Sunday, June 3, 2018

ഇതിഹാസം വിതുമ്പുന്നു, ഇനിയും കാണാതെ പോകരുത് ഈ അപേക്ഷ


ലോകകപ്പിന്റെ ആവേശത്തിൽ തുള്ളിചാടുന്ന ഫുട്ബോൾ പ്രേമികളെ.. നിങ്ങൾ കണ്ടോ ആ മുഖം... നിങ്ങൾ കേട്ടുവോ ആ വാക്കുകൾ.. ഭാരതത്തിന്റെ കാൽപ്പന്ത് ചരിത്രത്തിൽ സ്വർണ്ണലിപികളാൽ എഴുതി ചേർത്ത ഇതിഹാസതാരം അപേക്ഷിക്കുന്നത് കണ്ടോ.. ഒരു ഹാട്രിക് നേടിയ ആവേശം ആ വാക്കുകളിൽ ഉണ്ടായിരുന്നില്ല.. ഇന്ത്യൻ ഫുട്ബോൾ ടീമിന് വേണ്ടി നൂറാം മത്സരത്തിനിറങ്ങിയതിന്റെ പ്രസരിപ്പും ഉണ്ടായിരുന്നില്ല... ഉണ്ടായിരുന്നത് സങ്കടവും നിരാശയും മാത്രം.. വളരെ ചുരുക്കം കാണികൾക്ക് മുൻപിൽ സ്വന്തം രാജ്യത്തിനു വേണ്ടി കളിക്കാനിറങ്ങിയ നായകന്റെ ചങ്കുകലങ്ങിയ വാക്കുകൾ... ചൈനീസ് തായ്‌പേയ്ക്കെതിരെ അഞ്ചു ഗോളിന്റെ തകർപ്പൻ വിജയം നേടിയെങ്കിലും സ്വന്തം നാട്ടിലെ കാണികളുടെ എണ്ണം ഇന്ത്യൻ നായകന്റെ മനസ്സിൽ ഒരു നീറ്റലായി മാറിയിരുന്നു.. ആകെ ഉണ്ടായിരുന്ന കുറച്ചുപേർ ബ്ലൂ പിൽഗ്രിംസ് എന്ന ഇന്ത്യൻ ഫുട്ബോൾ ആരാധക കൂട്ടായ്മയുടെ ബാനറിൽ ബാംഗ്ലൂരിൽ നിന്നും ബംഗാളിൽ നിന്നുമൊക്കെ വന്ന കുറച്ചാളുകൾ... അവർ കഴിയും വിധം ടീമിനെ സപ്പോർട്ടും ചെയ്തു.. എന്നാൽ സ്റ്റേഡിയത്തിന്റെ ഏറിയ പങ്കും കാലിയായിരുന്നു.. മാത്രമല്ല ഏതാനും ആഴ്ചകൾക്ക് മുൻപ് മുംബൈയിൽ തന്നെ നടത്തിയ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിന്റെ ലൈവ് സ്‌ക്രീനിങ്ങിന് പതിനായിരത്തിലേറെ കാണികൾ ഒത്തു കൂടിയിരുന്ന കാര്യം കൂട്ടി വായിക്കണം.

ഇനി നമ്മുടെ കേരളത്തിൽ കൊണ്ട് വരാമെന്നു വെച്ചാൽ ജിസിഡിഎയുടെ അടിയും കാലും പിടിച്ചു ഒരുപാട് കാശും കൊടുത്തു സ്റ്റേഡിയം ഒപ്പിച്ചാൽ തന്നെ കഴിഞ്ഞ തുർക്ക്‌മെനിസ്താനുമായുള്ള  മത്സരം പോലെ ആകുമെന്നും സംശയമുണ്ട്.. ഇത്രയും ഫുട്ബോൾ പ്രാന്തന്മാർ ഉള്ള കേരളത്തിൽ അന്ന് സുരക്ഷക്കായി വന്ന വൻ പോലിസ് പട അടക്കം രണ്ടായിരംപേർ മാത്രം..ഇതാണ് ഇന്ത്യൻ ഫുട്ബോളിന്റെ യഥാർത്ഥ ചിത്രം..  അതിനെ തുടർന്നാണ് ക്യാപ്റ്റൻ സുനിൽ ഛേത്രി ഇന്ത്യൻ ഫുട്ബോൾ പ്രേമികളോട് സ്റ്റേഡിയത്തിൽ എത്താൻ വീഡിയോയിലൂടെ അഭ്യർത്ഥിച്ചത്.. ഇതിൽ ആർജ്ജവം ഉൾക്കൊണ്ട്‌ കൊണ്ട് ഇന്ത്യൻ ഫുട്ബോൾ ടീമിനെ സപ്പോർട്ട് ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഒരു നല്ല ഫുട്ബോൾ പ്രേമിയാണെന്ന് പറയുന്നതിൽ അർത്ഥമില്ല.. സ്വന്തം നാട്ടിലെ ഫുട്ബോൾ ടീമിനെ സപ്പോർട്ട് ചെയ്യാൻ അറിയാത്തവർ മറ്റു രാജ്യങ്ങൾക്ക് വേണ്ടി ഫ്‌ളെക്‌സും കൊടിതോരണങ്ങളും നിരത്തുന്നത് അശ്ലീലമായി കാണേണ്ടി വരും.. ഒരു രാജ്യത്തിന്റെ ഫുട്ബോൾ ടീം ക്യാപ്റ്റനെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതിന്റെ ഉത്തരവാദിത്തം നമുക്കോരോരുത്തർക്കും ഉണ്ട്.. കാരണം പലതും നിരത്താൻ ഉണ്ടാകും..U17 ലോകകപ്പിൽ അടക്കം ഈ ന്യായീകരണങ്ങൾ  പലകുറി കേട്ടതുമാണ്... എന്നിരുന്നാലും ഇനിയെങ്കിലും തിരിച്ചറിയുക.. സ്വന്തം നാട്ടിലെ ഫുട്ബോൾ ടീമിനെ സപ്പോർട്ട് ചെയ്യാൻ സാധിക്കാത്തവർ പിന്നെ മറ്റൊരു ടീമിനെയും സപ്പോർട്ട് ചെയ്യാൻ മെനക്കെടരുത്..ഇത് മണ്ണിന്റെ മക്കൾ വാദമോ ദേശസ്നേഹിയുടെ വികാരമോ ആയി കരുതേണ്ട.. നമ്മുടെ നായകന്റെ ദുരവസ്‌ഥ കണ്ട് മനസ്സ് നൊന്ത... ഇന്ത്യൻ ഫുട്ബോൾ ഒരുനാൾ ലോകം കീഴടക്കും എന്ന് മനോരാജ്യം കാണുന്ന.. അത് ഉറച്ചു വിശ്വസിക്കുന്ന ഒരു ആരാധകൻ. ഒരിറ്റു സ്നേഹം ഫുടബോളിനോട് ഇനിയും ബാക്കിയുണ്ടെങ്കിൽ നമുക്കൊരുമിക്കാം നമ്മുടെ ക്യാപ്റ്റന്റെ വാക്കുകൾക്കു വേണ്ടി..

®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/

0 comments:

Post a Comment

Blog Archive

Labels

Followers