Tuesday, October 30, 2018

കേരള ബ്ലാസ്റ്റേഴ്‌സ് - ജംഷഡ്പൂർ മത്സരം... പകരക്കാർ മാറ്റി വരച്ച ചിത്രം

സിറാജ്  പനങ്ങോട്ടിൽ എഴുതുന്നു... 


പകരക്കാർ മാറ്റി വരച്ച ചിത്രം എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന മത്സരമായി വിലയിരുത്താം .

മുൻഘട്ടങ്ങളിൽ നിന്നും വ്യത്യസ്തമായി ഏറ്റവും ഉചിതമായ സമയത്ത് ഉചിതമായ കളിക്കാരെ പ്ളേസ് ചെയ്യിക്കാൻ കഴിഞ്ഞതിന്റെ ഉത്തമ റിസൾട്ട് എന്ന് തന്നെ പറയാം.

സഹലെന്ന ചെറുപ്പക്കാരന്റെ പ്രാധാന്യം എത്രമാത്രമാണെന്നു നമ്മൾക്ക് കാട്ടിത്തരികയായിരുന്നു സെക്കൻഡ് ഹാഫിലെ ഗെയിം പ്ലാൻ. അതുവരെയുണ്ടായിരുന്ന കളിയുടെ മൊത്തം ആലസ്യവും അറബിക്കടലിലേക്കെറിഞ്ഞു ആ പ്ലയെർ നിറഞ്ഞു കളിക്കുകയായിരുന്നു. ഡിഫൻസിലും സ്‌ട്രൈക്കിങ് പൊസിഷനിലും എല്ലാം ഒരേ പോലെ സജീവമായ സഹലിന്റെ സ്കില്ലിനെ ആശ്രയിച്ചിരിക്കും ഇനിയുള്ള കളികളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ച എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങൾ. കഴിഞ്ഞ കളികളിൽ ഉണ്ടായത് പോലെ പാസിങ്ങിൽ സംഭവിച്ച പിഴവുകൾ തീരെ ഇല്ലാതെയും അനാവശ്യമായ ഷോട്ടുകൾക്ക് മുതിരാതെയും സഹൽ കാണിച്ച ജാഗ്രതയെ അഭിനന്ദിക്കേണ്ടതുണ്ട്.

അതേ നിലവാരത്തിൽ കാലിയുടെ ഗെയിമും എടുത്തു പറയേണ്ടതുണ്ട് . ആവശ്യമുള്ളപ്പോൾ ഓവർലാപ് ചെയ്തും ജെറിയടക്കമുള്ള ഡിഫൻസിനെ കൂച്ചു വിലങ്ങിട്ടും കാലി ഈ സീസണിലെ അരങ്ങേറ്റം നന്നാക്കിയിട്ടുണ്ട്. ചില സമയങ്ങളിൽ അല്പം സ്ലോ ആണ് എന്നത് മാത്രമാണ് പോരായ്മയായി കാണാനുള്ളത്.

നഴ്‌സറിയെ മാറ്റി ഡോങ്കലിനെ കൊണ്ട് വന്ന തീരുമാനം സത്യത്തിൽ ഇത്തരമൊരു മാറ്റം ഉണ്ടാക്കും എന്ന് ഒരു പക്ഷെ ജെയിംസ് പോലും നിനച്ചിട്ടുണ്ടാകില്ല. അധികമൊന്നും ക്രോസുകൾ സൈമൻ നൽകിയിട്ടില്ല, പക്ഷെ നൽകിയ രണ്ടും അതിമനോഹരം എന്നല്ലാതെ ഒന്നും പറയാനില്ല. കൃത്യമായ പൊസിഷനിൽ നിൽക്കുന്ന ആർക്കും പോസ്റ്റിലേക്ക് മറിക്കാൻ പറ്റുന്ന കിടിലൻ പാസുകൾ . കയ്യടിച്ചേ മതിയാകൂ

പൊതുവായി പറഞ്ഞാൽ കൈവിട്ട കളിയെ തിരിച്ചു പിടിച്ച ഈ ശ്രമത്തിനു രണ്ടാം പകുതിയിൽ കൂട്ടിയിരുന്ന എല്ലാവരും നിലവാരം പുലർത്തിയിട്ടുണ്ട്.

സ്ളാവിസ നന്നായി ശ്രമിച്ചിട്ടുണ്ട്, ഒരു പെനാൽറ്റി മിസ്സാക്കിയതിനെ അത്രമാത്രം ക്രൂശിക്കേണ്ടതില്ല, പെനാൽറ്റി നഷ്ടപ്പെടുന്നത് ഫുട്ബാളിൽ അത്ര അപൂർവ നിമിഷങ്ങളൊന്നുമല്ല, എന്നാൽ പഅവസാന സെക്കന്ഡിലെ കാലിയുടെ ആ പാസ് പുറത്തേക്കടിച്ചു കളഞ്ഞപ്പോൾ വല്ലാത്ത ഒരു ധൃതി കൂട്ടലിന്റെ ഇമ്പാക്ട് ആയി തോന്നി.

