Saturday, November 3, 2018

സമനില തെറ്റാതെ കേരള ബ്ളാസ്റ്റേഴ്സ്

                                       സിറാജ് പനങ്ങോട്ടിൽ എഴുതുന്നു...
                                             

കേരള ബ്ളാസ്റ്റേഴ്സ് - പൂനെ എഫ്‌സി (02/11/2018)

തുടർച്ചയായ നാലാം സമനിലയാണ് ഈ സീസണിൽ കേരള ബ്ളാസ്റ്റേഴ്സിന്റെ ഫലം. സമനിലക്കുരുക്കിന്റെ വലയിൽ നിന്ന് പരമാവധി പുറത്തു ചാടാനുള്ള സകല അടവുകളും കോച്ച് ജെയിംസ് പരീക്ഷിക്കുന്നുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് പുണെക്കെതിരെയുള്ള ഇന്നത്തെ മത്സരത്തിൽ സ്‌ട്രൈക്കിങ് പൊസിഷനിലേക്ക് സുഗമമായി ബോൾ എത്തിക്കാൻ ഉതകുന്ന തരത്തിൽ ഡിസൈൻ ചെയ്ത ഫോർമേഷൻ.

ലഭ്യമായതിൽ ഏറ്റവും നല്ല കളിക്കാരെ തന്നെയാണ് ഇന്നത്തെ ആദ്യ ഇലവനിൽ കളിപ്പിച്ചത്. കഴിഞ്ഞ കളികളിലൊക്കെയായി വലിയ പരാതികളുണ്ടാക്കാത്ത ഡിഫൻസിൽ നിന്നും ലാൽ റുവാതാരയെ മാറ്റി കാലിയെ പ്ലേസ് ചെയ്തു എന്നല്ലാതെ വേറെയൊരു മാറ്റവും ഉണ്ടായിട്ടില്ല. പകരമിറങ്ങിയ കാലി ഒന്നാംതരം നിലവാരത്തിൽ ഓവർലാപ് ചെയ്തു മിഡ് ഫീൽഡിലേക്ക് ബോൾ എത്തിച്ചും ഡിഫൻസിൽ പൂട്ട് കെട്ടിയും സെലെക്ഷൻ മോശമാക്കിയില്ല എന്ന് തെളിയിക്കുക തന്നെ ചെയ്തു. അദ്ദേഹത്തിന്റെ വിങ്ങിലൂടെ കാര്യമായ ഒരു നീക്കവും പൂനെക്ക് ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്.

ആദ്യ ഇലവൻ പബ്ലിഷ് ചെയ്തപ്പോൾ കൂടുതൽ ആളുകളും വിരുദ്ധാഭിപ്രായം പറഞ്ഞിരുന്നത് വിനീതിനെ ലിസ്റ്റിലിട്ടതിനെതിരെയായിരുന്നു. എന്നാൽ വിനീതിന്റെ ഇന്നത്തെ പെർഫോമൻസ് മുങ്കാളികളിൽ നിന്നും ഏറെ നന്നായിട്ടുണ്ട് എന്ന് പറയാതെ വയ്യ. പരമാവധി വിങ്ങിൽ നിറഞ്ഞു കളിച്ചിട്ടുണ്ട് ഇന്ന് വിനീത്. പഴയ ഫോമിലേക്കുയർന്നാൽ വിനീത് ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.

വിനീത് - സഹൽ - സ്ളാവിൽസ കൂട്ടുകെട്ട് കുറച്ചൊക്കെ ട്രാക്കിലായി എന്ന ഒരു സന്തോഷവും ഇന്നത്തെ കളി നമ്മൾക്ക് നൽകുന്നുണ്ട്. പോപ്ലാറ്റിനികിനെ കൂടെ ഉൾപ്പെടുത്തി ഈ കോമ്പിനേഷൻ ഒന്നുകൂടി ഡെവലപ്പ് ചെയ്‌താൽ ബ്ളാസ്റ്റേഴ്സിന്റെ മനോഹാരിത കൂടുതൽ ഊർജ്ജമാക്കാം. വലതു വിങ്ങിലൂടെയുണ്ടായ ഒരു മുന്നേറ്റം ഇന്ന് ഇടതുവിങ്ങിലൂടെ ഉണ്ടായില്ല എന്നത് കുറവായി തന്നെ കാണേണ്ടതുണ്ട്. ലെൻഡുങ്കൽ ആയാലും പകരകകാരനായിറങ്ങിയ നഴ്‌സറിയായാലും കൃത്യമായ ഒരു കണക്ഷൻ പോപ്ലാറ്റിനികുമായോ സ്ളാവിൽസയുമായോ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. സ്‌ട്രൈക്കറായി കളത്തിലിറങ്ങിയ പോപ്ലാറ്റിനിക്കിന് ഇന്നും കളിയെ താളം കണ്ടെത്തുന്നതിന് ഉപകാരപ്പെടുന്ന ക്രോസുകളോ മധ്യ നിരയിൽ നിന്നും വിങ്ങിൽ നിന്നും കിട്ടിയില്ല എന്നതും എടുത്തു പറയേണ്ടതാണ്.

ആദ്യ പകുതിയിൽ കേരളം ഗോളടിച്ചില്ലെങ്കിലും കാണികളെ സന്തോഷിപ്പിക്കുന്ന അതിനിലവാരമുള്ള സ്പീഡുകളും പാസുകളുമായി നിറഞ്ഞു കളിച്ചതിനു പിന്നിൽ സഹലെന്ന മിഡ്ഫീൽഡ് മെഷീനിന്റെ നിതാന്ത പരിശ്രമമാണ്. വിത്യാസം തിരിച്ചറിയണമെങ്കിൽ ജംഷഡ്പൂരിനെതിരെ നടന്ന കഴിഞ്ഞ മാച്ചിലെ ആദ്യ പകുതിയോട് താരതമ്യം ചെയ്‌താൽ മാത്രം മതി. സഹൽ കളത്തിലുണ്ടാകുമ്പോൾ വല്ലാത്ത ഒരു എനർജി ബ്ളാസ്റ്റേഴ്‌സിനുണ്ട്. ചില സമയങ്ങളിൽ ധൃതിപ്പെട്ട പാസുകളിൽ നിന്നുള്ള വീഴ്ചകളും ഷോട്ടുകളിലെ കൃത്യതയും ശക്തിയും കൂടി വിരിയിച്ചെടുത്താൽ സംശയമേയില്ല കേരളം കാണാനിരിക്കുന്ന മിഡ്ഫീൽഡ് മജീഷ്യൻ തന്നെയാകും സഹൽ എന്ന ചെറുപ്പക്കാരൻ.

