Monday, October 15, 2018

ഷബാസിനും പരീക്ഷ എഴുതണം...


ന്ത്യൻ u16 ടീമിന്റെ വന്മതിൽ, മലയാളികളുടെ അഭിമാനതാരം ശബാസ് അഹമ്മദ് നാട്ടുകാരുടെയും കൂട്ടുകാരുടെയും പ്രശംസയും ആശംസകളും സ്വീകരിച്ചു കൊണ്ട് വളരെയേറെ സന്തോഷത്തിലാണ്.. ശബാസ് ഇന്ത്യൻ ജേഴ്സിയിൽ കളിക്കുന്നത് ലൈവിലൂടെയെങ്കിലും  കാണണം എന്ന പിതാവ് ബഷീർക്കയുടെ ആഗ്രഹം ഖത്തറിൽ നിന്നും ലൈവ് കൊടുത്തതിലൂടെ  നിറവേറ്റാൻ സാധിച്ചതു മുതൽ  സൗത്ത് സോക്കേഴ്സും ബഷീർ ഇക്കയും വളരെ ഊഷ്മളമായ ബന്ധം ആണുള്ളത്...അന്നുമുതൽ ഉള്ള സൗഹൃദത്തിന്റെ പുറത്തു ബഷീർക്ക പങ്കുവെച്ച ഒരു ആശങ്കയാണ് ഷാനുവിന്റെ വിദ്യാഭ്യാസം. ഇന്ത്യൻ ടീമിന് വേണ്ടി സ്പെയിനിൽ പര്യടനം നടത്തുമ്പോളായിരുന്നു നാട്ടിൽ എസ് എസ് എൽ സി പരീക്ഷ നടന്നത്...ടീമിന്റെ തിരക്കിട്ട ഷെഡ്യൂളുകൾ കാരണം പരീക്ഷ എഴുതാൻ സാധിക്കാതിരുന്ന ശബാസിനെ ഇത്തവണ എങ്ങിനെയെങ്കിലും പരീക്ഷ എഴുതിക്കാൻ സാധിക്കുമോ എന്ന് നോക്കുകയാണ് എന്നാണ് സൗത്ത് സോക്കേഴ്സ് പ്രതിനിധികളോട് ബഷീർക്ക പറഞ്ഞത്..രാജ്യത്തിനു വേണ്ടി കളിക്കാൻ പോയതുകൊണ്ട് നഷ്ടമായ അവസരം സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷയായി എഴുതാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് ഷാനുവിന്റെ കുടുംബം..പ്രത്യേകിച്ച് ജനുവരിയിൽ ഇന്ത്യൻ ക്യാമ്പ് വീണ്ടും ആരംഭിക്കുന്ന ഘട്ടത്തിൽ മാർച്ചിൽ പരീക്ഷക്ക് എത്താനാകുമോ എന്ന് സംശയമാണ്.. അതിനാലാണ് അവിടെ ഒരു സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ ആവശ്യമായി വരുന്നത്.. വിദ്യാഭ്യാസ വകുപ്പിന്  ജനപ്രതിനിധികൾ മുഖേന അപേക്ഷയും നൽകിയിട്ടുണ്ട്.. വിദ്യാഭ്യാസ വകുപ്പ് മനസ്സ് വെച്ചാൽ നമ്മുടെ അഭിമാനതാരത്തിന് ഇത്തവണത്തെ പരീക്ഷ നേരത്തെ  എഴുതാൻ സാധിക്കും..ഇന്ത്യൻ ക്യാമ്പിന് തടസ്സങ്ങൾ നേരിടുകയുമില്ല..മറ്റു സംസ്ഥാനങ്ങളിൽ ഇങ്ങനെ സൗകര്യം ഉണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്..നമ്മുടെ  സർക്കാർ ഉദ്യാഗസ്ഥ തലങ്ങളിൽ നിന്നും അനുകൂലമായ നടപടി ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ..
ഇന്ത്യൻ ഫുട്ബോൾ ലോകത്തെ ഞങ്ങളുടെ രാജകുമാരന്,നമ്മുടെ നാടിന്റെ അഭിമാനതാരത്തിന്   പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പിനോടും മറ്റു സർക്കാർ സംവിധാനങ്ങളോടും കടുത്ത ഫുട്ബോൾ പ്രേമികൾ എന്ന നിലയിൽ സൗത്ത് സോക്കേഴ്സ് കൂട്ടായ്മ അഭ്യർത്ഥിക്കുന്നു...

