റിയൽ കാശ്‌മീർ
യന്ത്രത്തോക്കുകളും ബോംബുകളുമായി ഭീകരരുടെ ട്രക്ക് ശ്രീനഗറിലേക്ക് പ്രവേശിക്കുമ്പോൾ, സനത് നഗർ പാർക്കിൽ ഏതാനും കുട്ടികൾ ഫുട്ബാൾ കളിക്കുകയായിരുന്നു. മഹാപ്രളയം ജലത്തേറ്റകൊണ്ട് കാശ്മീരിനെ നക്കിയെടുത്ത 2014 ൽ ആയിരുന്നുവത്. രക്ഷിച്ചെടുത്ത കുട്ടികളെ സ്വന്തം വീട്ടിലേക്ക് ഷമീം മിഹ്റാജ് കൊണ്ടുപോകുമ്പോൾ പോക്കുവെയിൽ പുകഞ്ഞുനിന്ന വീട്ടുമുറ്റത്ത്, വാടിവീണ മെയ് ഫ്‌ളവര്‍ കട്ടച്ചോര പോലെ ചിതറിക്കിടന്നു.
പാർക്കിലേക്ക് ഇരച്ചു കയറി. ആകാശത്തേക്കു തുരുതുരാ വെടിയുതിര്‍ത്ത് ഭീകര സംഘം നശീകരണം നടത്തുന്നത് മിഹ്റാജും
കുട്ടികളും മഞ്ഞുപറ്റിക്കിടന്ന ജനൽ ചില്ലിലൂടെ നോക്കികണ്ടു. പാർക്കിൽ അനാഥമായികിടന്ന അവരുടെ പന്തിലേക്ക് ഭീകരർ വെടിയുതിർത്ത് തിരിഞ്ഞുനടന്നു. ഞെട്ടിവിറയ്‌ക്കേണ്ട സമയത്തും കുട്ടികൾ മിഹ്റാജിനോട് ആവശ്യപ്പെട്ടത് ഞങ്ങൾക്ക് കളിക്കാൻ ഒരു ഗ്രൗണ്ട് വേണമെന്നായിരുന്നു.
കശ്മീർ മോണിറ്റർ എന്ന പത്രത്തിന്റെ എഡിറ്ററും ലോക്കൽ ഫുട്ബാൾ ന്യൂസ് പോലും ഒന്നാം പേജിലേക്ക് കൊണ്ടുവരാൻ ധൈര്യം കാണിക്കാറുമുള്ള മിഹ്റാജ് അന്നാണ് ഒരു ഫുട്ബാൾ ക്ലബ് തുടങ്ങാൻ തീരുമാനിക്കുന്നത്. ഏറ്റവും അടുത്ത സുഹൃത്ത് സന്ദീപ് ചാട്ടൂവും സംഘവും മിഹ്റാജിനൊപ്പം ചേർന്നു. അങ്ങനെയാണ് റിയൽ കശ്മീർ എഫ് സി റിയാലിറ്റിയായത്. തുടങ്ങി നാല് വർഷം തികയും മുൻപേ അവർ രണ്ടാം ഡിവിഷൻ ജേതാക്കളായി ഐ ലീഗിന് യോഗ്യരായി. കാശ്മീരിൽ നിന്നൊരു ക്ലബ് ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗിൽ പന്തുതട്ടാൻ ഇറങ്ങുകയാണ്. ആദ്യമത്സരം നാളെ, അയൽക്കാരായ മിനർവ പഞ്ചാബിനെതിരെ. എല്ലാം നഷ്ടപ്പെട്ട ഒരു നാടിനെ ഫുട്ബോളിലൂടെ പ്രത്യാശയുടെ മൈതാനത്തേക്ക് കൈപിടിച്ചു നടത്തിയ മിഹ്റാജിനും അദ്ദേഹത്തിന്റെ "സ്വർഗ്ഗത്തിലെ ഹിമപ്പുലി"കൾക്കും ഇന്ത്യയുടെ ഇങ്ങേ അറ്റത്തുനിന്ന് ഹൃദയം നിറഞ്ഞ വിജയാശംസകൾ. ♥⚽
Article: Jafer Khan
0 comments:
Post a Comment