സഹലിനോടൊപ്പം ഉജ്ജ്വലമായ സ്‌പേസ് കണ്ടെത്തിയ വലതു വിങ്ങിലെ റാകിപ് ക്രോസ്സ് ഷോട്ടുകളിൽ കൂടി നന്നായി ഗൃഹപാഠം ചെയ്‌താൽ നല്ല ഭാവി കണ്ടെത്താം. രണ്ടാം പകുതിയിലെത്തിയപ്പോൾ ഭൂരിഭാഗം കളിക്കാരിൽ നിന്നും സംഭവിച്ച മിസ്പാസുകളിൽ നിന്നു റാകിപും മുക്തനല്ല. എന്നാൽ ചില മിസ്പാസുകൾ കൂടുതൽ നഷ്ടമായി തോന്നുന്നത് വിങ്ങുകളിലെ ക്രോസുകൾ നഷ്ടപ്പെടുത്തുമ്പോഴാണ്. റാകിപിൽ നിന്ന് ഈ കളിയിൽ സംഭവിച്ച പിഴവുകൾ അടുത്ത കളിയിലെങ്കിലും പരിഹരിക്കുമെന്ന് നമ്മൾക്ക് പ്രതീക്ഷിക്കാം.

അത്യാവശ്യ സമയങ്ങളിൽ ഗോളടിച്ചു എങ്കിലും ഡിഫൻസിനും മിഡ്ഫീൽഡിനും ഇടയിലുണ്ടാകുന്ന വലിയ വിടവ് നികത്തുന്നതിന് നിക്കോള ക്രെമറോവിച് ഇന്നും പരാജയമാണ്. അദ്ദേഹത്തിന്റെ ആ പൊസിഷനിൽ നിന്നാണ് മുൻ കളികളിലെപ്പോലെ എതിർ ടീമംഗങ്ങൾ ഗോൾ നേടുന്നത്. ആ സമയത്ത് ചെറുതായി ഒരു ചലഞ്ചു ചെയ്യാൻ പോലും നിക്കോള എത്തുന്നില്ല എന്നത് പോരായ്മയായി കാണേണ്ടതാണ്. അടുത്ത മാച്ചിലെങ്കിലും ഈ വിടവ് കുറക്കുന്ന തരത്തിലുള്ള കളി പ്ലാൻ ചെയ്യുമെന്ന് നമ്മൾക്ക് പ്രതീക്ഷിക്കാം.
കേളികേട്ട വിദേശ താരങ്ങളുണ്ടായിട്ടും ഫോമിലേക്കുയരാത്തത് കാരണം മങ്ങിപ്പോയ പൂനെക്കെതിരെ ആദ്യ ഇരുപത് മിനുട്ടുകളിലെ കളിക്കനുസരിച്ചു ഏറ്റവും ചുരുങ്ങിയത് രണ്ടു ഗോളുകളുടെ വ്യത്യാസത്തിൽ കേരളം ജയിക്കേണ്ട ഗൈമായിരുന്നു ഇന്നത്തേത്. എന്നാൽ അപ്രതീക്ഷിതമായി കേരള വലയിൽ വീണ ഗോളും റഫറിയിങ്ങിലെ പോരായ്മകളും അതോടൊപ്പം സ്‌ട്രൈക്കിങ് പൊസിഷനിലെത്തുമ്പോൾ ഫിനിഷിങ് ചെയ്യുന്നിടത്തുള്ള പിഴവും എല്ലാം കൂടി വീണ്ടും സമനിലയിൽ കുടുക്കി എന്ന് പറയുന്നതാകും ഉചിതം.
ഏതായാലും മുൻ കളികളെ അപേക്ഷിച്ചു നിലവാരമുള്ള മിഡ്‌ഫീൽഡും ഡിഫൻസും ഒക്കെയുണ്ടെങ്കിലും ഫിനിഷിങ് പൊസിഷനിൽ എത്തുമ്പോൾ കാണിക്കുന്ന അമിതമായ ആശങ്കയും കമ്മ്യൂണിക്കേഷൻ പ്രശ്നങ്ങളും കൂടി പരിഹരിച്ചാൽ ഡേവിഡ് ജയിംസിന്റെ കേരള ബ്ളാസ്റ്റേഴ്‍സിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. നമ്മൾക്ക് പ്രതീക്ഷിക്കാം.

ലേഖനം: സിറാജ് പനങ്ങോട്ടിൽ 

ഐ എസ്‌ എല്ലിൽ വി എ ആർ സാങ്കേതികവിദ്യ ഉപയോഗിക്കേണ്ട സമയം ആയോ ?? കൂടുതൽ അറിയാൻ വായിക്കൂ...




വെള്ളിയാഴ്ച്ച നടന്ന കേരള ബ്ലാസ്റ്റേർസ് പൂനെ മത്സരത്തിലെ റഫ്രയിങ് പിഴവൊടെ ആരാധകരുടെ പ്രതിഷേധം ശക്തമാണ് . വി വി എ ആർ സാങ്കേതികവിദ്യ ഇന്ത്യൻ സൂപ്പർ ലീഗിൽ കൊണ്ട് വരേണ്ട സമയം ആയന്ന ആവശ്യവും ഉണ്ട് .

വി എ ആർ :

2017-18 സീസണിൽ തന്നെ നിരവധി ഉന്നതമായ ലീഗുകൾ വി എ ആർ സാങ്കേതികവിദ്യ ഉപയോഗിച്ചുതുടങ്ങി. ഇത് റഫ്രയിങ് പിഴവുകൾ  വെട്ടിക്കുറക്കാനും ഗെയിമുകൾ മാറുന്ന തീരുമാനങ്ങൾ കുറയ്ക്കാനും വഴിവച്ചു.

ബണ്ടസ്ലിഗ, സി റി എ, പോർചുഗലിന്റെ പ്രൈമറി ലിഗാ, മേജർ ലീഗ് സോക്കർ (എം എൽ എസ്) എല്ലാം വി എ ആർ ഉപയോഗപ്പെടുത്തി. ഇംഗ്ലണ്ടിന്റെ എഫ്.എ. കപ്പ്, കാർബാവോ കപ്പ് എന്നിവയും കഴിഞ്ഞ സീസണിൽ വി എ ആർ പരീക്ഷക്കപ്പെട്ടു .

വി എ ആർ സാങ്കേതികവിദ്യയുടെ വീഴ്ചകൾ  : 

വി എ ആർ സാങ്കേതികവിദ്യയുടെ ഉപയോഗം ഗെയിം നടപടികളെ വലിയ അളവിൽ കുറയ്ക്കുന്നു എന്നതാണ്. VAR കാരണം അധിക സമയം  എടുക്കുന്നത് മത്സരത്തിന്റെ  ഗതി കുറക്കുക മാത്രവുമല്ല  ടെലിവിഷനിൽ ആരാധകർക്ക് ആസ്വാദനവും കുറയുന്നു .