Saturday, October 13, 2018

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരത്ത്


അമ്പത്തി അഞ്ചാമത് സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരത്ത് നടക്കും. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന ടൂർണമെന്റ്  നവംബർ ഒന്നിനാണ് ആരംഭിച്ചിരിക്കുന്നത്. കേരളത്തിലെ മുഴുവൻ ജില്ലാ ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കും

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ  തൃശ്ശൂർ ഇടുക്കിയെ നേരിടും.  6,7 തിയ്യതികളിൽ സെമി ഫൈനൽ മത്സരങ്ങൾ നടക്കും. നവംബർ  എട്ടിന് വൈകിട്ട് 3.30 ന് ഫൈനൽ.

ഗോകുലത്തിന്റെ ട്വീറ്റ് ബ്ലാസ്റ്റേഴ്സിനുള്ള "കൊട്ടോ"


ഐ ലീഗ് സീസൺ തുടങ്ങുന്നതിനു മുന്നോടിയായി ഗോകുലം കേരള എഫ് സി തങ്ങളുടെ ആരാധകരുടെ ആവശ്യങ്ങൾ നിറവേറ്റിയതായി ട്വീറ്റ് ചെയ്തിരുന്നു.


അതിലെ ഹാഷ് ടാഗുകളാണ് സോഷ്യൽ മീഡിയയിലെ പുതിയ വിവാദങ്ങൾക്ക് വഴി തെളിയിച്ചിരിക്കുന്നത്. സ്റ്റേഡിയം പെയിന്റ് ചെയ്തതും മത്സരസമയം മാറ്റിയതും ജേഴ്സി കളർ മാറ്റിയതും ലൈവ് ടെലികാസ്റ്റിംഗ് മലയാളത്തിൽ ഉറപ്പ് വരുത്തിയതിന്റെയും കാര്യങ്ങളാണ് ട്വീറ്ററിൽ കുറിച്ചതെങ്കിലും അതിലെ ഹാഷ് ടാഗുകൾ 'ചിലയിടത്തൊക്കെ' കൊള്ളുന്നില്ലെ എന്നൊരു സംശയം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.. 'ബ്രാൻഡ് അംബാസിഡർ ഗിമ്മിക്കുകൾ ഇല്ല', 'കേരളത്തിലെ യഥാർത്ഥ ഫുട്ബോൾ ആരാധകർക്ക് വേണ്ടി ' എന്നെല്ലാം ഹാഷ് ടാഗുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ബ്രാൻഡ് അംബാസിഡർ മോഹൻലാലിനെയും ബ്ലാസ്റ്റേഴ്‌സ് ആരാധകരെയും ഒന്ന് കൊച്ചാക്കാൻ വേണ്ടിയല്ലേ ഇത് എന്നാണ് പല ട്രോൾ - ഫാൻസ്‌  ഗ്രൂപ്പുകളിലും   നടക്കുന്ന ചർച്ചകളിലെ ചോദ്യം. എന്തായാലും ഇതിനെ കുറിച്ച് ഇരു ടീമുകളുടെയും അധികൃതർ ഒന്നും പറഞ്ഞിട്ടില്ല.

Friday, October 12, 2018

അരയും തലയും മുറുക്കി ഗോകുലം...


ആരാധകക്ക് പൂർണ്ണ പിന്തുണയുമായി, അവരുടെ ഓരോ ആവശ്യങ്ങളും നിറവേറ്റി ആരാധകസൗഹൃദ ക്ലബ്‌ ആയി ഗോകുലം കേരള എഫ് സി...ഈ വർഷത്തെ   ഐ ലീഗിന് മുന്നോടിയായി ആരാധകരായ ബറ്റാലിയ ആവശ്യപ്പെട്ടത് പരമാവധി പൂർത്തിയാക്കാൻ ശ്രമിക്കുകയാണ് ഗോകുലം എഫ് സി മാനേജ്മെന്റും  മുഖ്യ പരിശീലകൻ ബിനോ ജോർജും.ഹോം മത്സരങ്ങൾ അഞ്ചു മണിയിലേക്ക് മാറ്റി.. സ്റ്റേഡിയം പെയിന്റ് ചെയ്യുന്നു.. ജേഴ്സി കളർ മാറ്റി.. ഫ്‌ളവേഴ്‌സ് ചാനലിൽ തത്സമയ സംപ്രേക്ഷണം.. അന്റോണിയോ ജർമൻ പോലെ മികച്ച വിദേശ താരങ്ങൾ.. കൂടെ അർജുൻ ജയരാജിനെ പോലെയുള്ള "മ്മടെ ചെക്കന്മാരും".. എന്തായാലും ഗോകുലം ഫാൻസ്‌ ഗ്രൂപ്പ്‌ ആയ ബറ്റാലിയ ഹാപ്പിയാണ്.. ഇനി ബോൾ അവരുടെ കാലിലാണ്.. പരമാവധി ആരാധകരെ സംഘടിപ്പിച്ച് സ്വന്തം തട്ടകത്തെ കൂടുതൽ ആകർഷകമായ രീതിയിൽ ടീമിനെ സപ്പോർട്ട് ചെയ്യാനാണ് ബറ്റാലിയയുടെ തീരുമാനം.. മാനേജ്മെന്റിന്റെ സപ്പോർട്ടോടു കൂടി ഇത്തവണ മികച്ച ഗാലറി സപ്പോർട്ട് ഒരുക്കാനാണ് ബറ്റാലിയയുടെ തീരുമാനം..ഇതിനെ തുടർന്ന് ഒക്ടോബർ പതിനാലിന് മലപ്പുറം കോട്ടക്കുന്നിൽ ഒത്തു ചേരാൻ ബറ്റാലിയ തങ്ങളുടെ അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്..അതു പോലെ പ്രശസ്ത ബാൻഡായ തൈക്കൂടം ബ്രിഡ്ജിനേയും അണിനിരത്തി ഇരുപത്തി ഒന്നാം തീയതി കോഴിക്കോട് വെച്ച് നടക്കുന്ന ജേഴ്സി ലോഞ്ചിങ് വർണാഭമാക്കാൻ മാനേജ്മെന്റും ബറ്റാലിയയും തയ്യാറെടുക്കുന്നുണ്ട്..  അതേസമയം ഒരേ സമയം 'ജയന്റ് കില്ലേഴ്സും' അതെ സമയം 'ഫാൻസിന്റെ സ്വന്തം ക്ലബും' ആയി മാറുകയാണ് മലബാറിയൻസ്....

