Monday, April 6, 2020

ഡിസംബറിന്റെ നഷ്ടം...




2018 ഡിസംബർ 18
അറബിക്കടലിന്റെ റാണി അന്ന് പതിവിലധികം സുന്ദരിയാണ്..അവൾക്ക് ഏറ്റവും സൗന്ദര്യം വാരിക്കോരി നൽകുന്ന മഞ്ഞപ്പട്ടുടുത്ത് അണിഞ്ഞൊരുങ്ങി നിൽക്കാൻ കാരണമുണ്ട്.. 
 അന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ കലാശപ്പോരാട്ടമാണ്.. അതും കേരളത്തിന്റെ കൊമ്പന്മാർ സ്വന്തം തട്ടകത്തിൽ നേരിടുന്നത് വംഗനാടൻ കടുവകളായ അത്ലറ്റിക്കോ കൊൽക്കത്തയെയാണ്. പണ്ട് മുതലേ കേരളവും ബംഗാളും ഫുട്‍ബോളിന്റെ കാര്യത്തിൽ ചേരില്ല..ഐ എസ് എൽ ഒന്നാം സീസണിൽ തങ്ങളുടെ സ്വപ്നം തല്ലിക്കെടുത്തിയ എ ടി കെ യോട് ഒരിക്കലും ചേരില്ല..
സൂര്യൻ ആഴിയിലസ്തമിക്കുന്നത് മറ്റൊരു ഉദയം ലക്ഷ്യം വെച്ചാണെങ്കിൽ അന്നത്തെ രാവിന്റെ ലക്ഷ്യമൊന്നുമാത്രം... കേരള ബ്ലാസ്റ്റേഴ്സിന്റെ കിരീടധാരണം. 
അതും തങ്ങളുടെ കണ്മുൻപിൽ വെച്ചു അർഹിച്ച കിരീടം തട്ടിയെടുത്തവരെ സ്വന്തം തട്ടകത്തിൽ വിളിച്ചു വരുത്തി തകർത്തു തരിപ്പണമാക്കി തന്നെ... എല്ലാ നീരുറവകളും കടലിൽ ചെന്ന് ചേരുന്നത് പോലെ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്.. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്... എല്ലാ കാല്പന്തിന്റെ നീരുറവകളും ചെന്ന് ചേരുന്നത് കലൂരിലെ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ്.... 




കൊപ്പൽ ആശാന്റെ ടീം ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെ ഉള്ളതിൽ ഏറ്റവും മികച്ചതായി ആരാധകർ അഭിപ്രായപെട്ടിട്ടുള്ളത്. സീസൺ തുടക്കത്തിൽ പതിയെ തുടങ്ങി അവസാനമാകുമ്പോഴേക്ക് തങ്ങളുടെ ശക്തി വിളിച്ചോതിയ ടീം.. കലാശപ്പോരാട്ടത്തിന് നമ്മുടെ കൊമ്പന്മാർ ഇറങ്ങി.. 
പോസ്റ്റിന് കീഴിൽ ചിറക് വിരിച്ച്  ഗ്രഹാം സ്റ്റാക്.. പ്രതിരോധകോട്ടയിൽ 'the best till now' എന്ന് പറയാൻ സാധിക്കുന്നചക്രവ്യൂഹം തീർത്ത ത്രിമൂർത്തികൾ..   ചങ്ക് സന്ദേശ് ജിങ്കൻ, കൊമ്പന്മാരുടെ നായകൻ ആരോൺ ഹ്യൂസ്, വല്യേട്ടൻ സെഡ്രിക് ഹെങ്ബെർട്ട് എന്നിവർ...ഹോസുവിന് സസ്‌പെൻഷൻ ആയത് കൊണ്ട് കൂടെ ഇഷ്ഫാക് അഹമ്മദും... മധ്യനിരയുടെ കടിഞ്ഞാണേന്തി കോപ്പലിന്റെ വിശ്വസ്തൻ..the silent കില്ലർ - മെഹ്താബ് ഹുസൈൻ..കൂടെ അസ്രാക് മഹമ്മദ്.. മുന്നേറ്റത്തിലേക്ക് പന്തെത്തിക്കാൻ ഫുട്ബോൾ മലയാളത്തിന് ഉത്തരമലബാറിന്റെ വരദാനങ്ങൾ.. സികെ വിനീതും ഹെഡ് മാസ്റ്റർ റാഫിയും..അക്രമണത്തിന്റെ കുത്തമുനകളാകാൻ കെർവെൻസ് ബെൽഫോർട്ടും ഡക്കെൻസ് നാസോണും. എതിരാളികൾ നിസ്സാരക്കാരല്ല.. മലയാളികൾ മനസ്സിൽ പ്രതിഷ്ഠിച്ച മൊട്ടത്തലയൻ, ഹ്യുമേട്ടൻ എന്ന ഇയാൻ ഹ്യൂം, ഹെൽഡർ പോസ്റ്റിഗ, സൗമീഹ് ഡൗട്ടി, ബോർജ ഫെർണാണ്ടസ്, സെറീനോ, റ്റിരി, പ്രീതം കോട്ടൽ, ദെബ്ജിത് മജൂംദർ എന്നിങ്ങനെ പോകുന്ന ശക്തമായ നിര..




എന്തൊക്കെ ആയാലും കൊച്ചിയെ മഞ്ഞക്കടലാക്കുന്ന ആരാധകർ ഉള്ളിടത്തോളം ഹോം ഗ്രൗണ്ടിൽ ബ്ലാസ്‌റ്റേഴ്‌സിനെ തകർക്കുക എളുപ്പമല്ല എന്ന് എതിരാളികൾക്കുമറിയാം..അതു കൊണ്ട് ആക്രമണം തന്നെയാണ് മികച്ച പ്രതിരോധം എന്ന് വിശ്വസിക്കുന്ന സ്പാനിഷ് പരിശീലകൻ ഹോസെ മോളിന അതിനനുസരിച്ച  തന്ത്രങ്ങൾ മെനഞ്ഞിരുന്നു..
പത്താം മിനിറ്റിൽബെൽഫോർട്ട് നൽകിയ പാസിൽ നിന്ന് കിട്ടിയ അവസരം മുതലാക്കി  റാഫിച്ച  ഷൂട്ട്‌ ചെയ്തപ്പോൾ പറന്നു വീണു കൊണ്ട് റ്റിരി ആ അപകടം ഒഴിവാക്കി. മറുതലക്കൽ  പതിനേഴാം മിനിറ്റിൽ എ ടി കെ കൗണ്ടർ സ്റ്റാക്ക് തടുക്കുകയും ചെയ്തു.. പക്ഷെ കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല.. മുപ്പത്തിയാറാം മിനിറ്റിൽ ക്യാപ്റ്റൻ ആരോൺ ഹ്യുസ് പരിക്കിനെ തുടർന്ന് സബ്സ്റ്റിട്യൂട്ട് ചെയ്യപ്പെട്ടു. പകരം എൻഡോയെ ഇറങ്ങി. എന്നാൽ ഒരു മിനിട്ടിനകം വീണ്ടും ട്വിസ്റ്റ് വന്നു. കളി തുടങ്ങി മുപ്പത്തി ഏഴാം മിനിറ്റിൽ കലൂർ സ്റ്റേഡിയം ഒന്ന് പ്രകമ്പനം കൊണ്ടു.. കലൂർ മാത്രമല്ല ബ്ലാസ്റ്റേഴ്‌സിനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഓരോ കാൽപ്പന്ത് പ്രേമിയുടെയും ഹൃദയം ആവേശം കൊണ്ട്   പൊട്ടിത്തെറിച്ചിരിക്കണം..മെഹ്താബ് ഹുസൈൻ കോർണറിൽ നിന്ന് ഉയർത്തി വിട്ട പന്ത് സാക്ഷാൽ ഹെഡ്മാസ്റ്റർ റാഫിച്ചയുടെ തലയിലേക്ക്.. പോസ്റ്റിന്റെ മൂലയിലേക്ക് തലകൊണ്ട് ചെത്തിയിട്ട റാഫിച്ച ബ്ലാസ്റ്റേഴ്സിന് നിർണ്ണായക മുൻ‌തൂക്കം നൽകി.പക്ഷെ അധികം നേരം ആഘോഷിക്കാൻ എതിരാളികൾ വിട്ടില്ല. ആദ്യപകുതി അവസാനിക്കാൻ ഒരു മിനിറ്റുള്ളപ്പോൾ അടിക്ക് തിരിച്ചടിയെന്ന കണക്ക് ഡൗട്ടിയുടെ കോർണറിൽ സെറീനോയുടെ ഗോൾ... (1-1)