ഗോളുകൾ , പെനൽറ്റി , റെഡ് കാർഡുകൾ, തെറ്റിദ്ധാരണകൾ എന്നിങ്ങനെ നാല് പ്രധാന മേഖലകളിലാണ് VAR ഉപയോഗിക്കുന്നത്. എന്നിരുന്നാലും, പല തീരുമാനങ്ങളോടും എങ്ങനെയാണ് ഇത് റഫറിയുടെ ഇടപെടലിലേക്ക് എത്തുന്നത് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമില്ല .

വി എ ആർ സാങ്കേതികവിദ്യയുടെ വിജയം :

ഫിഫ ലോകകപ്പിൽ നിരവധി വിവാദങ്ങൾ വി എ ആർ സൃഷ്ടിച്ചെങ്കിലും , ടെക്നോളജി വലിയ വിജയമായിരുന്നു. ഗ്രൂപ്പിലെ ഘട്ടങ്ങളിൽ, റഫറിമാർ വിളിക്കപ്പെടുന്ന 95 ശതമാനം വിളികളും കൃത്യമായി വിളിച്ചിട്ടുണ്ടെങ്കിലും വി എ ആർ അത് 99.3 ശതമാനത്തിലേക്ക്  ആ നിരക്ക് വർദ്ധിപ്പിച്ചു.
ബുണ്ടെസ്ലിഗയിൽ മാത്രം, 76 പ്രധാന തീരുമാനങ്ങൾ 2017-18 സീസണിൽ മാറ്റപ്പെട്ടു , 99.25 ശതമാനം തീരുമാനങ്ങൾ ശരിയാണെന്ന് കരുതപ്പെടുന്നു.

വി എ ആർ സാങ്കേതികവിദ്യ ചിലവേറിയതാണ് :

പോർച്ചുഗീസ് രണ്ടാം ടയർ ഈ വർഷം 1 മില്യൺ പൌണ്ടാണ് വി എ ആർ നടപ്പാക്കാൻ ചെലവിട്ടത്. സ്കോട്ടിഷ് പ്രൊഫഷണൽ ഫുട്ബാൾ ലീഗ് മേധാവി നീൽ ഡോങ്കറേറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പോർച്ചുഗീസ് ഒന്നാം  ടയറിലും വി എ ആർ ഉപയോഗിക്കണം എന്ന വാദത്തിൽ  അദ്ദേഹം ഇക്കാര്യം ചൂണ്ടി കാട്ടിയാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്   .

ബ്രസീലിയൻ സീരി എ ക്ലബ്ബുകൾ അടുത്തിടെ വി എ ആർ  സാങ്കേതികവിദ്യ  ചിലവേറിയതിനാൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു .

ഇന്ത്യൻ സൂപ്പർ ലീഗിൽ ആരാധകരുടെ പ്രതിഷേധം നിലനിൽക്കെ ഇത്രയും ചിലവേറിയ ഒരു  സാങ്കേതികവിദ്യ ഐ എസ്‌ എൽ സംഘടകർ നടപ്പിലാക്കുമോ എന്ന് കാത്തിരുന്നു കാണാം .

നിങ്ങളുടെ അഭിപ്രായങ്ങൾ കംമെന്റിൽ രേഘപ്പെടുത്തു .

Thursday, November 1, 2018

അശമന്നൂർ വീണ്ടും ഫുട്ബോൾ വസന്തത്തിലേക്ക്..




അശമന്നൂർ ഗ്രാമപഞ്ചായത്തിലെ ഫുട്ബോൾ താരങ്ങളെ കണ്ടെത്താനും വളർത്തിയെടുക്കാനും അശമന്നൂർ സൂപ്പർ ലീഗ് വരുന്നു.നവംബർ നാലാം തീയതി മുതൽ ഓടക്കാലി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിൽ നടക്കുന്ന സൂപ്പർ ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ എൻ എം സലീം ഉദ്ഘാടനം ചെയ്യും.. പ്രത്യേകം പരിശീലനം നടത്തി വാർത്തെടുത്ത എട്ടോളം ടീമുകളാണ് സൂപ്പർ ലീഗിന്റെ താരങ്ങളെ അണിനിരത്തുന്നത്. ചിരാഗ്, യൂണിറ്റെഡ്‌, സോക്കർ സ്പോർട്ടിങ്, മിറക്കിൾ, ഫാൽകൺസ്, റെഡ് ഡെവിൾസ്, യൂണിവേഴ്സൽ, വാരിയേഴ്‌സ് എന്നീ ടീമുകളാണ് സൂപ്പർ ലീഗിന്റെ കിരീടപ്പോരാട്ടത്തിനൊരുങ്ങുന്നത്.എല്ലാ ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും വൈകിട്ട് 4:30 ന് മത്സരങ്ങൾ ഉണ്ടാകും.

Tuesday, October 30, 2018

റിയൽ കാശ്‌മീർ



യന്ത്രത്തോക്കുകളും ബോംബുകളുമായി ഭീകരരുടെ ട്രക്ക് ശ്രീനഗറിലേക്ക് പ്രവേശിക്കുമ്പോൾ, സനത് നഗർ  പാർക്കിൽ ഏതാനും കുട്ടികൾ ഫുട്ബാൾ കളിക്കുകയായിരുന്നു. മഹാപ്രളയം ജലത്തേറ്റകൊണ്ട് കാശ്മീരിനെ നക്കിയെടുത്ത 2014 ൽ ആയിരുന്നുവത്. രക്ഷിച്ചെടുത്ത കുട്ടികളെ  സ്വന്തം വീട്ടിലേക്ക് ഷമീം മിഹ്റാജ് കൊണ്ടുപോകുമ്പോൾ പോക്കുവെയിൽ പുകഞ്ഞുനിന്ന വീട്ടുമുറ്റത്ത്, വാടിവീണ മെയ് ഫ്‌ളവര്‍ കട്ടച്ചോര പോലെ ചിതറിക്കിടന്നു.

പാർക്കിലേക്ക് ഇരച്ചു കയറി. ആകാശത്തേക്കു തുരുതുരാ വെടിയുതിര്‍ത്ത് ഭീകര സംഘം നശീകരണം നടത്തുന്നത് മിഹ്റാജും
കുട്ടികളും മഞ്ഞുപറ്റിക്കിടന്ന ജനൽ ചില്ലിലൂടെ നോക്കികണ്ടു. പാർക്കിൽ അനാഥമായികിടന്ന  അവരുടെ പന്തിലേക്ക് ഭീകരർ വെടിയുതിർത്ത് തിരിഞ്ഞുനടന്നു. ഞെട്ടിവിറയ്‌ക്കേണ്ട സമയത്തും കുട്ടികൾ   മിഹ്റാജിനോട് ആവശ്യപ്പെട്ടത് ഞങ്ങൾക്ക് കളിക്കാൻ ഒരു ഗ്രൗണ്ട് വേണമെന്നായിരുന്നു.