Wednesday, October 10, 2018

കേമന്മാരിൽ കേമൻ സുനിൽ ഛേത്രി തന്നെ..


പണ്ട് സെവൻസ് കളിക്കാൻ വന്ന ആ ചെള്ള് ചെക്കനല്ല ഇന്നത്തെ സുനിൽ ഛേത്രി... ഇന്ത്യൻ ഫുട്ബോളിൽ എന്നല്ല ലോക ഫുട്ബോളിൽ തന്നെ തന്റെ  കഴിവിന്റെ  അടയാളം കൊത്തി വെച്ച, ഇന്ത്യയുടെ എക്കാലത്തെയും മികച്ച  ഫുട്ബോൾ ഇതിഹാസമാണ് ഛേത്രി.
ഏതൊരു ഇന്ത്യൻ ഫുട്ബോൾ പ്രേമിയുടെയും സ്വകാര്യ അഹങ്കാരം.  ഇന്ത്യൻ സൂപ്പർ ലീഗ്  അഞ്ചാം സീസണിലെ ആദ്യ രണ്ട് മത്സര കണക്ക് നോക്കുമ്പോൾ ആദ്യ മത്സരത്തിൽ ഛേത്രി പ്രതീക്ഷക്കൊത്ത്‌ ഉയർന്നില്ലെങ്കിലും രണ്ടാം മത്സരത്തിൽ   ജംഷഡ്പൂരുമായുള്ള ഛേത്രിയുടെ പ്രകടനം മാത്രം നോക്കിയാൽ നമുക്ക് മനസ്സിലാകും ഛേത്രി എന്ന പ്രതിഭ എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാൻ. ഇന്ത്യൻ സൂപ്പർ ലീഗിലെ ഓരു വിദേശ താരം പോലും ഛെത്രിയെ പോലെ പ്രതിഭക്കൊത്ത പ്രകടനം കാഴ്ച വെച്ചിട്ടില്ല എന്ന് തന്നെ പറയാം.വേഗതയും കൃത്യതയും ഒരുപോലെ സമന്വയിച്ച ഇത്പോലെ ഒരു കളിക്കാരൻ ഇന്ത്യൻ ഫുട്ബോൾ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. അമേരിക്കൻ ലീഗ് ആയ മേജർ ലീഗ് സോക്കറിൽ വരെ പന്ത് തട്ടിയ ഈ ഇതിഹാസം നീലക്കടുവകളുടെ ജേഴ്‌സി അണിഞ്ഞത് നൂറിലേറെ തവണയാണ്.. അറുപത്തഞ്ചോളം ഗോളുകളും ഇന്ത്യൻ ദേശീയ ടീമിനായി ഛേത്രി നേടിക്കഴിഞ്ഞു. പതിമൂന്ന് കൊല്ലമായി നീലക്കടുവകളുടെ ആക്രമണത്തിന്റെ കുന്തമുനയായ ഛേത്രി നൂറ്റിഎഴുപതോളം മത്സരങ്ങൾ വിവിധ ക്ലബുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. അതിൽ തന്നെ നൂറിൽപരം ഗോളുകളും നേടിയിട്ടുണ്ട്.
  ഇന്ത്യയുടെ ഏഷ്യ കപ്പ് മത്സരത്തിലെ പ്രതീക്ഷയും മുഖ്യ താരവും എതിർ ടീമുകളുടെ വെല്ലു വിളിയും ഈ തളരാത്ത പോരാളി തന്നെ.. രാജ്യം അർജ്ജുന അവാർഡ് നൽകി ആദരിച്ചിട്ടുള്ള ഈ കുറിയ മനുഷ്യനിൽ തന്നെയാണ്‌ ഞങ്ങളുടെ പ്രതീക്ഷകൾ അതെ ഞങ്ങളുടെ  സ്വന്തം ഛേത്രി.നീലക്കടുവകളുടെ നായകൻ.