ആക്രമണപ്രത്യാക്രമണങ്ങളിൽ ഇരു ടീമും അവസരങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.. എന്നാൽ കൊൽകത്തൻ ആക്രമണങ്ങൾ ഹെൻബെർട്ട് എന്നൊരു അതികായന് മുൻപിൽ തകർന്നടിഞ്ഞു..കൂടെ സപ്പോർട്ടിന് സന്ദേശ് ജിങ്കനും ഗ്രഹാം സ്റ്റാക്കും നെഞ്ച് വിരിച്ചു നിന്നപ്പോൾ സാക്ഷാൽ ഇയാൻ ഹ്യൂം പോലും തളർന്നു പോയി.. കൊണ്ടും കൊടുത്തും മത്സരം പുരോഗമിച്ചുകൊണ്ടിരുന്നു. ഇരു ടീമുകളും കളം നിറഞ്ഞു കളിക്കാൻ ശ്രമിച്ചപ്പോളും സ്‌കോർ ബോർഡ് മാത്രം ചലിച്ചില്ല.. മുഴുവൻ സമയത്തിനും എക്സ്ട്രാ ടൈമിനും അപ്പുറം കളി പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു.. 
എൺപത്തിരണ്ടായിരത്തിലധികം കാൽപന്ത് പ്രേമികൾ സ്റ്റേഡിയത്തിലും ജനകോടികൾ പുറത്തും ആകാംഷയുടെയും പ്രാർത്ഥനയുടെയും കാത്തിരുന്നു. 
അന്റോണിയോ ജർമൻ നേടിയ ഗോളിന് മറുപടി നല്കാൻ ഇയാൻ ഹ്യൂമിനായില്ല..വളരെ അനായാസമായി ഗ്രഹാം സ്റ്റാക്ക് ഹ്യൂമേട്ടന്റെ ഷോട്ട് തടുത്തിട്ടു. സ്റ്റേഡിയം ആവേശം കൊണ്ട് പൊട്ടിത്തെറിച്ചു.. ഷൂട്ടൗട്ട് മുന്നേറികൊണ്ടിരിന്നു.  ബെൽഫോർട്ടും ഡൗട്ടിയും സ്‌കോർ ചെയ്തപ്പോൾ എൻഡോയെക്ക് പിഴച്ചു. പോസ്റ്റിനെ ഒഴിഞ്ഞു പോയ എൻഡോയെയുടെ ഷോട്ടിന് മറുപടിയായി ബോർജെയുടെ ഷോട്ട് വലക്കണ്ണികളെ മുത്തം വെച്ചു.സ്‌കോർ സമാസമം.. റഫീഖും ലാറയും സ്‌കോർ ചെയ്തപ്പോൾ അവസാന കിക്കിനായ് വന്ന വല്യേട്ടൻ ഹെങ്‌ബെർട്ടിലേക്കായി എല്ലാ കണ്ണുകളും.. ഏറെ അനുഭവസമ്പത്തും കേളീപാടവവുമുള്ള ഹെങ്ബെർട്ട് പോസ്റ്റിന്റെ മധ്യഭാഗത്തേക്ക്‌ ബോൾ ചിപ്പ് ചെയ്തിട്ടു.. എന്നാൽ ശക്തമല്ലാത്ത ആ ശ്രമം വളരെ ദയനീയമായി മജൂംദറിന്റെ കാലിൽ തട്ടി തെറിച്ചു. മറുപടിക്കായി വന്ന എ ടി കെ മധ്യനിരതാരം ജ്യൂവെൽ രാജ വളരെ അനായാസം സ്‌കോർ ചെയ്തു. പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ കൊൽക്കത്തൻ ടീമിന് വിജയം. മൂന്ന് സീസണിൽ രണ്ട് കിരീടം രണ്ടിലും തോല്പിച്ചത് ബ്ലാസ്‌റ്റേഴ്‌സിനെ.... 




മറുപുറത്ത് ദയനീയമായ കാഴ്ചകളായിരുന്നു.. പലരും കണ്ണീരടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.കല്യാണവീട് മരണവീടായ പ്രതീതി. ആരെയും കുറ്റം പറയാൻ പറ്റാത്ത അവസ്ഥ.ആ പെനാൽറ്റി നഷ്ടത്തിന്റെ പേരിൽ ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകൻ പോലും ഹെങ്ബെർട്ടിനെ പഴി പറഞ്ഞു കാണില്ല.. അത്രമേൽ ആ പാവം ബ്ലാസ്റ്റേഴ്സിന് വേണ്ടി അധ്വാനിച്ചിട്ടുണ്ടെന്ന് അവർക്കറിയാം..എല്ലാം ഉള്ളിലിലൊതുക്കി അവർ തിരിച്ചു പോയി..ഞങ്ങൾ തിരിച്ചു വരുമെന്ന വിശ്വാസം മനസ്സിലുറപ്പിച്ചു തന്നെ.. 
 ഐ എസ് എൽ  സീസണുകൾ ഒരുപാട് വന്നും പോയും ഇരുന്നു. പോരാടി ജയിച്ചും പോരാടാതെ തലകുനിച്ചും ബ്ലാസ്റ്റേഴ്‌സ് ടീം നിലനിൽക്കുന്നു. സ്റ്റേഡിയം നിറച്ച കാണികൾ തന്നെ അത് ഒഴിച്ചിട്ടും കാണിച്ചു കൊടുത്തു. ബ്ലാസ്റ്റേഴ്സിന്റെ തോൽവി ഇപ്പൊ അത്രക്ക് വേദനയൊന്നും ആരാധകർക്ക് വരുത്തുന്നില്ലെന്ന് ഉറപ്പാണ്.. പക്ഷെ ഈ തോൽവി.. 




2014 ലെ കലാശപ്പോരാട്ടത്തിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ആ കിരീടത്തിന്റെ ഓർമ്മകൾ.. മറക്കില്ലൊരിക്കലും.. ആ കാഴ്ച കണ്ടു കണ്ണു നിറഞ്ഞ ബ്ലാസ്റ്റേഴ്‌സ് ആരാധകന്റെ മനസ്സിൽ നിന്നും മായില്ലൊരിക്കലും.. ആ മുറിവുണങ്ങണമെങ്കിൽ  നമ്മളത് നേടണം.. രണ്ടു തവണ കൈക്കുമ്പിളിൽ നിന്ന് നഷ്ടപ്പെട്ട ആ കിരീടം.. സ്വന്തം തട്ടകത്തിൽ ഓരോ ആരാധകന്റെയും കണ്ണ് നിറയിച്ച ആ കിരീടം.. ഇന്നല്ലെങ്കിൽ നാളെ.. കാലം സാക്ഷി, ചരിത്രം സാക്ഷി... ആ കിരീടം കൊണ്ട് വന്നു വെച്ചിരിക്കും കേരളത്തിന്റെ കൊമ്പന്മാർ.. അതേ കൊച്ചിയുടെ മണ്ണിൽ... കലൂർ നെഹ്‌റു സ്റ്റേഡിയത്തിന്റെ വിരിമാറിൽ..

Saturday, April 4, 2020

നമ്പർ 07: ജർനെയിൽ സിംഗ് ധില്ലൻ | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ

ജർനെയിൽ സിംഗ് ധില്ലൻ

ന്ത്യൻ ജനതക്ക് പോരാട്ടവീര്യത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും കഥകൾ ഒരുപാട് സമ്മാനിച്ച പഞ്ചാബിൽ നിന്ന് ഇന്ത്യൻ ഫുട്ബോളിലൂടെ ഏഷ്യൻ ഓൾ സ്റ്റാർസിന്റെ തലപ്പത്തെത്തിയ നീലക്കടുവകളിലെ അതികായൻ. ഇന്ത്യൻ ഫുട്ബാൾ നമുക്ക് സമ്മാനിച്ച ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാൾ. ഇന്ത്യൻ ഫുട്‍ബോളിലെ സുവർണ്ണ കാലഘട്ടത്തിൽ ആ നേട്ടങ്ങൾ വെട്ടിപ്പിടിക്കാൻ കാരണക്കാരായവരിൽ ഒരാൾ.. വിശേഷണങ്ങൾ ഏറെയാണ്.




1936ൽ ജനിച്ച ധില്ലൻ 16ആം വയസ്സിൽ മാഹിൽപൂരിൽ ഉള്ള ഖൽസ കോളേജിൽ കളിക്കാൻ തുടങ്ങി. നാലു വർഷത്തിന് ശേഷം ഖൽസ സ്പോർട്ടിങ് ക്ലബിനും അതിന് ശേഷം കൽക്കത്തയിലെ രാജസ്ഥാൻ ക്ലബ്ബിലേക്കുംഎത്തി. 1957മുതൽ അദ്ദേഹം സാക്ഷാൽ മോഹൻ ബഗാന്റെ പ്രതിരോധ താരമായി മാറി. ആഭ്യന്തര തലത്തിൽ, മോഹൻ ബഗാൻ ക്ലബിനായി 10 വർഷക്കാലം കളിച്ച ജർനെയിൽ നിരവധി പ്രധാന കിരീടങ്ങൾ നേടാൻ ക്ലബിനെ സഹായിച്ചു.

  ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ്ണ കാലഘട്ടത്തിലെ സുപ്രധാന വിജയങ്ങൾക്ക് പിന്നിൽ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി സംഭാവനകളുണ്ടായിരുന്നു.  1962 ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ അദ്ദേഹത്തിന്റെ പ്രകടനം അഭിമാനത്തോടും ആവേശത്തോടെയും കൂടി മാത്രമേ  ഓർമ്മിക്കപ്പെടാൻ സാധിക്കൂ.. ഈ ടൂർണമെന്റിൽ, തലയ്ക്ക് ഗുരുതര പരുക്കേറ്റാണ്  ജർനയിൽ സിംഗ് കളിച്ചത്.തലയിൽ  ആറ് തുന്നലുകൾ ഉണ്ടായിരുന്നു..നിശ്ചയദാർഢ്യത്തിന്റെയും അർപ്പണ ബോധത്തിന്റെയും  മകുടോദാഹരണമായി മാറുകയായിരുന്നു അദ്ദേഹം.  രസകരമായ ഒരു കാര്യം, ഫോർ‌വേഡായാണ്  അദ്ദേഹം കളിച്ചത്. അത് അദ്ദേഹത്തിന്റെ പുതിയ റോൾ ആയിരുന്നു.പരുക്കനായ ഒരു പ്രതിരോധതാരത്തിൽ നിന്നും മികച്ചൊരു നർത്തകനെപ്പോലെ മെയ്വഴക്കമുള്ള മുന്നേറ്റതാരമായി അദ്ദേഹം പരകായ പ്രവേശം ചെയ്തു.  സെമി ഫൈനലിലും ഫൈനലിലും നിർണ്ണായക ഗോളുകൾ നേടി ഇന്ത്യയുടെ കന്നി ഏഷ്യാഡ് ഫുട്ബോൾ സ്വർണം നേടാൻ സഹായിച്ചു.ഏഷ്യൻ ഗെയിംസിന്റെ കലാശപ്പോരാട്ടത്തിൽകൊറിയക്കെതിരെ  തലയിലുള്ള മുറിവും സ്റ്റിച്ചുകളും അടങ്ങുന്ന തലക്കെട്ട് വെച്ചു നേടിയ മാച്ച് വിന്നിങ് ഹെഡർ ഗോൾ എന്നെന്നും സ്മരിക്കപ്പെടുന്നതാണ്.

 1964 ലെ ടെൽ അവീവിൽ നടന്ന ഏഷ്യാ കപ്പിൽ ഇന്ത്യ റണ്ണറപ്പായി.  ഏഷ്യൻ ഓൾ സ്റ്റാർ ഫുട്ബോൾ ടീമിനെ നയിച്ച ഏക ഇന്ത്യക്കാരനായി.അങ്ങിനെ നിരവധി നേട്ടങ്ങൾ കൊയ്‌ത ഈ ഇതിഹാസതാരത്തിന് രാജ്യം   1964 ൽ അർജുന അവാർഡ് നൽകി ആദരിച്ചു.1965-67കാലഘട്ടത്തിൽ നീലക്കടുവകളുടെ നായകൻ ഈ ഇതിഹാസതാരമായിരുന്നു. 

