Thursday, July 12, 2018

കളി മൈതാനങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ ചിറകറ്റ് വീഴുന്നത് ഈ നാടിൻ്റെ ഫുട്‌ബോൾ സ്വപ്നങ്ങൾ



"സൂര്യനസ്തമിക്കാത്ത ബ്രടീഷു സാമ്രാജ്യത്തിൽ നിന്നുമുള്ള പട്ടാള കമ്പനികൾ മലബാറിന്റെ മണ്ണിൽ വർഷിച്ച ബോംബാണ് ഫുട്ബോൾ "എന്ന് മലപ്പുറത്തെ ചില പഴമക്കാർ പറയാറുണ്ട് .ഈ കളി കേരളത്തിലെത്തിച്ച വെള്ളക്കാർക്കു ഇന്നും ഇവിടം ഒരു അത്ഭുതമായിരിക്കും.കാരണം ഒരോ മലപ്പുറക്കാരന്റെ  സിരകളിൽ ഓടുന്നത് ഫുട്ബാളിന്റെ ചൂടാണ് ! അവിടം അവൻ ഒന്നാണ്.എല്ലാം മറന്നുള്ള ഒരു ഐക്യം അവൻ കളി മൈതാനങ്ങളിൽ കാണിക്കുന്നു.അതു കൊണ്ട് തന്നെ മലപ്പുറത്തിന്റെ മേൽ ഒരു ദുഷ്ചിന്ധകർക്കും സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ല.പറഞ്ഞു വരുന്നത്‌ നമ്മുടെ പൊതു വികാരമായ ഫുട്ബോളിനെ കുറിച്ചാണ്.ദയവായി മുഴുവൻ വായിക്കുക.അപേക്ഷയാണ്.കാരണം നമ്മുടെ ഒരുമ ഇവിടെ കാണിക്കേണ്ടിയിരിക്കുന്നു.

  ജരാനരകൾ ബാധിച്ചു ഭീതിപെടുത്തുന്ന ഒരു പ്രേതാലയം പോലെയായിരിക്കുന്നു നമ്മുടെ മലപ്പുറത്തിന്റെ അഭിമാനമായിരുന്ന പയ്യനാടുള്ള മഞ്ചേരി മുൻസിപ്പൽ സ്റ്റേഡിയം.


    
ഉദ്ഘാടന സമയം

ഏറെ കൊട്ടിഘോഷിച്ചു ആവേശകരമായി ഉൽഘടനം കഴിഞ്ഞ നമ്മുടെ സ്റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥ ഏതൊരു കായിക പ്രേമിയുടെയും ഹൃദയം തകർക്കുന്നു സർ!അന്ന് ഉൽഘാടന വേദിയിൽ നിങ്ങൾ സർവ മുന്നണിയിലെയും രാഷ്ട്രീയ നേതാക്കന്മാർ ഞെളിഞ്ഞിരുന്നപ്പോൾ ഞങ്ങൾ കായിക പ്രേമികൾ കരുതി മലപ്പുറത്തിന്റെ ഫുട്ബാളിനോടുള്ള അടങ്ങാത്ത മോഹത്തിന് പ്രതിഫലം കിട്ടി തുടങ്ങിയെന്നു.ഞങ്ങൾ കരുതി ഞങ്ങളുടെ കുരുന്നുകൾ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വരാൻ പോവുന്ന അക്കാദമികളിൽ കൂടി രാജ്യാന്തര തലത്തിലേക്ക് ഞങ്ങളുടെ പ്രതിഭകളെ വളർത്തുമെന്നു.ഇന്ന് ഈ സ്റ്റേഡിയം കാണുമ്പോൾ ഹൃദയം പിടക്കുന്നു ഏമാന്മാരെ.നിങ്ങൾക്കറിയാണോ ഈ സ്റ്റേഡിയത്തിനു ഫണ്ട് പിരിച്ചതെങ്ങനെയെന്നു.നിങ്ങൾ മറന്നിരിക്കാം.ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നായി ഒരോ വിദ്യാർത്ഥികളിൽ നിന്നും പിരിവെടുത്തു ഫണ്ട് ഉണ്ടാക്കിയാണ് ആ പച്ച പുൽത്തകിടിയും സ്പോർട്സ് ഹോസ്റ്റലും തുടങ്ങി 25 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ സ്റ്റേഡിയം ഒരുങ്ങിയത്.20000 ആളുകൾക്ക് കളി കാണാൻ പാകത്തിൽ ഈ ഗ്രൗണ്ട് ഒരുങ്ങിയപ്പോൾ ആദ്യം നടന്ന ഫെഡറേഷൻ കപ്പിന് ടിക്കറ്റ് കിട്ടാതെ അത്രയും ജനക്കൂട്ടം പുറത്തും ഉണ്ടായിരുന്നു.ഒരു സന്തോഷ് ട്രോഫിയും ഫെഡറേഷൻ കപ്പും നടത്തി നിങ്ങൾ സ്പോർട്സ് കൗൺസിൽ ആ പണി നിർത്തി.
    ഇപ്പോഴത്തെ ചിത്രം  

