ഉജ്ജ്വലം ബ്ളാസ്റ്റേഴ്സ് , ബ്ളാസ്റ്റേഴ്സ് - ചെന്നൈ എഫ് സി
ദീർഘമായ മുന്നൂറ്റി എൺപത്തിനാല് ദിവസത്തിന് ശേഷം ഒന്ന് ജയിക്കുക, ഇട്ടേച്ചു പോയ കളിയാരാധകരെ തിരിച്ചു കൊണ്ടുവരിക, ബദ്ധ വൈരികളായ ചെന്നൈയുടെ മുൻപിൽ നാണം കെടാതിരിക്കുക, അതി സമ്മർദത്തിന്റെ ഉത്തുങ്കതയിലായിരിക്കാം ഇന്ന് കേരള ബ്ളാസ്റ്റേഴ്‌സിന്റെ ഓരോ കളിക്കാരനും കളത്തിലിറങ്ങിയിട്ടുണ്ടാകുക. എന്നാൽ , മുപ്പത്തിനായിരത്തിനപ്പുറത്തുള്ള ആരാധക വൃന്ദത്തിന്റെ ആവേശോജ്വലമായ ആരവങ്ങൾക്കിടയിൽ നിന്ന് കളിച്ച പാരമ്പര്യത്തിൽ നിന്ന് കേവലം മൂവായിരം മാത്രം ടിക്കറ്റുകളിലേക്ക് മാത്രം ചുരുങ്ങിപ്പോയ ഈ ദിനത്തിലെ കളി കഴിഞ്ഞപ്പോഴേക്കും തെരുവുകളിലെ, ക്ലബ്ബ്കളിലെ ടിവിക്ക് മുൻപിൽ ജിജ്ഞാസയോടെ കളി കണ്ടിരുന്ന ഓരോരുത്തരെയും ഇന്ന് സ്റ്റേഡിയത്തിലുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്ന തരത്തിലേക്ക് മാറ്റുന്ന അതിസുന്ദരമായ കളി പുറത്തെടുത്ത കളിക്കാർ തന്നെയാണ് ഇന്നത്തെ ഹീറോസ്. അവരെത്രമാത്രം ഹോംവർക് ചെയ്തിട്ടുണ്ട് എന്ന് ഇന്നത്തെ കളി നമ്മോട് പറയുന്നുണ്ട്.
ജയമില്ലെങ്കിലും കുഴപ്പമില്ല, നല്ല ഒരു കളിയെങ്കിലും കാഴ്ച വെക്കൂ എന്നായിരുന്നു ഭൂരിഭാഗം ആരാധകരുടെയും അഭ്യർത്ഥന. മനോഹരമായ കളിക്കൊപ്പം അഭിമാനകരമായ വിജയവും കൂടി സമ്മാനിച്ചാണ് ബ്ളാസ്റ്റേഴ്സ് ഇന്ന് ആ അഭ്യര്ഥനക്ക് മറുപടി കൊടുത്തത്.
കഴിഞ്ഞ ഏഷ്യൻ കപ്പിലെ പരിക്കിൽ നിന്നും മുക്തനായി അനസ് തിരിച്ചു വന്നപ്പോൾ അക്ഷരാർത്ഥത്തിൽ റാകിപും ജിങ്കാനും പ്രീതവും ഒത്തുള്ള ഒരു ഇന്ത്യൻ മതിൽ തന്നെയായിരുന്നു ഇന്നത്തെ ഡിഫൻസ്. റാഫേൽ അഗസ്റ്റോയെയും
നെൽസനെയുമൊക്കെ ലോക്ക് ചെയ്തു കളിക്കാൻ നന്നേ ചെറുപ്പമായിട്ട് കൂടി റാകിപ്പിനും പ്രീതം സിങ്ങിനും കഴിഞ്ഞത് എടുത്തു പറയേണ്ടത് തന്നെയാണ്
അതേ പോലെ, കിസിറ്റോയും ശേഷം കാലിയും അവരുടെ റോൾ ഭംഗിയോടെ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. പ്രതേകിച്ചും കാലി, എതിർ കളിക്കാരനെ ഷോട്ട് ഉതിർക്കാനോ ഡ്രിബ്ലിങ് ചെയ്തു പോകാനോ സമ്മതിക്കാതെ പരമാവധി പ്രസ്സിങ് ചെയ്തു കളിച്ചത് ചെന്നൈയുടെ മുന്നേറ്റ നിരയിലേക്ക് ബോൾ എത്തിക്കാൻ അവർക്കു കഴിയാതെ പോയി എന്നിടത്താണ് അദ്ദേഹത്തിന്റെ വിജയം.
ലെൻഡുങ്കലും പേക്കൂസനും കിട്ടിയ അവസരങ്ങൾ കഴിയുന്നത്ര വേഗത്തിൽ മുന്നേറ്റ നിരയിലെ കളിക്കാർക്ക് കൈമാറാൻ കാണിക്കുന്ന ശ്രദ്ധയിൽ ഇന്നത്തെ കളിയിൽ വീഴ്ച സംഭവിച്ചിട്ടില്ല എന്നത് പ്രതേകം പറയേണ്ടത് തന്നെയാണ്. എങ്കിലും ചില സമയങ്ങളിലൊക്കെ അനാവശ്യമായ ഡ്രിബിളിംഗിന് മുതിർന്നു പന്ത് നഷ്ടപ്പെടുത്തുന്ന കാഴ്ച ഇന്നും ലെൻഡുങ്കലിൽ നിന്നു നമുക്ക് കാണാൻ കഴിഞ്ഞു. നേരിയ ഇത്തരം പിഴവുകളൊക്കെ മാറ്റി വെച്ചാൽ മധ്യ ഭാഗത്തു സഹലിനൊപ്പം ഒരു കോമ്പിനേഷൻ ഉണ്ടാക്കാൻ ഇന്ന് അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അത് തന്നെയാണ് രണ്ടാം ഗോളിനും മൂന്നാം ഗോളിനും വഴി വെച്ച കെമിസ്ട്രി.