തങ്ങളുടെ സ്വന്തം  ഇന്ത്യൻ ഇതിഹാസം എന്നതിലൂടെ  പഞ്ചാബിലെ ഫുട്ബോൾ ടീമിനെ സഹായിക്കുന്നതിന്റെ ഉത്തരവാദിത്തവും ജർ‌നൈൽ
സിങ്ങിനുണ്ടായിരുന്നു.അദ്ദേഹത്തിന്റെ ഉപദേശകത്വത്തിലാണ് 1970 ൽ ആദ്യമായി സന്തോഷ് ട്രോഫി നേടാൻ സംസ്ഥാന ഫുട്ബോൾ ടീമിന് കഴിഞ്ഞത്.നാലു വർഷത്തിന് ശേഷം പഞ്ചാബ് സംസ്ഥാന ടീം വിജയിച്ചപ്പോഴും പിന്നിൽ കരുത്തായി ജേർനയിൽ സിംഗ് ഉണ്ടായിരുന്നു. ട്രോഫി പഞ്ചാബിൽ എത്തിയപ്പോൾ കലാശപ്പോരാട്ടത്തിൽ  ബംഗാളിന്റെ ശക്തമായ ടീമിനെ 6-0  പരാജയപ്പെടുത്തിയിരുന്നു. 1985-90 കാലഘട്ടത്തിൽ പഞ്ചാബിന്റെ  സ്പോർട്സ് ഡെപ്യൂട്ടി ഡയറക്ടറായും 1990-94 കാലഘട്ടത്തിൽ  കായിക ഡയറക്ടറായും ജർനെയിൽ സിംഗ് സേവനമനുഷ്ഠിച്ചു.
2000ൽ ആസ്ത്മ സംബന്ധമായ രോഗബാധയെത്തുടർന്ന് കാനഡയിലെ വാൻകൂവറിൽ വെച്ച് ആ ഇതിഹാസ താരം നമ്മെ വിട്ടുപിരിഞ്ഞു.
സൗത്ത് സോക്കേഴ്‌സ് മീഡിയ വിങ് 

Friday, April 3, 2020

നമ്പർ 08: പീറ്റർ തങ്കരാജ് | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ



പീറ്റർ തങ്കരാജ് (ഗോൾകീപ്പർ)(1935-2008)
ഹൈദരാബാദിൽ ജനിച്ച ഇന്ത്യയുടെ സൂപ്പർമാൻ. 1935ലാണ് ജനനം. മോർണിംഗ് സ്റ്റാർ, ഫ്രണ്ട്‌സ് യൂണിയൻ ഓഫ് സെക്കന്ദരാബാദ് എന്നീ ക്ലബുകളിലൂടെയാണ് ഫുട്ബോൾ ജീവിതം ആരംഭിച്ചത്. 1953ൽ ഇന്ത്യൻ ആർമിയിൽ ചേർന്ന പീറ്റർ മദ്രാസ് റെജിമെന്റിൽ സെൻട്രൽ ഫോർവേഡ് ആയിട്ടാണ് കളി തുടങ്ങിയത് !! പിന്നീട് അവിടെ നിന്നും ടീമിന്റെ കസ്റ്റോഡിയനായി മാറുകയായിരുന്നു. 1955ലും 1958ലും മദ്രാസ് റെജിമെന്റ് ഡ്യൂറണ്ട് കപ്പ് നേടിയപ്പോളും  1960ൽ സർവീസസ് സന്തോഷ് ട്രോഫി നേടിയപ്പോഴും വലകാക്കാൻ നിയോഗിക്കപ്പെട്ടത് പീറ്റർ തന്നെയായിരുന്നു.
സർവീസിൽ നിന്ന് പുറത്തുപോയ ശേഷം തങ്കരാജ് കൊൽക്കത്ത ൻ ഭീമന്മാരായ മുഹമ്മദൻ സ്പോർട്ടിംഗ് (1960–63, 1971–72),മോഹൻ ബഗാൻ (1963–65), ഈസ്റ്റ് ബംഗാൾ (1965–71) എന്നിവയ്ക്ക് വേണ്ടി കളിച്ചു, അക്കാലത്ത് ബംഗാളിലെ  ആരാധകരുടെ പ്രിയങ്കരനായിരുന്നു പീറ്റർ തങ്കരാജ്.അതിലൂടെ തന്നെ 1963 ൽ സന്തോഷ് ട്രോഫി നേടിയ ബംഗാൾ ടീമിന്റെ ഭാഗമായിമാറാനും  അദ്ദേഹത്തിന് സാധിച്ചു. പിന്നീട് 1965 ൽ റെയിൽ‌വേയെ നയിക്കുകയും അവർക്ക് വേണ്ടി സന്തോഷ് ട്രോഫി നേടുകയും ചെയ്തു.സർവീസസ്, റയിൽവേ, ബംഗാൾ എന്നിങ്ങനെ വത്യസ്ത ടീമുകൾക്ക് വേണ്ടി സന്തോഷ് ട്രോഫി നേടാൻ പീറ്റർ തങ്കരാജിന് സാധിച്ചു.
   ചുനി ഗോസ്വാമി, പി. കെ ബാനർജി എന്നിവർക്കൊപ്പം 1960 കളിലും 70 കളിലും ഇന്ത്യൻ ടീമിന്റെ സുവർണ്ണ തലമുറയുടെ  മുഖ്യധാരയിലൊരാളായിരുന്നു പീറ്റർ തങ്കരാജ്.1955 ൽ ധാക്കയിൽ നടന്ന ചതുർരാഷ്ട്ര  ടൂർണമെന്റാണ് ഇന്ത്യൻ ടീമിനൊപ്പം അദ്ദേഹം ആദ്യമായി കളിച്ചത്. 1956 ലും 1960 ലും ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി കളിച്ചു. 1958 ലെ ടോക്കിയോ, 1962 ജക്കാർത്ത, 1966 ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.  1962 ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണം നേടിയപ്പോൾ ഗോൾവല കാത്തതും പീറ്ററാണ്.  1958 മുതൽ 1966 വരെ ക്വാലാലംപൂരിൽ നടന്ന മെർഡേക്ക കപ്പ് ടൂർണമെന്റിൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു. യഥാക്രമം ഇസ്രായേലിലും ബർമയിലും നടന്ന 1964, 1966 ഏഷ്യൻ കപ്പുകളിൽ ഇന്ത്യക്ക് വേണ്ടി ജേഴ്സിയണിഞ്ഞു.  1958ൽ ഏഷ്യയിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി അദ്ദേഹം  തിരഞ്ഞെടുക്കപ്പെട്ടു. 1967 ൽ അർജുന അവാർഡ് നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഏഷ്യൻ ഓൾ-സ്റ്റാർ ടീമിനായി രണ്ടുതവണ കളിച്ച അദ്ദേഹം 1967 ൽ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു. 1971 ൽ സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ച തങ്കരാജ് പിന്നീട് കോച്ചിംഗിലേക്ക് മാറുകയായിരുന്നു. അലിഗഡ് സർവകലാശാല, വാസ്കോ ഗോവ തുടങ്ങിയ ടീമുകളുടെ പരിശീലകനായി പ്രവർത്തിച്ച അദ്ദേഹം ബൊക്കാറോ സ്റ്റീൽ പ്ലാന്റിൽ സ്പോർട്സ് ഓഫീസറായി ചേരുകയും അവിടുത്തെ ഫുട്ബോൾ അക്കാദമി ഉപദേഷ്ടാവായി മാറുകയും ചെയ്തു.
നീണ്ട ത്രോകളും വോളികളും  എടുക്കുന്നതിൽ അഗ്രഗണ്യനായിരുന്നു അദ്ദേഹം. ടീമിന്റെ കൗണ്ടർ അറ്റാക്കുക്കൾ തുടങ്ങിയിരുന്നത് അദ്ദേഹത്തിൽ നിന്നുമായിരുന്നു എന്നാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ആയിരുന്ന ബദ്രു ബാനർജി ഓർമിച്ചിരുന്നത്.  2008 നവംബറിൽ ഇന്ത്യൻ ഫുട്‍ബോളിലെ അതികായൻ നമ്മളെ വിട്ടുപോയി. എന്നിരുന്നാലും രാജ്യം കണ്ട ഏറ്റവും മികച്ച ഗോൾകീപ്പിങ് താരമായും  സുവർണ്ണ തലമുറയിലെ ഇതിഹാസമായും അദ്ദേഹം എന്നെന്നും വാഴ്ത്തപ്പെടും.
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

"അങ്ങിനെ ഞാനൊരു എഴുത്തുകാരനായി.." അബ്ദുൽ റസാഖ് സൗത്ത് സോക്കേഴ്സിന്റെ യുഗാരംഭം നോവൽ പുസ്തകമാകുന്നു