കശ്മീർ മോണിറ്റർ എന്ന പത്രത്തിന്റെ എഡിറ്ററും ലോക്കൽ ഫുട്ബാൾ ന്യൂസ് പോലും ഒന്നാം പേജിലേക്ക് കൊണ്ടുവരാൻ ധൈര്യം കാണിക്കാറുമുള്ള മിഹ്റാജ് അന്നാണ് ഒരു  ഫുട്ബാൾ ക്ലബ് തുടങ്ങാൻ തീരുമാനിക്കുന്നത്. ഏറ്റവും അടുത്ത സുഹൃത്ത് സന്ദീപ് ചാട്ടൂവും സംഘവും മിഹ്റാജിനൊപ്പം ചേർന്നു. അങ്ങനെയാണ് റിയൽ കശ്മീർ എഫ് സി റിയാലിറ്റിയായത്. തുടങ്ങി നാല് വർഷം തികയും മുൻപേ അവർ രണ്ടാം ഡിവിഷൻ ജേതാക്കളായി ഐ ലീഗിന് യോഗ്യരായി. കാശ്മീരിൽ നിന്നൊരു ക്ലബ് ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗിൽ പന്തുതട്ടാൻ ഇറങ്ങുകയാണ്. ആദ്യമത്സരം നാളെ, അയൽക്കാരായ മിനർവ പഞ്ചാബിനെതിരെ.  എല്ലാം നഷ്ടപ്പെട്ട ഒരു നാടിനെ ഫുട്ബോളിലൂടെ പ്രത്യാശയുടെ മൈതാനത്തേക്ക്  കൈപിടിച്ചു നടത്തിയ മിഹ്റാജിനും അദ്ദേഹത്തിന്റെ "സ്വർഗ്ഗത്തിലെ ഹിമപ്പുലി"കൾക്കും ഇന്ത്യയുടെ ഇങ്ങേ അറ്റത്തുനിന്ന് ഹൃദയം നിറഞ്ഞ വിജയാശംസകൾ. ♥⚽

Article: Jafer Khan

കേരള ബ്ലാസ്റ്റേഴ്‌സ് - ജംഷഡ്പൂർ മത്സരം... പകരക്കാർ മാറ്റി വരച്ച ചിത്രം

സിറാജ്  പനങ്ങോട്ടിൽ എഴുതുന്നു... 


പകരക്കാർ മാറ്റി വരച്ച ചിത്രം എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന മത്സരമായി വിലയിരുത്താം .

മുൻഘട്ടങ്ങളിൽ നിന്നും വ്യത്യസ്തമായി ഏറ്റവും ഉചിതമായ സമയത്ത് ഉചിതമായ കളിക്കാരെ പ്ളേസ് ചെയ്യിക്കാൻ കഴിഞ്ഞതിന്റെ ഉത്തമ റിസൾട്ട് എന്ന് തന്നെ പറയാം.

സഹലെന്ന ചെറുപ്പക്കാരന്റെ പ്രാധാന്യം എത്രമാത്രമാണെന്നു നമ്മൾക്ക് കാട്ടിത്തരികയായിരുന്നു സെക്കൻഡ് ഹാഫിലെ ഗെയിം പ്ലാൻ. അതുവരെയുണ്ടായിരുന്ന കളിയുടെ മൊത്തം ആലസ്യവും അറബിക്കടലിലേക്കെറിഞ്ഞു ആ പ്ലയെർ നിറഞ്ഞു കളിക്കുകയായിരുന്നു. ഡിഫൻസിലും സ്‌ട്രൈക്കിങ് പൊസിഷനിലും എല്ലാം ഒരേ പോലെ സജീവമായ സഹലിന്റെ സ്കില്ലിനെ ആശ്രയിച്ചിരിക്കും ഇനിയുള്ള കളികളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ച എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങൾ. കഴിഞ്ഞ കളികളിൽ ഉണ്ടായത് പോലെ പാസിങ്ങിൽ സംഭവിച്ച പിഴവുകൾ തീരെ ഇല്ലാതെയും അനാവശ്യമായ ഷോട്ടുകൾക്ക് മുതിരാതെയും സഹൽ കാണിച്ച ജാഗ്രതയെ അഭിനന്ദിക്കേണ്ടതുണ്ട്.

അതേ നിലവാരത്തിൽ കാലിയുടെ ഗെയിമും എടുത്തു പറയേണ്ടതുണ്ട് . ആവശ്യമുള്ളപ്പോൾ ഓവർലാപ് ചെയ്തും ജെറിയടക്കമുള്ള ഡിഫൻസിനെ കൂച്ചു വിലങ്ങിട്ടും കാലി ഈ സീസണിലെ അരങ്ങേറ്റം നന്നാക്കിയിട്ടുണ്ട്. ചില സമയങ്ങളിൽ അല്പം സ്ലോ ആണ് എന്നത് മാത്രമാണ് പോരായ്മയായി കാണാനുള്ളത്.

നഴ്‌സറിയെ മാറ്റി ഡോങ്കലിനെ കൊണ്ട് വന്ന തീരുമാനം സത്യത്തിൽ ഇത്തരമൊരു മാറ്റം ഉണ്ടാക്കും എന്ന് ഒരു പക്ഷെ ജെയിംസ് പോലും നിനച്ചിട്ടുണ്ടാകില്ല. അധികമൊന്നും ക്രോസുകൾ സൈമൻ നൽകിയിട്ടില്ല, പക്ഷെ നൽകിയ രണ്ടും അതിമനോഹരം എന്നല്ലാതെ ഒന്നും പറയാനില്ല. കൃത്യമായ പൊസിഷനിൽ നിൽക്കുന്ന ആർക്കും പോസ്റ്റിലേക്ക് മറിക്കാൻ പറ്റുന്ന കിടിലൻ പാസുകൾ . കയ്യടിച്ചേ മതിയാകൂ

പൊതുവായി പറഞ്ഞാൽ കൈവിട്ട കളിയെ തിരിച്ചു പിടിച്ച ഈ ശ്രമത്തിനു രണ്ടാം പകുതിയിൽ കൂട്ടിയിരുന്ന എല്ലാവരും നിലവാരം പുലർത്തിയിട്ടുണ്ട്.

സ്ളാവിസ നന്നായി ശ്രമിച്ചിട്ടുണ്ട്, ഒരു പെനാൽറ്റി മിസ്സാക്കിയതിനെ അത്രമാത്രം ക്രൂശിക്കേണ്ടതില്ല, പെനാൽറ്റി നഷ്ടപ്പെടുന്നത് ഫുട്ബാളിൽ അത്ര അപൂർവ നിമിഷങ്ങളൊന്നുമല്ല, എന്നാൽ പഅവസാന സെക്കന്ഡിലെ കാലിയുടെ ആ പാസ് പുറത്തേക്കടിച്ചു കളഞ്ഞപ്പോൾ വല്ലാത്ത ഒരു ധൃതി കൂട്ടലിന്റെ ഇമ്പാക്ട് ആയി തോന്നി.

