Wednesday, May 30, 2018

ഹീറോ ഇന്റർ കോണ്ടിനെന്റൽ കപ്പ് മാച്ച് പ്രീവ്യൂ




ഇന്റർ കോണ്ടിനെന്റൽ കപ്പിന്  ജൂൺ ഒന്നിന് തുടക്കം, ഏഷ്യൻ കപ്പിന് തയ്യാറെടുക്കുന്ന ടീം ഇന്ത്യക്ക് ഈ ടൂർണ്ണമെന്റ് ഒരു മുന്നൊരുക്കം കൂടെയാണ്, അതുപോലെ തന്നെ ഇന്ത്യൻ ഫുട്ബോൾ ഫാൻസിന് വേൾഡ് കപ്പിന് മുന്നോടിയായി ആഘോഷമാക്കാൻ ഒരു ടൂർണ്ണമെന്റും. 

ഇന്ത്യക്ക് ഈ ടൂർണ്ണമെന്റ് നല്ല വെല്ലുവിളി തന്നെയാണ് നൽകുന്നത്, വേൾഡ് കപ്പിൽ കളിച്ച പരിചയവുമായി വരുന്ന ന്യൂസിലാന്റും, യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന ഒരുപിടി താരങ്ങളും ആഫ്രിക്കൻ കരുത്തുമായി എത്തുന്ന കെനിയ, കൂടെ അട്ടിമറികളിലൂടെ പല ഏഷ്യൻ കരുത്തരേയും ഞെട്ടിച്ച  ചൈനീസ് തായ്പേയും. ഫിഫ റാങ്കിംഗിൽ ഇവരെക്കാളെല്ലാം മുന്നിലാണെങ്കിലും വിജയത്തിനായി ടീം ഇന്ത്യ കുറച്ചതികം വിയർക്കേണ്ടി വരും.




എന്നത്തേയും പോലെ മിഡ്ഫീൽഡ് തന്നെയാണ് ഇന്ത്യയുടെ വീക്ക് പോയിന്റ്, മികച്ച പല താരങ്ങൾക്കും ഇത്തവണയും കോൺസ്റ്റന്റൈൻ അവസരം നൽകിയില്ല, ഇന്ത്യൻ ലീഗുകളിൽ തിളങ്ങിയ മധ്യ നിരാ താരങ്ങളായ ബ്രണ്ടൻ ഫെർണ്ണാണ്ടസ്, സൂസൈ രാജ്, മന്ദാർ റാവു ദേശായി,  ലാല്ലിയൻ സുവാല ചാങ്തെ, ആദിൽ ഖാൻ തുടങ്ങിയവർ ഇപ്പോഴും കളത്തിന് പുറത്ത് തന്നെ. എന്നാൽ ആഷിക് കുരുണിയൻ, അനിരുദ്ധ് ഥാപ്പ, ഉദന്ത സിംങ് എന്നിവരടങ്ങിയ യുവനിര നമുക്ക് പ്രതീക്ഷ നൽകുന്നു.



ജിങ്കനും അനസും അടങ്ങുന്ന പ്രതിരോധവും ഗുർപ്രീത് എന്ന വല കാക്കും ഭൂതവും കൂടുമ്പോൾ എതിരാളികൾക്ക് ഇന്ത്യൻ വല ചലിപ്പിക്കാൻ ഏറെ വിയർക്കേണ്ടിവരും.  
അറ്റാക്കിൽ നമ്മുടെ കുന്തമുന സുനിൽ ഛേത്രി തന്നെ, തന്റെ നൂറാം മത്സരം കളിക്കാനൊരുങ്ങുന്ന ഈ മുപ്പത്തിമൂന്നുകാരനിൽ തന്നെയാണ് ഇന്ത്യയുടെ മുഴുവൻ പ്രതീക്ഷയും. ഐ എസ് എല്ലിലേയും സൂപ്പർ കപ്പിലേയും തന്റെ ഫോം ഛേത്രി തുടർന്നാൽ എതിരാളികൾക്ക് അത് വലിയ വെല്ലുവിളിയാകും. ഛേത്രിക്കൊപ്പം ബൽവന്തും ജെജെയും ഫോമിലേക്കെത്തിയാൽ ഇന്ത്യയെ പിടിച്ചു കെട്ടുക അത്ര എളുപ്പമാവില്ല.

എന്തായാലും പുതിയ വെല്ലുവിളികളെ കോൺസ്റ്റന്റൈനും സംഘവും എങ്ങിനെ നേരിടും എന്ന് നമുക്ക് കണ്ടു തന്നെ അറിയാം

രാഹുൽ തെന്നാട്ട്

0 comments:

Post a Comment

Blog Archive

Labels

Followers