Tuesday, October 9, 2018

ബ്ലാസ്റ്റേഴ്‌സിന്റെ നെടും തൂണായി കിംഗ് ഡിജെ


ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിൽ   കേരള ബ്ലാസ്റ്റേഴ്സിനു കരുത്തു പകർന്ന് ആരാധകരുടെ ഡിജെ എന്ന ഡേവിഡ് ജെയിംസ്.

         ഡേവിഡ് ജയിംസ് എന്ന അതുല്യ പ്രതിഭ ദേശിയ ടീമിലും  പ്രീമിയർ ലീഗ് ടീമുകൾക്കും വേണ്ടിയുള്ള മത്സരങ്ങളിലും  നേടിയെടുത്ത പരിചയ സമ്പത്തുമായാണ് ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള എൻട്രി.ആദ്യ സീസണുകളിൽ കൊമ്പന്മാരുടെ കാവൽക്കാരൻ ആയി തിളങ്ങിയെങ്കിൽ ഈ അഞ്ചാം സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ തലപ്പത്ത്‌ തന്ത്രങ്ങൾ പറഞ്ഞു കൊടുത്തു കൂൾ കോച്ച് ആയി ആരാധകരുടെ മനസ്സ് പിടിച്ചെടുത്തിരിക്കയാണ്.

അഞ്ചാം സീസണിൽ എത്തി നിൽക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ടീം  നല്ല ഒത്തിണക്കമുള്ള ടീം ആയി മാറിയത് ഡിജെ എന്ന ആളുടെ അനുഭവ സമ്പത്ത്‌ തന്നെ എന്ന് അടിവര ഇടുന്നതാണ് ഇത് വരെ ഉള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രകടനം. ഡിജെയുടെ അർപ്പണ ബോധവും
പരിചയ സമ്പത്തും  ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിനെ ഈ വർഷത്തെ കിരീട അവകാശികൾ ആകാൻ കൂടുതൽ സാധ്യത കൽപ്പിക്കുന്നു.

Monday, October 8, 2018

റിയാദിലെ ഫുട്ബോൾ മൈതാനങ്ങളോട് യാത്ര പറഞ്ഞു ബഷീർ.


വിശ്വസിക്കാൻ ഇപ്പോഴും പ്രയാസപ്പെടുന്ന ഒരു വലിയ ദുഃഖ വാർത്തയുമായാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. നമ്മുടെയൊക്കെ പ്രിയ സുഹൃത്തും വര്ഷങ്ങളായി റിയാദിൽ ഫുട്ബോൾ കളിച്ചും കളിപ്പിച്ചും നമ്മോടൊപ്പം ഉണ്ടായിരുന്നതുമായ പാലക്കാട് തൃത്താല സ്വദേശി ബഷീർ ഇന്നലെ രാത്രി ദമ്മാമിനടുത്ത് അബ്‌ഖൈക്കിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ടിരിക്കുന്നു. ഊണിലും ഉറക്കത്തിലും ഫുട്ബോൾ നെഞ്ചേറ്റി നടന്നിരുന്ന ബഷീർ നല്ലൊരു വിങ് ബാക്കും അതോടൊപ്പം മികച്ച ഒരു സംഘാടകനും ആയിരുന്നു. ഇപ്പോഴും കളിയുണ്ടെന്നു പറഞ്ഞാൽ ഷർട്ട് മാറ്റി ഗ്രൗണ്ടിൽ ഇറങ്ങുന്ന ബഷീർ ഇന്നലെയും കളിക്കാനെത്തുമെന്ന് സുഹൃത്തുക്കളെ അറിയിച്ചിരുന്നു.
ദമ്മാം റിയാദ് ഹൈവേയിൽ റിയാദിലേക്ക് വരുന്ന വഴി എതിരെ വന്ന ട്രൈലെർ ട്രക്ക് നിയന്ത്രണം വിട്ടു ബഷീർ ഓടിച്ചിരുന്ന വണ്ടിയുടെ മുകളിലേക്ക് മറിഞ്ഞാണത്രെ അപകടം. വണ്ടിയിലുണ്ടായിരുന്ന മറ്റു രണ്ടു യാത്രക്കാരും മരണപ്പെട്ടതായാണ് പ്രാഥമിക വിവരം. മൃതദേഹം അബ്‌ഖൈഖ് ജനറൽ ആശുപത്രി മോർച്ചറിയിലാണുള്ളത്. ബഷീറിന്റെ സഹോദരൻ കഴിഞ്ഞ വര്ഷം റിയാദിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണുണ്ടായ അപകടത്തിൽ മരണപ്പെട്ടിരുന്നു.