പോപ്ലാറ്റിനിക് അത്ര തിളങ്ങിയ കളിയല്ല ഇന്നത്തേത്, പലപ്പോഴും കാലിൽ പന്ത് കിട്ടുമ്പോഴേക്കും സ്വാഭാവികമായും ചലഞ്ചിൽ അദ്ദേഹം വീണു പോകുന്ന കാഴ്ച പരമാവധി കുറക്കേണ്ടതുണ്ട്.

കൂടുതലായും സെറ്റ് പീസുകളിൽ ഗോൾ കണ്ടെത്തുന്ന താരമാണ് വിനീത് . ആ പ്ലെയറിനെ ഡിഫൻസീവ് മിഡ് ഫീൽഡിൽ കളിപ്പിച്ചാൽ ഉണ്ടാകുന്ന എല്ലാ പോരായ്മകളും ഇന്ന് അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തെ പോലെ ഒരു പ്ലെയറെ കൃത്യമായ പൊസിഷനിൽ കളിപ്പിക്കാനാണ് ടീം മാനേജ്‌മെന്റ് മുതിരേണ്ടത്. അല്ലെങ്കിൽ നല്ല ഒരു സൂപ്പർ സബ് ആയി ഇറക്കാനും പറ്റിയ താരമാണ് അദ്ദേഹം, മുഴുവൻ സമയവും കളിപ്പിക്കേണ്ടതില്ല എന്ന് ചുരുക്കം.
നിക്കോള എന്ന ഫോറിൻ പ്ലയെർ ഇന്നത്തെ കളിയിൽ വേണ്ടത്ര നിറഞ്ഞു കളിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. സാധാരണ ഒരു ഇന്ത്യൻ പ്ലെയറുടെ നിലവാരത്തിനപ്പുറത്തുള്ള വലിയ ഇടപെടലൊന്നും അദ്ദേഹം ഗ്രൗണ്ടിൽ ഉണ്ടാക്കുന്നില്ല . ഗോവയുടെ ചാഹുവിന്റെ പൊസിഷൻ ആണ് അദ്ദേഹം കളിക്കുന്നത് എന്നിട്ട് പോലും അത്തരമൊരു ക്രിയേറ്റിവ് ആയ നീക്കം കാണാൻ കഴിഞ്ഞില്ല എന്നത് വ്യക്തിപരമായി തോന്നി.

ഈ എഴുത്തു അവസാനിപ്പിക്കുന്നത് റാകിപ് എന്ന കളിക്കാരനെ കുറിച്ച് പറഞ്ഞിട്ടാകണം എന്ന നിർബന്ധ ബുദ്ധിയുണ്ട്. കഴിഞ്ഞ കളിയിലൊക്കെയും ആ ചെറുപ്പക്കാരൻ കാണിച്ച ഡെഡിക്കേഷനു നമ്മൾ ഒന്നായി എഴുന്നേറ്റ് നിന്നേ മതിയാകൂ. എത്ര നിലവാരത്തോടെയാണ് അദ്ദേഹം ഓവർലാപ്പ് ചെയ്യുന്നതും തിരിച്ചു ഡിഫൻസിലേക്ക് വരുന്നതും. അസാമാന്യ മികവ് തന്നെയാണ്.
അനസ് എന്ന ഇന്ത്യൻ മതിലിനെ സൈഡിലിരുത്തി റാകിബിൽ ജെയിംസ് നൽകിയ വിശ്വാസത്തെ അതേ പോലെ സംതൃപ്തപ്പെടുത്തിയിട്ടുണ്ട് ഈ ചെറുപ്പക്കാരൻ.

ചുരുക്കത്തിൽ കുറെ കൂടി മെച്ചപ്പെട്ട ലൈൻ അപ്പ് തന്നെ ആദ്യ ഇലവനിൽ ഇറക്കി നിലവാരമുള്ള പകരക്കാരെ കൊണ്ട് കളി തിരിച്ചു പിടിച്ച ഇന്നത്തെ ഗെയിമിൽ ജയിംസിന്റെ പങ്കു ചെറുതായി കാണാൻ പറ്റില്ല.

അപ്പോഴും വിങ്ങുകളിൽ നിന്നുള്ള ക്വാളിറ്റി ക്രോസുകളടക്കം ഇനിയും മെച്ചപ്പെടാനുണ്ട്. മറ്റു പലതിനെയും പോലെ അതൊക്കെയും പരിഹരിക്കപ്പെടും എന്ന് നമ്മൾക്ക് വിശ്വസിക്കാം .

Article: Siraj Panangottil

Sunday, October 28, 2018

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ സെക്കൻഡ് ഡിവിഷൻ കളിക്കുന്നില്ല. റിസർവ് ടീമിലെ താരങ്ങളുടെ ഭാവി തുലാസിൽ



കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ സെക്കൻഡ് ഡിവിഷൻ കളിക്കുന്നില്ല.  റിസർവ് ടീമിലെ താരങ്ങളുടെ ഭാവി തുലാസിൽ ആയിരിക്കുകയാണ്.കഴിഞ്ഞ വർഷത്തെ സെക്കൻഡ് ഡിവിഷനിലെ സൗത്ത് സോൺ ചാമ്പ്യന്മാർ ആണ് കേരള ബ്ലാസ്റ്റേഴ്‌സ്.  മലയാളി താരങ്ങൾ ഉൾപ്പടെ ചില താരങ്ങളെ ലോൺ അടിസ്ഥാനത്തിൽ ബാംഗ്ലൂരിൽ ഉള്ള  മറ്റു ക്ലബുകൾക്ക് കൊടുക്കുകയാണെന്നും വാർത്തകൾ കേൾക്കുന്നു. ബാംഗ്ലൂരിൽ നിന്നും സെക്കൻഡ് ഡിവിഷൻ കളിക്കുന്ന ഓസോൺ എഫ് സി യിൽ ആയിരിക്കും എം സ് ജിതിൻ ഉൾപ്പടെയുള്ള ചില താരങ്ങൾ കളിക്കുന്നത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ട് കെട്ടാമെന്ന ആഗ്രഹത്തിൽ ടീമിൽ എത്തിച്ചേർന്ന മലയാളികൾ ഉൾപ്പടെഉള്ള താരങ്ങൾക്കു ബ്ലാസ്റ്റേഴ്സിന്റെ ഈ തീരുമാനം വലിയ വിഷമം ഉണ്ടാക്കും എന്നതിൽ സംശയം ഇല്ല. ഈ സീസണിലെ ലീഗുകൾ എല്ലാം തുടങ്ങിയ സ്ഥിതിക്ക് പുതിയ ക്ലബുകൾ കണ്ടെത്തുക എന്നത് താരങ്ങൾക്കു വലിയ ബുദ്ധിമുട്ടായിരിക്കും. പല താരങ്ങളും വേറെ ക്ലബുകളുടെ ഓഫർ നിരസിച്ചാണ് ബ്ലാസ്റ്റേഴ്സിൽ എത്തിയത്. എത്ര താരങ്ങൾ ആണ് ലോണിൽ പോകുന്നത് എന്ന കാര്യം ഉറപ്പായിട്ടില്ല. ആരാധകരുടെ പ്രതിഷേധം എന്തായാലും ഈ വിഷയത്തിൽ ഉയർന്നുവരാൻ ഇടയുണ്ട്. താരങ്ങളുടെ ഭാവി മുൻനിർത്തി ബ്ലാസ്റ്റേഴ്‌സ് ഈ തീരുമാനത്തിൽ നിന്നു പിന്മാറി സെക്കൻഡ് ഡിവിഷൻ കളിക്കണം എന്നാണ് ആരാധകർക്ക് പറയാൻ ഉള്ളത്