മൂന്നോ നാലോ വയസ്സുള്ളപ്പോൾ മുതലാണ് ഫുട്ബോൾ കളികൾ നേരിട്ട് കാണാൻ തുടങ്ങിയത്. ഉപ്പയും കുഞ്ഞിപ്പയും കളിച്ചിരുന്ന ബ്രദേഴ്‌സ് ചെറുതുരുത്തി, സോക്കർ ഷൊർണുർ എന്നീ ടീമുകളുടെ സെവൻസ് കളികൾ. പ്രായം കൂടുന്തോറും അതിനോടുള്ള മുഹബത്ത് കൂടിക്കൂടി വന്നു. പക്ഷെ ചെറുപ്പത്തിൽ തന്നെ പിടികൂടിയ കാഴ്ചയുടെ പ്രശ്നങ്ങൾ കണ്ണട ഇല്ലാതെ ഒന്നും കാണാനാകില്ലെന്ന അവസ്ഥ, പിന്നെ അധ്വാനിക്കാനുള്ള മടി.. ഇതെല്ലാം ഒരു കളിക്കാരൻ ആകുന്നതിൽ നിന്ന് പിറകോട്ടടിച്ചു.ഉപ്പയും കുഞ്ഞിപ്പയും അവരുടെ കൂട്ടുകാരും  പിന്നെ രണ്ടാഴ്ചത്തെ  ദിവസത്തെ ക്യാമ്പ് എടുക്കാൻ വന്ന സാക്ഷാൽ ചാത്തുണ്ണി സാറും എന്നെ ഒരു ഫുട്ബോൾ താരമാക്കുന്നതിൽ അമ്പേ പരാജയപ്പെട്ടു..ഒരു പ്രൊഫഷണൽ കളിക്കാരനാകുന്നതിലെ ശ്രമം അവിടെ തീർന്നു.. എന്നാലും ഞാനും എന്റെ കുറച്ചു ശിഷ്യന്മാരും KVR സ്കൂളിലെ ഞങ്ങടെ അഞ്ചടി പോസ്റ്റ് ഗ്രൗണ്ട് മറ്റൊരു നൗകാമ്പും ഓൾഡ് ട്രാഫോഡുമൊക്കെയായി മാറ്റി..ബ്രസീൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്..ഇതൊക്കെയായിരുന്നു അന്നത്തെ ജീവിതം.. 
കാലങ്ങൾ നീങ്ങി.. പഠിത്തമൊക്കെ കഴിഞ്ഞ് ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി പ്രവാസ ജീവിതത്തിലേക്ക് കടന്നപ്പോൾ ബ്രസീൽ ഫാൻസ്‌ കേരള എന്ന ഫേസ്ബുക്ക് പേജിലും ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ മഞ്ഞപ്പട ഗ്രൂപ്പിലും മത്സരങ്ങളെകുറിച് എഴുതിതുടങ്ങി. ആ എഴുത്ത് കണ്ടാണ് ഒരു ജലീൽ എന്നെ മഞ്ഞപ്പട ജി സി സി യുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നത്.. അതായിരുന്നു എന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലായി ഞാൻ കരുതുന്നത്. പിന്നീട് ആ ഗ്രൂപ്പിൽ തന്നെയായി ഊണും ഉറക്കവും.. രക്ത ബന്ധത്തേക്കാൾ ശക്തമായ ഫുട്ബോൾ വികാരത്തിൽ അടിയുറച്ച ഒരുപാട് സഹോദരങ്ങളെയും ചങ്കുകളെയും ഞാൻ കണ്ടെത്തി. തമ്മിൽ കണ്ടിട്ടില്ലാത്ത എന്റെ ജ്യേഷ്ഠ സഹോദരങ്ങൾക്ക് നേരെ ചർച്ചെക്കെന്നും പറഞ്ഞ്  കോർ കമ്മിറ്റി, അഡ്മിൻ എന്നൊക്കെ പറഞ്ഞ് വന്ന ചിലർ ചൊറിയുന്നത് കണ്ട് ആ ഗ്രൂപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു തെറിയഭിഷേകം ഞാൻ നടത്തി. പിന്നീട് അവർ ആ ഗ്രൂപ്പ് പിടിച്ചടക്കാൻ പാഴായ ഒരു ശ്രമം നടത്തി. അവിടെ നിന്ന് സൗത്ത് സോക്കേഴ്സ് ഉദയം കൊണ്ടു.

ഞങ്ങൾക്ക് ഒരു മീഡിയ വിങ്ങും ഫേസ്ബുക് പേജും വന്നു. ഞാൻ അവിടുത്തെ അഡ്മിനും എഴുത്തുകാരനും ട്രോളനുമൊക്കെയായി മാറി..ജിംനാസ് ഇക്കാനെയും കൂട്ടുപിടിച്ച് ഫുട്‍ബോളിലെ വിവിധ പൊസിഷനുകളിൽ കളിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച് ആദ്യ ആർട്ടിക്കിൾ എഴുതി.  അങ്ങിനെ അബ്ദുൾ റസാഖ് സൗത്ത് സോക്കേഴ്സ് എന്നൊരു എഴുത്തുകാരനും ജനനം കൊണ്ടു.


പിന്നീട് ഫുട്‍ബോൾ സംബന്ധിയായ പല പല കൂട്ടായ്മകളിൽ അംഗമായി..അതിനിടക്ക് എഫ് സി കേരളയുടെ അണിയറ പ്രവർത്തകരെ പരിചയപ്പെട്ടു.റെഡ് വാരിയേഴ്‌സ് എന്നൊരു ഔദ്യോഗിക ആരാധക കൂട്ടായ്മയും ഉണ്ടാക്കി.

അവിടെനിന്നും എഴുത്തുകൾക്കുള്ള പല എലമെന്റുകളും കിട്ടിത്തുടങ്ങി.. എന്നാൽ ഇന്ത്യൻ ജൂനിയർ ടീം ഖത്തറിൽ പര്യടനത്തിന് വന്നതാണ് എന്നിലെ ഫുട്ബോൾ പ്രേമിയെ മറ്റൊരു തലത്തിലേക്ക് തിരിച്ചു വിട്ടത്.



അന്ന് ഷാനുവും രവിയും ഹാപ്പിയുമൊക്കെ അടങ്ങുന്ന ബിബിയാനോ ഫെർണാണ്ടസിന്റെ പുലികുട്ടികൾ ഖത്തറിലെ യുവരക്തങ്ങളെ  എടുത്ത് അമ്മാനമാടുന്നത് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികളെ സൗത്ത് സോക്കേഴ്സ് പേജിലൂടെ ആദ്യമായി ലൈവിൽ കാണിക്കാൻ സാധിച്ചു എന്നതിൽ ഞാൻ കൃതാർത്ഥനാണ്..

അവിടെ നിന്ന് ബ്രസീലും മാഞ്ചെസ്റ്ററുമൊക്കെ ഉപേക്ഷിച്ച ഞാൻ തീരുമാനിച്ചു.. ഇനി ഇന്ത്യയുടെ നീലക്കടുവകളും എഫ് സി കേരളയുടെ ചെമ്പടയും മാത്രം..

നാട്ടിൽ വരുമ്പോൾ എഫ് സി കേരളയുടെ കൂടെ കേരള പ്രീമിയർ ലീഗ്, ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ഒക്കെ കണ്ടു നടന്നു, ലൈവും കൊടുത്തു കൊണ്ടിരുന്നു. അതിനിടയിൽ പരിചയപ്പെട്ട ഉനൈസിന്റെ നിർബന്ധത്തിന് വഴങ്ങി അവന്റെ എക്സ്ട്രാ ടൈം ഇ മാഗസിനിൽ ലേഖനങ്ങൾ എഴുതി തുടങ്ങി. അവന്റെയും എഡിറ്റോറിയൽ ബോർഡിലെ സൂഫിയാൻ,  ധനഞ്ജയൻ എന്നിവരുടെ പ്രേരണ കൊണ്ട് കഴിഞ്ഞ ജൂൺ - ജൂലൈ മാസങ്ങളിൽ ഒരു നോവൽ  എഴുതാൻ ആരംഭിച്ചു. ഞാൻ എന്താകണം അല്ലെങ്കിൽ ഇന്ത്യൻ ഫുട്ബോൾ എങ്ങിനെ ആകണം എന്നൊക്കെയുള്ള അടക്കിയ സ്വപ്നങ്ങൾ എനിക്കറിയാവുന്നതും സങ്കല്പികവുമായ കഥാപാത്രങ്ങളിലൂടെ പിറവിയെടുത്തു.. അതിപ്പോൾ പുസ്തക രൂപത്തിലും ആകാൻ പോകുന്നു.. ജോലികൾ നഷ്ടപ്പെട്ടു ജീവിതത്തിൽ പല പല വേഷം കെട്ടുമ്പോളും നിന്റെ ഫുട്ബോൾ ഭ്രാന്താണ് നിന്റെ ജോലികൾ പോകാൻ കാരണമെന്ന് പലരും കുറ്റപ്പെടുത്തുമ്പോളും ഞാൻ തളരാതിരുന്നത് കാല്പന്തിനോടുള്ള മൊഹബത്ത് ജന്മനാ എന്നിൽ ഉള്ളത് കൊണ്ടായിരിക്കണം.അല്ലെങ്കിൽ ജീവിതത്തിൽ ഇന്നേവരെ ഒരു ടൂർണമെന്റിൽ  പോലും ബൂട്ടണിയാൻ അവസരം ലഭിക്കാത്ത സ്കൂൾ കോളേജ് ടീമുകളിലെയോ  നാട്ടിലെ ലോക്കൽ  ക്ലബുകളിലെയോ ഭാഗമാകാത്ത  അല്ലെങ്കിൽ അതിനുള്ള കഴിവില്ലാത്ത ഞാൻ എങ്ങിനെ ഒരു ഫുട്ബോൾ എഴുത്തുകാരനായി മാറും.?  

നന്ദി ഒരുപാടു പേരോടുണ്ട്.. ഫുട്‍ബോളിന്റെ വിത്തുകൾ എന്നിൽ വിതറിയ ഉപ്പയും കുഞ്ഞിപ്പയും അവരുടെ കൂട്ടുകാരും.. പന്തുതട്ടാൻ ആദ്യമായി പഠിപ്പിച്ച ഷൊർണൂർ സോക്കർ സ്പോർട്ടിങ്ങിലെ ഗുരുക്കന്മാർ, എന്നിലെ എഴുത്തുകാരനെ കണ്ടെത്തിയ സൗത്ത് സോക്കേഴ്സിലെ നിരവധി  ചങ്കുകൾ,അഡ്മിൻ പാനലിലെ ജലീൽക്ക, അനൂപേട്ടൻ, ലിബിൻ അച്ചായൻ, ഫാസിൽക്ക, ഷെമീർക്ക, ജസീംക്ക, ദീപേഷ്.. മീഡിയ വിങ്ങിലെ ഷാഫി, സുബൈർ, മോൾബിൻ,എന്നിലെ ഇന്ത്യൻ ഫുട്ബോൾ പ്രേമം നിറക്കാൻ കാരണക്കാരായ റിയാസ് ഭായ്, ജോജോ ഭായ്, ബോംബെ സ്വദേശി അസ്‌ലം ഭായ്..