മാറി മാറി വരുന്ന സർക്കാരുകൾ പലതും പ്രഖ്യാപിക്കുന്നു.കോടികൾ വകയിരുത്തിയെന്നു പറഞ്ഞു ജനങ്ങളെ വീണ്ടും വീണ്ടും വിഡ്ഢികളാകുന്നു.
നിരവധി ദേശിയ താരങ്ങൾക്കു വിത്ത് പാകിയ കേരളത്തിന്റെ ഫുട്ബാളിന്റെ മക്കയായ ഈ മണ്ണു ഇന്ന് അനസ് എന്ന ദേശിയ താരത്തിലേക്കു എത്തി നിൽകുമ്പോൾ ഉയർന്നു വരുന്ന ഒരുപാട് ചോദ്യ ചിഹ്നങ്ങൾ ഉണ്ട്.പണ്ടൊക്കെ ദേശിയ ടീമുകൾ കേരളത്തിൽ വട്ടമിട്ടു പറന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.അതിനു കാരണം എന്നത് സജീവമായി നടന്നിരുന്ന ദേശിയ നിലവാരമുള്ള ടൂർണമെന്റുകൾ ആയിരുന്നു.
ആദ്യ കാലങ്ങളില്‍ കണ്ണൂര്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ശ്രീ നാരായണ ട്രോഫി, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നാഗ്ജി, തൃശ്ശൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ചാക്കോള ട്രോഫി, കൊച്ചി കലൂരില്‍ നെഹ്‌റു കപ്പ് എന്നിങ്ങനെ ഒരു കാലത്ത് കേരളത്തിലെ എല്ലാ സ്റ്റേഡിയങ്ങളും മത്സരങ്ങള്‍ കൊണ്ട് സജീവമായിരുന്നു. ഇങ്ങനെയുള്ള നാഷണല്‍ ലെവല്‍ ടൂര്‍ണമെന്റുകള്‍ക്ക് പുറമെ വിവിധ ജില്ല ഡിവിഷന്‍ ലീഗുകള്‍,പ്രാദേശിക ടൂര്‍ണമെന്റുകള്‍ എന്നിവ നടക്കുന്നതോടെ ഗ്രൗണ്ടുകള്‍ എന്നും സജീവമായി നിന്നു.ഇന്ന് അനസിലേക്കെത്തി നിൽകുമ്പോൾ ഒരു isl അല്ലാതെ എന്തുണ്ട് നമുക്ക് ?കടും പിടുത്തം പിടിക്കുന്ന സ്പോർട്സ് കൗൺസിൽ തന്നെയാണ് മുഖ്യ പ്രതി.മഞ്ചേരി സ്റ്റേഡിയത്തിന്റെ കാര്യത്തിലേക്ക് വരാം.ഫെഡറേഷൻ കപ്പും സന്തോഷ് ട്രോഫിയും കഴിഞ്ഞതിൽ പിന്നെ ഇന്നേ വരെ ഒരു ദേശിയ ടൂർണമെന്റും അവിടെ നടന്നില്ല.പിന്നെ ആകെ ഒരു പ്രതീക്ഷ ആയിരുന്നത് ഗോകുലം fc ആയിരുന്നു.മഞ്ചേരി സ്റ്റേഡിയം മുന്നിൽ കണ്ടു ഐലീഗിലേക് കാലെടുത്തു വെച്ച ഗോകുലം fc ക്കു സീസണിന്റെ ഒരു മാസം മാത്രം ബാക്കി നിൽക്കേ പരിശീലനത്തിന് പോലും സ്ഥലം വിട്ടു നൽകാതെ സ്പോർട്സ് കൗൺസിലെന്ന പെട്ടി കടക്കാർ ഗോകുലം fc യുടെയും മലപ്പുറത്തിന്റെ ഫുട്ബോൾ പ്രേമികളുടെയും കടയ്ക്കൽ കത്തി വെച്ചു!ഗത്യന്തരമില്ലാതെ ആളൊഴിഞ്ഞ  കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ഹോം ഗ്രൗണ്ടാക്കാൻ ഗോകുലം fc നിര്ബന്ധിതരായി .
സ്റ്റേഡിയത്തിന്റെ നവീകരണ കോപ്രായ കണക്കുകൾ പരിശോധിക്കാം .