Friday, October 19, 2018

ഗോകുലം കേരള എഫ് സി ജേഴ്സി പ്രകാശനം കോഴിക്കോട് ബീച്ചിൽ




2018-19 ഹീറോ ഐ ലീഗ് സീസണിലെ ഗോകുലം കേരള എഫ് യുടെ ജേഴ്സി പ്രകാശനം കോഴിക്കോട് ബീച്ചിൽ നടക്കുന്ന ഗംഭീരമായ ചടങ്ങിൽ ഒക്ടോബർ 20 ന് ശനിയാഴ്ച വൈകീട്ട് 6 മണിക്ക് നടത്തും . പ്രശസ്ത സംഗീത ബാൻഡ് ഗ്രൂപ്പ് ആയ  തൈക്കുടംബ്രിഡ്ജ്  ചടങ്ങിൽ ഫാൻ ഗാനം അവതരിപ്പിക്കും.

 
ഗോകുലം കേരള എഫ്.സി ടിക്കറ്റ് വിൽപന തുടങ്ങും . സീസൺ ടിക്കറ്റുകളും ആദ്യ മത്സരത്തിന്റെ ടിക്കറ്റുകൾ കരസ്ഥമാക്കാൻ  ആരാധകർക്ക് നാല് അവസരം ലഭിക്കും.



 ഫാൻസിന് പേ ടി എം  ആപ്ലിക്കേഷനും വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ ലഭിക്കും. കൂടാതെ, സംസ്ഥാനത്തെ ഗോകുലം ഓഫീസുകളിൽ ടിക്കറ്റ് ലഭ്യമാകും. മത്സര ദിവസങ്ങളിൽ ടിക്കറ്റുകൾ സ്റ്റേഡിയത്തിൽ വിൽക്കും.

ടിക്കറ്റിന്റെ നിരക്കുകൾ ;

മത്സരദിന ടിക്കറ്റുകൾ

1. ഈസ്റ്റ് സ്റ്റാൻഡ് ഗാലറി - 50 രൂപ

2.സൗത്ത് സ്റ്റാന്റ് ഗാലറി - 50 രൂപ

3.പടിഞ്ഞാറ് സ്റ്റാന്റ് ഗ്യാലറി - 75 രൂപ

4.നോർത്ത് സ്റ്റാൻഡ് ഗാലറി - 50 രൂപ

5. വിഐപി, വിവിഐപി - 150 രൂപ

 


സീസൺ ടിക്കറ്റുകൾ


1. കിഴക്കൻ സ്റ്റാൻഡ്, തെക്ക് സ്റ്റാന്റ്, നോർത്ത് സ്റ്റാന്റ് - 300 രൂപ

2.പടിഞ്ഞാറ് സ്റ്റാൻഡ് ഗാലറി - 500 രൂപ

3.വിഐപിഐ, വി.വി.ഐ.പി സ്റ്റാൻഡ് - 700 രൂപ

ഒക്‌ടോബർ 27ന്  മോഹൻ ബഗാനുമായാണ് ഗോകുലം കേരളയുടെ ആദ്യ മത്സരം .

ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കാൻ 'കിക്കോഫു'മായി സംസ്ഥാന സർക്കാർ




കേരളത്തിൽ നിന്നും മികച്ച ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 'കിക്കോഫ്' പദ്ധതിയുമായി സംസ്ഥാന കായിക വകുപ്പ്. ഇന്ത്യയിലെ തന്നെ ആദ്യമായാണ് സർക്കാർ തലത്തിൽ ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നത്. കിക്കോഫ് പദ്ധതിക്ക് നവംബർ മാസത്തിൽ തുടക്കം കുറിക്കും. പദ്ധതിയുടെ ഭാഗമായി ഓരോ അസംബ്ലി മണ്ഡലങ്ങളിലും ഒരു ഫുട്ബോൾ നഴ്സറി എന്ന നിലയിൽ നടപ്പാക്കാനാണ് തീരുമാനം. ആദ്യഘട്ടം എന്ന നിലയിൽ പത്തിനഞ്ചു  വിദ്യാലയങ്ങൾ തിരഞ്ഞെടുത്താകും  പദ്ധതി നടപ്പാക്കുക. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെയാകും പദ്ധതിയിൽ ഉൾപ്പെടുത്തുക. അവസാന ഘട്ടത്തിൽ 25 കുട്ടികളെ തിരഞ്ഞെടുത്താകും കിക്കോഫ് പദ്ധതി മുന്നോട്ട് പോകുന്നത്. പരിശീലനം, കിറ്റ് എന്നിവ സർക്കാർ കുട്ടികൾക്ക് സൗജന്യമായി നൽകും. പുതിയ കരിക്കുലം അനുസരിച്ചായിരിക്കും പരിശീലനം.

കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത; കെ എഫ് എ ടൂർണമെന്റുകളെല്ലാം ലൈവായി കാണാം




കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ഒരു സന്തോഷവാർത്തയുമായി കേരള ഫുട്ബോൾ അസോസിയേഷൻ. കേരള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന എല്ലാ മത്സരങ്ങളും ഇനി മുതൽ ലൈവായി കാണാം. ഓൺലൈൻ സ്ട്രീം പ്ലാറ്റ്ഫോമായ മൈകൂജോ ഡോട്ട് കോം വഴിയാകും മത്സരങ്ങൾ ഫുട്ബോൾ പ്രേമികൾക്ക് മുന്നിലേക്ക് എത്തുക. ഇതേ സംബന്ധിച്ച് കേരള ഫുട്ബോൾ അസോസിയേഷനും മൈകൂജോ ഡോട്ട് കോമും ധാരണയായി.

