Monday, November 30, 2020

ഫുട്‌ബോൾ ദൈവം മറഡോണയുടെ സ്പർശനമേറ്റ ആ ഫുട്‌ബോൾ എവിടെയെന്നു ചോദ്യം ഇനി വേണ്ട.

 


ഫുട്‌ബോൾ ദൈവം മറഡോണയുടെ സ്പർശനമേറ്റ ആ ഫുട്‌ബോൾ എവിടെയെന്നു ചോദ്യം ഇനി വേണ്ട.  മറഡോണ മായാജാലം കാണിച്ചു ആരാധകർക്കിടയിലേക്ക്  തൊടുത്തു വിട്ട ആ പന്ത് ഇന്ന് ഒരു സൗത്ത് സോക്കേഴ്‌സ് ഫുട്‌ബോൾ കുടുംബാംഗത്തിന്റെ കയ്യിൽ അമൂല്യ നിധി പോലെ സുഭദ്രം.

കാല്പന്തു കളിയിലെ ഇതിഹാസ താരം സാക്ഷാൽ ഡിയഗോ മറഡോണ കേരളത്തിൽ വന്നപ്പോൾ ജനങ്ങളെ ആവേശത്തിലാഴ്ത്താനായി കണ്ണൂരിൽ വെച്ചു ഫുട്‌ബോൾ തട്ടി കളിക്കുന്ന ദൃശ്യങ്ങൾ  കാണാത്ത കളിയാരാധകർ ചുരുക്കമായിരിക്കും. മറഡോണയുടെ മരണ ശേഷം വീണ്ടും ദൃശ്യ മാധ്യമങ്ങൾ അദ്ദേഹം കേരളത്തിൽ വന്നപ്പോൾ ഉള്ള ആ ദൃശ്യങ്ങൾ വീണ്ടും വീണ്ടും സംപ്രേഷണം ചെയ്തിരുന്നു. ആ ഫുട്‌ബോൾ മാന്ത്രികൻ മലയാളികളുടെ മുൻപിൽ വെച്ചു നടത്തിയ ആ ഫുട്‌ബോൾ മായാജാലത്തിന്റെ വിഡിയോ സോഷ്യൽ മീഡിയായിൽ അദ്ദേഹത്തിന്റെ വിയോഗ ശേഷം വീണ്ടും വൈറൽ ആയി.  അന്ന് അദ്ദേഹം ആരാധകരുടെ ഇടയിലേക്ക് അന്ന് തൊടുത്തു വിട്ട പന്ത് എവിടെയെന്നും, അത് കൈപ്പിടിയിൽ ഒതുക്കിയത് ആരെന്ന അന്വേഷണത്തിലും ആയിരുന്നു ഇതോടെ പലരും.മറഡോണ തൊടുത്തു വിട്ട ആ പന്ത് ഉയർന്നു ചാടി കൈപിടിയിൽ ഒതുക്കിയത് യദാർത്ഥത്തിൽ സമർത്ഥനായ ഒരു ഗോൾ കീപ്പർ തന്നെ ആയിരുന്നു.  ഇന്ത്യയിലെ പ്രമുഖ ഫുട്‌ബോൾ ഫാൻസ് ക്ലബ്ബ് ആയ സൗത്ത് സോക്കേഴ്‌സിന്റെ സജീവ പ്രവർത്തകനും സംസ്ഥാന ഫുട്‌ബോളിലെ പ്രമുഖ ഗോൾ കീപ്പറുമായ കെ.റ്റി ഷെബിൻ ആയിരുന്നു അന്ന് ഫുട്‌ബോൾ ദൈവത്തിന്റെ സ്പര്ശനമേറ്റ ആ ഫുട്‌ബോൾ സ്വന്തമാക്കിയത്. ഇന്ന് മറഡോണയുടെ അമൂല്യമായ ഒരു തിരുശേഷിപ്പ് പോലെ ആ ഫുട്‌ബോൾ സൂക്ഷിച്ചു വെച്ചിരിക്കുകയാണ് കെ.ടി ഷെബിൻ എന്ന ചെറുപ്പക്കാരൻ. 