റിയാദിലെ പ്രവാസി ഫുട്ബോളിന് ഒരു കനത്ത നഷ്ടമാണ് ബഷീറിന്റെ അകാല മരണം. കളിച്ചും ചിരിച്ചും കലഹിച്ചും കഴിഞ്ഞ കുറെ വര്ഷങ്ങളായി നമ്മോടൊപ്പം ബഷീർ കളിക്കളങ്ങളിൽ നിറഞ്ഞു നിന്നു. ആദ്യകാല ടൂർണമെന്റുകളിൽ പഴയ കാല പ്രമുഖ ഫുട്ബോളർ സൈദാലി മാഷുടെയും മുജീബ് വാഴക്കാടിന്റെയും എല്ലാം കൂടെ സി ആർ ബി ഫുട്ബോൾ ടീം രൂപീകരിച്ചതോടെ സി ആർ ബി ബഷീർ എന്നും ഓ എം സി ബഷീർ എന്നും എല്ലാം കുറെ കാലം അറിയപ്പെട്ടിരുന്നു ഞങ്ങൾക്കിടയിൽ. മധുരമായി കലഹിക്കുന്ന ബഷീറിന്റെ വാദകോലാഹലങ്ങൾ ഇനി ഗ്രൗണ്ടുകളിൽ കാണില്ല. ഒരു നല്ല സഹൃദയൻ കൂടി ആയിരുന്ന ബഷീർ കുഴപ്പമില്ലാതെ പാടുന്ന ഒരു ഗായകനും ആയിരുന്നു. ബഷീറിന്റെ നല്ല ഓർമ്മകൾ എന്നും റിയാദിലെ ഫുട്ബോളിനെ സ്നേഹിക്കുന്നവരുടെ നല്ല സൗഹൃദം ഇഷ്ടപ്പെടുന്നവരുടെ മനസ്സിൽ നിലനിൽക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഈ വിയോഗം താങ്ങാനുള്ള കരുത്ത് സർവശക്തൻ നൽകട്ടെ. അദ്ദേഹത്തിന് പൊറുത്തുകൊടുത്ത് നമ്മെയെല്ലാവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂട്ടാനുള്ള വിധി ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ..

✍🏽 ശകീബ് കൊളക്കാടൻ ഫേസ്ബുക്കിൽ കുറിച്ചു

പുത്തൻ ജേഴ്സിയിൽ വിജയേട്ടൻ..


ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ
പുതിയൊരു സംരഭത്തിനു തുടക്കം കുറിയ്ക്കുകയാണ്.
അദ്ദേഹവും  സുഹൃത്തുക്കളായ അരുൺ തോമസ്, ദീപു ദാമോദർ എന്നിവരും ചേർന്ന് ബിഗ് ഡാഡി എന്റർടൈൻമെന്റ്
എന്ന പേരിൽ ഒരു മൂവി പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുന്നു. സിനിമയിൽ നായകനായും വില്ലനായും സഹനടനായും  ഒക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും നിർമ്മാണ രംഗത്തേക്ക് ഉള്ള ചുവടുവെപ്പ് ആദ്യമായാണ്.. എല്ലാവരുടെയും പിന്തുണയും സ്നേഹവും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ പുത്തൻ സംരംഭത്തിന്റെ  ആദ്യ സിനിമയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ അടുത്ത ഘട്ടത്തിൽ പങ്കുവയ്ക്കുന്നതാണന്നും
ആദ്യസിനിമ തീർച്ചയായും ഒരു ഫുട്ബോൾ റിലേറ്റഡ് സിനിമ ആയിരിക്കും എന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Sunday, October 7, 2018

അഞ്ചിന്റെ മൊഞ്ചിൽ ആഴ്സണൽ


ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ ആറാം ജയം സ്വന്തമാക്കി പീരങ്കിപ്പട. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ഫുൾഹാമിനെ തകർത്ത ആഴ്സണൽ തുടർച്ചയായ ആറാം പ്രീമിയർ ലീഗ് ജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ഓബമെയാങിന്റെയും ലാക്കസെറ്റയുടെയും  ഇരട്ട ഗോൾ പ്രകടനമാണ് ആഴ്സണൽ തകർപ്പൻ ജയം സമ്മാനിച്ചത്.