ഏഷ്യയിലെ ഒട്ടേറെ ടൂർണമെന്റുകൾ മൈകൂജോ ഡോട്ട് കോം തത്സമയം സംപ്രേഷണം ചെയ്യാറുണ്ട്. എ എഫ് സി കപ്പ്, സാഫ് കപ്പ് ജൂനിയർ വിഭാഗം മത്സരങ്ങൾ എന്നിവ കഴിഞ്ഞ വർഷങ്ങളിൽ പ്രേക്ഷകരിലേക്ക് എത്തിച്ചത് മൈകൂജോ ഡോട്ട് കോം ആയിരുന്നു. കെ എഫ് എ അണ്ടർ 12 അക്കാദമി ലീഗ് സംപ്രേഷണം നടത്തിയാകും മൈകൂജോ ഡോട്ട് കോം കേരളത്തിലെ ഫുട്ബോൾ മത്സരങ്ങളുടെ സംപ്രേഷണത്തിന് തുടക്കം കുറിക്കുക

നവംബർ ഒന്നിന് ആരംഭിക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പും കേരള പ്രീമിയർ ലീഗും എല്ലാം ഇനി കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് തത്സമയം ആസ്വദിക്കാം.

Wednesday, October 17, 2018

ഇടവേളയ്ക്ക് ശേഷം ഡൽഹിയിലെ സിംഹങ്ങളും കൊൽക്കത്തൻ കടുവകളും നേർക്ക് നേർ


രാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും.
 അഞ്ചാം സീസണിലെ ആദ്യവിജയം തേടി ഡൽഹി ഡൈനാമോസും എ.ടി.കെയും നേർക്കുനേർ വരുംമ്പോൾ അത്യന്തം ആവേശോജ്വലമായ പോരാട്ടംതന്നെ പ്രതീക്ഷിക്കാം. ആതിഥേയരായ ഡൽഹി ഡൈനാമോസ് ആദ്യ മൽസരത്തിൽ പൂനെ സിറ്റി എഫ് സിയെ സമനിലയിൽ തളച്ചിരുന്നു. മധ്യനിരതാരം ബിക്രംജിത് സിങ്ങിന്റെ പരിക്ക് ഡൽഹിക്ക് ഒരു തിരിച്ചടിയാണ് എങ്കിലും നീണ്ട രണ്ട് ആഴ്ചത്തെ വിശ്രമത്തിന്ശേഷമാണ് ഡൽഹി കളത്തിൽ ഇറങ്ങാൻ പോകുന്നത്  എന്നത് ഡൽഹിക്ക് മുൻതൂക്കം നൽകും.

സ്റ്റീവ് കോപ്പലിന്റെ ശിഷ്യണത്തിൽ വമ്പൻ താരനിരയുമായിറങ്ങിയ കൊൽക്കത്തക്ക് ആദ്യ രണ്ട് കളിയിലും ഞെട്ടിക്കുന്ന തോൽവി ആയിരുന്നു ഫലം. ആന്ദ്രേ ബെക്കെ, അർണബ് മൊണ്ടേൽ, പ്രബിർ ദാസ് തുടങ്ങിയ പ്രധാന താരങ്ങളുടെ പരിക്ക് എ.ടി.കെക്ക് വലിയ തിരിച്ചടിയാണ് എങ്കിലും ഏത് ടീമിനെയും തളയ്ക്കാൻപോന്ന ആയുധങ്ങൾ കോപ്പലിന്റെ ആവനാഴിയിൽ ഇനിയും ഉണ്ട്.

ഇന്ത്യൻ സമയം വൈകിട്ട് 07:30ന് ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം..
സൗത്ത് സോക്കേഴ്‌സ്

ബ്ലാസ്റ്റേഴ്‌സ് - ലുലു ബന്ധത്തിന് സാദ്ധ്യതകൾ ഏറുന്നുവോ ???

ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങുന്നതിന് തൊട്ടുമുൻപ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശത്തിൽ നിന്ന്  ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ പിന്മാറിയതിനെ തുടർന്ന് ടീമിന്റെ പൂർണ ഉടമസ്ഥാവകാശം മലയാളി വ്യവസായ പ്രമുഖൻ എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് വാങ്ങുമെന്നും ഇല്ലെന്നും പലതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഐ എസ് എൽ അഞ്ചാം സീസണ് തിരശ്ശീല ഉയർന്നതോടെ ഇത്തരം വാർത്തകളെല്ലാം അപ്രസക്തമാവുകയായിരുന്നു. എന്നാൽ ലുലു ഗ്രൂപ്പും കേരള ബ്ലാസ്റ്റേഴ്സിനെയും ചേർത്തുള്ള വാർത്തകളെ ദൃഢപെടുത്തുന്ന രീതിയിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ചിൽ വി.വി.ഐ.പി ഗാലറിയിൽ നിമംഗഢ പ്രസാദിനും മോഹലാലിനുമൊപ്പം തൊട്ടടുത്ത സീറ്റിലിരുന്ന് ബ്ലാസ്റ്റേഴ്‌സിന്റെ കളി ആസ്വദിക്കുന്ന എം എ യൂസഫലിയുടെ മരുമകനും ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ചെയർമാനും വ്യവസായ പ്രമുഖനുമായ അദീപ് ലുലുവിന്റെ ചിത്രമാണ് ഇപ്പോൾ വീണ്ടും ലുലു ഗ്രൂപ്പിന്റെ ബ്ലാസ്റ്റേഴ്‌സിലുള്ള പങ്കാളിത്തത്തെ സംബന്ധിച്ച ചർച്ചകളെ സജീവമാകുന്നത്..

കെ എഫ് എ അക്കാദമി അണ്ടർ 12 ലീഗിന് നാളെ തുടക്കം


കെ എഫ് എ അക്കാദമി ലീഗ് അണ്ടർ 12 വിഭാഗം മത്സരങ്ങൾക്ക് നാളെ കാസർഗോഡ് നടക്കാവ് സ്റ്റേഡിയത്തിൽ തുടക്കമാകും. മൂന്ന് പൂളുകളായി തിരിഞ്ഞാണ് മത്സരങ്ങൾ. പൂൾ എയിൽ ടാലന്റ് എഫ് എ, ഡയനാമോസ് എഫ് എ, അഴീകോടൻ എഫ് എ, സെവൻ സ്പോർട്സ് എഫ് എ, വി പി സത്യൻ എസ് എസ് എന്നീ ടീമുകളും. പൂൾ ബിയിൽ എസ്എംആർസി എഫ് എ, ഓറഞ്ച് എഫ് എസ്, മീനങ്ങാടി എഫ് എ, എഫ് എഫ് അക്കാദമി, ഇകെ നായനാർ എഫ് എ എന്നീ ടീമുകളും പൂൾ സിയിൽ യുഎസ് അക്കാദമി, പറപ്പൂർ എഫ് എ, തെരട്ടമ്മൽ എസ്എ, സെവൻ ആരോസ്, മികാസ എഫ് എ എന്നീ ടീമുകളും മാറ്റുരയ്ക്കും

ഒക്ടോബർ 21 മുതൽ ഫൈനൽ റൗണ്ട് പോരാട്ടങ്ങൾക്ക് തുടങ്ങും. ഒരോ പൂളിലെയും ജേതാക്കൾ തമ്മിൽ ഫൈനൽ റൗണ്ടിൽ മത്സരിക്കും

