Monday, July 16, 2018

റഷ്യൻ മണ്ണിലെ ഫ്രഞ്ച് വിപ്ലവംഇന്നലെ ല്യൂഷനിക്കി  മൈതാനത്തിന്റെ മടിത്തട്ടിൽ കാലം കാത്തുവച്ച  നീതി നടപ്പിലായി.  അതിനിരയായതോ ക്രോട്ടുകളുടെ  പോരാട്ടവീര്യവും. കാലിൽ  മഹാഗണിതത്തിന്റെ മാന്ത്രികത സൂക്ഷിച്ച സിദാന് 2006 ൽ മഹത്വത്തിന്റെ  പടിവാതിക്കൽ വച്ചു നഷ്‌ടമായ  സുന്ദര  ശില്പം പിന്മുറക്കാർ നേടിയപ്പോൾ   പ്രകൃതിയുടെ ആഹ്ലാദം മഴയായി പെയ്തിറങ്ങി.  ഇന്നലെ ആരാധകർ രണ്ടു ചേരികളിൽ മാത്രമായൊതുങ്ങി.  ഒന്ന് ഫ്രഞ്ച് ആരാധകരും ബാക്കിയുള്ളവരെല്ലാം  ക്രോയേഷ്യക്കൊപ്പവും. പക്ഷെ, ഞങ്ങൾ കപ്പെടുക്കുവാൻ വന്നവരാണെന്നും , കാണികളും ആരാധരുടെ എണ്ണവുമല്ല  കളിക്കളത്തിലെ തങ്ങളുടെ കളിയെ നിയന്ത്രിക്കുന്നതെന്നും ലോകത്തോട്  നെഞ്ചും വിരിച്ചു വിളിച്ചു പറഞ്ഞു ദെഷാംപ്‌സും  വീരന്മാരും.           ഫ്രാൻസ് 4 2 3 1 എന്ന ഫോർമേഷനിൽ  ആണ് കളി തുടങ്ങിയത്. പതിവുപോലെ ഫ്രഞ്ച് നിര  വളരെ അലസന്മാരായാണ് അഭിനയിച്ചത്. കളിയിലുടനീളം അവർ  പന്തിന്റെ പൊസഷൻ നേടാൻ ശ്രമിച്ചില്ല. കളി ജയിക്കണമെങ്കിൽ പന്ത് കൈവശം സൂക്ഷികളേണ്ടതില്ല എന്ന അവരുടെ സ്ഥിരം ശൈലി  ക്രോയേഷ്യ  മനസിലാക്കിയില്ല എന്ന് തോന്നുന്നു.  ജീവൻ അർപ്പിച്ചു കളിക്കുക എന്നതായിരുന്നു ക്രോയേഷ്യൻ രീതി . ഫ്രഞ്ചുകാരാകട്ടെ അണ്ടർ ഡോഗ്സ്  ആയി കളിച്ചു കാര്യം നേടി. 
         ഈ ടൂര്ണമെന്റിലുടനീളം ഫ്രഞ്ചുകാർ  അനുവർത്തിച ഒരു രീതിയാണ് എതിരാളികളെ മൊത്തം  തങ്ങളുടെ ഹാൾഫിലേക്കു ആകർഷിക്കുക. അവിടെ കുറച്ചധികം നേരം അവരെക്കൊണ്ടു കളിപ്പിച്ചു ഒരു നിർണായക നിമിഷത്തിൽ കൌണ്ടർ അറ്റാക്കിലൂടെ ഗോൾ നേടുക എന്നത്  കൃത്യമായ തിരക്കഥ തയ്യാറാക്കിയ ഒരു നാടകാവതരണം പോലെ അവർ അത് ഭംഗിയായി നടപ്പിൽ വരുത്തുകയും ചെയ്തു.  എതിരാളികളിടെ മികച്ച കളിക്കാരെ മാർക്കർ മാരായി  ആകർഷിക്കുക. പൊടുന്നനെ അവരുടെ പിഴവിൽ  പ്രത്യാക്രമിക്കുക. പ്രതിരോധം പതറുമ്പോൾ എംബാപ്പയെ  ചാട്ടുളിയായി ഉപയോഗിക്കുക.  