ആ കെമിസ്ട്രി മാത്രമല്ല, ഇന്നത്തെ കളിയുടെ ഭൂരിഭാഗം രസതന്ത്രവും രൂപപ്പെടുത്തിയത് സഹലെന്ന മധ്യ നിരക്കാരൻ. ഇന്നത്തെ കളിയിൽ ഗ്രൗണ്ടിൽ നിയമിച്ച എഞ്ചിനീയർ എന്ന മാതൃകയിലായിരുന്നു സഹലിന്റെ പെർഫോമൻസ്. എടുത്തുപറയാവുന്ന പാസുകളും നയനാന്ദകരമായ ഡ്രിബിളിംഗുകളുമായി കൂടെ മനോഹരമായ ഫിനിഷിങ്ങുമായി ചുറ്റുമുള്ള കളിക്കാർക്ക് കൂടി എനർജി കൊടുക്കുന്ന ഒരു കിടിലൻ മാന്ത്രികൻ . ഈ സീസണിലെ ഐ എസ് എൽ ഇന്ത്യൻ ഫുട്ബോളിന് സംഭാവന കൊടുക്കുന്ന ഒരു മിഡ്ഫീൽഡ് ഡിസൈനർ തന്നെയാകും സഹാലെന്ന് ഇന്നത്തെ കളി കണ്ടവരാരും നിഷേധിക്കാനിടയില്ല.
സഹലിനോളം ആവേശത്തിൽ കൊച്ചി സ്റ്റേഡിയമൊന്നാകെ ബ്ളാസ്റ്റേഴ്‌സിന്റെ ബോളിനൊപ്പം നീങ്ങിയപ്പോൾ കിട്ടിയ രണ്ടു ചാൻസുകളും പോപ്ലാറ്റിനിക്കും ഗോൾ നിലവാരത്തിലേക്കുയർന്ന അസിസ്റ്റ് കൊണ്ട് സ്ടാജ്‌നോവിച്ചും ഇന്നത്തെ കളിയെ പൂർണതയിലെത്തിച്ചു എന്ന് പറയുന്നതാകും ഏറെ കൃത്യം.
ഈ എഴുത്തു അവസാനിക്കുന്നത് ധീരജ് സിങ്ങെന്ന ബ്ളാസ്റ്റേഴ്‌സിന്റെ കാവൽക്കാരനെ കുറിച്ച് എഴുതിയിട്ടാകണം എന്ന നിർബന്ധ ബുദ്ധിയുണ്ട്. ഗോൾ പോസ്റ്റിനു കീഴിലെ സ്പൈഡർമാൻ എന്നത് വെറുതെയല്ല ആരാധകർ ഈ ചെറുപ്പക്കാരനെ വിളിക്കുന്നത് എന്ന് തോന്നിപ്പോകും പെർഫോമൻസ് കാണുമ്പോൾ.
എത്ര നിഷ്പ്രയാസമാണ് ധീരജ് പോസ്റ്റിന്റെ കോർണർ എൻഡിലേക്ക് വരുന്ന പന്തിനെ ഡൈവ് ചെയ്തകറ്റുന്നത്, എതിരാളികളുടെ ബുള്ളറ്റ് ഷോട്ടുകളെ കൈപ്പിടിയിലൊതുക്കുന്നത് !! സഹലിനെപ്പോലെ കാഴ്ചക്കാർക്ക് പോലും ഊർജം നൽകുന്ന മറ്റൊരു താരം.
ചുരുക്കത്തിൽ, ഇനിയൊരു പ്ലെ ഓഫ് സാധ്യത ഇല്ലായെങ്കിലും ‘പ്രൊഫസറുടെ‘ നേത്യുത്വത്തിൽ കേരള ബ്ളാസ്റ്റേഴ്സ് ഫുട്ബാൾ സൗന്ദര്യം പുറത്തടുത്തിരിക്കുന്നു, അതും, അനസെന്ന ഇന്ത്യൻ ഫുട്ബാളിലെയും ബ്ളാസ്റ്റേഴ്‌സിന്റെ തന്നെയും ജന്മ ദിന രാത്രിയിൽ.
തന്റെ ജന്മദിനത്തിന്റെയന്നു പരിക്ക് മാറി കളിയിലെത്താനും ഏറെ പ്രിയപ്പെട്ട കളിയിലെ പാർട്ണർ ജിങ്കൻറെ കൂടെ മതിൽ കാക്കാനും ശേഷം സ്വന്തം കാണികൾക്ക് മുൻപിൽ വിജയത്തിന്റെ വിക്കിങ് ക്ലാപ്പ് അടിക്കാൻ നേതൃത്വം കൊടുക്കാനും കഴിഞ്ഞു എന്നത് അനസിന്റെ ഭാഗ്യം എന്നല്ലാതെന്തു പറയാൻ.
0 comments:
Post a Comment