Tuesday, October 16, 2018

ട്വിസ്റ്റുകൾക്കൊടുവിൽ ട്വിറ്റർ അക്കൗണ്ട് തിരിച്ചു പിടിച്ച് ഗോകുലം കേരള എഫ് സി

ണ്ടു ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഗോകുലം കേരള എഫ് സി യുടെ ഒഫീഷ്യൽ ട്വിറ്റർ പേജ്  പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചു വന്നു. ഗോകുലം കേരള എഫ് സിയുടെ ട്വിറ്റർ അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നാലെ നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ഇതോടെ അതിനെല്ലാം വിരാമം ആയിരിക്കുകയാണ്..
ട്വിറ്റർ പേജ് അപ്രത്യക്ഷമായതിന്റെ യഥാർത്ഥ കാരണം ഇതു വരെ വ്യക്തമായിട്ടില്ല എങ്കിലും തങ്ങളുടെ ഒഫീഷ്യൽ പേജ് തിരിച്ചു വന്നതിന്റെ ആശ്വാസത്തിലാണ് ഗോകുലം കേരള ആരാധകർ.
സൗത്ത് സോക്കേഴ്‌സ്....

Monday, October 15, 2018

കുട്ടികടുവകളിലെ മാന്ത്രികന് പിറന്നാൾ ആശംസകൾ....


ഖത്തർ ദേശീയ ടീമിനെതിരെ ഉള്ള സൗഹൃദ മത്സരത്തിൽ ആണ് ആദ്യമായി കണ്ടത്. ശക്തരായ ഖത്തറികൾക്കെതിരെ മധ്യനിരയിൽ നിന്നും ചാട്ടുളി പോലെ മുൻനിരയിലേക്ക് കയറിപ്പോകുന്ന ഒരു പയ്യൻ.. അസാമാന്യ മെയ്‌വഴക്കവും പന്തടക്കവും. പിന്നീട് അൽ സദ്ദ്, ലഖ്‌വിയ ക്ലബ്ബുകൾക്കെതിരെ കളിക്കുമ്പോളും ആ പയ്യന്റെ കേളീ മികവ് ശ്രദ്ധിച്ചു.. ഡ്രിബിളിംഗിൽ അസാധ്യപാടവമുള്ള അവന്റെ ഷോട്ടുകൾ വെടിയുണ്ടകളേപ്പോലെ എതിരാളികളുടെ പ്രതിരോധത്തെ തകർത്തു...അന്ന് തങ്ങളേക്കാൾ പ്രായക്കൂടുതലും ശാരീരിക മികവുമുള്ള അറബ് ആഫ്രിക്കൻ വംശജർ അണിനിരന്ന ലഖ്‌വിയക്കെതിരെ  അവസാന സൗഹൃദമത്സരത്തിൽ ഇന്ത്യൻ കൗമാര നിര അടിച്ചു കൂട്ടിയ അഞ്ചു ഗോളുകളിൽ മൂന്നു വെടിയുണ്ടകൾ അവന്റെ ബൂത്തുകളിൽ നിന്നുതിർത്തതായിരുന്നു...ത്രോ ലൈനിനരികിലൂടെ മൂന്നു കളിക്കാരെ വെട്ടിച്ചു പാഞ്ഞു കൊണ്ട് പോസ്റ്റിൽ ജാഗരൂകനായി നിന്ന ഗോളിയെയും കബളിപ്പിച്ചു കൊണ്ട് ഗോൾ നേടിയ അവന് ഞങ്ങൾ പ്രവാസികൾ നൽകിയ പേരാണ് RR7..രവി ബഹദൂർ റാണ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട RR7...
 പിന്നീട് എന്റെ പ്രിയപ്പെട്ട നീലക്കടുവകളുടെ  പല പല മത്സരങ്ങൾ ഫേസ്ബുക് ലൈവിലൂടെ കാണുമ്പോഴും ആ ഏഴാം നമ്പറുകാരന്റെ കളി ഹൃദയം കീഴടക്കി..ഇപ്പോൾ അവസാനം നടന്ന എ എഫ് സി കപ്പിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച രവി താൻ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഭാവി വാഗ്ദാനം തന്നെയാണ് തെളിയിച്ചു കൊണ്ടേയിരിക്കുന്നു.. രവിയിൽ നിന്നും ഇനിയും നിരവധി മികച്ച പ്രകടങ്ങൾ നീലക്കടുവകൾക്കായ് പുറത്തെടുക്കുവാനുണ്ട്.. അതിനുള്ള അനുഗ്രഹം സർവ്വേശ്വരൻ നൽകട്ടെ...

ഞങ്ങളുടെ പ്രിയപ്പെട്ട RR7 രവി റാണക്ക് ഒരായിരം ജന്മദിനാശംസകൾ...

ഐ ലീഗ് പോരാട്ടങ്ങൾക്ക് തുടക്കമാകുന്നു..


ലീഗ് പോരാട്ടങ്ങൾക്ക് തുടക്കമാകുന്നു.. ഒക്ടോബർ ഇരുപത്തിആറിന് ചെന്നൈ സിറ്റി എഫ് സിയും  ഇന്ത്യൻ ആരോസും തമ്മിലുള്ള മത്സരത്തോടെയാണ് ഐ ലീഗ് സീസൺ ആരംഭിക്കുന്നത്..അടുത്ത ദിവസങ്ങളിലായി നെരൊക്ക ഈസ്റ്റ്‌ ബംഗാളുമായും ഗോകുലം മോഹൻബഗാനുമായും ഏറ്റുമുട്ടും. ഷില്ലോങ് ലജോങ്ങും ഐസ്വാളും തമ്മിലുള്ള നോർത്ത് ഈസ്റ്റ്‌ ഡെർബി ഇരുപത്തിഎട്ടിനാണ്.നിലവിലെ ചാമ്പ്യൻസ് മിനർവക്ക് ആദ്യ എതിരാളികൾ കഴിഞ്ഞ സീസണിൽ റെലഗേഷൻ നേരിട്ടിട്ടും ലീഗിലേക്ക് തിരിച്ചെത്തിയ ചർച്ചിൽ ബ്രദേർസ് ആണ്..മികച്ച ടീമിനെ തന്നെ രംഗത്തിറക്കി തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ഓരോ ടീമും ശ്രമിക്കുമ്പോൾ ലീഗ് കൂടുതൽ ആവേശകരമാവുമെന്നതിൽ സംശയമില്ല.. കേരളത്തിന്റെ ഐ ലീഗ് പ്രതീക്ഷയായ ഗോകുലത്തിന്റെ എല്ലാ ഹോം മാച്ചുകളും കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വൈകുന്നേരം അഞ്ചുമണിക്കാണ്. ഫ്‌ളവേഴ്‌സ് ചാനലിൽ മലയാളം കമന്ററിയോട് കൂടെ ലൈവ് ഉണ്ടായിരിക്കും എന്ന് ഗോകുലം മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്..

Labels

Followers