പിന്നെ ബിബിയാനോ ഫെർണാണ്ടസിന്റെ അന്നത്തെ ഇന്ത്യൻ ജൂനിയർ ടീമും സ്റ്റാഫും..   എന്റെ എഴുത്തുകളെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന എഫ് സി കേരളയിലെ ഉത്തമേട്ടൻ നവാസ് ഇക്ക, ജിംനാസ് ഇക്ക, ഷാജിക്ക, പരമേശ്വരേട്ടൻ, അനസ് എന്നിവർ, എന്നിലെ എഴുത്തുകാരനെ മറ്റൊരു വഴിയിലേക്ക് തിരിച്ചു വിട്ട ഉനൈസും ധനഞ്ജയനും സൂഫിയാനും.എന്റെ ചിന്തകൾക്ക് വരയിലൂടെ പൂർണ്ണത നല്കാൻ ശ്രമിക്കുന്ന വിഷ്ണു..കേരള ഫുട്‍ബോൾ പേജിലെ ഹാരിസ്..  പിന്നെ ഫേസ്ബുക്കിലും വാട്സാപ്പിലും എന്നെ പ്രോത്സാഹിപ്പിക്കുന്ന നേരിട്ട് കണ്ടവരും കാണാത്തവരുമായ ഒരുപാട് സുഹൃത്തുക്കൾ...എന്നിലെ എഴുത്തുകാരനെ തിരിച്ചറിഞ്ഞു സപ്പോർട്ട് ചെയ്ത എന്റെ സുഹൃത്തുക്കളായ കോഴിക്കോട് ഒയാസിസ് ഗ്രാൻഡ് മാർട്ടിലെ സഹപ്രവർത്തകർ  റംഷാദ്, ഹബീൽ, ശ്യാം സുന്ദർ, വിമേഷ്, മനീഷ്,മൻസൂർ ബാക്കി സ്റ്റാഫ്.. ജസ്റ്റ് ഫുട്ബാൾ കൂട്ടയ്മയിലെസുഹൃത്തുക്കൾ, അഡ്മിൻ  നിർമൽ ഖാൻ, ഫുട്ബോൾ സഹയാത്രികൻ അമീർബാബു, അവതാരിക എഴുതി അനുഗ്രഹിച്ച ഫൈസൽ കൈപ്പത്തൊടി, കാല്പന്തിന്റെ ഖിസ്സ പറഞ്ഞു തന്ന ജാഫർ ഭായ്, വാട്സാപ്പിൽ ഓരോ അദ്ധ്യായവും ചോദിച്ചു വാങ്ങി വായിക്കുന്ന ഫൈസൽ ഒതായി.. ബ്ലൂ ബറ്റാലിയൻസ്, സോക്കർ ബ്ലൂസ്, റെഡ് വാരിയേഴ്‌സ് എന്നീ കൂട്ടായ്മകളിലെ അംഗങ്ങൾ..പിന്നെ ജീവിതവും ഭാവിയുമൊക്കെ  ഒരു ചോദ്യചിഹ്നമായപ്പോൾ ജീവിക്കാൻ ഒരു ജോലിയും തന്ന് ചിന്തകൾ  ഫുട്ബോളിൽ നിന്ന് മാറ്റി സ്വന്തം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും എന്നെ ഒന്ന് നന്നാക്കിയെടുക്കാനും  വേണ്ടി കഷ്ടപ്പെടുന്ന അമ്മാവനും അദ്ദേഹത്തിന്റെ കൂട്ടായ്മയായ കേരള ഹോം ഡിസൈനിലെ ചങ്കുകളും..

മറ്റൊരു കൂട്ടരുണ്ട്.. പിന്നെ എഴുതാൻ തുടങ്ങിയ കാലം മുതൽ എന്നെ പരിഹസിക്കുകയും തളർത്തുകയും ചെയ്യാൻ വൃഥാ  ശ്രമിക്കുന്ന ഭാര്യയും വീട്ടുകാരും കുടുംബക്കാരും....  അവർ ചോദിക്കുന്നത് നിനക്കിതിൽ നിന്ന് എന്താണ് ലാഭം, എന്താണ് കിട്ടുക.. എന്നേക്കാൾ ഭ്രാന്തന്മാരായ നൂറുകണക്കിന് കാൽപ്പന്ത് പ്രേമികളായ  എഴുത്തുകാർ  പറയുന്ന ഒരേ ഉത്തരം.. ആത്മ സംതൃപ്തി.. ഇതും ഒരു ലഹരിയാണ്.. കാല്പന്തിനെ പ്രേമിക്കുന്നവർക്ക് മാത്രം അനുഭൂതി നൽകുന്ന ലഹരി.. അത് എങ്ങിനെ മനസ്സിലാക്കി തരണം എന്നെനിക്കറിയില്ല.. ഇപ്പോൾ അവരും
തിരിച്ചറിഞ്ഞു.. ഇവനെ പറഞ്ഞിട്ട് കാര്യമില്ല, നന്നാവാവില്ല... സോറി.. ഞാൻ ഇങ്ങനെആയിപ്പോയി..ഇതെന്റെ ഒരു പാഷനാണ്.. ഇതും ജീവിതത്തിന്റെ ഒരു ഭാഗമായിപ്പോയി..  (എക്സ്ട്രാ ടൈം മാഗസിന്റെ പ്രിന്റഡ് കോപ്പി കിട്ടിയപ്പോൾ മുതൽ അവരും ചെറുതായി അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്, എന്നാലും എന്റെ മുൻപിൽ സമ്മതിച്ചു തരില്ല.. വിമർശനം മാത്രമേ ഉണ്ടാകൂ )










ഇനി ഇങ്ങനെ ഒരു നോവൽ എഴുതാൻ സാധിക്കുമോ, സാഹചര്യം ലഭിക്കുമോ എന്നറിയില്ല.. എന്നിരുന്നാലും എന്റെ തൂലികയിൽ വിരിഞ്ഞ ഈ സ്വപ്നങ്ങളെ സ്വീകരിക്കുക.. അനുഗ്രഹിക്കുക..

അബ്ദുൽ റസാഖ്
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Thursday, April 2, 2020

നമ്പർ 09:സുബിമൽ ചുനി ഗോസ്വാമി | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ



സുബിമൽ ചുനി ഗോസ്വാമി.... ഇന്ത്യൻ കായിക രംഗത്തെ ബഹുമുഖപ്രതിഭ.. ആഭ്യന്തര ക്രിക്കറ്റ് താരം, ഹോക്കി സംഘാടകൻ, ടെന്നീസ് കളിക്കാരൻ, സിനിമാ നടൻ.. ഇങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ടെങ്കിലും ഇന്ത്യയിലെ ഫുട്ബോൾ ഇതിഹാസങ്ങളിൽ ഒരാളായി കണക്കാക്കുന്ന വ്യക്തിത്വമാണ് ചുനിഗോസ്വാമി..
 1938ൽ ബംഗാളിലെ (ഇപ്പോൾ ബംഗ്ലാദേശ്) കിഷോർഗഞ്ചിൽ ജനിച്ച അദ്ദേഹം തന്റെ അദ്ദേഹം തന്റെ ആദ്യ പരിശീലകനായ സിബ്‌ദാസ് ബാനർജിയിൽ നിന്ന് കാൽപന്ത് കളിയുടെ ആദ്യപാഠങ്ങൾ കരസ്ഥമാക്കി.പിന്നീട്  ജൂനിയർ മോഹൻബഗാനിലേക്കും അവിടെ നിന്ന് സീനിയർ ടീമിലേക്കും എത്തി.ഇംഗ്ളീഷ് വമ്പന്മാരായ ടോട്ടൻഹാമിൽ നിന്ന് വരെ ഓഫർ വന്നെങ്കിലും കരിയർ അവസാനിക്കുന്നത് വരെ മോഹൻബഗാന് വേണ്ടി മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. അഞ്ചു സീസണുകളിൽ മോഹൻബഗാന്റെ നായകസ്ഥാനം വഹിച്ചിരുന്നയാളാണ് ചുനിഗോസ്വാമി.
അന്താരാഷ്ട്ര കരിയറിൽ 1956ൽ അദ്ദേഹം ചൈനീസ് ഒളിമ്പിക് ടീമിനെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. മത്സരത്തിൽ 1:0 ന് ചൈനയെ നീലക്കടുവകൾ തോൽപ്പിച്ചു. ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, ഏഷ്യാകപ്പ്, മെർഡേക കപ്പ് എന്നിങ്ങനെ വിവിധ ടൂർണമെന്റുകളിലായി അൻപതോളം മത്സരങ്ങളിൽ അദ്ദേഹം ഇന്ത്യൻ ജേഴ്സി അണിഞ്ഞു. 1962ൽ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണമെഡലും  1964ലെ ഏഷ്യ കപ്പിലെ വെള്ളിമെഡലും ഈ വംഗനാടൻ കടുവയുടെ നായകത്വത്തിന് കീഴിൽ ഇന്ത്യൻ ടീം നേടിയത്.43 മത്സരങ്ങളിൽ നിന്ന് 11ഗോളുകൾ ഇദ്ദേഹം ഇന്ത്യക്കായി നേടി.

ക്രിക്കറ്റിലും ഇദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചിരുന്നു. ബംഗാൾ ടീമിനുവേണ്ടി രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചുനി 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ പൂർത്തിയാക്കി. ഒരു സെഞ്ച്വറി ഉൾപ്പടെ 1592റണ്ണുകളും 47 വിക്കറ്റുകളും നേടി.

1986 മുതൽ 1989വരെ ടാറ്റാ ഫുട്ബാൾ അക്കാദമി ഡയറക്ടറായും 1991ൽ ഇന്ത്യൻ പരിശീലകനായും സേവനമനുഷ്ഠിച്ചു.
1962ൽ ഏഷ്യയിലെ മികച്ച സ്‌ട്രൈക്കർ, 1963ൽ അർജ്ജുന അവാർഡ്, 1983ൽ പത്മശ്രീ, 2005ൽ മോഹൻ ബഗാൻ രത്‌ന എന്നീ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