ഉത്കടമായ വികാരാധിക്യത്താൽ  എല്ലാം മറന്നു പോരാടിയ ക്രോട്ടുകൾ  ഈ കെണിയിൽ വീണു ചിന്നിച്ചിതറി.   ആക്രമണത്തിന്റെ മലവെള്ള പാച്ചലിൽ ക്രോയേഷ്യയുടെ പ്രതിരോധത്തിന്റെ കെട്ടുകളഴിഞ്ഞുപോയി.            ക്രോയേഷ്യയുടെ ആക്രമണത്തിന്റെ റോൾ പെരിസിച്ചിനായിരുന്നു. കളം മറന്നടിയ പെരിസിച് ആദ്യത്തെ 20 മിനിറ്റ് ഓളം  ഫ്രഞ്ചുകൂടാരത്തിൽ ഇടിമിന്നലുകളുതിർത്തു. എണ്ണയിട്ട യന്ത്രംപോലെ കളിച്ച ക്രോയേഷ്യക്ക്  നിർഭാഗ്യത്തിന്റെ രൂപത്തിലാണ് , ഗ്രീസ്മാന്റെ ഫ്രീകിക്ക്  goal ആയതു.  ലോകകപ്പിന്റെ ഫൈനൽ ചരിത്രത്തിലെ ആദ്യത്തെ own  ഗോൾ ആയിരുന്നു അത്. ഗ്രീസ്മാന്റെ കിക്കിൽ മർസൂഖിച്ചിന്റെ തലയിൽ ഉരുമ്മി  ഗോൾ.  ആ നിമിഷം മുതൽ ഫ്രഞ്ച് നിര പതിയെ കളം  പിടിച്ചു  തുടങ്ങി.  അധ്വാനികളായ ക്രോട്ടുകൾ അടങ്ങിയിരുന്നില്ല . അവരുടെ തീവ്രാഭിലാഷത്തിന്റെ ഫലമായി , kante  യുടെ ഫൗളിൽ  കിട്ടിയ ഫ്രീകിക്കിൽ സമനില ഗോൾ സമ്മാനിച്ചു.  ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിൽ  പെരിസിച്ചിന്റെ  shot ലോറിസ് കണ്ടതുപോലുമില്ല  ഫ്രഞ്ച് പ്രതിരോധത്തെ തകർത്ത ആ ഗോൾ ലുടെ  ക്രോയേഷ്യ കളിയിലേക്ക്  തിരിച്ചുവന്നു. പക്ഷെ ധൗർഭാഗ്യം  പെനാൽറ്റിയുടെ രൂപത്തിൽ വീണ്ടും ഗോൾ ആയി ക്രോട്ടുകളുടെ  വലയിൽ വീണു.  പെരിസിച്ചിന്റെ കൈയിൽ അറിയാതെ കൊണ്ട പന്ത് റഫറി യുടെ VAR  തീരുമാനത്തിൽ  പെനാല്ടിയെന്നു വിധിച്ചു.  പതിവുപോലെ ഒരിക്കലും ഉന്നം തെറ്റിയിട്ടില്ലാത്ത ഗ്രീസ്മാൻ പന്തിനെ വലയിലാക്കി.          രണ്ടാം പകുതിയിൽ  ഫ്രാൻസ്  സമീപനത്തിൽ മാറ്റം വരുത്തി. മ്യൂസിക്കൽ കോൺസെർട്   നിയന്ത്രിക്കുന്ന ബീതോവനെപോലെയായിരുന്നു പോഗ്ബ.  കുഞ്ഞു ശരീരവും വലിയ സാനിധ്യവും  ഉത്തരവാദിത്യവും ആയി ഗ്രീസ്മാൻ മധ്യ നിരയിൽ തന്റെ റോൾ ഭംഗിയാക്കി. അടുത്ത ഗോൾ പോഗ്ബയുടെ ഊഴത്തിലായിരുന്നു. ആ ഗോളിന്റെ 80%വും മാർക്കു ഗ്രീസ്മാന് അവകാശപ്പെട്ടതായിരുന്നു.  