4:13 കോടിയുടെ ഫ്ളഡ് ലൈറ്റ് പദ്ധതിക്ക് പൈസ വകയിരുത്തി.ടെൻഡറുകൾ വിളിക്കാൻ തീരുമാനമായി.എവിടെ ?ഒടുക്കംടെൻഡർ ഏറ്റെടുക്കാനും ആളില്ലേ ?സ്പോർട്സ് കൗൺസിൽ മറുപടി പറയുക .

രണ്ടാം ഘട്ട പ്രാരംഭ പദ്ധതിയായി 60 കോടി വകയിരുത്തി ഭയങ്കര സംഭവമായി പദ്ധതി പ്രഖ്യാപിച്ചു.എവിടെ അവയെല്ലാം ?
സിന്തറ്റിക് ട്രാക് ,കുട്ടികളുടെ സ്പോർട്സ് പാർക്ക് അതും മലബാറിലെ ആദ്യത്തേതും കേരളത്തിലെ രണ്ടാമത്തേതും എന്നും പറഞ്ഞു ഞങ്ങളെ വിഡ്ഢികളാക്കിയിട്ടു കാലം കുറെ ആയി .ഇൻഡോർ സ്റ്റേഡിയം ,നീന്തൽ കുളം ,പരിശീലന മൈതാനങ്ങൾ ,വിശ്രമ മുറികളിലെ സൗകര്യം വർധിപ്പിക്കൽ ,ഇരു ഭാഗങ്ങളിൽ ഉള്ള ഗാലറിയുടെ നവീകരണം ,പുൽതകിടിയുടെ പരിചരണം ,ഗ്രൗണ്ടിലേക്ക് സ്ഥിര ജല സംവിധനത്തിനു കടലുണ്ടിപുഴയിൽ തടയണ നിർമിക്കും ,മലപ്പുറം കത്തി തേങ്ങാ കൊല .അങ്ങിനെ എന്തെല്ലാം മോഹന വാഗ്ദാനങ്ങൾ!ഞങ്ങളും ചോറ് തന്നെയാണ് തിന്നുന്നത് ഏമാന്മാരെ .സ്പോർട്സ് കൗൺസിലും ഇരു മുന്നണിയിലും പെട്ട ജന പ്രതിനിധികളും ഞങ്ങളെ വെറും കാഴ്ചക്കാരാക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി.