സൗത്ത് സോക്കേഴ്സ് മീഡിയ വിങ് 

Wednesday, April 1, 2020

നമ്പർ 10: നെവിൽ ഡിസൂസ | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ



 1956 ലെ ഒളിമ്പിക് ഗെയിംസിൽ ഹാട്രിക് നേടിയ ആദ്യ ഏഷ്യക്കാരനായിരുന്നു അദ്ദേഹം. ബോംബെ സ്വദേശിയായിരുന്ന  നെവിൽ ഒരു നൈസർഗ്ഗിക  പ്രതിഭയായിരുന്നു, വേഗത, സ്കില്ലുകൾ,സ്റ്റാമിന  എന്നിവയാൽ അനുഗ്രഹീതനായിരുന്നു അദ്ദേഹം.  നെവിൽ ഡിസൂസയുടെ  മന്ത്രികക്കാലുകൾ  ഇന്ത്യയെ ഫുട്ബോൾ ലോകത്തിനു മുൻപിൽ മറ്റൊരു തലത്തിൽ എത്തിച്ചു. ഇന്ത്യയെ ഒളിമ്പിക് മെഡലിന്റെ പടിവാതിൽക്കൽ എത്തിക്കുകയും ചെയ്തു.  1956 ൽ ആതിഥേയരായ ഓസ്‌ട്രേലിയയെ 4-2 ന് പരാജയപ്പെടുത്തി അവർ അത്ഭുതപ്പെടുത്തി.നെവിൽ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ ടെലിവിഷൻ ഇല്ലാതിരുന്നതും വീഡിയോ റെക്കോർഡിംഗ് സാധ്യമല്ലാത്തതുമായതിനാൽ, 1956 ലെ മെൽബൺ ഒളിമ്പിക് ഗെയിംസിൽ ഈ ഫുട്ബോൾ മഹാന്മാരുടെ ചൂഷണം ആളുകൾക്ക് കാണാൻ കഴിയില്ല.  അക്കാലത്ത് നിലനിന്നിരുന്ന അന്താരാഷ്ട്ര രാഷ്ട്രീയ കോളിളക്കം കാരണം ചില ടീമുകൾ 1956 ൽ മെൽബണിൽ നടന്ന ഒളിമ്പിക്സിൽ നിന്ന് പിന്മാറി, അങ്ങനെ ക്വാർട്ടർ ഫൈനലിലേക്ക് ഇന്ത്യക്ക് നേരിട്ട് പ്രവേശനം ലഭിച്ചു.  1956 ഡിസംബർ 1 ന് ആതിഥേയരായ ഓസ്‌ട്രേലിയയെ 4-2 ന് തോൽപ്പിച്ച് ഇന്ത്യ അതിശയിപ്പിച്ചു.  നെവില്ലിന്റെ തകർപ്പൻ ഹെഡറിലൂടെ  9 മിനിറ്റിനുശേഷം ഇന്ത്യ ലീഡ് നേടിയെങ്കിലും ഓസ്‌ട്രേലിയയുടെ മാരോ 8 മിനിറ്റിനുള്ളിൽ ലീഡ് നിർവീര്യമാക്കി.  33-ാം മിനിറ്റിൽ പി കെ ബാനർജിയിൽ നിന്നുള്ള മുന്നേറ്റം തടയുന്നതിൽ  ഗോൾകീപ്പർ ലോർഡ് വ പരാജയപ്പെട്ടപ്പോൾ നെവിൽ വീണ്ടും മികച്ച പ്രകടനം പുറത്തെടുത്തു.  തൽഫലമായി ഓസീസിനുണ്ടായ ഇടർച്ചയിലൂടെ  നെവിൾ ഇന്ത്യക്ക് വീണ്ടും ലീഡ് നൽകി.  എന്നാൽ ഇന്ത്യൻ ഗോൾകീപ്പർ എസ്.എസ്. നാരായണനെ തോൽപ്പിച്ചാണ് മാരോ 2-2ന് മുന്നിലെത്തിയത്.  രണ്ടാം പകുതിയിൽ ഇന്ത്യ ആധിപത്യം സ്ഥാപിക്കുകയും ഡിസൂസ വേഗത്തിൽ ഹാട്രിക്ക് നേടുകയും 80-ാം മിനിറ്റിൽ കിട്ടു സ്‌കോറിംഗ് പൂർത്തിയാക്കുകയും ചെയ്തു.  അതിശയകരമെന്നു പറയട്ടെ, സെമി ഫൈനലിലെ പ്രകടനത്തിൽ നമ്മുടെ ഇന്ത്യ  ഒരു മെഡലിന് അർഹരായിരുന്നു. സെമിയിൽ ഇന്ത്യ ശക്തരായ യുഗോസ്ലാവിയയെ ആദ്യ പകുതിയിൽ ഗോൾരഹിത സമനിലയിൽ തളച്ചു.  നെവിൽ ഡിസൂസയിലൂടെ ഇന്ത്യ മുന്നിലെത്തിയെങ്കിലും ഒടുവിൽ 4-1 ന് തോറ്റു.  1952 ലെ ഹെൽ‌സിങ്കി ഗെയിമുകളിൽ യൂഗോസ്ലാവിനോട് 10-1 എന്ന തോൽവി ഏറ്റുവാങ്ങിയത് കണക്കിലെടുക്കുമ്പോൾ ഇത് ഒരു ക്രെഡിറ്റ് സ്കോർ ലൈനായിരുന്നു.  വെങ്കല മെഡൽ പ്ലേ ഓഫിൽ ഇന്ത്യ 3-0ന് പരാജയപ്പെട്ടു.  ടൂർണമെന്റിലെ ടോപ് സ്കോററായി നെവിൽ അവസാനിച്ചു.
 ഇന്ത്യക്കാരെ തോൽപ്പിച്ച ഓസീസ് ഇതിനെ "ഫ്ലൂക്ക്" എന്ന് വിളിക്കുകയും ഒരു മത്സരം ആവശ്യപ്പെടുകയും ചെയ്തു, ഇന്ത്യ വിജയിച്ചു, നെവിൽ രണ്ട് തവണ സ്കോർ ചെയ്തു.മുൻ ഒളിമ്പ്യൻ എസ് എസ് നാരായണന്റെ അഭിപ്രായത്തിൽ, "നെവിലിന്റെ നിയന്ത്രണം വളരെ മികച്ചതായിരുന്നു, ഒരിക്കൽ പന്ത് കൈവശമുണ്ടായിരുന്നെങ്കിൽ, അവനെ തടയൽ വളരെ ക്ലേശകരമാണ്. ഡ്രിബ്ലിംഗ്, ഫെന്റ്,സ്റ്റാമിന എന്നിവയിൽ അദ്ദേഹം അനുഗ്രഹീത പ്രതിഭയായിരുന്നു.  ഗോളുകൾ നേടാൻ അദ്ദേഹം ശക്തി ഉപയോഗിച്ചിരുന്നില്ല, പകരം അദ്ദേഹത്തിന്റെ ആയുധം തന്ത്രപരമായ നീക്കങ്ങളായിരുന്നു. ശക്തിക്ക് പകരം ബുദ്ധി ഉപയോഗിച്ച് കളിച്ചു.  ഗോൾകീപ്പർമാർക്ക് ഒരു ചാൻസും നൽകാത്ത  രീതിയിൽ അദ്ദേഹം പന്ത് വലയിൽ നിക്ഷേപിക്കുമായിരുന്നു."
 മുൻ ഇന്ത്യൻ ഇന്റർനാഷണലും  മഹീന്ദ്ര പരിശീലകനുമായ അദ്ദേഹത്തിന്റെ സഹോദരൻ ഡെറൈക്കിന്റെ അഭിപ്രായത്തിൽ നെവിൽ  ഹോക്കിയിൽ മികവ് പുലർത്തിയിരുന്നതിനാൽ ഇരട്ട അന്താരാഷ്ട്ര രാജ്യമാകാൻ സാധ്യതയുണ്ട്.  "എന്നാൽ ഫുട്ബോൾ അദ്ദേഹത്തിന്റെ ആദ്യ പ്രണയമായിരുന്നു, അതിനാലാണ് അദ്ദേഹം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തിരഞ്ഞെടുത്തത്".  നെവിലിന്റെ  കരിയറിലെ  ഹോക്കി മത്സരങ്ങളിൽ  മികച്ച പ്രകടനം  പുറത്തെടുത്തിരുന്നു - ആദ്യം സെന്റ് സേവ്യർ ഹൈസ്കൂളിനും പിന്നീട് സെന്റ് സേവ്യേഴ്സ് കോളേജിനും പിന്നീട് ടാറ്റയ്ക്കും വേണ്ടി കൊൽക്കത്തയിൽ നിന്ന് തന്റെ ആദ്യ വർഷത്തിൽ തന്നെ ബെയ്റ്റൺ കപ്പ് കൊണ്ടുവന്നു.  1952 ൽ ടാറ്റയ്‌ക്കൊപ്പം കിഴക്കൻ ആഫ്രിക്കയിൽ പര്യടനം നടത്തിയ അദ്ദേഹം 17 മത്സരങ്ങളിൽ നിന്ന് 34 ഗോളുകൾ നേടി, 1953 മുതൽ 1955 വരെ ദേശീയ ഹോക്കിയിൽ ബോംബെയെ പ്രതിനിധീകരിച്ചു.

 ടാറ്റയിൽ ചേരുന്നതിന് മുമ്പ് ഗോവൻ സ്പോർട്സ് ക്ലബിൽ നിന്നാണ് നെവില്ലിന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്.. അദ്ദേഹം സാന്റോസ് ട്രോഫിയിൽ മഹാരാഷ്ട്ര സ്റ്റേറ്റ് ടീമിനെ നയിച്ചിട്ടുണ്ട്. 50 കളിലെ ആഭ്യന്തര ഫുട്ബോളിലെ താര ആകർഷണങ്ങളിലൊന്നായിരുന്നു അദ്ദേഹം.  ഫൈനലിൽ സ്‌പോർട്ടിംഗിനെ തോൽപ്പിച്ചപ്പോൾ റോവേഴ്‌സ് കപ്പ് നേടിയ ബോംബെയിൽ നിന്ന് ആദ്യ സിവിലിയൻ ടീമായി മാറാൻ 1958-ൽ അദ്ദേഹം അവരെ സഹായിച്ചു.

 1963 ൽ വിരമിച്ച ശേഷം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ സെലക്ഷൻ പാനലിലായിരുന്നു അദ്ദേഹം.  "ബോക്സിനുള്ളിൽ നിങ്ങൾ അവനെ നേരിടുമ്പോൾ, നിങ്ങൾക്ക് ഒരു കാര്യവും ചെയ്യാൻ കഴിയില്ല. നിങ്ങൾ അമ്പരന്നുപോയതായി നിങ്ങൾക്ക് തോന്നി, ലളിതമായ ഷോട്ടുകൾ ഉപയോഗിച്ച് അവൻ നിങ്ങളെ തോൽപ്പിക്കും," പ്രശസ്ത ഗോൾകീപ്പർ പീറ്റർ തങ്കരാജ് പറഞ്ഞു.  1956 ലെ മെൽബൺ ഒളിമ്പിക്‌സിലെ ഇന്ത്യൻ ഹാട്രിക് നായകനായ നെവിൽ സ്റ്റീഫൻ ഡിസൂസ 1980 ൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Saturday, February 29, 2020

കാൽപന്ത് പ്രേമികൾക്കാഘോഷിക്കാൻ വീണ്ടുമൊരു 'ഫുട്ബോൾ' സിനിമ


കാല്പന്തിനെ ഹൃദയത്തോളം സ്നേഹിച്ച  ഒരു ജനതയുടെ വികാരവുമായി ആനപ്പറമ്പിലെ വേൾഡ് കപ്പ്‌ ആദ്യ ലുക്ക്‌  പുറത്ത്. ആന്റണി വർഗീസ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിഖിൽ പ്രേംരാജ് ആണ്  അച്ചാപ്പു  മൂവി മാജിക് &  മാസ്സ് മീഡിയ പ്രൊഡക്ഷൻ ചേർന്ന് അവതരിപ്പിക്കുന്ന  ചിത്രത്തിന്റെ നിർമാണം സ്റ്റാൻലി സി എസ് (ദുബായ്) ഫൈസൽ ലത്തീഫ് എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു.



കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ വച്ച് ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം ഐ എം വിജയനും ആന്റണി വർഗീസ് (പെപ്പെ) യും ചേർന്നാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. പ്രശസ്ത സിനിമാ താരങ്ങളായ ആദിൽ ഇബ്രാഹിം , ദ്രുവൻ , ജയ്സ് ജോസ് , മുൻ ഇന്ത്യൻ ഫുട്ബാൾ താരം ആസിഫ് സഹീർ , എന്നിവർ സന്നിഹിതരായിരുന്നു . സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയക്കുന്ന ഏഴ് കുട്ടികളെ സദസ്സിൽ പരിചയപ്പെടുത്തി . മഴവിൽ ഗോളിലൂടെ സോഷ്യൽ മീഡിയയിൽ താരമായ ഡാനിഷ് പി കെ , അമൽ , ബാസിത് , കാശി , ഇമാനുവൽ , ശിവപ്രസാദ് ,     ഋത്വിക് എന്നിവരാണ് .  ടീ ജീ രവി , ബാലു വർഗീസ് , ലുക്‌മാൻ , നിഷാന്ത് സാഗർ , ജോപോൾ അഞ്ചേരി , തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു . ഫായിസ് സിദ്ദിഖ് ക്യാമറയും  ജെയ്ക്സ് ബിജോയ് സംഗീതവും നിർവഹിച്ചിരിക്കുന്നു . ബാദുഷ യാണ് പ്രൊഡക്ഷൻ കൺട്രോളർ .  ചിത്രം പെരുന്നാളിന് തീയറ്ററുകളിൽ എത്തും .

Tuesday, December 3, 2019

2019-20 സീസണിലെ കേരള പ്രീമിയർ ലീഗ് മത്സരങ്ങൾ ഡിസംബർ 15നു ആരംഭിക്കുന്നു



ലെ കേരള പ്രീമിയർ ലീഗ് മത്സരങ്ങൾ ഡിസംബർ 15നു ആരംഭിക്കുന്നു 
പത്തു ടീമുകളാണ് രണ്ടു ഗ്രൂപ്പുകളായി പടപൊരുതുന്നത്. ഗ്രൂപ്പ് എ യിൽ ഗോകുലം കേരള എഫ് സി ,കോവളം എഫ് സി, ഗോൾഡൻ ത്രെഡ്‌സ്,കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ്,ലൂക്ക എന്നീ ടീമുകളാണ് ഉള്ളത്. ഗൂപ്പ് ബി യിൽ എഫ് സി കേരള, കേരള പോലീസ്, എം എ  കോളേജ്,സാറ്റ്  തിരൂർ,കണ്ണൂർ എഫ്‌സി എന്നീ ടീമുകളും അണിനിരക്കുന്നു. കഴിഞ്ഞ തവണ വളരെയധികം നീണ്ടു പോയ കേരള പ്രീമിയർ ലീഗ് ഇത്തവണ വളരെ മനോഹരമായിത്തന്നെ നടക്കുമെന്നാണ്പ്രതീക്കപ്പെടുന്നത്. പുതിയ കേരള ഫുട്ബോൾ അസോസിയേഷൻ അതിനു വേണ്ടി പരിശ്രമിക്കുമെന്ന് കരുതപ്പെടുന്നു. ആദ്യമത്സരമായ ബ്ലാസ്റ്റേഴ്സും ഗോകുലവും തമ്മിലുള്ള ഗ്ലാമർ പോരാട്ടം  ആരാധകർ കാത്തിരിക്കുന്ന ഒന്നാണ്. പുതിയ പ്രൊഫെഷണൽ ടീമുകളുടെ കടന്നു വരവ് ഫുട്ബോൾ പ്രേമികൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നു.

Saturday, November 30, 2019

ഗോകുലത്തിന്റെ തേരോട്ടത്തിന് ഇന്ന് കിക്ക് ഓഫ്





2019-20 സീസണിലേക്കുള്ള ഹീറോ ഐ ലീഗ് ഇന്ന് ആരംഭിക്കുന്നു. കേരളത്തിന്റെ അഭിമാനമായ ഡ്യൂറണ്ട് കപ്പ് ചാമ്പ്യന്മാർ ഗോകുലം കേരള എഫ് സി സ്വന്തം തട്ടകമായ കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നേരൊക്ക എഫ് സിക്കെതിരെയാണ്  പടക്കിറങ്ങുന്നത്. മാർക്കസ് ജോസഫും ഹെൻറി കിസിക്കയും ഉബൈദും സൽമാനും ഇർഷാദും  മായക്കണ്ണനുമൊക്കെ അണിനിരക്കുന്ന മലബാറിയൻസ് ഐ ലീഗിലെ ഹോട്ട് ഫേവറൈറ്റുകളായി മാറിക്കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും കൂടുമാറിയെത്തിയ യുവ വിങ്ങർ ജിതിൻ എം എസിന്റെ ഐ ലീഗ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

©️സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്

Thursday, November 14, 2019

ഫുട്ബോൾ കമ്പം മൂത്ത് നാടുവിട്ട 14 കാരനെ 46 ദിവസങ്ങൾക്ക് ശേഷം പോലീസ് കണ്ടെത്തി


News Credits : Kerala Police 

46 ദിവസമായി കാണാനില്ലായിരുന്ന 14 കാരൻ അമറിനെ ശിശുദിനം ആഘോഷിക്കുന്ന ഇന്ന് തന്നെ ഒരു നിയോഗം പോലെ കണ്ടെത്തി കേരള പോലീസ്.  വീട്ടുകാരുടേയും നാട്ടുകാരുടേയും നാളുകൾ നീണ്ട  അന്വേഷണങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വിരാമം.  

46 ദിവസം മുമ്പ് യാതൊരു തുമ്പുമില്ലാതെ കാണാതായ 14 കാരന്‍ അമറിനെ കണ്ടെത്താൻ വേണ്ടി അമറിന്‍റെ കുടുംബം ബഹു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബഹു. ഡിജിപിയുടെ നിര്‍ദ്ദേശാനുസരണം DYSP ശ്രീ. ജിജിമോന്റെ  നേതൃത്വത്തില്‍  പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയുണ്ടായി. സീനിയർ സിവിൽ പോലീസ് ഓഫീസർ  ജോജി , സിവിൽ പോലീസ് ഓഫീസർമാരായ നിയാസ് മീരാന്‍ , സുനില്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ.  നീണ്ട ദിവസങ്ങളിലെ അന്വേഷണത്തിനൊടുവില്‍ കോയമ്പത്തൂരില്‍ നിന്ന് അമറിനെ കണ്ടെത്തുകയായിരുന്നു. അതോടൊപ്പം കുട്ടിയെ തട്ടിക്കൊണ്ടു പോയത്  ഭിക്ഷാടന മാഫിയ ആണെന്ന് തുടങ്ങി  മറ്റ് പല  ഊഹാപോഹങ്ങൾക്കും വിരാമമായി. 

കേരളം , തമിഴ്നാട് , കര്‍ണ്ണാടക , ഗോവ , മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ  നിരവധി അനാഥാലയങ്ങളിലും , ഫുട്ബോള്‍ ക്ലബുകള്‍ , വിവിധങ്ങളായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ്  ഇന്ന് രാവിലെ കോയമ്പത്തൂരിലെ ഒരു  ഫുട്ബോള്‍ പരിശീലന കേന്ദ്രത്തിൽ ഫുട്ബോൾ കളിക്കാനായി എത്തിയ അമറിനെ  അന്വേഷണ സംഘം കണ്ടെത്തുന്നത് . പല സംസ്ഥാനങ്ങളിലെ മലയാളി അസോസിയേഷനുകള്‍ , വിവിധങ്ങളായ സോഷ്യല്‍ മീഢിയ കൂട്ടായ്മകൾ എന്നിവയുമായി  സഹകരിച്ച് പോലീസ് അന്വേഷണം തുടരുകയായിരുന്നു. എന്നാൽ ഇതൊന്നുമറിയാതെ കൂളായി വൈകുന്നേരം  പാനിപൂരി കടയില്‍ ജോലിയും രാവിലെ ഫുട്ബോള്‍ കളിയുമായി കഴിയുകയായിരുന്നു ഫുട്ബോള്‍ കമ്പക്കാരനായ  അമര്‍ .

