Tuesday, June 5, 2018

ഇന്ത്യൻ ക്രിക്കറ്റിനേയും ഫുട്ബോളിനേയും ഒരു പോലെ സ്നേഹിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ആരാധകന് പറയാനുള്ളത്




ഇന്ത്യൻ ക്രിക്കറ്റിനേയും ഇന്ത്യൻ ഫുട്ബോളിനേയും ഒരു പോലെ സ്നേഹിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. തൊണ്ണൂറുകളിൽ ജനിച്ച ഏതൊരു ഇന്ത്യക്കാരനേയും പോലെ ഞാനും സച്ചിന്റെയും ഗാംഗുലിയുടെയും ഒക്കെ കളി കണ്ടാണ് വളർന്നത്, 2003 വേൾഡ് കപ്പിൽ ഓസ്ടേലിയയോട് തോറ്റപ്പോൾ നെഞ്ച് തകർന്നവരിൽ ഞാനും ഉൾപ്പെടും, ആ ക്രിക്കറ്റ് ഭ്രാന്തിനൊന്നും ഇന്നും ഒട്ടും കുറവില്ല, അത് ഇന്ന് കോഹ്ലി വരെ എത്തി നിൽക്കുന്നു. എന്നാൽ മലബാറുകാരനായതിനാൽ എന്റെ ഫുട്ബോൾ ഭ്രാന്തിനും ഒട്ടും കുറവില്ല, എന്നാൽ ചെറുപ്പത്തിൽ ആകെ അറിയാവുന്നത് സന്തോഷ് ട്രോഫി മാത്രമായിരുന്നു, കേരളത്തിന്റെ കളി മുടങ്ങാതെ കാണാറുമുണ്ടായിരുന്നു. എന്നാൽ ഞാൻ ഇന്ത്യൻ ഫുട്ബോളിനെ ഫോളോ ചെയാൻ തുടങ്ങിയത് 2009 നെഹ്റു കപ്പ് മുതലാണ്, പക്ഷെ പണ്ടൊന്നും ഇന്ത്യയുടെ പല മത്സരങ്ങളും ചാനലുകളിൽ ലൈവ് പോലും ഉണ്ടാകാറില്ല. എന്നാൽ ഇന്ന് കാര്യങ്ങൾ കുറേ മെച്ചപ്പെട്ടിരിക്കുന്നു, ഐഎസ് എല്ലിന്റെ വരവോട് കൂടെ പലരും ഇന്ത്യൻ ഫുട്ബോളിനെ സപ്പോർട്ട് ചെയ്യാൻ തുടങ്ങി, ഇന്ത്യൻ താരങ്ങളെ അറിയാൻ തുടങ്ങിയിരിക്കുന്നു. എന്തായാലും ഇന്ത്യൻ ഫുട്ബോൾ വളർച്ചയുടെ പാതയിൽ തന്നെയാണ്. 

ഇനി ഇപ്പോഴുള്ള അവസ്ഥയെപ്പറ്റി പറയാം, പലരും പറയുന്നു ഇന്ത്യയിൽ ഫുട്ബോൾ വളരാത്തത് ക്രിക്കറ്റ് കൊണ്ടാണെന്ന്. എന്നാൽ ഞാനൊരിക്കലും അതിനോട് യോജിക്കുന്നില്ല, കാരണം ക്രിക്കറ്റ് ഇന്ത്യയിൽ വേരോടാൻ പല കാരണങ്ങളും ഉണ്ട്, ഇന്ത്യക്ക് ക്രിക്കറ്റിൽ ഒരു മേൽവിലാസം ഉണ്ടാക്കി തന്നത് കപിൽ ദേവിന്റെയും ടീമിന്റെയും വേൾഡ് കപ്പ് നേട്ടം തന്നെയാണ്. അതിലൂടെ ഇന്ത്യൻ ക്രിക്കറ്റ് വളർന്നു പിന്നീട് സച്ചിനെപ്പോലുള്ള ഒരു പിടി ലോകോത്തര താരങ്ങളെ ഇന്ത്യക്ക് ലഭിച്ചു. പിന്നീട് ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പാട് കറുത്ത ഏടുകൾ ഉണ്ടായിരുന്നു, കോഴ വിവാദവും തുടർച്ചയായ വേൾഡ്‌ കപ്പ് തോൽവിയും ഇന്ത്യൻ ക്രിക്കറ്റിനെ പിന്നോട്ടടിച്ചു. പിന്നീട് ലോക ക്രിക്കറ്റിനെ അടക്കി വാണ ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ അഹന്തക്ക് തിരിച്ചടിയെന്നോണം ഇന്ത്യ വൻ തിരിച്ചുവരവ് നടത്തി, ധോണിയുടെ കീഴിൽ T20 യും വേൾഡ് കപ്പും സ്വന്തമാക്കി ഇന്ത്യ വൻ തിരിച്ചു വരവ് നടത്തി. ഇതൊക്കെ കളിച്ച് നേടിയെടുത്തത് തന്നെയാണ്, ഇതിന് ഇന്ത്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പങ്ക് വളരെ വലുതാണ്. എന്നാൽ ഇതൊക്കെ എങ്ങനെയാണ് ഇവിടെ ഫുട്ബോൾ വളരുന്നതിൽ വിലങ്ങുതടിയാവുന്നത്? AIFF ന്റെ പിടിപ്പുകേട് BCCI യുടെ തലയിൽ കെട്ടി വക്കുന്നത് ശരിയാണോ?