പോപ്ലാറ്റിനിക് അത്ര തിളങ്ങിയ കളിയല്ല ഇന്നത്തേത്, പലപ്പോഴും കാലിൽ പന്ത് കിട്ടുമ്പോഴേക്കും സ്വാഭാവികമായും ചലഞ്ചിൽ അദ്ദേഹം വീണു പോകുന്ന കാഴ്ച പരമാവധി കുറക്കേണ്ടതുണ്ട്.

കൂടുതലായും സെറ്റ് പീസുകളിൽ ഗോൾ കണ്ടെത്തുന്ന താരമാണ് വിനീത് . ആ പ്ലെയറിനെ ഡിഫൻസീവ് മിഡ് ഫീൽഡിൽ കളിപ്പിച്ചാൽ ഉണ്ടാകുന്ന എല്ലാ പോരായ്മകളും ഇന്ന് അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തെ പോലെ ഒരു പ്ലെയറെ കൃത്യമായ പൊസിഷനിൽ കളിപ്പിക്കാനാണ് ടീം മാനേജ്‌മെന്റ് മുതിരേണ്ടത്. അല്ലെങ്കിൽ നല്ല ഒരു സൂപ്പർ സബ് ആയി ഇറക്കാനും പറ്റിയ താരമാണ് അദ്ദേഹം, മുഴുവൻ സമയവും കളിപ്പിക്കേണ്ടതില്ല എന്ന് ചുരുക്കം.
നിക്കോള എന്ന ഫോറിൻ പ്ലയെർ ഇന്നത്തെ കളിയിൽ വേണ്ടത്ര നിറഞ്ഞു കളിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. സാധാരണ ഒരു ഇന്ത്യൻ പ്ലെയറുടെ നിലവാരത്തിനപ്പുറത്തുള്ള വലിയ ഇടപെടലൊന്നും അദ്ദേഹം ഗ്രൗണ്ടിൽ ഉണ്ടാക്കുന്നില്ല . ഗോവയുടെ ചാഹുവിന്റെ പൊസിഷൻ ആണ് അദ്ദേഹം കളിക്കുന്നത് എന്നിട്ട് പോലും അത്തരമൊരു ക്രിയേറ്റിവ് ആയ നീക്കം കാണാൻ കഴിഞ്ഞില്ല എന്നത് വ്യക്തിപരമായി തോന്നി.

ഈ എഴുത്തു അവസാനിപ്പിക്കുന്നത് റാകിപ് എന്ന കളിക്കാരനെ കുറിച്ച് പറഞ്ഞിട്ടാകണം എന്ന നിർബന്ധ ബുദ്ധിയുണ്ട്. കഴിഞ്ഞ കളിയിലൊക്കെയും ആ ചെറുപ്പക്കാരൻ കാണിച്ച ഡെഡിക്കേഷനു നമ്മൾ ഒന്നായി എഴുന്നേറ്റ് നിന്നേ മതിയാകൂ. എത്ര നിലവാരത്തോടെയാണ് അദ്ദേഹം ഓവർലാപ്പ് ചെയ്യുന്നതും തിരിച്ചു ഡിഫൻസിലേക്ക് വരുന്നതും. അസാമാന്യ മികവ് തന്നെയാണ്.
അനസ് എന്ന ഇന്ത്യൻ മതിലിനെ സൈഡിലിരുത്തി റാകിബിൽ ജെയിംസ് നൽകിയ വിശ്വാസത്തെ അതേ പോലെ സംതൃപ്തപ്പെടുത്തിയിട്ടുണ്ട് ഈ ചെറുപ്പക്കാരൻ.

ചുരുക്കത്തിൽ കുറെ കൂടി മെച്ചപ്പെട്ട ലൈൻ അപ്പ് തന്നെ ആദ്യ ഇലവനിൽ ഇറക്കി നിലവാരമുള്ള പകരക്കാരെ കൊണ്ട് കളി തിരിച്ചു പിടിച്ച ഇന്നത്തെ ഗെയിമിൽ ജയിംസിന്റെ പങ്കു ചെറുതായി കാണാൻ പറ്റില്ല.

അപ്പോഴും വിങ്ങുകളിൽ നിന്നുള്ള ക്വാളിറ്റി ക്രോസുകളടക്കം ഇനിയും മെച്ചപ്പെടാനുണ്ട്. മറ്റു പലതിനെയും പോലെ അതൊക്കെയും പരിഹരിക്കപ്പെടും എന്ന് നമ്മൾക്ക് വിശ്വസിക്കാം .

Article: Siraj Panangottil

0 comments:

Post a Comment

Blog Archive

Labels

Followers