മൂപ്പതാം മിനുട്ടിൽ ഫ്രഞ്ച് താരം ലാകസെറ്റയാണ് ഗണ്ണേഴ്സിന്റെ ഗോൾ വേട്ടക്ക് തുടക്കമിട്ടത്. എന്നാൽ ആദ്യ പകുതിയുടെ അവസാനനിമിഷം ജർമൻ താരം ഷുർലെയിലൂടെ ഫുൾഹാം സമനില പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലാകസെറ്റ ആഴ്സണലിന് ലീഡ് സമ്മാനിച്ചു. 68ആം മിനുട്ടിൽ ആരോൺ റാംസി ആഴ്സണലിന്റെ മുന്നാം ഗോൾ നേടി. പകരക്കാരനായി ഇറങ്ങിയ ഓബമയാങ് നൽകിയ പന്ത് ബാക് ഹീൽ ഫ്ലിപ്പിലൂടെ റാംസി വലയിലാക്കി. 79,91 മിനുട്ടുകൾക്കുള്ളിൽ ഗോളുകൾ നേടി ഓബമയാങ് ആഴ്സണലിന് മിന്നുന്ന ജയം സമ്മാനിച്ചു

അണ്ടർ 16 ഏഷ്യാകപ്പ് കിരീടം ജപ്പാന്


അണ്ടർ 16 ഏഷ്യാകപ്പ് കിരീടം ജപ്പാൻ സ്വന്തമാക്കി. ഫൈനലിൽ  താജിക്കിസ്ഥാനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ജപ്പാൻ ജേതാക്കളായത്. ഇത് മൂന്നാം തവണയാണ് ജപ്പാൻ അണ്ടർ 16 കിരീടം സ്വന്തമാക്കുന്നത്. നിഷികാവയാണ് ജപ്പാന്റെ വിജയഗോൾ നേടിയത്.

ടൂർണമെന്റിലെ സെമി ഫൈനലിസ്റ്റുകളായ ജപ്പാൻ, ആസ്ട്രേലിയ, ദക്ഷിണ കൊറിയ, താജിക്കിസ്ഥാൻ എന്നിവർ അടുത്ത വർഷം പെറുവിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിന് യോഗ്യത നേടി.

ഇന്ത്യൻ ടീം ക്വാർട്ടറിൽ ദക്ഷിണ കൊറിയയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടാണ് പുറത്തായത്

ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്പാനിഷ് കടം വീട്ടി ഐബർ


സ്പാനിഷ് ലീഗിൽ പ്രീ സീസൺ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സിനെ തകർത്ത് എറിഞ്ഞ ജിറോണ എഫ് സിയെ കീഴടക്കി ഐബറിന്റെ പ്രതികാരം. 

മത്സരത്തിന് മുമ്പ്  ഐബർ ജിറോണ എഫ് സി മുമ്പ് തോൽപ്പിച്ച  വിഡിയോയ്ക്കൊപ്പം ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചിരുന്നു. ഞങ്ങൾക്കറിയാം ജിറോണ ഇന്ത്യയിൽ വന്ന് കേരള ബ്ലാസ്റ്റേഴ്സിനെ വൻ മാർജിനിൽ തോൽപ്പിച്ചിരുന്നു. അതിനാൽ ജിറോണക്കെതിരായ മത്സരത്തിനായി ഞങ്ങൾ പോകുന്നത്, നമ്മൾ രണ്ട് പേർക്കും വേണ്ടി വിജയിക്കാനാണ്.

ഈ പോസ്റ്റിന് നന്ദി രേഖപ്പെടുത്തി ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഐബറിന് വിജയാശംസകളും നേർന്നിരുന്നു. മത്സരത്തിൽ ജിറോണയുടെ ഉറുഗ്വായ് താരം സ്റ്റുവാനിയുടെ ഇരട്ടഗോളിനെ മറികടന്ന് ഐബർ ജിറോണ കീഴടക്കി ബ്ലാസ്റ്റേഴ്സിനോടുള്ള വാക്ക് പാലിക്കുകയും ചെയ്തു. 