കാൽപന്ത് കളിയിലെ സമാനതകൾ ഇല്ലാത്ത ഇതിഹാസ താരമായ ഡിയഗോ മറഡോണ കേരളത്തിൽ വന്നപ്പോൾ അദ്ദേഹത്തോടൊപ്പം ഫുട്‌ബോൾ കളിക്കാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു MSP സ്‌കൂളിന്റെ ഫുട്‌ബോൾ ടീമംഗങ്ങൾ ആയിരുന്ന കെ.ടി ഷെബിനും ഇന്ന് ബെംഗളൂരു എഫ്.സി പ്ലെയറും, ഇന്ത്യൻ ഇന്റർനാഷണലും ആയ ആഷിക്ക്  കുരിണിയനടക്കമുള്ളവരുടെ സംഘം കണ്ണൂരിൽ എത്തിയത്. സാക്ഷാൽ മറഡോണയെ ഒരു നോക്കു കാണാൻ തടിച്ചു കൂടിയ ആരാധകരെ ഫുട്‌ബോൾ തട്ടി ത്രസിപ്പിച്ച മറഡോണ അവസാനം തൊടുത്ത വിട്ട ആ പന്ത് ചെന്നു വീണത് MSP സ്‌കൂളിൽ നിന്നു വന്ന ആഷിക്ക് കുരുണിയനടക്കമുള്ളവരുടെ നടുവിലേക്കായിരുന്നു. ബോള് വരുന്നത് കണ്ടു ജനക്കൂട്ടം അത്യാവേശത്തോടെ  ഓടിയടുത്തുവെങ്കിലും ഗോൾകീപ്പർമാർക്ക് സ്വതസിദ്ധമായ ആ മെയ്‌വഴക്കത്തോടെ പന്ത് വേഗത്തിൽ കൈപ്പിടിയിൽ ഒതുക്കാൻ അവസാനം ഭാഗ്യം സിദ്ധിച്ചത് ആകട്ടെ MSP സ്‌കൂളിന്റെ കെ. ടി ഷെബിൻ എന്ന ആ കൗമാരക്കാരൻ ഗോൾ കീപ്പർക്ക്.
ഇന്നു മലപ്പുറം ജില്ലാ സീനിയർ ടീമിന്റെ ഗോൾ കീപ്പർ ആയ കെ.ടി ഷെബിൻ മേലാറ്റൂർ RMHS സ്‌കൂളിലെ കായികാധ്യാപകൻ കൂടി ആണ്.  സെവൻസ് ഫുട്‌ബോളിലെ പ്രമുഖ ക്ളബ്ബ്കൾ ആയ റോയൽ ട്രാവൽസ്, അൽ മദീന ചെർപ്പുളശ്ശേരി, ഉഷ എഫ്.സി തൃശൂർ എന്നിവയടക്കം ഉള്ള പല പ്രമുഖ ടീമുകളുടെയും ഗോൾ വല കാത്തിട്ടുണ്ട് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കെ.ടി ഷെബിൻ. ഇന്നും ഫുട്‌ബോൾ മൈതാനങ്ങളിൽ അസാമാന്യ സേവുകളും ആയി പല ഗോൾ ശ്രമങ്ങളും നിഷ്പ്രഭമാക്കി കെ.ടി ഷെബിൻ എന്ന യുവാവ് കൈയ്യടി നേടുമ്പോൾ അദ്ദേഹത്തിന്റെ ഓർമകളിൽ പ്രധാനം മറഡോണ തൊടുത്ത വിട്ട ആ ബോള് കൈപ്പിടിയിൽ ഒതുക്കിയത് തന്നെ. മറഡോണയുടെ ഓർമ്മക്കായി ലഭിച്ച അമൂല്യ നിധിയായ ഈ ഫുട്‌ബോൾ എല്ലാം മലയാളികൾക്കുമായി സർക്കാരിന്റെ നേതൃത്വത്തിൽ എവിടെയെങ്കിലും പ്രതിഷ്ഠിക്കുക ആണെങ്കിൽ ഈ ഫുട്‌ബോൾ കൈമാറാൻ കെ.ടി ഷെബിനും കുടുംബാംഗങ്ങളും തയ്യാറാണ്. മറഡോണയെന്ന ഇതിഹാസത്തിന്റെ സ്മരണകൾ ഉണർത്തുന്ന  അമൂല്യമായ ഈ ഫുട്‌ബോൾ ഒന്നു കാണുവാനും സ്പര്ശിക്കാനുമായി കെ.ടി ഷെബിന്റെ വസതിയിലേക്ക് നൂറുകണക്കിന്  കായികപ്രേമികൾ ആണ് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്.   കളിയാരാധകരുടെ ഈ ആവേശം കാണുമ്പോൾ ഒരു സ്പോർട്സ് മ്യൂസിയം എന്ന ആശയം ആണ് സൗത്ത് സോക്കേഴ്‌സ് ഫുട്‌ബോൾ കൂട്ടായ്മക്ക് സർക്കാരിന്റെ മുന്നിലേക്ക് വെക്കുവാൻ ഉള്ളത്. കായിക മേഘലയിൽ വളരെയധികം പാരമ്പര്യം ഉള്ള കേരളത്തിൽ അത് തികച്ചും പ്രാധാന്യമർഹിക്കുന്ന ഒന്നു തന്നെ ആണന്നു സൗത്ത് സോക്കേഴ്‌സ് ഫുട്‌ബോൾ ആരാധകവൃന്ദം വിശ്വസിക്കുന്നു. അതിനു തിലകകുറി ചാർത്താൻ സാക്ഷാൽ ഫുട്‌ബോൾ ദൈവത്തിന്റെ തന്നെ സ്പര്ശനമേറ്റ ഈ ഫുട്‌ബോളിന് സാധിക്കുമെന്നതുറപ്പ്.  

✍🏽ആൽവി മത്തായി, സൗത്ത് സോക്കേഴ്‌സ്
0 comments:

Post a Comment

Labels

Followers