#keralapolice

Saturday, November 9, 2019

തളർത്താനാണ് ഭാവമെങ്കിൽ കുതിക്കാനാണ് തീരുമാനം


'ചെറുതിന്റെ' വലിയ കളികൾ കാണാൻ ഇരിക്കുന്നതേ ഉള്ളു.
 ഒരു വ്യാഴവട്ടത്തെ ഇടവേളക്ക് ശേഷം സന്തോഷ്‌ ട്രോഫി നേടിയതിൽ മുഖ്യ പങ്ക് വഹിച്ച ജിതിൻ എം എസ് അന്ന് വൻ ക്ലബുകളുടെ നോട്ടപുള്ളിയായിരുന്നു. എഫ് സി കേരളയുടെ ആക്രമണങ്ങൾക്ക് കുന്തമുനയായിരുന്ന ജിതിൻ കേരള ബ്ലാസ്റ്റേഴ്സിലേക്കായിരുന്നു കൂടുമാറിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി സീനിയർ ടീമിൽ ഒരിക്കൽ പോലും അവസരം ലഭിച്ചില്ല. ഈ സീസണിൽ ക്യാംപിലെ ജിതിൻ ഒഴിച്ച് എല്ലാവരെയും (റിസർവ് താരങ്ങളെപ്പോലും ഉൾപ്പെടുത്തി ) വിദേശപര്യടനത്തിന് പോയപ്പോൾ കടുത്ത അവഗണയിൽ മനം നൊന്തുപോയ ആ യുവതാരം ബ്ലാസ്റ്റേഴ്സിനോട് അകലുകയായിരുന്നു. ഒരിക്കൽ കൂടി സന്തോഷ്‌ ട്രോഫി ക്യാമ്പിലേക്ക് വിളിക്കപ്പെട്ട ജിതിൻ തന്റെ പ്രതിഭ എന്താണെന്ന് തന്നെ തഴഞ്ഞവർക്കുള്ള മറുപടിയായി കളത്തിൽ കാണിച്ചു കൊടുത്തിരിക്കുകയാണ്. തമിഴ്നാടിനെതിരെ നേടിയ ആറു ഗോളുകളിൽ കേരള ടീമിനായി ജിതിൻ എം എസ് വക സംഭാവന എണ്ണം പറഞ്ഞ രണ്ടെണ്ണമാണ്.ഭാവിയുടെ വാഗ്ദാനമായ ഒരു  കളിക്കാരനെ തളർത്താൻ കളത്തിനു പുറത്ത് കളിക്കുന്നവർക്ക് ഒല്ലൂർക്കാരുടെ 'ചെറുതിന്റെ' മറുപടി കളത്തിലൂടെ തന്നെയാണ്. അതു തന്നെയാണ് ഹീറോയിസം

Tuesday, October 22, 2019

കളിച്ചു വളർന്ന ഗ്രൗണ്ടിൽ തന്നെ ചോര പൊടിച്ച്, ഹൃദയത്തിൽ കണ്ണീർ വീഴ്ത്തി അഫീൽ ജോൺസൺ വിട വാങ്ങി.

കളിച്ചു വളർന്ന ഗ്രൗണ്ടിൽ തന്നെ ചോര പൊടിച്ച്, ഹൃദയത്തിൽ കണ്ണീർ വീഴ്ത്തി അഫീൽ ജോൺസൺ വിട വാങ്ങി.

പാലായിലെ സംസ്ഥാന ജൂനിയർ അത് ലറ്റിക് മീറ്റിൽ പരിക്കേറ്റ് ഇന്ന് നിര്യാതനായ ആഫീൽ ജോൺസൺന്റെ കുടുംബാംഗങ്ങളുടെയും സഹപാഠികളുടേയും ദു:ഖത്തിൽ സൗത്ത് സോക്കേഴ്‌സ് പങ്ക് ചേരുന്നു .

ഫുട്‌ബോൾ താരമാകുക എന്നായിരുന്നു അഭീലിന്റെ സ്വപ്നം. കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി ആ സ്വപ്നത്തിന് ചിറകും നൽകിയിരുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ അടിസ്ഥാന പരിശീലനം സംഘടിപ്പിക്കുന്ന സ്കോർലൈൻ നടത്തിയ ക്യാമ്പിൽ ആഫീൽ പങ്കെടുക്കുകയും മധ്യനിരയിലെ ശ്രദ്ധേയമായ പ്രകടനം നടത്തി പോർച്ചുഗീസ് പരിശീലകൻ ജാവിയർ പെട്രോയുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പാലാ സ്റ്റേഡിയത്തിൽ സ്കോർലൈൻ നടത്തി വന്ന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഫീൽ അക്കാദമി ലീഗിനുള്ള താരമായി സ്‌കോർ ലൈനുമായി കരാറും ഒപ്പു വെച്ചിരുന്നു. എന്നാൽ പറക്കും മുൻപേ ചിറകറ്റു വീണു പോയി ആഫീൽ എന്ന കൊച്ചു മിടുക്കൻ.

ഫുട്‌ബോളിൽ സ്വപ്നങ്ങൾ കാണാൻ തന്നെ പഠിപ്പിച്ച അതേ ഗ്രൗണ്ടിൽ തന്നെ സംഘാടകരുടെ ആശ്രദ്ധയുടെ ഫലമായി വന്ന ദുരന്തം ഈ കൊച്ചു മിടുക്കന്റെയും ഒരു നാടിന്റെയും സ്വപ്നത്തെ തന്നെയും ഒന്നായി തകർത്തു കളഞ്ഞു.

ആദരാഞ്ജലികൾ....

Sunday, October 20, 2019

കൊച്ചിയിൽ ഓഗ്ബച്ചെയുടെ ഇടി മുഴക്കം , തകർപ്പൻ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ്




ഐഎസ്എൽ ആറാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ശക്തരായ എടികെയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കു തോൽപ്പിച്ച് ഗംഭീര തുടക്കം കുറിച്ച്‌ കേരള ബ്ലാസ്റ്റേഴ്‌സ് .ഇരട്ടഗോളുമായി കേരള ബ്ളാസ്റ്റേഴ്സിനുമിന്നും ജയം സമ്മാനിച്ചിരിക്കുന്നു ടീമിന്റെ നായകൻആറാം മിനിറ്റിൽ ആദ്യ ഗോൾ വഴങ്ങിയ ശേഷം വമ്പൻതിരുച്ചു വരവ് നടത്തിയാണ് ബ്ലാസ്റ്റേഴ്‌സ് കൊച്ചി സ്റ്റേഡിയം ഇളക്കി മറിച്ചത് . മുപ്പതാം മിനിറ്റിലാണ്പെനല്‍റ്റിയിലൂടെ  ക്യാപ്റ്റന്‍ ഒഗ്‌ബച്ചേയെ സമനില നേടിയത് . 45 ആം മിനിറ്റിലാണ് സ്റ്റേഡിയം വിറപ്പിച്ച് രണ്ടാംഗോൾ പിറന്നത് .

ഇനി മണിക്കൂറുകൾ മാത്രം



ഇനി മണിക്കൂറുകൾ  മാത്രം
ഇന്ത്യയുടെ ഫുട്ബോൾ പൂരത്തിന് കൊടിയേറ്റ് നടത്താൻ കൊച്ചിയും ബ്ലാസ്റ്റേഴ്സും റെഡിയാണ്.
ഇരു ടീമുകളും ആത്മവിശ്വാസത്തിലാണ്. മികച്ച ലൈൻ അപ്പുകളും ടാക്റ്റിക്സുമായി എൽകോയും  ഹബാസും തന്ത്രങ്ങൾ മെനയുമ്പോൾ  ശ്രദ്ധകൾ തിരിയുന്നത് മുഴുവൻ ബ്ലാസ്റ്റേഴ്‌സ് ആരാധകരിലേക്കാണ്. എന്നും ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ആരാധകർ എന്ന് പേരെടുത്തിട്ടുള്ള മലയാളി ഫുട്ബോൾ ആരാധകരുടെ ആവേശം നീലാകാശത്തിനും നീലക്കടലിനുമപ്പും കൊച്ചി നഗരത്തെ മഞ്ഞ പുതപ്പിച്ചിരിക്കുന്നു.


ടിക്കറ്റ് കിട്ടിയവരും കിട്ടാത്തവരുമായി നിരവധിപേർ ഇപ്പോൾ തന്നെ സ്റ്റേഡിയത്തിനു പുറത്തു തമ്പടിച്ചിട്ടുണ്ട്..

Wednesday, October 2, 2019

ജിതിൻ വീണ്ടും സന്തോഷ് ട്രോഫി ക്യാമ്പിൽ


കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് താരമായിരുന്ന ജിതിൻ എം എസ് വീണ്ടും സന്തോഷ്‌ ട്രോഫി ക്യാമ്പിൽ ചേരുന്നു. ബ്ലാസ്റ്റേഴ്സിൽ നിന്നും ഗോകുലം എഫ് സി യിലേക്ക് ചേക്കേറുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ്  വീണ്ടും സന്തോഷ്‌ ട്രോഫി ക്യാമ്പിൽ 'ചെറുത്' എത്തുന്നത്. ജിതിൻ അംഗമായിരുന്ന കേരള ടീം സന്തോഷ്‌ ട്രോഫി ജേതാക്കൾ ആയിരുന്നു. ആ മികവും പന്തടക്കവും വേഗതയും മനസ്സിലാക്കിയാണ് പരിശീലകന്മാരായ ബിനോ ജോർജും പുരുഷോത്തമനും കേരള ടീമിനായി  ജിതിന്റെ സേവനം ഉറപ്പ് വരുത്തുന്നത്. ബ്ലാസ്റ്റേഴ്‌സ് റിസർവ് താരമായിരുന്ന ജിതിൻ ഒരിക്കലും സീനിയർ ടീമിലേക്ക് പരിഗണിക്കപ്പെട്ടിരുന്നില്ല. മാത്രമല്ല ഗൾഫിൽ നടന്ന പ്രീ സീസണിൽ ജിതിനെ ഒഴിവാക്കി മറ്റെല്ലാവരെയും കൊണ്ട് പോയത് വിമർശങ്ങൾ വിളിച്ചു വരുത്തിയിരുന്നു. വിമർശനങ്ങളെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ജിതിന്റെ ഒരു പോസ്റ്റ്‌ ഉപയോഗിച്ച് പ്രതിരോധിച്ചിരുന്നു. താൻ കോച്ചിന്റെ പ്ലാൻ അനുസരിച്ചു ടീമിൽ ഉണ്ടാകുമെന്ന് ജിതിന്റെ പോസ്റ്റ്‌ ഉണ്ടായിരുന്നെങ്കിലും ഇത്തവണത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലും തഴയപ്പെട്ടു. അതോടെ ജിതിനെ ബ്ലാസ്റ്റേഴ്‌സ് തഴയുകയാണെന്ന കാര്യം വ്യക്തമായി. ഗോകുലത്തിലേക്ക് പോകുമെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും അത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്തായാലും ജിതിന്റെ സേവനം കേരള സന്തോഷ്‌ ട്രോഫി ടീമിന് ഒരു മുതൽകൂട്ടാകുമെന്ന് സംശയമില്ലാത്ത കാര്യമാണ്. ഒരിക്കൽ കൂടി ആ ബൂട്ടുകൾ ഗർജ്ജിക്കുന്നത് കാണാൻ ആഗ്രഹിക്കുകയാണ് ഫുട്ബോൾ പ്രേമികൾ. 'ചെറുതിന്റെ' വലിയ കളികൾക്കായി കേരളത്തിലെ  ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്നുണ്ട്.

Labels

Followers