ഇത് ആദ്യമായിട്ടല്ല സ്പാനിഷ് ടീം കേരളത്തിന് പിന്തുണയുമായി എത്തിയിരുന്നത്. പ്രളയം നടന്ന സമയത്തും ഐബർ കേരളത്തിന് പിന്തുണയുമായി എത്തിയിരുന്നു

SouthSoccers Media Wing

പ്രീ സീസൺ ടൂർണമെന്റിനൊരുങ്ങി റയൽ കാശ്മീർ


ഐ ലീഗിന് മുന്നോടിയായി പ്രീ സീസൺ ടൂർണമെന്റിനൊരുങ്ങി റയൽ കാശ്മീർ
 പ്രീ ഐ ലീഗ് ജെ ആന്റ് കെ ഇൻവിറ്റേഷൻ ഫുട്ബോൾ കപ്പ് എന്ന പേരിൽ  ജമ്മു കാശ്മീർ സംസ്ഥാന സ്പോർട്സ് കൗൺസിലും ഫുട്ബോൾ അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ടൂർണമെന്റിലാകും ടീം പങ്കെടുക്കുന്നത്

ഒക്ടോബർ 16 ന് ആരംഭിച്ചിരിക്കുന്നു ടൂർണമെന്റിൽ ഐ ലീഗ് ടീമുകളും ജമ്മു കാശ്മീരിലെ സംസ്ഥാന ടീമുകളും മാറ്റുരയ്ക്കും. ശ്രീ നഗറിലെ ടിആർസി സിന്തറ്റിക് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക. ഐ ലീഗിലെ പുതുമുഖങ്ങളായ റിയൽ കാശ്മീരീന് പുറമേ ഐ ലീഗ് ചാമ്പ്യൻമാരായ മിനർവ പഞ്ചാബ്, ഹിന്ദുസ്ഥാൻ എഫ് സി, മുഹമ്മദൻസ് സ്പോർട്ടിങ്, ബെംഗളൂരു എഫ് സി ബി, ജമ്മു കാശ്മീർ ബാങ്ക് എഫ് സി, ലോൺ സ്റ്റാർ എഫ് സി, സ്റ്റേറ്റ് ഫുട്ബോൾ അക്കാദമി കാശ്മീർ എന്നീ ടീമുകളാണ് നോക്കൗട്ട് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത് .
ജേതാക്കൾക്ക് മൂന്ന് ലക്ഷം രൂപയും റണ്ണേഴ്സിന് ഒരു ലക്ഷം രൂപയുമാണ് സമ്മാനത്തുക

SouthSoccers Media Wing

ഐ എസ് എല്ലിൽ ഇന്ന് സ്റ്റീൽ ഡർബി; അരങ്ങേറ്റം കുറിക്കാൻ ടിം കാഹിൽ



ഐ എസ് എല്ലിൽ ഇന്ന് ഉരുക്ക് ശക്തികളുടെ പോരാട്ടം. ബെംഗളൂരുവും ജംഷദ്പൂരും നേർക്കുനേർ വരുന്ന മത്സരത്തിൽ ആസ്ട്രേലിയൻ സൂപ്പർ താരം ടിം കാഹിൽ ജംഷദ്പൂരിനായി അരങ്ങേറ്റം കുറിക്കും. മുംബൈക്കെതിരായ മത്സരത്തിൽ സസ്പെൻഷൻ മൂലം സൂപ്പർ താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.

ഐ എസ് എല്ലിലെ ആദ്യ മത്സരങ്ങൾ വിജയിച്ചാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. ബെംഗളൂരു ആദ്യ മത്സരത്തിൽ   നിലവിലെ ജേതാക്കളായ ചെന്നൈയിനെ മികുവിന്റെ ഏക ഗോളിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് ജംഷദ്പൂരിനെ നേരിടാൻ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ മുംബൈയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ജംഷദ്പൂർ വരുന്നത്. സൂപ്പർ താരം ടിം കാഹിൽ കൂടെ ടീമിലെത്തുന്നത് ജംഷദ്പൂരിന് കരുത്താകും. മികച്ച ജയത്തോടെ ലീഗിൽ ഒന്നാമതെത്താനാകും ഇരുടീമിന്റെയും ലക്ഷ്യം

സാധ്യത ഇലവൻ

ബെംഗളൂരു: ഗുർപ്രീത് സിംഗ് സന്ധു (ഗോൾകീപ്പർ), രാഹുൽ ബെക്ക, ആൽബർട്ട് സെറാൻ, ജുവാൻ, നിഷു കുമാർ, എറിക് പറത്തുലു, സിസ്കോ ഹെർണാണ്ടസ്, ഹർമൻജോട്ട് ഖബ്ര, സുനിൽ ഛേത്രി, ഉദാന്ത സിംഗ്, മികു

ജംഷദ്പുർ: സുഭാഷിഷ് റോയ് (ഗോൾകീപ്പർ), തിരി, രാജു ഗെയ്ക്വാദ്, യൌംനം രാജു, പ്രദിക് ചൗധരി, മെമ്മോ, മിരിയോ ആർക്ക്സ്, ജെറി , സുമിത് പാസി, സെർജിയോ സിഡോഞ്ച, ടീം കാഹിൽ

