റിയാദിലെ ഫുട്ബോൾ മൈതാനങ്ങളോട് യാത്ര പറഞ്ഞു ബഷീർ.
വിശ്വസിക്കാൻ ഇപ്പോഴും പ്രയാസപ്പെടുന്ന ഒരു വലിയ ദുഃഖ വാർത്തയുമായാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. നമ്മുടെയൊക്കെ പ്രിയ സുഹൃത്തും വര്ഷങ്ങളായി റിയാദിൽ ഫുട്ബോൾ കളിച്ചും കളിപ്പിച്ചും നമ്മോടൊപ്പം ഉണ്ടായിരുന്നതുമായ പാലക്കാട് തൃത്താല സ്വദേശി ബഷീർ ഇന്നലെ രാത്രി ദമ്മാമിനടുത്ത് അബ്‌ഖൈക്കിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ടിരിക്കുന്നു. ഊണിലും ഉറക്കത്തിലും ഫുട്ബോൾ നെഞ്ചേറ്റി നടന്നിരുന്ന ബഷീർ നല്ലൊരു വിങ് ബാക്കും അതോടൊപ്പം മികച്ച ഒരു സംഘാടകനും ആയിരുന്നു. ഇപ്പോഴും കളിയുണ്ടെന്നു പറഞ്ഞാൽ ഷർട്ട് മാറ്റി ഗ്രൗണ്ടിൽ ഇറങ്ങുന്ന ബഷീർ ഇന്നലെയും കളിക്കാനെത്തുമെന്ന് സുഹൃത്തുക്കളെ അറിയിച്ചിരുന്നു.
ദമ്മാം റിയാദ് ഹൈവേയിൽ റിയാദിലേക്ക് വരുന്ന വഴി എതിരെ വന്ന ട്രൈലെർ ട്രക്ക് നിയന്ത്രണം വിട്ടു ബഷീർ ഓടിച്ചിരുന്ന വണ്ടിയുടെ മുകളിലേക്ക് മറിഞ്ഞാണത്രെ അപകടം. വണ്ടിയിലുണ്ടായിരുന്ന മറ്റു രണ്ടു യാത്രക്കാരും മരണപ്പെട്ടതായാണ് പ്രാഥമിക വിവരം. മൃതദേഹം അബ്‌ഖൈഖ് ജനറൽ ആശുപത്രി മോർച്ചറിയിലാണുള്ളത്. ബഷീറിന്റെ സഹോദരൻ കഴിഞ്ഞ വര്ഷം റിയാദിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണുണ്ടായ അപകടത്തിൽ മരണപ്പെട്ടിരുന്നു.
റിയാദിലെ പ്രവാസി ഫുട്ബോളിന് ഒരു കനത്ത നഷ്ടമാണ് ബഷീറിന്റെ അകാല മരണം. കളിച്ചും ചിരിച്ചും കലഹിച്ചും കഴിഞ്ഞ കുറെ വര്ഷങ്ങളായി നമ്മോടൊപ്പം ബഷീർ കളിക്കളങ്ങളിൽ നിറഞ്ഞു നിന്നു. ആദ്യകാല ടൂർണമെന്റുകളിൽ പഴയ കാല പ്രമുഖ ഫുട്ബോളർ സൈദാലി മാഷുടെയും മുജീബ് വാഴക്കാടിന്റെയും എല്ലാം കൂടെ സി ആർ ബി ഫുട്ബോൾ ടീം രൂപീകരിച്ചതോടെ സി ആർ ബി ബഷീർ എന്നും ഓ എം സി ബഷീർ എന്നും എല്ലാം കുറെ കാലം അറിയപ്പെട്ടിരുന്നു ഞങ്ങൾക്കിടയിൽ. മധുരമായി കലഹിക്കുന്ന ബഷീറിന്റെ വാദകോലാഹലങ്ങൾ ഇനി ഗ്രൗണ്ടുകളിൽ കാണില്ല. ഒരു നല്ല സഹൃദയൻ കൂടി ആയിരുന്ന ബഷീർ കുഴപ്പമില്ലാതെ പാടുന്ന ഒരു ഗായകനും ആയിരുന്നു. ബഷീറിന്റെ നല്ല ഓർമ്മകൾ എന്നും റിയാദിലെ ഫുട്ബോളിനെ സ്നേഹിക്കുന്നവരുടെ നല്ല സൗഹൃദം ഇഷ്ടപ്പെടുന്നവരുടെ മനസ്സിൽ നിലനിൽക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഈ വിയോഗം താങ്ങാനുള്ള കരുത്ത് സർവശക്തൻ നൽകട്ടെ. അദ്ദേഹത്തിന് പൊറുത്തുകൊടുത്ത് നമ്മെയെല്ലാവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂട്ടാനുള്ള വിധി ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ..
✍🏽 ശകീബ് കൊളക്കാടൻ ഫേസ്ബുക്കിൽ കുറിച്ചു
0 comments:
Post a Comment