ഇനി അടുത്ത കാര്യത്തിലേക്ക് വരാം, പല ക്രിക്കറ്റ് ഫാൻസും ഫുട്ബോൾ ഫാൻസിനോട്  ചോദിക്കുന്ന ഒരു കാര്യമുണ്ട് ഞങ്ങൾ വേൾഡ് കപ്പ് നേടിയിട്ടുണ്ട് നിങ്ങൾക്ക് അതിന് കഴിയുമോ എന്ന്, ഇതിനുള്ള വ്യക്തമായ ഉത്തരം ഞാൻ തരാം, ലോകത്ത് ഇന്നുള്ള ഒരു 99% രാജ്യങ്ങളിലും ഫുട്ബോളുണ്ട് എന്നാൽ ക്രിക്കറ്റെന്ന ഗെയിം എന്താണെന്ന് പോലും അറിയാത്ത പല രാജ്യങ്ങളുമുണ്ട്. നൂറോളം രാജ്യങ്ങളിൽ ക്രിക്കറ്റ് ടീമുണ്ട് എന്ന് പറയുമ്പോഴും പല രാജ്യങ്ങളും അതിന് വലിയ പ്രാധാന്യം കൊടുക്കുന്നതായും വലിയ ആരാധകരുടെ സപ്പോർട്ട് ഉള്ളതായും കാണുന്നില്ല. സത്യം പറഞ്ഞാൽ ആദ്യ 20 രാജ്യങ്ങളിൽ മാത്രമേ കോമ്പറ്റിഷൻ നടക്കുന്നുള്ളൂ. പക്ഷേ അതിൽ ഇന്ത്യ വളരെ മികച്ച ടീം തന്നെയാണ് , അത് ചെറിയൊരു നേട്ടമായി കുറച്ച് കാണാനും കഴിയില്ല. 
എന്നാൽ ഫുട്ബോൾ ഒരിക്കലും ക്രിക്കറ്റ് പോലെയല്ല ഇവിടെ സ്കിൽ മാത്രം പോര എതിരാളികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനുള്ള സ്റ്റാമിനയും വേണം. നമ്മുടെ സൗത്ത് ഏഷ്യൻ രാജ്യങ്ങൾ എന്നും ഫുട്ബോളിൽ പിന്നോട് പോകാനുള്ള കാര്യവും ഇതു തന്നെയാണ്. അറബ്, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ, യൂറോപ്യൻ പ്ലെയേർസിനെതിരെ 90 മിനിറ്റ് പിടിച്ച് നിൽക്കാനുള്ള ഫിസിക്  നമുക്കില്ല എന്ന് തന്നെ പറയാം. പക്ഷേ ഇതൊക്കെ ഒരു കാരണമായി പറയാമോ എന്നെനിക്കറിയില്ല. കാരണം മികച്ച ഗ്രാസ്റൂട്ട് ലെവൽ ട്രെയിനിങ്ങ് നൽകി  ഫിസിക്കലീ ഏത് വെല്ലുവിളിയും നേരിടാൻ പോന്ന പ്ലെയേർസിനെ നമുക്ക് വളർത്തിയെടുക്കാൻ കഴിയും. നമ്മുടെ U-17 ടീമിൽ നിന്നും നമുക്ക് അതിന് കഴിയും എന്ന് കരുതാം. 
പിന്നെ ലോക റാങ്കിംഗിൽ ആദ്യ നൂറിലെത്തിയതും ഏഷ്യയിൽ ആദ്യ പത്തിൽ എത്തിയതും വളരെ വലിയ നേട്ടം തന്നെയാണ്, ഈ സമയത്ത് തന്നെയാണ് നമ്മുടെ ടീമിന് നമ്മുടെയെല്ലാം കട്ട സപ്പോർട്ടും ആവശ്യമുള്ളത്. ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും പാത പിന്തുടർന്ന് കൊണ്ട് നമുക്ക് ക്രിക്കറ്റ്,ഫുട്ബോൾ ടീമുകൾക്ക് ഒരു പോലെ സപ്പോർട്ട് കൊടുക്കാം.
 

Rahul thennat

0 comments:

Post a Comment

Blog Archive

Labels

Followers