എതിർ ബോക്സിൽ വച്ചു  ഗ്രീസ്മാന് ലഭിച്ച പന്ത് പോഗ്ബക്കു ബാക്ക് പാസ്സ് നൽകുകയും പോഗ്ബയുടെ വലം  കാലുകൊണ്ടുള്ള  shot  ഡിഫെൻഡറുടെ ദേഹത്ത് തട്ടി തിരിച്ചു വരികയും  ഞൊടിയിടയിൽ പോഗ്ബ ഇടം കാലുകൊണ്ട് മനോഹരമായി പോസ്റ്റിലേക്ക് പായിച്ചു  ഗോൾ ആകുകയും ചെയ്തു. . അടുത്തത്  എംബാപ്പയുടെ വകയായിരുന്നു.  ക്രോയേഷ്യൻ  പട ഭയങ്കരമായി ആക്രമിച്ചുകൊണ്ടിരുന്നപ്പോൾ എംബാപ്പക്കു  പന്തെത്തിച്ചുകൊടുത്തു   അതിമനോഹരമായി  ഒരു ഗോളിലൂടെ  എംബപ്പേയും  ചരിത്രത്തിലേക്ക് നടന്നു കയറി.  ഇവിടെ ശ്രെദ്ദിക്കേണ്ട മറ്റൊരു വസ്തുത ഫ്രഞ്ച് നിരയുടെ കൌണ്ടർ അറ്റാക്കിന്റെ സമയത്തു എതിർബോക്സിൽ  ഗ്രീസ്മാനും ഗിറൗഡും  എവിടെ നിന്നൊക്കെയോ  പ്രത്യക്ഷപ്പെടുന്നത് കണ്ടിരുന്നു.. അതെല്ലാം അവരുടെ ആക്രമണ  തന്ത്രങ്ങളുടെ ഭാഗമായിരുന്നു എന്ന് വേണം കരുതാൻ.  
     ക്രോയേഷ്യക്ക് അഭിമാനിക്കാം കളി ജയിക്കണം എന്നുള്ള അദമ്യമായ അഭിനിവേശത്തെ ഗ്രൗണ്ടിൽ സന്നിവേശിപ്പിക്കാൻ അവർക്കു കഴിഞ്ഞില്ല.  ഈ ടൂർണമെന്റ് തുടങ്ങിയപ്പോൾ അവരെ ആരും കണക്കിലെടുത്തിരുന്നില്ല. അത്യുത്സാഹികളും തന്ത്രശാലികളുമായ അവർ മഹാരഥവെട്ടിവീഴ്ത്തിയപ്പോൾ  ലോകം പതിയെ അവരെ ശ്രെദ്ദിച്ചു  തുടങ്ങി.  മോഡ്രിച്ചും റാകിറ്റിച്ചും ഈ ടൂര്ണമെന്റോടുകൂടി  എതിരാളികളുടെ വരെ മനസിലെ വേദനയായി മാറി.  ഉള്ളിൽ ആർത്തിരമ്പുന്ന വൈകാരിക സമുദ്രത്തെ  നിയന്ത്രിച്ചുകൊണ്ടു  ഗോൾഡൻ ബോൾ സമ്മാനത്തിനര്ഹനായ മോഡ്രിച്ചിനെ കണ്ടപ്പോൾ  ഏതൊരാളുടെ മനസിലും  വീരാരാധന ഉടലെടുത്തിട്ടുണ്ടാകും.   Football ഏതു  നാടകത്തെയും  വെല്ലും.   അതിനു  ഒരു നിയമമുണ്ട്.  ആർക്കും ആരെയും തോല്പിക്കാം. അവസാനം വരെ പോരാടുമ്പോൾ  നീതി അവിടെ കാത്തിരിക്കുന്നുണ്ടാകും.  ഉപാധികളില്ലാത്ത  ആനന്ദം സമ്മാനിച്ചുകൊണ്ട് പോരാട്ടം  നടത്തിയ വീരന്മാർക്  നന്ദി.

0 comments:

Post a Comment

Blog Archive

Labels

Followers