലിലെണ്ണാവുന്നതെ ഉള്ളൂ എന്നുള്ളത് ഒരു നഗ്ന സത്യമായി തുടരുന്നു.
ഈ പ്രതിസന്ധികളെല്ലാം തരണം  ചെയ്ത് ഒരു നാൾ ഈ ടീം നമ്മുടെ അഭിമാനമായി മാറും എന്നു തന്നെ  കരുതാം.

രാഹുൽ തെന്നാട്ട്

0 comments:

Post a Comment

Blog Archive

Labels

Followers