       മൂന്നു മാസങ്ങൾക് മുന്നേ എടുത്ത ചിത്രം 
മൂന്നു മാസങ്ങൾക് മുന്നേ എടുത്ത ചിത്രം 
    മൂന്നു മാസങ്ങൾക് മുന്നേ എടുത്ത ചിത്രം 

ഇനി ഇന്നത്തെ ഗ്രൗണ്ടിന്റെ അവസ്ഥ കേൾക്കുക.
ലക്ഷങ്ങൾ ചിലവഴിച്ച നമ്മുടെ കണ്ണുകൾക്കു മിഴിവേകിയ പുൽത്തകിടി അധികാരികളുടെ അനാസ്ഥ മൂലം കരിഞുണങ്ങി ജലാംശമില്ലാതസ്ഥലത്തു ഇഴ ജന്തുക്കൾ പോലും തിരിഞ്ഞു നോക്കാൻ ഇല്ലാതെയായി .വല്ല യുവാക്കളും ഒന്നിച്ചു ഭക്ഷണം കഴിക്കാൻ വന്നാൽ മാത്രം ആ ഭീതി പെടുത്തുന്ന ശ്മശാന മൂകമനിശബ്തതക്കു ഒരിളക്കം വരും .കമ്പി വേലികൾ തുരുമ്പെടുത്തു നശിച്ചു പോയിരിയ്ക്കുന്നു .ചുറ്റു മതിലുകൾ ഭാഗികമായി പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു .തടയണ കെട്ടാത്തതിൽ പിന്നെ ഗ്രൗണ്ടിലേക്ക് വേണ്ട ജല സ്ത്രോതസ്സു പൂർണമായും അടഞ്ഞു .ശമ്പളം കിട്ടാതായപ്പോൾ ആകെ ഉണ്ടായിരുന്ന തൊഴിലകളും ജോലി വിട്ടു .വിശ്രമ മുറികൾ ആളനക്കമില്ലാതെ നശിച്ചു കൊണ്ടിരിക്കുന്നു .ഫെഡറേഷൻ കപ്പിന് ലക്ഷങ്ങൾ ചിലവഴിച്ചു ബാംഗ്ലൂരിനിന്നും കൊണ്ട് വന്നു വിരിച്ച പുല്തകിടി നാമാവശേഷമായി .ഇനി ഒരു കളി വെക്കുകയാണെങ്കിൽ ആദ്യം തുടങ്ങിയിടത്തു നിന്ന് തന്നെ വീണ്ടും ലക്ഷങ്ങൾ ചിലവഴിക്കേണ്ടി വരും .പുല്ലു വിരിക്കൽ ,കള പറിക്കൽ ,വളം നടൽ ,ജലം എത്തിക്കൽ തുടങ്ങി ലക്ഷങ്ങളാണ് ഇതിനു ചെലവായത് .എല്ലാം വെറുതെയായി .ഇനിയും ഉണ്ട് അനാസ്ഥ മൂലംനശിച്ച സ്വപ്നങ്ങളുടെ കണക്ക് നിരത്താൻ.
നിങ്ങൾ ഏമാന്മാർ ഉണ്ടാക്കിക്കോ ,പക്ഷേ ഞങ്ങളുടെ സ്വപ്നങ്ങളുടെ മീതെ മോഹന വാഗ്ദാനങ്ങളുടെ കണക്കു നിരത്തി തലയ്ക്കു മീതെ തീക്കനൽ കോരിയിടുന്ന ഈ വൃത്തി കെട്ട പരിപാടിയുണ്ടല്ലോ ..അതങ്ങു നിർത്തിക്കോ ,വിടില്ല ഒരുത്തനെയും .ഇതു ഫുട്ബോളാണ് ,ഇതിന്റെ ഭാഷ്യം ഒരുമയാണ്  ,ആവേശമാണ് ,വികാരമാണ് .അതിൽ ഞങ്ങൾ മലപ്പുറത്തിന്റെ മക്കൾ ഒന്നാ ...നിങ്ങൾ കാത്തു നിന്നോ ,ഇനിയും പ്രതീക്ഷ വറ്റാത്ത ഒരു യുവതയുടെ ഒത്തു ചേരലലിനായ് .
എഴുതിയത്: ടാസ്ക് ഇരുമ്പുചോല 

0 comments:

Post a Comment

Blog Archive

Labels

Followers