ഇന്ത്യൻ സമയം രാത്രി 7.30 ന് ബെംഗളൂരുവിന്റെ തട്ടകമായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും കാണാം

SouthSoccers Media Wing

റോക്ക വരുമോ ഇന്ത്യൻ ഇന്ത്യൻ ഫുട്‍ബോൾ ടീമിന്റെ കോച്ച് ആകാൻ



ഇന്ത്യൻ ടീമിന്റെ അടുത്ത പരിശീലകൻ ആയി മുൻ ബാംഗ്ലൂർ എഫ് സി കോച്ച് വരുമെന്ന് വാർത്തകൾ  പുറത്തു വരുന്നു.  റിപ്പോര്‍ട്ടുകള്‍ പ്രകാരം  ആല്‍ബര്‍ട്ടോ റോക്ക ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഏഷ്യ കപ്പിന് ശേഷം ആയിരിക്കും റോക്കയുടെ വരവ്.

കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തിലാണ്  റോക്ക ബെംഗളൂരു എഫ്.സി പരിശീലക സ്ഥാനം ഒഴിഞ്ഞത്. സ്പാനിഷുകാരനായ ആല്‍ബര്‍ട്ട് റോക്കക്ക് കീഴിലാണ് ബെംഗളൂരു എ.എഫ്.സി കപ്പ് ഫൈനല്‍ കളിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ കപ്പും ഫെഡറേഷന്‍ കപ്പുമടക്കം നിരവധി കിരീടങ്ങള്‍ ബെംഗളൂരു എഫ്.സിക്ക് നേടി കൊടുത്ത പരിശീനലകനാണ് റോക്ക.
 സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ കീഴിൽ ഇന്ത്യൻ ടീം വിജയങ്ങൾ നേടുന്നുണ്ടെങ്കിലും ആരാധകർ കോണ്‍സ്റ്റന്റൈന്റെ പരിശീലനം ഇഷ്ടപ്പെടുന്നില്ല. പ്രധാനമായും ടീം സെലെക്ഷൻ ആണ് ആരാധകരെ ചൊടിപ്പിക്കുന്ന പ്രധാന കാരണം. അത് പോലെ കോണ്‍സ്റ്റന്റൈന്റെ ലോങ്ങ്‌ ബോൾ ഗെയിമും ആരധകർ ഇഷ്ടപ്പെടുന്നില്ല. കലാകാലങ്ങൾ ആയി ഇംഗ്ലീഷ് കോച്ച് മാരുടെ കീഴിൽ കളിക്കുന്ന ഇന്ത്യൻ ടീമിന് സ്പാനിഷ് പരിശീലകർ വന്നാൽ മാറ്റം ഉണ്ടാകും എന്ന് ആരാധകർ വിശ്വസിക്കുന്നു

SouthSoccers Media Wing

Thursday, October 4, 2018

കേരളത്തിന്റെ നായകന്മാരെ ആദരിക്കാൻ ബ്ലാസ്റ്റേഴ്‌സ്


സീസണിലെ ആദ്യത്തെ ഹോം മാച്ചിന് വെള്ളിയാഴ്ച കൊച്ചി കാണാൻ പോകുന്നത് കൊമ്പന്മാരുടെ പുതിയ പടച്ചട്ട.. നൂറ്റാണ്ടിലെ പ്രളയം കേരളത്തിലെ ജീവനുകളും സ്വത്തുമൊക്കെ കവർന്നെടുക്കുമ്പോൾ സ്വന്തം സുരക്ഷ പോലും തൃണവത്കരിച്ചുകൊണ്ട് രക്ഷാപ്രവത്തനം നടത്തിയ കേരളത്തിന്റെ സ്വന്തം സൈനികർ, നമ്മുടെ ഹീറോസ്...മത്സ്യബന്ധന തൊഴിലാളികൾ.. അവരെ ആദരിക്കുന്ന ജേഴ്സി അണിഞ്ഞുകൊണ്ട് കൊമ്പൻമാർ കളത്തിൽ ഇറങ്ങും.

ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ബ്രാൻഡ് അംബാസിഡർ ആയ നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനാണ് ഈ വിവരം ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പേജ് വഴി ഈ വിവരം ആരാധകരെ അറിയിച്ചത്..മാതൃകാപരമായ ഈ ആദരം ബ്ലാസ്റ്റേഴ്‌സിന്റെ  ആരാധകരെ മുഴുവൻ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. സ്റ്റേഡിയത്തിലെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ചൂടപ്പം പോലെ വിറ്റഴിന്നുണ്ട്.. വീണ്ടും കൊച്ചി മഞ്ഞപ്പട്ടുടുക്കാൻ തയ്യാറെടുക്കുകയാണ്.

എഴുത്ത്‌: അബ്ദുൾ റസാഖ്

Labels

Followers