എല്ലാ നിറങ്ങളുമുള്ള മഴവിൽ ലോകകപ്പല്ല ഇത്. ഫുട്ബോളിലെ മൂന്ന് പ്രാഥമിക വർണങ്ങൾ– ഇറ്റലിയുടെ നീലയും ഹോളണ്ടിന്റെ ഓറഞ്ചും ചില്ലിയുടെ ചുവപ്പും ഈ ലോകകപ്പിൽ കാണില്ല. ലോകകപ്പിനു യോഗ്യത നേടുമോ എന്ന നിലയിൽ അർജന്റീനയ്ക്കു മുകളിൽ തൂങ്ങിനിന്നിരുന്ന വാൾ ഒടുവിൽ വീണത് ഇറ്റലിയുടെ തലയ്ക്കു മുകളിലാണ്. ഇരുപാദങ്ങളിലുമായി സ്വീഡനോടു തോറ്റതോടെ അസ്സൂറിപ്പട 1958നു ശേഷം ആദ്യമായി ലോകകപ്പ് കാണാതെ പുറത്ത്. ജിയാൻല്യൂജി ബുഫൺ, ആൻഡ്രിയ ബർസാഗ്ലി, ലിയൊനാർഡോ ബൊന്നൂച്ചി, ജോർജിയോ കില്ലെനി എന്നിവർക്കും അതോടെ റഷ്യയിലെ മൈതാനങ്ങൾ അന്യമായി.
ഹോളണ്ടിന്റേതു പ്രവചിക്കപ്പെട്ട പതനമാണ്. 2016 യൂറോകപ്പിനു യോഗ്യത നേടാതെ പോയതു മുതൽ അവരുടെ ജഴ്സിയിലെ നിറം ഇളകിത്തുടങ്ങിയിരുന്നു. ഒടുവിൽ പ്ലേഓഫിനു പോലും യോഗ്യത നേടാനാകാതെ കഴിഞ്ഞ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർ പുറത്ത്. ലാറ്റിനമേരിക്കൻ ചാംപ്യൻമാരായ ചിലെയുടെ പതനം പക്ഷേ അപ്രതീക്ഷിതമായിപ്പോയി. കഴിഞ്ഞ രണ്ടു കോപ്പ അമേരിക്ക ഫൈനലുകളിലും തങ്ങൾ തോൽപിച്ച അർജന്റീനയുടെ ശാപമാണോ അവരെ പിടികൂടിയത്? അലക്സിസ് സാഞ്ചെസ്, അർതുറോ വിദാൽ (ചിലെ), ആര്യൻ റോബൻ (ഹോളണ്ട്), ഗാരെത് ബെയ്ൽ (വെയ്‌ൽസ്)– ഈ ലോകകപ്പിന്റെ നഷ്ടതാരങ്ങളുടെ നിര അങ്ങനെ നീളുന്നു.
0 comments:
Post a Comment